സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 12

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ജൂലൈ 25, 1448 സ്വഫർ 11

അധ്യായം: 26, ഭാഗം 12 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

كَذَّبَتْ قَوْمُ نُوحٍ ٱلْمُرْسَلِينَ (١٠٥) إِذْ قَالَ لَهُمْ أَخُوهُمْ نُوحٌ أَلَا تَتَّقُونَ (١٠٦) إِنِّى لَكُمْ رَسُولٌ أَمِينٌۭ (١٠٧) فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ (١٠٨) وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ (١٠٩) فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ (١١٠)

105. നൂഹിന്റെ ജനത ദൈവദൂതൻമാരെ നിഷേധിച്ചുതള്ളി.

106. അവരുടെ സഹോദരൻ നൂഹ് അവരോട് ഇപ്രകാരം പറഞ്ഞ സന്ദർഭം: നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?

107. തീർച്ചയായും ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു.

108. അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ.

109. ഇതിന്റെ പേരിൽ യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കൽ നിന്ന് മാത്രമാകുന്നു.

110. അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.

105-110). നൂഹിന്റെ ജനത നൂഹിനെ നിഷേധിച്ചതിനെ കുറിച്ചാണ് അല്ലാഹു പറയുന്നത്; അദ്ദേഹം അവരോടും അവർ അദ്ദേഹത്തോടും എങ്ങനെ പ്രതികരിച്ചു എന്നതിനെ സംബന്ധിച്ച്. എല്ലാവരുടെയും അനന്തരഫലം എന്താണെന്നും വിശദീകരിക്കുന്നു. (നൂഹിന്റെ ജനത ദൈവദൂതന്മാരെ നിഷേധിച്ചുതള്ളി) എല്ലാ ദൂതന്മാരെയും അവർ തള്ളിക്കളഞ്ഞു. നൂഹിനെ നിരാകരിക്കുന്നത് എല്ലാ ദൂതന്മാരെയും നിരാകരിക്കുന്നതിന് തുല്യമായി കണക്കാക്കുന്നു. കാരണം അവരെല്ലാവരും ഒരേ സന്ദേശവും വിശ്വാസവും കൊണ്ടുവന്നതിനാൽ അവരിൽ ഒരാളെ തിരസ്‌കരിക്കുന്നത് അവരെ എല്ലാവരെയും തിരസ്‌കരിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തെ അവർ കളവാക്കി. (അവരുടെ സഹോദരൻ നൂഹ് അവരോട് പറഞ്ഞ സന്ദർഭം) കുടുംബ പരമ്പരയിൽ (നൂഹിന്റെ). ദൂതന്മാർ നിയോഗിക്കപ്പെട്ട അതേ പരമ്പരയിൽ നിന്നുതന്നെ നൂഹ് നബിയെയും നിയോഗിച്ചു; അവർ അദ്ദേഹത്തിന് കീഴടങ്ങാൻ വിസമ്മതം കാണിക്കാതിരിക്കാൻ. കാരണം അദ്ദേഹത്തിന്റെ യഥാർഥ സ്വഭാവം അവർക്കറിയുമ്പോൾ അവർക്കത് അന്വേഷിച്ച് കണ്ടെത്തേണ്ട ആവശ്യമുണ്ടാവില്ല. നൂഹ് നബി(അ) അവരോട് പറഞ്ഞു; എല്ലാ പ്രവാചകന്മാരുടെയും മാർഗം പോലെ ഏറ്റവും നല്ല രീതിയിൽ അവരെ അഭിസംബോധന ചെയ്തുകൊണ്ട്: (നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?) അതായത്, അല്ലാഹുവിനെ ഭയപ്പെടുകയും വിഗ്രഹാരാധനയിൽ തുടരുന്നത് ഉപേക്ഷിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ആരാധന അല്ലാഹുവിനെ മാത്രമാക്കിക്കൊണ്ട്. (തീർച്ചയായും ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു) പ്രത്യേകിച്ചും അദ്ദേഹം അവരിലേക്കുള്ള ഒരു ദൂതനാണെന്നത് വിശ്വസനീയമായ ഒരു കാര്യമാണ്. അതിനാൽ അദ്ദേഹം കൊണ്ടുവന്ന സന്ദേശത്തിലും അദ്ദേഹത്തിലും വിശ്വസിക്കൽ നിർബന്ധമാണ്. അവർക്ക് പ്രത്യേകമായി ഒരു ദൂതനെ നിയോഗിച്ചതിൽ അവർ നന്ദിയുള്ളവരാവുകയും ചെയ്യേണ്ടിയിരുന്നു. വിശ്വസ്തനാവുക എന്നത് അല്ലാഹുവിന്റെ മേൽ കളവ് പറയാതിരിക്കുകയും തനിക്ക് ലഭിച്ച ദിവ്യ സന്ദേശത്തിൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തില്ല എന്നതുമാണ്. അതിനാൽ അദ്ദേഹത്തെ സത്യപ്പെടുത്തുകയും അദ്ദേഹത്തിന്റെ കൽപനകൾക്ക് കീഴ്‌പ്പെടുകയും ചെയ്യൽ അവർക്ക് നിർബന്ധമാണ്. (അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ) ഞാൻ നിങ്ങളോട് കൽപിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ എന്നെ അനുസരിക്കുക. ഞാൻ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ഒരു ദൂതനാണെന്ന് പറഞ്ഞതിന്റെ താൽപര്യം ഇതാണ്. ‘ഫ’ എന്ന അക്ഷരമാണ് ഇവിടെ ഉപയോഗിച്ചത്. അതുകൊണ്ടാണ് (അതിനാൽ) എന്ന് വിവർത്തനം ചെയ്തത്. കാരണത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അവർ അദ്ദേഹത്തെ അനുസരിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് പറയുകയും അങ്ങനെ ചെയ്യാൻ അവർക്ക് ഒരു തടസ്സവും ഇല്ലെന്ന് പറയുകയും ചെയ്യുകയാണ്. (ഇതിന്റെ പേരിൽ യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല) ഞാൻ നിങ്ങളുടെ മേൽ ഒരു ഭാരവും ചുമത്തുന്നുമില്ല. (എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കിൽനിന്ന് മാത്രമാകുന്നു) അതുവഴി അവനോട് അടുക്കാനും അവന്റെ മഹത്തായ പ്രതിഫലം നേടാനും ആഗ്രഹിക്കുന്നു. നിങ്ങളിൽനിന്ന് ഞാൻ പ്രതീക്ഷിക്കുന്നത് നിങ്ങൾക്ക് ആത്മാർഥമായി ഉപദേശം നൽകുകയും അതുവഴി നിങ്ങൾ നേരായ പാത പിന്തുടരണമെന്നും മാത്രമാണ്. (അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക) തന്റെ ജനതയോടുള്ള പ്രബോധനം ആവർത്തിച്ചപ്പോൾ ഈ വാക്കുകളും ആവർത്തിച്ചു. അല്ലാഹു പറയുന്നു:

فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا

“അമ്പത് കൊല്ലം ഒഴിച്ചാൽ ആയിരം വർഷംതന്നെ അദ്ദേഹം അവർക്കിടയിൽ കഴിച്ചുകൂട്ടി’’ (29:14).

قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا ‎ ٥‏ فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا ‎٦‏

“അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീർച്ചയായും എന്റെ ജനതയെ രാവും പകലും ഞാൻ വിളിച്ചു. എന്നിട്ട് എന്റെ വിളി അവളുടെ ഓടിപ്പോക്ക് വർധിപ്പിക്കുക മാത്രമെ ചെയ്തുള്ള’’. (71:5,6).


۞ قَالُوٓا۟ أَنُؤْمِنُ لَكَ وَٱتَّبَعَكَ ٱلْأَرْذَلُونَ (١١١)

111. അവർ പറഞ്ഞു: നിന്നെ പിന്തുടർന്നിട്ടുള്ളത് ഏറ്റവും താഴ്ന്ന ആളുകളായിരിക്കെ ഞങ്ങൾ നിന്നെ വിശ്വസിക്കുകയോ?

111). അവർ അദ്ദേഹത്തിന്റെ ക്ഷണം നിരസിക്കുകയും വികലവാദവുമായി അദ്ദേഹത്തെ എതിർക്കുകയും ചെയ്തു. (അവർ പറഞ്ഞു: നിന്നെ പിന്തുടർന്നിട്ടുള്ളത് ഏറ്റവും താഴ്ന്ന ആളുകളായിരിക്കും. ഞങ്ങൾ നിന്നെ വിശ്വസിക്കുകയോ?) നിങ്ങളെ പിന്തുടരുന്നവർ ജനങ്ങളിൽ ഏറ്റവും താഴ്ന്നവരാണെന്ന് ഞങ്ങൾ കാണുമ്പോൾ എങ്ങനെ ഞങ്ങൾ താങ്കളിൽ വിശ്വസിക്കും? ഇതിൽനിന്നും അവർ സത്യത്തെ സ്വീകരിക്കുന്നതിൽ അഹങ്കാരികളായിരുന്നുവെന്നും വസ്തുതകളെ കുറിച്ച് അജ്ഞരായിരുന്നുവെന്നും മനസ്സിലാക്കാം. സത്യം കണ്ടെത്തുക എന്നതായിരുന്നില്ല അവരുടെ ലക്ഷ്യം. അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടാവുകയാണെങ്കിൽ, അക്കാര്യം വ്യക്തമാക്കിത്തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു അവർ ചെയ്യേണ്ടിയിരുന്നത്. അതിന്റെ വസ്തുത അറിഞ്ഞാൽ ഞങ്ങൾക്ക് സത്യം സ്വീകരിക്കാമായിരുന്നു എന്നു പറയാം. നൂഹ്‌നബിയുടെ അനുയായികൾ ഉന്നതരും മനുഷ്യരിൽ ഉത്തമരും ബുദ്ധിയും സ്വഭാവഗുണങ്ങളും ഉള്ളവരാണ് എന്നാണ് അവർക്ക് മനസ്സിലാവുക. ഏറ്റവും ബുദ്ധിശൂന്യരായ നിന്ദ്യർ കല്ലുകളെ ആരാധിക്കുന്നതിൽ കുഴപ്പമില്ലെന്ന് വിശ്വസിക്കുകയും അവയെ ആരാധിക്കുന്നതിലും അവയ്ക്ക് സുജൂദ് ചെയ്യുന്നതിലും തൃപ്തിപ്പെടുന്നവരും പൂർണരായ പ്രവാചകന്മാരുടെ പ്രബോധനത്തിന് കീഴ്‌പെടാത്തവരുമാണ്. തർക്കിക്കാൻ വേണ്ടി അസത്യമായ വാദങ്ങൾ പറയുക മാത്രമാണ് അവർ ചെയ്യുന്നത്. അവർ ഉന്നയിക്കുന്ന വാദം ശരിയല്ലെന്ന് അവർക്ക് നന്നായി അറിയാം. കാരണം നൂഹ് നബിയുടെ ക്ഷണത്തിന് അവർ നൽകിയ മറുപടി നാം കേട്ടു: (നിന്നെ പിന്തുടർന്നിട്ടുള്ളത് ഏറ്റവും താഴ്ന്ന ആളുകളായിരിക്കെ ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയോ?). ഈ അടിസ്ഥാനത്തിലാണ് അവരുടെ വാദങ്ങൾ നിർമിക്കപ്പെട്ടത്. രണ്ട് എതിരാളികൾ അസത്യത്തിൽ തർക്കിക്കുമ്പോൾ അതിന്റെ നിരർഥകത ആർക്കും മനസ്സിലാകും. അവർ വഴിതെറ്റിയവരും തെറ്റുകാരും തന്നെ എന്ന് നമുക്ക് ബോധ്യമാകും. നൂഹ്‌നബിയുടെ സത്യതയെ സ്ഥാപിക്കുന്ന തെളിവുകളും ദൃഷ്ടാന്തങ്ങളും നാമാരും നേരിട്ടു കണ്ടില്ലെങ്കിലും അദ്ദേഹം സത്യപ്രവാചകനാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാനാകും.