സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 24
അബ്ദുറഹ്മാന് നാസിര് അസ്സഅദി
2026 ഒക്ടോബർ 17, 1448 ജമാദുൽ അവ്വൽ 06
അധ്യായം: 26, ഭാഗം 24 (മക്കയില് അവതരിച്ചത്)
വിവ: ഹാരിസ് ബിന് സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
218. നീ നിന്നു പ്രാർഥിക്കുന്ന സമയത്ത് നിന്നെ കാണുന്നവനത്രെ അവൻ.
219. സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്റെ ചലനവും (കാണുന്നവൻ).
220. തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ.

218-220). നന്മ ചെയ്തും അവന്റെ സാമീപ്യം നേടിയുമാണ് സഹായം തേടേണ്ടത് എന്നാണ് തുടർന്നു പറയുന്നത്. (നീ നിന്നു നമസ്കരിക്കുന്ന സമയത്ത് നിന്നെ കാണുന്നവനത്രെ അവൻ. സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്റെ ചലനവും അവൻ കാണുന്നു) ഈ മഹത്തായ ആരാധനയിൽ അവൻ നിന്നെ കാണുന്നു. അതായത് നമസ്കാരത്തിൽ, അതിൽ നിൽക്കുന്ന സമയത്തും സുജൂദിലും റുകൂഇലുമുള്ള ചലനത്തിലും. ഇവ രണ്ടും എടുത്തുപറഞ്ഞത് അവയുടെ പ്രാധാന്യം കൊണ്ടാണ്. രക്ഷിതാവിനോട് ഏറ്റവും അടുത്ത സമയം ഭക്തിയുടെയും കീഴലടങ്ങലിന്റെയും പൂർണാവസ്ഥയാണത്. ഇവ ശരിയാകുമ്പോഴാണ് മറ്റു പ്രവർത്തനങ്ങൾ കൂടി ശരിയാവുന്നത്. അതിലൂടെ മുഴുവൻ കാര്യങ്ങൾക്കും അവനോടു സഹായം തേടാനും കഴിയും.
(തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനാകുന്നു) എല്ലാ ശബ്ദങ്ങളും; അതെത്ര വ്യത്യസ്തവും വിഭിന്നവുമാണെങ്കിലും. (എല്ലാം അറിയുന്നവനുമത്രെ) ദൃശ്യവും അദൃശ്യവും ബാഹ്യവും ആന്തരികവുമായതെല്ലാം. അല്ലാഹു തന്നെ കണ്ടുകൊണ്ടിരിക്കുന്നുണ്ടെന്ന വിചാരം ഒരു ദാസന് എപ്പോഴും വേണം; താൻ പറയുന്നതെല്ലാം കേൾക്കുന്നുണ്ടെന്നും. മനസ്സിലെ വിചാരങ്ങളും തീരുമാനങ്ങളും വിഷമങ്ങളും ഉദ്ദേശ്യങ്ങളുമെല്ലാം അവനറിയുന്നുണ്ട്. ഇതെല്ലാം അവനെ നന്മക്ക് സഹായിക്കും.
പ്രവാചകനെ കളവാക്കുന്നവരുടെ മറുപടിയാണിത്: ‘മുഹമ്മദിന്റെ മേൽ പിശാച് ഇറങ്ങുന്നു. അദ്ദേഹം കവിയാണ്.’
221. (നബിയേ, പറയുക:) ആരുടെ മേലാണ് പിശാചുക്കൾ ഇറങ്ങുന്നതെന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?
222. പെരും നുണയൻമാരും പാപികളുമായ എല്ലാവരുടെ മേലും അവർ (പിശാചുക്കൾ) ഇറങ്ങുന്നു.
223. അവർ ചെവികൊടുത്ത് കേൾക്കുന്നു. അവരിൽ അധികപേരും കള്ളം പറയുന്നവരാകുന്നു.
221-223). അദ്ദേഹം പറഞ്ഞു: (ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ) പിശാച് ഇറങ്ങിയത് അവരുടെ മേലാണ്. സംശയമോ ആശയക്കുഴപ്പമോ ഇല്ലാതെ യഥാർഥ വസ്തുത നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇത് പിശാചുക്കൾ ഇറങ്ങിയവരുടെ വിവരണമാണ്. (പെരും നുണയൻമാരും പാപികളുമായ എല്ലാവരുടെ മേലും അവർ-പിശാചുക്കൾ-ഇറങ്ങുന്നു) ധാരാളം കള്ളം പറയുകയും കള്ളം കെട്ടിച്ചമക്കുകയും ചെയ്യുന്ന എല്ലാ ദുഷ്ടന്മാരായ നുണയന്മാരുടെ മേലും അവർ ഇറങ്ങുന്നു. (പാപിയും) അവന്റെ പ്രവർത്തനങ്ങളിൽ ധാരാളം തിന്മകളുണ്ട്. പിശാച് ഇറങ്ങുന്നത് അവനിലാണ്. കാരണം അവന്റെ സ്വഭാവം അവരുടെ സ്വഭാവവുമായി പൊരുത്തപ്പെടുന്നു. (അവർ കൊടുക്കുന്നു) അതിന്. (കേൾവി) അവർ ആകാശത്തുനിന്ന് തട്ടിയെടുക്കുന്നു. (അവരിൽ അധികപേരും കള്ളം പറയുന്നവരാകുന്നു) അവർ ഇട്ടുകൊടുക്കുന്നത് അധികവും കളവാണ്. അതിൽ ഒരു കാര്യം സത്യമായേക്കാം; അതിനോട് നൂറു നുണകൾ ചേർക്കും. അങ്ങനെ അസത്യത്തെ സത്യവുമായി കൂട്ടിക്കലർത്തി. അവനത് അറിയാത്തതിനാൽ ആ സത്യം ഇല്ലാതെയായി. ഇതാണ് പിശാച് ഇറങ്ങുന്നവരുടെ സ്വഭാവം.
എന്നാൽ മുഹമ്മദ് നബിﷺയുടെ അവസ്ഥ ഇതിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമാണ്. അദ്ദേഹം സത്യസന്ധനും വിശ്വസ്തനും പുണ്യവാനും സന്മാർഗിയുമാണ്. അദ്ദേഹം ഹൃദയത്തിന്റെ നന്മയും സംസാരത്തിലെ സത്യസന്ധതയും നിഷിദ്ധ പ്രവർത്തനങ്ങളിൽനിന്ന് പരിശുദ്ധിയും സമ്മേളിച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന് ഇറങ്ങുന്ന സന്ദേശം അല്ലാഹുവിൽനിന്നാണ്. അതാകട്ടെ, പൂർണ സംരക്ഷണത്തിലുമാണ് ഇറങ്ങുന്നത്. അദ്ദേഹത്തിന്റെ സത്യസന്ധതയിലാകട്ടെ യാതൊരു സംശയവുമില്ല.
ബുദ്ധിയുള്ളവരേ, ഈ പ്രവാചകനും അവരും എങ്ങനെ സമമാകും? കാര്യങ്ങൾ വേർത്തിരിച്ചറിയാൻ കഴിയാത്ത ബുദ്ധിശൂന്യർക്കല്ലാതെ ഇതു രണ്ടിനെയും ഒരുപോലെ കാണാനാവില്ല.
224. കവികളാകട്ടെ, ദുർമാർഗികളാകുന്നു അവരെ പിൻപറ്റന്നത്.
224) പിശാചുക്കൾ അദ്ദേഹത്തിന്റെ മേൽ ഇറങ്ങുന്നില്ല എന്ന് പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം കവിയല്ലെന്നു കൂടി പറഞ്ഞു. (കവികൾ ആകട്ടെ) കവികളെക്കുറിച്ചും അവരുടെ സ്വഭാവത്തെക്കുറിച്ചും ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? (അവരെ പിൻപറ്റുന്നത് ദുർമാർഗികളാകുന്നു) സത്യത്തിന്റെ മാർഗത്തിൽനിന്ന് വഴിതെറ്റിയവർ. വഴികേടിന്റെയും വിനാശത്തിന്റെയും പാത പിന്തുടർന്നവർ. അങ്ങനെ അവർതന്നെ വഴിതെറ്റിയവരായി. അവരെ പിൻപറ്റിയ എല്ലാവരും വഴികേടിലും നാശത്തിലുമാണെന്നു നിനക്ക് കാണാം.
(٢٢٥)أَلَمْ تَرَ أَنَّهُمْ فِى كُلِّ وَادٍ يَهِيمُونَ
225. അവർ എല്ലാ താഴ്വരകളിലും അലഞ്ഞുനടക്കുന്നവരാണെന്നു നീ കണ്ടില്ലേ?
225). (നീ കണ്ടില്ലേ,) അവർ അങ്ങേയറ്റം വഴിപിഴച്ചതിനാൽ. (അവർ എല്ലാ താഴ്വരകളിലും) കവിതയുടെ താഴ്വരകൾ. (അലഞ്ഞു നടക്കുന്നവരാണ്) ചിലപ്പോൾ അവർ ആളുകളെ പ്രശംസിക്കുന്നു. ചിലപ്പോൾ അവരെ ആക്ഷേപിക്കുന്നു. ചിലപ്പോൾ അവർ പ്രണയ കവിത രചിക്കുന്നു. മറ്റു ചിലപ്പോൾ പരിഹസിക്കുന്നു. സന്തോഷിക്കുന്നു. ദുഃഖിക്കുന്നു. അവർക്ക് ഒരു സ്ഥിരതയില്ല. എളുപ്പത്തിൽ അവരുടെ മാനസികാവസ്ഥകൾ മാറിക്കൊണ്ടിരിക്കുന്നു.
226. പ്രവർത്തിക്കാത്തതു പറയുന്നവരാണ് അവരെന്നും.
226) (പ്രവർത്തിക്കാത്തത് പറയുന്നവരാണ് അവരെന്നും നീ കണ്ടില്ലേ) കവികൾ ഇങ്ങനെയാണ്. അവരുടെ വാക്കുകളും പ്രവൃത്തികളും പൊരുത്തപ്പെടുന്നില്ല. കവി സൗമ്യമായ പ്രണയ കവിതകൾ രചിക്കുന്നതു കണ്ടാൽ നിങ്ങൾ പറയും അവൻ ശക്തമായ പ്രണയത്തിലാണെന്ന്. എന്നാൽ അവന്റെ ഹൃദയത്തിൽ അത് അൽപം പോലും ഉണ്ടായിരിക്കില്ല. ഇനി അവൻ ആരെയെങ്കിലും പുകഴ്ത്തുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് കേട്ടാൽ നീ പറയും; അതു സത്യമാണ്. യഥാർഥത്തിൽ അതു കളവാണ്. ചെയ്യാത്ത കാര്യങ്ങളെക്കുറിച്ചു പറഞ്ഞ് അവൻ സ്വയം പ്രശംസിക്കും. ദൂരെ എവിടെയോ കിടക്കുന്ന ഔദാര്യത്തെക്കുറിച്ചോ ധീരരായ യോദ്ധാക്കളെ മറികടക്കുന്ന ധീരതയെ കുറിച്ചോ അവർ വീമ്പിളക്കുന്നു. ഒരുപക്ഷേ, അവൻ ഏറ്റവും വലിയ ഭീരുവായിരിക്കാം. ഇതാണ് അവരുടെ അവസ്ഥ.
ഈ കവികളെല്ലാം മുഹമ്മദ് നബിﷺയുടെ സ്വഭാവവുമായി എങ്ങനെ പൊരുത്തപ്പെടും? ജ്ഞാനിയും നീതിമാനുമായവൻ. എല്ലാവരും പിന്തുടരുന്ന മാതൃകാപുരുഷൻ. ശരിയായ മാർഗദർശനത്തെ മുറുകെപ്പിടിച്ച് നാശത്തിന്റെ പാതയിൽനിന്ന് അകന്നു ജീവിക്കുന്നവൻ. അദ്ദേഹത്തിന്റെ പ്രവൃത്തികൾ പരസ്പരം വിരുദ്ധമല്ല. നന്മയല്ലാത്തതൊന്നും അദ്ദേഹം കൽപിക്കുന്നില്ല. നന്മയായതൊന്നും വിരോധിക്കുന്നുമില്ല. സത്യമല്ലാതെ ഒന്നും പറയുന്നില്ല. കൽപിക്കുന്നതെല്ലാം ആദ്യം ചെയ്യുന്നത് അദ്ദേഹമാണ്. വിരോധിച്ചതിൽനിന്ന് ആദ്യം വിട്ടുനിൽക്കുന്നതും അദ്ദേഹം തന്നെ.
ഈ പ്രവാചകന്റെ സ്വഭാവം കവികളുടെതുമായി പൊരുത്തപ്പെടുന്നുണ്ടോ? ചെറിയൊരു സാമ്യതയെങ്കിലുമുണ്ടോ, അതല്ല എല്ലാ നിലയ്ക്കും അവരിൽനിന്ന് വിരുദ്ധമോ? പൂർണതയുള്ള ഈ ദൂതന് അല്ലാഹുവിന്റെ അനുഗ്രഹവും സമാധാനവും ഉണ്ടാവട്ടെ.
ഒരിക്കലും അദ്ദേഹം ഒരു കവിയോ മാന്ത്രികനോ ഭ്രാന്തനോ ആയിരുന്നില്ല. അത് അദ്ദേഹത്തിന്റെ പൂർണതയ്ക്ക് യോജിച്ചതുമല്ല.
227. വിശ്വസിക്കുകയും, സൽകർമങ്ങൾ പ്രവർത്തിക്കുകയും, അല്ലാഹുവെ ധാരാളമായി സ്മരി ക്കുകയും, അക്രമത്തിന് ഇരയായതിനെത്തുടർന്ന് ആത്മരക്ഷയ്ക്കു നടപടിയെടുക്കുകയും ചെയ്തവർ ഇതിൽനിന്ന് ഒഴിവാകുന്നു. അക്രമകാരികൾ അറിഞ്ഞുകൊള്ളും; തങ്ങൾ തിരിഞ്ഞുമറിഞ്ഞ് എങ്ങനെയുള്ള പര്യവസാനത്തിലാണ് എത്തുകയെന്ന്.
227) കവികളെക്കുറിച്ച് ഇങ്ങനെ വിശദീകരിച്ച ശേഷം അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും സൽകർമങ്ങൾ ചെയ്യുകയും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്നവരെ അവരിൽനിന്നും മാറ്റി നിർത്തി. ബഹുദൈവാരാധകരായ ശത്രുക്കൾ അക്രമം ചെയ്യുമ്പോൾ അവരെ പ്രതിരോധിച്ച കവികളാണവർ.
അങ്ങനെയാകുമ്പോൾ അവരുടെ കവിത ഒരു സൽകർമമായിരിക്കും. അവരുടെ വിശ്വാസത്തിന്റെ പ്രതിഫലനവുമാണത്. അതിൽ വിശ്വാസികളെ പ്രശംസിക്കുന്നു. നിഷേധത്തിന്റെയും ബഹുദൈവ വിശ്വാസത്തിന്റെയും ആളുകൾക്കെതിരെ പ്രതിരോധവും ഉണ്ട്. ശരിയായ അറിവ് പറഞ്ഞു തരുന്നുണ്ട്. നല്ല സ്വഭാവങ്ങൾക്ക് പ്രേരണയുമുണ്ട്. (വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും അക്രമത്തിന് ഇരയായതിനെത്തുടർന്ന് ആത്മരക്ഷാ നടപടിയെടുക്കുകയും ചെയ്തവർ ഇതിൽനിന്ന് ഒഴിവാകുന്നു.
അക്രമകാരികൾ അറിഞ്ഞുകൊള്ളൂ; തങ്ങൾ തിരിഞ്ഞുമറിഞ്ഞ് എങ്ങനെയുള്ള പര്യവസാനത്തിലാണ് എത്തുക എന്ന്) വിചാരണസ്ഥലത്തേക്ക്. ചെറുതും വലുതുമായ യാതൊരു തിന്മയും കണക്കാക്കാതെ വിട്ടുപോകില്ല. എല്ലാ ബാധ്യതകളും പൂർത്തിയാകാതെയും.
