സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 14

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ആഗസ്റ്റ് 08, 1448 സ്വഫർ 25

അധ്യായം: 26, ഭാഗം 14 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

(١٢٣)كَذَّبَتْ عَادٌ ٱلْمُرْسَلِينَ

123. ആദ് സമുദായം ദൈവദൂതൻമാരെ നിഷേധിച്ചുതള്ളി.

(123). ‘ആദ്’ എന്ന് വിളിക്കപ്പെടുന്ന ഗോത്രവും അവരുടെ ദൂതനായ ഹൂദി(അ)നെ കളവാക്കി; മറ്റു പ്രവാചകന്മാരെ കളവാക്കിയതുപോലെ. അവരെല്ലാം പ്രബോധനം ചെയ്തത് ഒന്നായിരുന്നു.


إِذْ قَالَ لَهُمْ أَخُوهُمْ هُودٌ أَلَا تَتَّقُونَ (١٢٤)

124. അവരുടെ സഹോദരൻ ഹൂദ് അവരോട് പറഞ്ഞ സന്ദർഭം: നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?

124). (അവരുടെ സഹോദരൻ അവരോട് പറഞ്ഞ സന്ദർഭം) അവരുടെ വംശപരമ്പരയിൽ പെട്ട (ഹൂദ്) ദയയോടെയും സൗമ്യതയോടെയും അവരോട് പറഞ്ഞു: (നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?) നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും അവനോട് പങ്കുചേർക്കുന്നതും അവനല്ലാത്തവരെ ആരാധിക്കുന്നതും ഉപേക്ഷിക്കുകയും ചെയ്യുന്നില്ലേ?


إِنِّى لَكُمْ رَسُولٌ أَمِينٌۭ (١٢٥)

125. തീർച്ചയായും ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു.

125). (തീർച്ചയായും ഞാൻ വിശ്വസ്തനായ ഒരു ദൂതനാണ്) അതായത് നിങ്ങൾക്കുള്ള കാരുണ്യമായും നിങ്ങളോടുള്ള കരുതലുമായിട്ടാണ് അല്ലാഹു എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചത്. നിങ്ങൾക്ക് അറിയാവുന്നതുപോലെ ഞാൻ വിശ്വസ്തനും സത്യസന്ധനുമാണ്. തുടർന്ന് അദ്ദേഹം പറഞ്ഞു:


(١٢٧)فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ (١٢٦) وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ

126. അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ.

127. ഇതിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കൽനിന്ന് മാത്രമാകുന്നു.

126-127) (അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക) അതായത്, അല്ലാഹുവിനോടുള്ള നിങ്ങളുടെ കടമകൾ നിർവഹിക്കുക. അത് അവനെ സൂക്ഷിക്കുക എന്നതാണ്. ഞാൻ നിങ്ങളോട് കല്പിക്കുന്നതും വിരോധിക്കുന്നതുമായ കാര്യങ്ങളിൽ എന്നെ അനുസരിച്ചുകൊണ്ട് എന്നോടുള്ള നിങ്ങളുടെ കടമയും നിറവേറ്റുക. എന്നെ അനുസരിക്കുകയും പിൻപറ്റുകയും ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു തടസ്സവുമില്ല. കാരണം നിങ്ങൾക്ക് സന്ദേശം അറിയിക്കുന്നതിനും ഉപദേശിക്കുന്നതിനും ഞാൻ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ അത് നിങ്ങൾക്കൊരു ഭാരമാകുമായിരുന്നു. (എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിൽനിന്ന് മാത്രമാകുന്നു) അവർക്ക് മഹത്തായ അനുഗ്രഹങ്ങളും ഔദാര്യങ്ങളും നൽകിയിരുന്ന ലോകരക്ഷിതാവിൽനിന്ന് മാത്രം. പ്രത്യേകിച്ച് തന്റെ അടുത്ത മിത്രങ്ങൾക്കും പ്രവാചകന്മാർക്കും ഔദാര്യം നൽകിയവൻ.


أَتَبْنُونَ بِكُلِّ رِيعٍ ءَايَةًۭ تَعْبَثُونَ (١٢٨)

128. വൃഥാ പൊങ്ങച്ചം കാണിക്കുവാനായി എല്ലാ കുന്നിൻ പ്രദേശങ്ങളിലും നിങ്ങൾ പ്രതാപ ചിഹ്‌നങ്ങൾ (ഗോപുരങ്ങൾ) കെട്ടിപ്പൊക്കുകയാണോ?

(128) (എല്ലാ കുന്നിൻപ്രദേശങ്ങളിലും നിങ്ങൾ കെട്ടിപ്പൊക്കുകയാണോ?) എല്ലാ ഉയർന്ന സ്ഥലങ്ങളിലും. (പ്രതാപചിഹ്നങ്ങൾ) അടയാളങ്ങൾ. (വൃഥാ) അതായത് നിങ്ങൾക്ക് ആത്മീയമോ ലൗകികമോ ആയി ഒരു പ്രയോജനവുമില്ലാത്തത് വെറുതെയുണ്ടാക്കുകയാണോ?


وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ (١٢٩)

129. നിങ്ങൾക്ക് എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങൾ മഹാസൗധങ്ങൾ ഉണ്ടാക്കുകയുമാണോ?

129). (നിങ്ങൾ സൗധങ്ങൾ ഉണ്ടാക്കുകയാണോ?) നിങ്ങൾ കുളങ്ങളും ജലസംഭരണികളും ഉണ്ടാക്കുകയാണോ? (നിങ്ങൾക്ക് എന്നും

താമസിക്കാം എന്ന ഭാവേന!) ഒരാൾക്കും ശാശ്വതമായിരിക്കാൻ സാധിക്കില്ലെന്നിരിക്കെ!


وَإِذَا بَطَشْتُم بَطَشْتُمْ جَبَّارِينَ (١٣٠)

130. നിങ്ങൾ ബലം പ്രയോഗിക്കുകയാണെങ്കിൽ നിഷ്ഠൂരൻമാരായിക്കൊണ്ട് നിങ്ങൾ ബലം പ്രയോഗിക്കുന്നു.

(130) (നിങ്ങൾ ബലം പ്രയോഗിക്കുകയാണെങ്കിൽ) സൃഷ്ടികളോട്. (നിഷ്ഠൂരന്മാരായിക്കൊണ്ട് നിങ്ങൾ ബലം പ്രയോഗിക്കുന്നു) കൊന്നും കൊള്ളയടിച്ചും. അല്ലാഹു അവർക്ക് വലിയ ശക്തി നൽകി. അവർ ചെയ്യേണ്ടത് അല്ലാഹുവിനെ അനുസരിക്കാൻ അവരുടെ ശക്തി ഉപയോഗിക്കുക എന്നതാണ്. എന്നാൽ അവർ അഹങ്കരിക്കുകയും ഔന്നിത്യം നടിക്കുകയും ചെയ്തു. അവർ പറഞ്ഞു: ‘...ഞങ്ങളെക്കാൾ ശക്തിയിൽ മികച്ചവർ ആരുണ്ട്...’ (41:15).

അവർ അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കാനും വ്യർഥവും ബുദ്ധിശൂന്യവുമായ ഉദ്ദേശങ്ങൾക്കുമായി തങ്ങളുടെ ശക്തി ഉപയോഗിച്ചു. അങ്ങനെ ചെയ്യരുതെന്ന് അവരുടെ പ്രവാചകൻ അവരോട് പറഞ്ഞു.


فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ (١٣١)

131. ആകയാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക.

131) (ആകയാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക) നിങ്ങളുടെ ബഹുദൈവത്വവും അഹങ്കാരവും ഉപേക്ഷിക്കുക. (എന്നെ അനുസരിക്കുകയും ചെയ്യുക) ഞാനൊരു പ്രവാചകനാണെന്നും വിശ്വസ്തനായ നിങ്ങളുടെ ഒരു ഗുണകാംക്ഷിയാണെന്നും നിങ്ങൾ മനസ്സിലാക്കിയ സ്ഥിതിക്ക്.


وَٱتَّقُوا۟ ٱلَّذِىٓ أَمَدَّكُم بِمَا تَعْلَمُونَ (١٣٢) أَمَدَّكُم بِأَنْعَـٰمٍۢ وَبَنِينَ (١٣٣) وَجَنَّـٰتٍۢ وَعُيُونٍ (١٣٤)

132. നിങ്ങൾക്ക് തന്നെ അറിയാവുന്നവ (സുഖസൗകര്യങ്ങൾ) മുഖേന നിങ്ങളെ സഹായിച്ചവനെ നിങ്ങൾ സൂക്ഷിക്കുക.

133. കന്നുകാലികളും സന്താനങ്ങളും മുഖേന അവൻ നിങ്ങളെ സഹായിച്ചിരിക്കുന്നു.

134. തോട്ടങ്ങളും അരുവികളും മുഖേനയും.

132-134) (കന്നുകാലികൾ മുഖേന അവൻ നിങ്ങളെ സഹായിച്ചു). ഒട്ടകം, പശു, ആട് തുടങ്ങിയവ. (സന്താനങ്ങളും) ധാരാളം സന്തതികൾ, അവൻ നിങ്ങളുടെ സമ്പത്ത് വർധിപ്പിച്ചു; മക്കളെയും - പ്രത്യേകിച്ച് പുത്രന്മാരെ. രണ്ട് (ആൺ, പെൺ)വിഭാഗങ്ങളിൽ മികച്ചത്.