സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 23

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ഒക്ടോബർ 10, 1448 റബീഉൽ ആഖിർ 29

അധ്യായം: 26, ഭാഗം 23 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَٱخْفِضْ جَنَاحَكَ لِمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ ٢١٥

215. നിന്നെ പിന്തുടർന്ന സത്യവിശ്വാസികൾക്കു നിന്റെ ചിറക് താഴ്ത്തിക്കൊടുക്കുകയും ചെയ്യുക.

215) (നിന്നെ പിന്തുടർന്ന സത്യവിശ്വാസികൾക്ക് നിന്റെ ചിറക് താഴ്ത്തി കൊടുക്കുകയും ചെയ്യുക) സൗമ്യമായ സാന്നിധ്യം. അവരോടുള്ള സംസാരത്തിൽ ലോലതയും സ്‌നേഹവും പ്രകടിപ്പിച്ചാൽ താങ്കൾ അവർക്ക് ഇഷ്ടപ്പെട്ടവനാകും. സ്വഭാവം നന്നാക്കുകയും ചെയ്യുക. അവർക്ക് പരമാവധി നന്മ ചെയ്യുക. നബി അത് ചെയ്യുകയും ചെയ്തു. അതാണ് അല്ലാഹു പറഞ്ഞത്:

فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ ۖ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الْأَمْرِ ۖ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ ‎١٥٩

“(നബിയേ,) അല്ലാഹുവിങ്കൽനിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോടു സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റിൽനിന്നും അവർ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാൽ നീ അവർക്ക് മാപ്പുകൊടുക്കുകയും അവർക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളിൽ നീ അവരോടു കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്തുകഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപിക്കുക. തന്നിൽ ഭരമേൽപിക്കുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്’’ (3:159).

ഇത് പ്രവാചകന്റെ ഏറ്റവും നല്ല സ്വഭാവമായിരുന്നു. അതിലൂടെ മഹത്തായ ഗുണങ്ങൾ കരസ്ഥമാക്കാനും ദോഷങ്ങൾ ഒഴിവാക്കാനും കഴിഞ്ഞു എന്ന് ആർക്കും കാണാൻ കഴിയും. അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നു എന്നു പറയുന്ന ഒരാൾ മുസ്‌ലിംകൾക്ക് ഭാരമാകുന്നത് ശരിയാണോ?

അതായത് പരുഷ സ്വഭാവം, കഠിനഹൃദയം, പരുഷമായ വാക്ക് എന്നിവയുള്ളവനാവുക, അവരുടെ ഭാഗത്ത് എന്തെങ്കിലും പിഴവോ മോശം പെരുമാറ്റമോ കണ്ടാൽ അവരെ ഒഴിവാക്കുകയും വെറുക്കുകയും ചെയ്യുക. അത്തരം ഒരു വ്യക്തിയിൽ സൗമ്യതയില്ല. നല്ല പെരുമാറ്റമോ മര്യാദയോ ഇല്ല. ഇങ്ങനെ ആളുകളോട് ഇടപഴകുമ്പോൾ പല തിന്മകളും ഉണ്ടാകുന്നു. പല നന്മകളും തടയപ്പെടുകയും ചെയ്യുന്നു. എന്നിട്ടും ഈ സൽഗുണങ്ങളെല്ലാമുള്ള പ്രവാചകനെ അവർ നിന്ദിക്കുന്നതായി കാണുന്നു. അദ്ദേഹത്തിൽ കാപട്യവും വിട്ടുവീഴ്ചയില്ലായ്മയും ആരോപിക്കുന്നു. താൻ തികഞ്ഞവനാണെന്ന് സ്വയം വിചാരിക്കുകയും ചെയ്യുന്നു. സ്വയം ഉയർന്ന പദവിയുള്ളവനാണെന്നും തന്റെ പ്രവൃത്തികൾ അഭിനന്ദിക്കപ്പെടുന്നു എന്നും ധരിക്കുന്നു. തന്റെ മനോഭാവം തനിക്ക് ന്യായമാണെന്ന് തോന്നിപ്പിക്കുന്നു. ഇതെല്ലാം അവന് അറിവില്ലാത്തതുകൊണ്ട് പിശാച് അവനെ അലങ്കാരമായി കാണിച്ചു കൊടുക്കുന്നതും അവനെ വഞ്ചിക്കുന്നതുമാണ്.


فَإِنْ عَصَوْكَ فَقُلْ إِنِّى بَرِىٓءٌ مِّمَّا تَعْمَلُونَ ٢١٦

216. ഇനി അവർ നിന്നെ അനുസരിക്കാതിരിക്കുന്നപക്ഷം, നിങ്ങൾ പ്രവർത്തിക്കുന്നതിനൊന്നും ഞാൻ ഉത്തരവാദിയല്ലെന്നു നീ പറഞ്ഞേക്കുക.

216). അതുകൊണ്ടാണ് അല്ലാഹു തന്റെ ദൂതനോട് പറഞ്ഞത്: (ഇനി അവർ നിന്നെ അനുസരിക്കാതിരിക്കുന്ന പക്ഷം) ഏതെങ്കിലും കാര്യത്തിൽ അവർ നിന്നോട് അനുസരണക്കേട് കാണിക്കുകയാണെങ്കിൽ അവരെ നീ തള്ളിക്കളയരുത്. വിനയത്തോടെയും സൗമ്യതയോടെയും അവരോടു പെരുമാറുന്നത് നിർത്തരുത്. പകരം നിങ്ങൾ നിരാകരിക്കേണ്ടത് അവരുടെ പ്രവർത്തനങ്ങളെയാണ്. അത്തരം പ്രവൃത്തികൾ അവർ ചെയ്യുന്നത് തടയാനും പശ്ചാത്തപിക്കാനും അവരെ പ്രേരിപ്പിക്കാനും നിങ്ങൾക്ക് കഴിയുന്നത് പരമാവധി ചെയ്യുക.

وَاخْفِضْ جَنَاحَكَ لِلْمُؤْمِنِينَ

“സത്യവിശ്വാസികൾക്ക് നിന്റെ ചിറകിനെ താഴ്ത്തിക്കൊടുക്കുക’’ (ഹിജ്ർ: 88).

തെറ്റായ ഒരു വിചാരത്തെ തടയാനാണ് അല്ലാഹു ഇത് പറഞ്ഞത്. അവർ സത്യവിശ്വാസികൾ ആയിരിക്കുന്ന കാലത്തോളം അവർ ചെയ്യുന്നതെല്ലാം അംഗീകരിക്കപ്പെടും എന്നു വിചാരിച്ചുപോകാതിരിക്കാനാണ് അല്ലാഹു ഇതു പറഞ്ഞത്. ഈ വാക്യം കൊണ്ട് ആ സങ്കൽപം ഒഴിവാകുന്നു.


وَتَوَكَّلْ عَلَى ٱلْعَزِيزِ ٱلرَّحِيمِ ٢١٧

217. പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവനെ നീ ഭരമേൽപിക്കുകയും ചെയ്യുക.

217). അല്ലാഹുവിന്റെ കൽപനകൾ ശരിയായി നിറവേറ്റാൻ ഏറ്റവും വലിയ സഹായം അവൻ അവന്റെ രക്ഷിതാവിൽ ഭരമേൽപിക്കുക എന്നതാണ്; അത് നിർവഹിക്കാൻ കഴിയുന്നതിനു വേണ്ടി തന്റെ രക്ഷിതാവിനോട് അവൻ സഹായം തേടുക എന്നതും. അതുകൊണ്ടാണ് അല്ലാഹു ഇവിടെ തവക്കുലിനെക്കുറിച്ചു പറഞ്ഞത്. (പ്രതാപിയും കരുണ ചൊരിയുന്നവനും ആയിട്ടുള്ളവനെ നീ ഭരമേൽപിക്കുകയും ചെയ്യുക) ഗുണവും ദോഷവും വരുത്തുന്നതിൽ പൂർണമായും അല്ലാഹുവിനെ അവലംബിക്കലാണ് ഭരമേൽപിക്കൽ (തവക്കുൽ). ആവശ്യപ്പെടുന്ന കാര്യം ഉറപ്പായി ലഭിക്കുമെന്ന സൽവിചാരം ഉണ്ടായിരിക്കണം. അവൻ പ്രതാപിയും കരുണ ചൊരിയുന്നവനുമാണ്. അവന്റെ മഹത്വത്താൽ അവൻ നന്മയെത്തിക്കുകയും ദോഷം തടുക്കുകയും ചെയ്യുന്നു. അവന്റെ കരുണയാലാണ് അത് ചെയ്യുന്നത്.