സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 20
അബ്ദുറഹ്മാന് നാസിര്‍ അസ്സഅദി
2026 സെപ്തംബർ 19, 1448 റബീഉൽ ആഖിർ 08
അധ്യായം: 26, ഭാഗം 20 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
192. തീർച്ചയായും ഇത് (ക്വുർആൻ) ലോകരക്ഷിതാവ് അവതരിപ്പിച്ചതു തന്നെയാകുന്നു.

192) മുൻവചനങ്ങളിൽ പൂർവ പ്രവാചകന്മാരുടെയും അവരുടെ സമുദായങ്ങളുടെയും കഥകൾ വിവരിച്ചു. അവർ എങ്ങനെയാണ് പ്രബോധനം നടത്തിയത്, അതിനോട് എങ്ങനെയാണ് അവരുടെ ജനത പ്രതികരിച്ചത്, അല്ലാഹു അവരുടെ ശത്രുക്കളെ എങ്ങനെ നശിപ്പിച്ചു, അവസാനം അവർ എങ്ങനെ വിജയിച്ചു എന്നെല്ലാം പറഞ്ഞശേഷം മഹാനായ ദൂതനും ആദരണീയ പ്രവാചകനുമായ മുഹമ്മദ്ﷺയെക്കുറിച്ചാണ് പറയുന്നത്. ചിന്തിക്കുന്നവർക്ക് മാർഗദർശനത്തിന്റെ മഹത്തായ ഗ്രന്ഥവുമായിട്ടാണ് അദ്ദേഹം വന്നത്.
(തീർച്ചയായും ഇത് ലോകരക്ഷിതാവ് അവതരിപ്പിച്ചതുതന്നെയാകുന്നു) അത് ഇറക്കിയത് ആകാശഭൂമികളുടെ സ്രഷ്ടാവാണ്. അവൻ പ്രപഞ്ചത്തെ മുഴുവനും ഈ ലോകവും ഉപരിലോകവുമെല്ലാം നിയന്ത്രിക്കുന്നു. ഐഹിക കാര്യങ്ങളിലും അവരുടെ ശാരീരിക ക്ഷേമത്തിലും ശരിയായ വഴി കാണിക്കുന്നു. അവൻ അവരെ സംരക്ഷിക്കുന്നതുപോലെ പരലോകത്തെ ക്ഷേമത്തിനുള്ള വഴിയും അവൻ കാണിച്ചു പരിപാലിക്കുന്നു. അവൻ അവർക്ക് ഏറ്റവും വലിയ രക്ഷ നൽകിയത് ക്വുർആൻ അവതരിപ്പിച്ചതിലൂടെയാണ്. ധാരാളം നന്മകളും വർധിച്ച അനുഗ്രഹങ്ങളും അടങ്ങുന്നതാണ് ഈ മഹത്തായ ഗ്രന്ഥം. ഇഹത്തിലും പരത്തിലും ജനങ്ങളുടെ നന്മക്കുള്ള ഏറ്റവും നല്ല മാർഗനിർദേശങ്ങൾ അതിലുണ്ട്. ജനങ്ങളുടെ ഉപകാരത്തിനും സന്മാർഗത്തിനും മറ്റൊരു ഗ്രന്ഥത്തിലും കാണാത്ത നീതിപൂർവകമായ സ്വഭാവ പെരുമാറ്റ നിയമങ്ങൾ അതിലുണ്ട്. ‘തീർച്ചയായും ഇതു ലോകരക്ഷിതാവിൽനിന്ന് അവതരിച്ചതാണ്’ എന്ന പ്രയോഗത്തിൽ ഇത് അല്ലാഹുവിൽനിന്നുള്ളതു തന്നെയാണെന്നും ഇത് ആദരിക്കപ്പെടേണ്ടതും മഹത്ത്വപ്പെടുത്തേണ്ടതും പരിഗണിക്കപ്പെടേണ്ടതുമാണെന്ന സൂചനയുണ്ട്. ഇത് മറ്റാരിൽനിന്നും അല്ലെന്നും ഇതിൽ നിങ്ങളെ നേർമാർഗത്തിലേക്ക് നയിക്കുന്നതായ ധാരാളം പ്രയോജനങ്ങളുണ്ടെന്നും മനസ്സിലാക്കാം.
193. വിശ്വസ്താത്മാവ് (ജിബ്രീൽ) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു.
194. നിന്റെ ഹൃദയത്തിൽ. നീ താക്കീതു നൽകുന്നവരുടെ കൂട്ടത്തിലായിരിക്കുവാൻ വേണ്ടിയത്രെ അത്.
195. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്).
193-195) (വിശ്വസ്താത്മാവ് -ജിബ്രീൽ- അതുംകൊണ്ട് ഇറങ്ങിയിരിക്കുന്നു) മലക്കുകളിൽ ഏറ്റവും ശക്തനും ഉന്നതനുമാണ് ജിബ്രീൽ. തന്നെ ഏൽപിച്ചതിൽ കൂട്ടുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാണ്. (നിന്റെ ഹൃദയത്തിൽ) മുഹമ്മദേ, താങ്കളുടെ. (നീ താക്കീതു നൽകുന്നവരുടെ കൂട്ടത്തിൽ ആയിരിക്കാൻ വേണ്ടിയത്രെ അത്) അതിലൂടെ ജനങ്ങളെ നേർവഴിയിലേക്കു നയിക്കുകയും പാതയേതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുക. (സ്പഷ്ടമായ അറബി ഭാഷയിലാണ് അത് അവതരിപ്പിച്ചത്) ഏറ്റവും ശ്രേഷ്ഠമായ ഭാഷ, നിയോഗിക്കപ്പെട്ട ദൂതന്റെ ഭാഷ. അതു മുഖേനയാണ് അദ്ദേഹം അവരെ ക്ഷണിച്ചത്.
അഭിമാനകരമായ ഈ മഹത്ത്വങ്ങളെല്ലാം ഈ ഗ്രന്ഥത്തിൽ എങ്ങനെ സമ്മേളിച്ചുവെന്ന് നീ ചിന്തിച്ചു നോക്കൂ! ഗ്രന്ഥങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത്, മലക്കുകളിൽ ഏറ്റവും ശ്രേഷ്ഠമായവനിലൂടെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠനായവന്‍ ഇറക്കി. മനുഷ്യശരീരത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഭാഗത്ത്; അത് അദ്ദേഹത്തിന്റെ ഹൃദയമാണ്. അത് ഇറക്കപ്പെട്ടതാവട്ടെ മനുഷ്യർക്കായി കൊണ്ടുവന്ന ഉത്തമ സമുദായത്തിൽ. ഏറ്റവും മികച്ചതും സമ്പന്നവുമായ ഭാഷയിൽ; അതായത് സ്പഷ്ടമായ അറബിഭാഷയിൽ.
