സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 10

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ജൂലൈ 11, 1448 മുഹർറം 26

അധ്യായം: 26, ഭാഗം 10 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَٱغْفِرْ لِأَبِىٓ إِنَّهُۥ كَانَ مِنَ ٱلضَّآلِّينَ (٨٦)

86. എന്റെ പിതാവിന് നീ പൊറുത്തുകൊടുക്കേണമേ. തീർച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു.

86). (എന്റെ പിതാവിന് നീ പൊറുത്തു കൊടുക്കേണമേ. തീർച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിൽ ആയിരിക്കുന്നു. പിതാവിന് വേണ്ടി പ്രാർഥിക്കുമെന്ന അദ്ദേഹത്തിന്റെ വാഗ്ദത്തത്തിന്റെ ഭാഗമാണ് ഈ പ്രാർഥന. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞിരുന്നു: ഞാൻ പാപമോചനം തേടുക തന്നെ ചെയ്യും.

قَالَ سَلَامٌ عَلَيْكَ ۖ سَأَسْتَغْفِرُ لَكَ رَبِّي ۖ إِنَّهُ كَانَ بِي حَفِيًّا ‎

“താങ്കൾക്ക് വേണ്ടി ഞാൻ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീർച്ചയായും അവൻ എന്നോട് ദയയുള്ളവനാണ്’’ (19:47).

മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ لِأَبِيهِ إِلَّا عَن مَّوْعِدَةٍ وَعَدَهَا إِيَّاهُ فَلَمَّا تَبَيَّنَ لَهُ أَنَّهُ عَدُوٌّ لِّلَّهِ تَبَرَّأَ مِنْهُ ۚ

“ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തതുകൊണ്ട് മാത്രമായിരുന്നു. എന്നാൽ അയാൾ അല്ലാഹുവിന്റെ ശത്രുവാണെന്ന് വ്യക്തമായപ്പോൾ അദ്ദേഹം അയാളെ വിട്ടൊഴിഞ്ഞു’’ (9:114).

إِنَّ إِبْرَاهِيمَ لَحَلِيمٌ أَوَّاهٌ مُّنِيبٌ

“തീർച്ചയായും ഇബ്‌റാഹീം സഹനശീലനും ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപം ഉള്ളവനും തന്നെയാണ്’’ (11:75)


وَلَا تُخْزِنِى يَوْمَ يُبْعَثُونَ (٨٧) يَوْمَ لَا يَنفَعُ مَالٌۭ وَلَا بَنُونَ (٨٨) إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍۢ سَلِيمٍۢ (٨٩)

87. അവർ (മനുഷ്യർ) ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ.

88. അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം.

89. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കൽ ചെന്നവർക്കൊഴികെ.

87-89) (അവർ ഉയർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിൽ ആക്കരുതേ) ചില പാപങ്ങൾക്ക് എന്നെ ശാസിച്ചുകൊണ്ട്, അല്ലെങ്കിൽ എന്നെ ശിക്ഷിക്കുകയോ അത് തുറന്നു കാട്ടി അപമാനിക്കുകയോ ചെയ്തുകൊണ്ട്. മറിച്ച് ആ ദിവസം എന്നെ സൗഭാഗ്യത്തിലാക്കേണമേ. ആ ദിവസം (സ്വത്തോ സന്താനങ്ങളോ ഉപകാരപ്പെടുകയില്ല). (കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിന്റെയടുക്കൽ ചെന്നവനൊഴികെ) നിന്റെ മുമ്പിൽ പ്രയോജനപ്പെടുന്നത് ഇതുമാത്രമാണ്; ശിക്ഷയിൽനിന്ന് രക്ഷിക്കുന്നതും വലിയ പ്രതിഫലം വാങ്ങിത്തരുന്നതും.

ശുദ്ധമായ ഹൃദയം എന്നതുകൊണ്ട് അർഥമാക്കുന്നത് ശിർക്കിൽനിന്നും സംശയങ്ങളിൽനിന്നും രക്ഷപ്പെടുക എന്നതും തിന്മയെ ഇഷ്ടപ്പെടാതിരിക്കുകയും പാപങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും മാറി നിൽക്കുകയും ചെയ്യുക എന്നതാണ്. ഇതിന് വിരുദ്ധമായ കാര്യങ്ങൾ ആ ഹൃദയത്തിൽ ഉണ്ടാവുകയും വേണം. ആത്മാർഥ അറിവ്, ദൃഢവിശ്വാസം, നന്മയോടുള്ള സ്‌നേഹം, അതിലേക്കുള്ള ഹൃദയത്തിന്റെ താൽപര്യം എന്നിവ ഉണ്ടാകണം. അവന്റെ ഇഷ്ടങ്ങളും ഉദ്ദേശങ്ങളും എല്ലാം അല്ലാഹുവിന്റെ ഇഷ്ടത്തെ പരിഗണിച്ചായിരിക്കണം. അവന്റെ ഇച്ഛ പിൻപറ്റുന്നത് അല്ലാഹുവിൽനിന്ന് വന്നതായിരിക്കണം.


وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ (٩٠) وَبُرِّزَتِ ٱلْجَحِيمُ لِلْغَاوِينَ (٩١) وَقِيلَ لَهُمْ أَيْنَ مَا كُنتُمْ تَعْبُدُونَ (٩٢) مِن دُونِ ٱللَّهِ هَلْ يَنصُرُونَكُمْ أَوْ يَنتَصِرُونَ (٩٣) فَكُبْكِبُوا۟ فِيهَا هُمْ وَٱلْغَاوُۥنَ (٩٤) وَجُنُودُ إِبْلِيسَ أَجْمَعُونَ (٩٥)

90. (അന്ന്) സൂക്ഷ്മത പാലിക്കുന്നവർക്ക് സ്വർഗം അടുപ്പിക്കപ്പെടുന്നതാണ്.

91. ദുർമാർഗികൾക്ക് നരകം തുറന്നുകാണിക്കപ്പെടുന്നതുമാണ്.

92. അവരോട് ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങൾ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി?

93. അല്ലാഹുവിനു പുറമെ. അവർ നിങ്ങളെ സഹായിക്കുകയോ സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ?

94. തുർന്ന് അവരും (ആരാധ്യൻമാർ) ആ ദുർമാർഗികളും അതിൽ (നരകത്തിൽ) മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്.

95. ഇബ്‌ലീസിന്റെ മുഴുവൻ സൈന്യങ്ങളും.

90-95). തുടർന്ന് അല്ലാഹു ആ സുപ്രധാന ദിവസത്തിന്റെ അവസ്ഥയെക്കുറിച്ചും അതിൽ സംഭവിക്കുന്ന ശിക്ഷകളെക്കുറിച്ചും പറയുന്നു. (സ്വർഗം അടുപ്പിക്കപ്പെടുന്നതാണ്) അടുത്തുകൊണ്ടുവരും. (സൂക്ഷ്മത പാലിക്കുന്നവർക്ക്) തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുന്നവർ, അവന്റെ കൽപന സ്വീകരിച്ച് അവന്റെ താക്കീതുകൾ സൂക്ഷിച്ചും അവന്റെ കോപത്തെയും ശിക്ഷയെയും ഭയന്നുജീവിക്കുകയും ചെയ്യുന്നവർ. നരകം അതിന്റെ പൂർണ ഭാവത്തോടെ പ്രത്യക്ഷപ്പെടും. (ദുർമാർഗികൾക്ക്) അവർ അല്ലാഹുവിനെ ധിക്കരിച്ചവരാണ്. അവൻ വിരോധിച്ചത് പ്രവർത്തിക്കാൻ ധൈര്യപ്പെട്ടവർ, അവന്റെ ദൂതന്മാരെ കളവാക്കിയവർ, അവർ കൊണ്ടുവന്ന സത്യത്തെ തള്ളിക്കളഞ്ഞവർ.

(അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി, അവർ നിങ്ങളെ സഹായിക്കുകയോ സ്വയം സഹായം തേടുകയോ ചെയ്യുന്നുണ്ടോ എന്ന് അവരോട് ചോദിക്കപ്പെടുകയും ചെയ്യും) അവരെ സ്വയം സഹായിക്കാൻ കഴിയുമോ? അതൊന്നും സംഭവിക്കില്ല. അവരുടെ നുണകളും അപമാനവും വെളിവാകും. അവരുടെ ഇഷ്ടങ്ങളും തിന്മകളും വ്യക്തമാകും. അവരുടെ ഖേദം പ്രകടമാകും. അധ്വാനം പാഴായിപ്പോവുകയും ചെയ്യും.

(അതിൽ മുഖം കുത്തിവീഴ്ത്തപ്പെടുന്നതാണ്) നരകത്തിലേക്ക് വലിച്ചെറിയപ്പെടും. (അവരും) അവർ ആരാധിച്ചവർ. (ദുർമാർഗികളും) അവയെ ആരാധിച്ചവർ. (ഇബ്‌ലീസിന്റെ മുഴുവൻ സൈന്യങ്ങളും നരകത്തിൽ മുഖംകുത്തി വീഴ്ത്തപ്പെടുന്നതാണ്) എല്ലാവരും ഒരുമിച്ച്. ഇതിൽ മനുഷ്യരും ജിന്നുകളും ഉൾപ്പെടുന്നു. അവർ പാപത്തിന് പ്രേരിപ്പിക്കുകയും അവിശ്വാസംകൊണ്ട് അവരുടെ മേൽ അധികാരം ചെലുത്തുകയും ചെയ്തു. അങ്ങനെ അവർ ഇബ്‌ലീസിന്റെ പ്രബോധകരായി; അവന്റെ പ്രീതിക്കായി പരിശ്രമിക്കുന്നവരും. ഇബ്‌ലീസിനെ അനുസരിക്കാൻ അവർ ക്ഷണിച്ചു. അവർക്കിടയിൽ അവനുവേണ്ടി ക്ഷണിക്കുന്നവരും അവന് ഉത്തരം നൽകുന്നവരും ശിർക്കിൽ അനുകരിക്കുന്നവരും ഉണ്ട്.