സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 13

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ആഗസ്റ്റ് 01, 1448 സ്വഫർ 18

അധ്യായം: 26, ഭാഗം 13 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قَالَ وَمَا عِلْمِى بِمَا كَانُوا۟ يَعْمَلُونَ (١١٢) إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّى ۖ لَوْ تَشْعُرُونَ (١١٣) وَمَآ أَنَا۠ بِطَارِدِ ٱلْمُؤْمِنِينَ (١١٤) إِنْ أَنَا۠ إِلَّا نَذِيرٌۭ مُّبِينٌۭ (١١٥)

112. അദ്ദേഹം പറഞ്ഞു: അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്ക് എന്തറിയാം?

113. അവരെ വിചാരണ നടത്തുക എന്നത് എന്റെ രക്ഷിതാവിന്റെ ബാധ്യത മാത്രമാകുന്നു. നിങ്ങൾ ബോധമുള്ളവരായെങ്കിൽ!

114. സത്യവിശ്വാസികളെ ഞാൻ ഒരിക്കലും ആട്ടിക്കളയുന്നതല്ല.

115. ഞാൻ വ്യക്തമായ ഒരു താക്കീതുകാരൻ മാത്രമാകുന്നു.

112-115). അപ്പോൾ നൂഹ് നബി(അ) പറഞ്ഞു: (അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്കെന്തറിയാം? അവരെ വിചാരണ നടത്തുക എന്നത് എന്റെ രക്ഷിതാവിന്റെ ബാധ്യത മാത്രമാകുന്നു. നിങ്ങൾ ബോധമുള്ളവരായെങ്കിൽ!) അവരുടെ പ്രവൃത്തികളുടെ വിചാരണ അല്ലാഹുവാണ് ചെയ്യുന്നത്. ഞാൻ ചെയ്യേണ്ടത് സന്ദേശം കൈമാറുക മാത്രമാണ്. ഞാൻ സത്യമാണ് കൊണ്ടുവന്നതെങ്കിൽ അവരെക്കുറിച്ച് വിഷമിക്കേണ്ടതില്ല. അതിനു കീഴൊതുങ്ങുക. അവരവരുടെ പ്രവൃത്തികൾക്ക് അവർ തന്നെയാണ് ഉത്തരവാദികൾ. (സത്യവിശ്വാസികളെ ഞാൻ ഒരിക്കലും ആട്ടിക്കളയുന്നതല്ല) അവർ കാരണം വിശ്വസിച്ചവരെ ഓടിക്കില്ല. ആട്ടിയോടിക്കപ്പെടാനും അപമാനിക്കപ്പെടാനും അവർ അർഹരല്ല. മറിച്ച് അവർ വാക്കിലും പ്രവൃത്തിയിലും ബഹുമാനിക്കപ്പെടാൻ അർഹരാണ്. അല്ലാഹു മറ്റൊരിടത്ത് പറയുന്നു:

وَإِذَا جَاءَكَ الَّذِينَ يُؤْمِنُونَ بِآيَاتِنَا فَقُلْ سَلَامٌ عَلَيْكُمْ ۖ كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ الرَّحْمَةَ ۖ

“നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ നീ പറയുക: നിങ്ങൾക്ക് സമാധാനം ഉണ്ടായിരിക്കട്ടെ. നിങ്ങളുടെ രക്ഷിതാവ് കാരുണ്യത്തെ തന്റെ മേൽ ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നു’’(6:54)

(ഞാൻ വ്യക്തമായ ഒരു താക്കീതുകാരൻ മാത്രമാകുന്നു) ഞാൻ അല്ലാഹുവിന്റെ സന്ദേശം കൈമാറുന്ന ഒരു താക്കീതുകാരനാണ്. ആളുകൾക്ക് ആത്മാർഥമായി ഉപദേശങ്ങൾ നൽകാൻ ഞാൻ ശ്രമിക്കുന്നു. ഈ കാര്യത്തിൽ എനിക്ക് സ്വന്തമായി ഒരു അധികാരവുമില്ല; അല്ലാഹുവിനല്ലാതെ.


قَالُوا۟ لَئِن لَّمْ تَنتَهِ يَـٰنُوحُ لَتَكُونَنَّ مِنَ ٱلْمَرْجُومِينَ (١١٦)

116. അവർ പറഞ്ഞു: നൂഹേ, നീ (ഇതിൽനിന്നു) വിരമിക്കുന്നില്ലെങ്കിൽ തീർച്ചയായും നീ എറിഞ്ഞുകൊല്ലപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.

116). നൂഹ് നബി(അ) രാത്രിയും പകലും രഹസ്യമായും പരസ്യമായും അവരെ വിളിച്ചുകൊണ്ടിരുന്നു. പക്ഷേ, അവർക്ക് വെറുപ്പ് വർധിക്കുക മാത്രമാണ് ചെയ്തത്. (അവർ പറഞ്ഞു: നൂഹേ, നീ-ഇതിൽനിന്ന്- വിരമിക്കുന്നില്ലെങ്കിൽ തീർച്ചയായും നീ എറിഞ്ഞുകൊല്ലപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും) അല്ലാഹുവിലേക്ക് മാത്രമായി നീ ഞങ്ങളെ ക്ഷണിക്കുന്നതിൽനിന്ന് നീ പിന്മാറുന്നില്ലെങ്കിൽ ഞങ്ങൾ നിന്നെ ഏറ്റവും മോശമായ രീതിയിൽ കല്ലെറിഞ്ഞുകൊല്ലും. അതായത്, നായകളെ കൊല്ലുന്നതുപോലെ! അവർ നശിക്കട്ടെ! ഈ പ്രതികരണം എത്ര വൃത്തികെട്ടതാണ്. ആത്മാർഥതയുള്ളവനും സത്യസന്ധനും സ്വന്തത്തെക്കാളും അവരോട് വാത്സല്യം കാണിക്കുന്നവനുമായ ഒരു മനുഷ്യനോടുള്ള പ്രതികരണം എത്ര മോശം!


قَالَ رَبِّ إِنَّ قَوْمِى كَذَّبُونِ (١١٧) فَٱفْتَحْ بَيْنِى وَبَيْنَهُمْ فَتْحًۭا وَنَجِّنِى وَمَن مَّعِىَ مِنَ ٱلْمُؤْمِنِينَ (١١٨)

117. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീർച്ചയായും എന്റെ ജനത എന്നെ നിഷേധിച്ചു തള്ളിയിരിക്കുന്നു.

118. അതിനാൽ എനിക്കും അവർക്കുമിടയിൽ നീ ഒരു തുറന്ന തീരുമാനമെടുക്കുകയും എന്നെയും എന്റെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ.

117,118. അതിശയിക്കേണ്ടതില്ല. അവരുടെ അക്രമം പരിധി വിടുകയും നിഷേധം ശക്തമാവുകയും ചെയ്തപ്പോൾ അവരുടെ പ്രവാചകൻ അവർക്കെതിരെ പ്രാർഥിച്ചു:

وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا ‎ ٢٦

“എന്റെ രക്ഷിതാവേ, ഭൂമുഖത്ത് സത്യനിഷേധികളിൽപെട്ട ഒരു പൗരനെയും നീ വിട്ടേക്കരുതേ’’ (71:26).

അദ്ദേഹം പറഞ്ഞു: (എന്റെ രക്ഷിതാവേ, തീർച്ചയായും എന്റെ ജനത എന്നെ നിഷേധിച്ചുതള്ളിയിരിക്കുന്നു). അതിനാൽ എനിക്കും അവർക്കും ഇടയിൽ നീയൊരു തുറന്ന തീരുമാനം എടുക്കുക. ഞങ്ങളിലെ അതിക്രമികളെ നശിപ്പിക്കുക. അവർ അക്രമികളാണെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്: (എന്നെയും എന്റെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ).


فَأَنجَيْنَـٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ ٱلْمَشْحُونِ (١١٩) ثُمَّ أَغْرَقْنَا بَعْدُ ٱلْبَاقِينَ (١٢٠) إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ (١٢١) وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ (١٢٢)

119. അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും ഭാരം നിറക്കപ്പെട്ട കപ്പലിൽ നാം രക്ഷപ്പെടുത്തി.

120. പിന്നെ ബാക്കിയുള്ളവരെ അതിനുശേഷം നാം മുക്കി നശിപ്പിക്കുകയും ചെയ്തു.

121. തീർച്ചയായും അതിൽ (മനുഷ്യർക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാൽ അവരിൽ അധികപേരും വിശ്വസിക്കുന്നവരായില്ല.

122. തീർച്ചയായും നിന്റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും.

119-122. (അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും നാം രക്ഷപ്പെടുത്തി). (ഭാരം നിറക്കപ്പെട്ട) കപ്പലിൽ. മനുഷ്യരും മൃഗങ്ങളും നിറഞ്ഞ കപ്പലിൽ. (പിന്നെ ബാക്കിയുള്ളവരെ അതിനുശേഷം നാം മുക്കിനശിപ്പിക്കുകയും ചെയ്തു) നൂഹി(അ)നും അദ്ദേഹത്തോടൊപ്പമുള്ള വിശ്വാസികൾക്കും ശേഷം. (ബാക്കിയുള്ളവരെ) തന്റെ ജനതയിലെ ബാക്കിവരുന്ന മുഴുവനാളുകളെയും. (തീർച്ചയായും അതിൽ) നൂഹിനെയും അദ്ദേഹത്തിന്റെ അനുയായികളെയും രക്ഷിച്ചതിലും അദ്ദേഹത്തിൽ അവിശ്വസിച്ചവരെ നശിപ്പിച്ചതിലും. (ദൃഷ്ടാന്തമുണ്ട്) നമ്മുടെ ദൂതന്മാരുടെ സത്യതയിലേക്കും അവർ കൊണ്ടുവന്ന സന്ദേശത്തിന്റെ വിശ്വസ്തതയിലേക്കും അവരെ നിരസിച്ച ശത്രുക്കൾ വിശ്വസിച്ച അസത്യത്തിലേക്കും വിരൽചൂണ്ടുന്ന ഒരു അടയാളമാണിത്.

(തീർച്ചയായും നിന്റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും) തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് തന്റെ ശക്തിയാൽ ശത്രുക്കളെ കീഴടക്കിയ സർവശക്തനാണ്. അതിനാൽ അവനവരെ വെള്ളപ്പൊക്കത്തിൽ മുക്കി. (കരുണാനിധിയും) തന്റെ ആത്മമിത്രങ്ങളോടു കരുണ കാണിക്കുന്നവനും. കാരണം, അവൻ നൂഹ് നബിയെയും അദ്ദേഹത്തിന്റെ കൂടെയുള്ള വിശ്വാസികളെയും രക്ഷപ്പെടുത്തി.


كَذَّبَتْ عَادٌ ٱلْمُرْسَلِينَ (١٢٣)

123. ആദ് സമുദായം ദൈവദൂതൻമാരെ നിഷേധിച്ചുതള്ളി.

123. ‘ആദ്’ എന്ന് വിളിക്കപ്പെടുന്ന ഗോത്രവും അവരുടെ ദൂതനായ ഹൂദിനെ കളവാക്കി; മറ്റു പ്രവാചകന്മാരെ കളവാക്കിയതുപോലെ. അവരെല്ലാം പ്രബോധനം ചെയ്തത് ഒന്നായിരുന്നു.