സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 21
അബ്ദുറഹ്മാന് നാസിര് അസ്സഅദി
2026 സെപ്തംബർ 26, 1448 റബീഉൽ ആഖിർ 15
അധ്യായം: 26, ഭാഗം 21 (മക്കയില് അവതരിച്ചത്)
വിവ: ഹാരിസ് ബിന് സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
196. തീർച്ചയായും അത് മുൻഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട്.

196) (തീർച്ചയായും അത് മുൻഗാമികളുടെ വേദഗ്രന്ഥത്തിൽ ഉണ്ട്) അതായത് മുൻ ഗ്രന്ഥങ്ങളിൽ നേരത്തെ പറയുകയും സ്ഥിരീകരിക്കുകയും ചെയ്തു. അവരുടെ പ്രവചനങ്ങൾക്ക് അനുസരിച്ചുതന്നെ അവ പുലർന്നപ്പോൾ അതു മുൻവേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും സത്യപ്പെടുത്തുന്നതായി.
197. ഇസ്റാഈൽ സന്തതികളിലെ പണ്ഡിതൻമാർക്ക് അത് അറിയാം എന്ന കാര്യം ഇവർക്ക് (അവിശ്വാസികൾക്ക്) ഒരു ദൃഷ്ടാന്തമായിരിക്കുന്നില്ലേ?
197) (ഇവർക്ക് -വിശ്വാസികൾക്ക് - ഒരു ദൃഷ്ടാന്തം ആയിരിക്കുന്നില്ലേ?) ഈ ഗ്രന്ഥം അല്ലാഹുവിൽനിന്നുതന്നെയുള്ളതാണെന്നു സ്ഥിരീകരിക്കാൻ. (ഇസ്റാഈൽ സന്തതികളിലെ പണ്ഡിതന്മാർ അതു തിരിച്ചറിയുന്നു) അവർ ജനങ്ങളിൽ ഏറ്റവും അറിവുള്ളവരും ആധികാരികത ഉള്ളവരുമാണ്.
ഏതൊരു കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ സംഭവിച്ചാലും ആ കാര്യത്തെക്കുറിച്ച് അനുഭവ പരിചയമുള്ളവരിലേക്ക് മടക്കപ്പെടുകയാണ് വേണ്ടത്. അപ്പോൾ അവരുടെ വാക്ക് മറ്റുള്ളവർക്കെതിരെ തെളിവായിരിക്കും; മൂസാ നബി(അ)യോട് മത്സരിച്ച മാന്ത്രികന്മാർ അദ്ദേഹത്തിന്റെ അമാനുഷിക ദൃഷ്ടാന്തം സത്യപ്പെടുത്തിയതുപോലെ. അവരതിൽ വൈദഗ്ധ്യമുള്ളവരാണ്. മൂസാനബിയുടെത് ജാലവിദ്യയല്ല. ആണെന്ന് ഏതു വിവരദോഷികൾ പറഞ്ഞാലും അത് അംഗീകരിക്കേണ്ടതില്ല.
198. നാം അത് അനറബികളിൽ ഒരാളുടെ മേൽ അവതരിപ്പിക്കുകയും,
199. എന്നിട്ട് അയാൾ അത് അവർക്ക് ഓതിക്കേൾപ്പിക്കുകയും ചെയ്തിരുന്നുവെങ്കിൽ അവരതിൽ വിശ്വസിക്കുമായിരുന്നില്ല.
198-199) (നാം അത് അനറബിയിൽ ഒരാളുടെ മേൽ അവതരിപ്പിച്ചിരുന്നെങ്കിൽ) അവരുടെ ഭാഷ മനസ്സിലാക്കാൻ കഴിയാതിരുന്നാൽ. (എന്നിട്ട് അയാൾ അത് അവർക്ക് ഓതിക്കേൾപ്പിക്കുകയും ചെയ്തിരുന്നുവെങ്കിൽ അവരതിൽ വിശ്വസിക്കുമായിരുന്നില്ല) അവർ പറയുന്നത്; ‘എന്താണ് അദ്ദേഹം പറയുന്നത് എന്ന് ഞങ്ങൾക്കു മനസ്സിലാകുന്നില്ല, എന്തിലേക്കാണ് അദ്ദേഹം ക്ഷണിക്കുന്നതെന്നും ഞങ്ങൾക്കറിയില്ല.’ വ്യക്തമായ വാക്കുകളിൽ ഉദ്ദിഷ്ട ആശയങ്ങൾ പ്രകടിപ്പിക്കാൻ പ്രാപ്തനായയ ഒരു പ്രവാചകനെ തങ്ങൾക്കു കിട്ടിയതിൽ അവർ തങ്ങളുടെ നാഥനെ സ്തുതിക്കട്ടെ. അതിൽ വിശ്വസിക്കാനും അതിനു കീഴ്പ്പെടാനും അവർ ധൃതിപ്പെടട്ടെ.
كَذَٰلِكَ سَلَكْنَـٰهُ فِى قُلُوبِ ٱلْمُجْرِمِينَ (٢٠٠) لَا يُؤْمِنُونَ بِهِۦ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ (٢٠١) فَيَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ (٢٠٢) فَيَقُولُوا۟ هَلْ نَحْنُ مُنظَرُونَ (٢٠٣)
200. അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളിൽ നാം അത് (അവിശ്വാസം) കടത്തിവിട്ടിരിക്കയാണ്.
201. വേദനയേറിയ ശിക്ഷ കാണുന്നതുവരേക്കും അവരതിൽ വിശ്വസിക്കുകയില്ല.
202. അവർ ഓർക്കാത്ത നിലയിൽ പെട്ടെന്നായിരിക്കും അതവർക്കു വന്നെത്തുന്നത്.
203. ഞങ്ങൾക്ക് (ഒരൽപം) അവധി നൽകപ്പെടുമോ എന്ന് അപ്പോൾ അവർ ചോദിച്ചേക്കും.
200-203) എന്നാൽ സംശയിക്കേണ്ട, ഒരു കാരണവും കൂടാതെ അതിനെ നിഷേധിക്കുന്നത് ശുദ്ധമായ അവിശ്വാസവും ദുശ്ശാഠ്യവുമാണ്. അത് അവിശ്വാസികളായ മുൻ സമുദായങ്ങളിൽനിന്ന് അവർക്ക് പാരമ്പര്യമായി ലഭിച്ചതാണ്. അതാണ് അല്ലാഹു പറഞ്ഞത്: (അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളിൽ നാം അത് -അവിശ്വാസം-കടത്തിവിട്ടിരിക്കുകയാണ്) സൂചിയിൽ നൂൽ കോർക്കുന്ന പോലെ ദുഷിച്ചവരുടെ ഹൃദയങ്ങളിൽ നാം നിഷേധവും പ്രവേശിപ്പിക്കുന്നു. അത് അവരിൽ നന്നായി വേരൂന്നി അവരുടെ സ്വഭാവമായി രൂപപ്പെടുന്നു.
ഇതെല്ലാം സംഭവിക്കുന്നത് അവരുടെ ദുഷ്പ്രവൃത്തിയും അക്രമവും മൂലമാണ്. അതാണ് അല്ലാഹു പറഞ്ഞത്: (വേദനയേറിയ ശിക്ഷ കാണുന്നതുവരെ അവരതിൽ വിശ്വസിക്കുകയില്ല) അവരുടെ നിഷേധത്തിന്. (അവർ ഓർക്കാത്ത നിലയിൽ പെട്ടെന്നായിരിക്കും അവർക്ക് വന്നെത്തുന്നത്) അത് അവരെ അറിയാതെ പിടികൂടും.
മുൻകൂട്ടി അറിയാതെ വരുമ്പോൾ അവർ അതിനെ പ്രതീക്ഷിക്കില്ല. അങ്ങനെ ശിക്ഷ അവരുടെമേൽ വന്നുഭവിക്കാൻ കൂടുതൽ സൗകര്യമാകും. (അപ്പോൾ അവർ ചോദിച്ചേക്കും) ആ സമയത്ത്. (ഞങ്ങൾക്ക് ഒരല്പം അവധി നൽകപ്പെടുമോ?) അതായത്, അവർക്കു കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെടും.
പക്ഷേ, സമയം അവസാനിച്ചുകഴിഞ്ഞു. ഒരു ചെറിയ സമയത്തേക്കുപോലും മാറ്റിനിറുത്താത്ത ശിക്ഷ അവരുടെമേൽ സംഭവിക്കും; ഒരു ഇടവേളയും ലഭിക്കില്ല.
204. എന്നാൽ നമ്മുടെ ശിക്ഷയെപ്പറ്റിയാണോ അവർ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നത്?
204) അല്ലാഹു പറയുന്നു: (നമ്മുടെ ശിക്ഷയെപ്പറ്റി) നിസ്സാരമായി ഗണിക്കാൻ പറ്റാത്ത വേദനയേറിയ ശിക്ഷക്ക്. (അവർ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു) എന്താണ് അവരെ ചതിച്ചത്? ആ ശിക്ഷ ക്ഷമയോടെ സഹിക്കാൻ അവർക്ക് ശക്തിയുണ്ടോ? അവർക്ക് അതു സംഭവിച്ചാൽ അതിനെ തടുക്കാനോ മാറ്റാനോ അവർക്കാകുമോ? അവർക്ക് നമ്മിൽനിന്ന് രക്ഷപ്പെടാനാകുമോ? അതല്ല, അവരെ ശിക്ഷിക്കാൻ നമുക്ക് കഴിയില്ലെന്ന് അവർ വിചാരിക്കുന്നുണ്ടോ?
205. എന്നാൽ നീ ആലോചിച്ചിട്ടുണ്ടോ? നാം അവർക്ക് കുറെ കൊല്ലങ്ങളോളം സുഖസൗകര്യം നൽകുകയും,
206. അനന്തരം അവർക്കു താക്കീത് നൽകപ്പെട്ടുകൊണ്ടിരിക്കുന്ന ശിക്ഷ അവർക്കു വരികയും ചെയ്തുവെന്ന് വയ്ക്കുക.
207. (എന്നാലും) അവർക്ക് നൽകപ്പെട്ടിരുന്ന ആ സുഖസൗകര്യങ്ങൾ അവർക്കൊരു പ്രയോജനവും ചെയ്യുമായിരുന്നില്ല.
205-207) (എന്നാൽ നീ ആലോചിച്ചിട്ടുണ്ടോ, നാം അവർക്ക് കൊല്ലങ്ങളോളം സുഖസൗകര്യം നൽകിയിരുന്നുവെങ്കിൽ) അവരുടെ മേൽ ശിക്ഷയിറക്കാൻ നാം തിടുക്കം കൂട്ടുന്നില്ലെങ്കിൽ ഇവിടെ കാലങ്ങളോളം സുഖമായി ജീവിക്കാൻ നാം അവധി നൽകും എന്ന് അവർ കരുതുന്നുണ്ടോ? (അനന്തരം അവർക്കു താക്കീത് നൽകപ്പെട്ടുകൊണ്ടിരിക്കുന്ന ശിക്ഷ അവർക്കു വരികയും ചെയ്തു, എന്നാലും അവർക്ക് നൽകപ്പെട്ടിരുന്ന ആ സുഖസൗകര്യങ്ങൾ അവർക്കൊരു
പ്രയോജനവും ചെയ്യുമായിരുന്നില്ല) മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആ സുഖങ്ങൾ ഇല്ലാതാവുകയും അതിന്റെ അനന്തരഫലങ്ങൾ വരികയും ശിക്ഷ ഇരട്ടിയായി നീണ്ടകാലം നിലനിൽക്കുകയും ചെയ്താൽ എന്തു പ്രയോജനമാണ് ഉണ്ടാവുക? ആരാണ് രക്ഷയ്ക്കെത്തുക?
ശിക്ഷ വരുന്നതിനും അതിനു വിധേയരാകുന്നതിനും മുമ്പ് മുന്നറിയിപ്പ് നൽകുകയാണ് ഇവിടെ. ഇതു വേഗത്തിലാക്കണോ വൈകിപ്പിക്കണോ എന്നതല്ല പ്രശ്നം, ശിക്ഷ വരാതിരിക്കലാണ് ആവശ്യം.
