സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 17

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ആഗസ്റ്റ് 29, 1448 റബീഉൽ അവ്വൽ 16

അധ്യായം: 26, ഭാഗം 17 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

(١٥٤)مَآ أَنتَ إِلَّا بَشَرٌۭ مِّثْلُنَا فَأْتِ بِـَٔايَةٍ إِن كُنتَ مِنَ ٱلصَّـٰدِقِينَ

154. നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാണ്. അതിനാൽ നീ സത്യവാൻമാരിൽ പെട്ടവനാണെങ്കിൽ വല്ല ദൃഷ്ടാന്തവും കൊണ്ടുവരൂ.

154) (നീ ഞങ്ങളെ പോലെയുള്ള ഒരു മനുഷ്യൻ മാത്രമാണ്) താങ്കളെ അനുഗമിക്കണമെന്ന് ഞങ്ങളോട് പറയാൻ മാത്രം താങ്കൾക്ക് ഞങ്ങളെക്കാൾ എന്തു മഹത്ത്വമാണുള്ളത്? (നീ സത്യവാന്മാരിൽ പെട്ടവനാണെങ്കിൽ വല്ല ദൃഷ്ടാന്തവും കൊണ്ടുവരൂ) ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം കൊണ്ടുവന്നതിന്റെ സത്യത തെളിയിക്കുന്ന ഏറ്റവും വലിയ ദൃഷ്ടാന്തമുണ്ടായിരുന്നു. എന്നാലും അവരുടെ ഹൃദയകാഠിന്യം മൂലം അവർ പ്രത്യേക ദൃഷ്ടാന്തങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവർ അതിൽനിന്ന് പ്രയോജനം എടുക്കാനല്ല, അവരുടെ വാശിമൂലമാണ് അവർ ആവശ്യപ്പെടുന്നത്. അതിനാൽ ഒരിക്കലും അതിൽനിന്ന് അവർ സന്മാർഗത്തിലേക്കെത്തുന്നില്ല.


قَالَ هَـٰذِهِۦ نَاقَةٌۭ لَّهَا شِرْبٌۭ وَلَكُمْ شِرْبُ يَوْمٍۢ مَّعْلُومٍۢ (١٥٥)

155. അദ്ദേഹം പറഞ്ഞു: ഇതാ ഒരു ഒട്ടകം. അതിന്ന് വെള്ളം കുടിക്കാൻ ഒരു ഊഴമുണ്ട്. നിങ്ങൾക്കും ഒരു ഊഴമുണ്ട്; ഒരു നിശ്ചിത ദിവസത്തിൽ.

155). അപ്പോൾ സാലിഹ് നബി(അ) പറഞ്ഞു: (ഇതാ ഒരു ഒട്ടകം) ഉറച്ചതും മിനുസമുള്ളതുമായ പാറയിൽനിന്ന് പുറത്തുവരുന്ന ഒരു ഒട്ടകം. നാം ഇതു പറയുന്നത് ധാരാളം ക്വുർആൻ വ്യാഖ്യാതാക്കളെ പിന്തുടർന്നാണ്. അതിൽ തെറ്റില്ല-നിങ്ങളെല്ലാം ആ ഒട്ടകത്തെ നേരിൽ കണ്ടു- (അതിനു വെള്ളം കുടിക്കാൻ ഒരു ഊഴമുണ്ട്. ഒരു നിശ്ചിത ദിവസത്തിൽ നിങ്ങൾക്കും ഒരു ഊഴമുണ്ട്) അതായത് ആ ഒട്ടകം ഒരുദിവസം ആ കിണറ്റിൽനിന്നു വെള്ളം കുടിക്കും. നിങ്ങൾ അതിന്റെ പാൽ കുടിക്കും. അടുത്ത ദിവസം അതു പോകും. നിങ്ങൾക്ക് കിണറ്റിൽനിന്നു കുടിക്കാം.


وَلَا تَمَسُّوهَا بِسُوٓءٍۢ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيمٍۢ (١٥٦)

156. നിങ്ങൾ അതിന് യാതൊരു ദ്രോഹവും ഏൽപിക്കരുത്. (അങ്ങനെ ചെയ്യുന്നപക്ഷം) ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും.

156) (നിങ്ങൾ അതിനെ യാതൊരു ദ്രോഹവും ഏൽപിക്കരുത്) അറുക്കുകയോ മറ്റെന്തെങ്കിലും ദ്രോഹം ചെയ്യുകയോ ചെയ്യരുത് (അങ്ങനെ ചെയ്യുന്നപക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും). ഒട്ടകം പുറത്തുവന്നു. ആ അവസ്ഥയിൽ അത് അവരോടൊപ്പം താമസിച്ചു. പക്ഷേ, അവർ വിശ്വസിച്ചില്ല. അവർ അവരുടെ അതിക്രമം തുടർന്നു.


(١٥٩)فَعَقَرُوهَا فَأَصْبَحُوا۟ نَـٰدِمِينَ (١٥٧) فَأَخَذَهُمُ ٱلْعَذَابُ ۗ إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ (١٥٨) وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ

157. എന്നാൽ അവർ അതിനെ വെട്ടിക്കൊന്നു. അങ്ങനെ അവർ ഖേദക്കാരായിത്തീർന്നു.

158. ഉടനെ ശിക്ഷ അവരെ പിടികൂടി. തീർച്ചയായും അതിൽ (മനുഷ്യർക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാൽ അവരിൽ അധികപേരും വിശ്വസിക്കുന്നവരായില്ല.

159. തീർച്ചയായും നിന്റെ രക്ഷിതാവു തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും.

157-159) (എന്നാൽ അവർ അതിനെ വെട്ടിക്കൊന്നു. അങ്ങനെ അവർ ഖേദക്കാരായിത്തീർന്നു. അങ്ങനെ ശിക്ഷ അവരെ പിടികൂടി) ആ ഘോരശബ്ദം അവർക്കു നേരെയുണ്ടായി. അത് അവരെ എല്ലാവരെയും നശിപ്പിക്കുകയും ചെയ്തു. (തീർച്ചയായും അതിൽ മനുഷ്യർക്ക് ഒരു ദൃഷ്ടാന്തമുണ്ട്) നമ്മുടെ ദൂതന്മാർ കൊണ്ടുവന്നത് സത്യമാണെന്നതിന്; അവരോടു വിയോജിച്ചവർ അസത്യത്തിലാണെന്നും. (എന്നാൽ അവരിൽ അധികപേരും വിശ്വസിക്കുന്നവരായില്ല) തീർച്ചയായും നിന്റെ രക്ഷിതാവുതന്നെയാകുന്നു പ്രതാപിയും കരുണ ചൊരിയുന്നവനും.


كَذَّبَتْ قَوْمُ لُوطٍ ٱلْمُرْسَلِينَ (١٦٠) إِذْ قَالَ لَهُمْ أَخُوهُمْ لُوطٌ أَلَا تَتَّقُونَ (١٦١) إِنِّى لَكُمْ رَسُولٌ أَمِينٌۭ (١٦٢) فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ (١٦٣) وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ (١٦٤) أَتَأْتُونَ ٱلذُّكْرَانَ مِنَ ٱلْعَـٰلَمِينَ (١٦٥) وَتَذَرُونَ مَا خَلَقَ لَكُمْ رَبُّكُم مِّنْ أَزْوَٰجِكُم ۚ بَلْ أَنتُمْ قَوْمٌ عَادُونَ (١٦٦) قَالُوا۟ لَئِن لَّمْ تَنتَهِ يَـٰلُوطُ لَتَكُونَنَّ مِنَ ٱلْمُخْرَجِينَ (١٦٧)

160. ലൂത്വിന്റെ ജനത ദൈവദൂതൻമാരെ നിഷേധിച്ചു തള്ളി.

161. അവരുടെ സഹോദരൻ ലൂത്വ് അവരോട് പറഞ്ഞ സന്ദർഭം: നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?

162. തീർച്ചയായും ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു.

163. അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ.

164. ഇതിന്റെ പേരിൽ നിങ്ങളോടു ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കൽനിന്നു മാത്രമാകുന്നു.

165. നിങ്ങൾ ലോകരിൽനിന്ന് ആണുങ്ങളുടെ അടുക്കൽ ചെല്ലുകയാണോ?

166. നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്കു വേണ്ടി സൃഷ്ടിച്ചുതന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങൾ അതിക്രമകാരികളായ ഒരു ജനത തന്നെ.

167. അവർ പറഞ്ഞു: ലൂത്വേ, നീ (ഇതിൽനിന്ന്) വിരമിച്ചില്ലെങ്കിൽ തീർച്ചയായും നീ (നാട്ടിൽ നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.

160-167) ലൂത്വ്(അ) തന്റെ ജനതയോട് സംസാരിച്ചപ്പോൾ തങ്ങൾക്കു മുമ്പുള്ളവർ പറഞ്ഞതുപോലെ തന്നെയാണ് അവരും പറഞ്ഞത്. അവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു മാനസികാവസ്ഥയായിരുന്നു അവർക്ക്. അതിനാൽ അവർ പറഞ്ഞത് ഒന്നായിരുന്നു.

ബഹുദൈവാരാധനക്കു പുറമെ മറ്റൊരു പ്രധാന അധാർമികതയും അവർ ചെയ്തുകൊണ്ടിരുന്നു. അവർ പുരുഷന്മാരുമായുള്ള ലൈംഗിക വേഴ്ചയ്ക്കു മുൻഗണന നൽകി. അതു വൃത്തികെട്ടതും വെറുപ്പുളവാക്കുന്നതുമാണ്. അവരുടെ കാമവും അതിക്രമവും കാരണം അവർക്കു വേണ്ടി സൃഷ്ടിച്ച ഭാര്യമാരെ അവർ അവഗണിച്ചു. ഈ വിഷയത്തിൽ ലൂത്വ്(അ) അവരെ തടഞ്ഞുകൊണ്ടിരുന്നു. അവസാനം അവർ അദ്ദേഹത്തോടു പറഞ്ഞു: (ലൂത്വേ, നീ വിരമിച്ചില്ലെങ്കിൽ തീർച്ചയായും നീ പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും).