സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 15
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
2026 ആഗസ്റ്റ് 15, 1448 റബീഉൽ അവ്വൽ 02
അധ്യായം: 26, ഭാഗം 15 (മക്കയില്‍ അവതരിച്ചത്)
വിവ: ഹാരിസ് ബിന്‍ സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
135. നിങ്ങളുടെ കാര്യത്തിൽ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീർച്ചയായും ഞാൻ ഭയപ്പെടുന്നു.

135). ഇത് അവർക്ക് നൽകിയ അനുഗ്രഹങ്ങളെ കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലാണ്. പിന്നെ അവർക്ക് ഇറങ്ങാവുന്ന അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട് പറഞ്ഞു: നിങ്ങളുടെ കാര്യത്തിൽ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷയെ തീർച്ചയായും ഞാൻ ഭയപ്പെടുന്നു. എനിക്ക് നിങ്ങളോടുള്ള അനുകമ്പയും കരുതലും കൊണ്ട് ഞാൻ പറയുന്നു: നിങ്ങൾ അവിശ്വാസത്തിലും അക്രമത്തിലും തുടർന്നാൽ നിങ്ങൾക്ക് കഠിനമായ ശിക്ഷ വരുമെന്ന് ഞാൻ ഭയപ്പെടുന്നു. അതു വരുമ്പോൾ അത് തിരിച്ചെടുക്കാൻ കഴിയില്ല.
136. അവർ പറഞ്ഞു: നീ ഉപദേശം നൽകിയാലും ഉപദേശിക്കുന്നവരുടെ കൂട്ടത്തിൽ ആയില്ലെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം സമമാകുന്നു.
136) എന്നാൽ സത്യത്തെ ശാഠ്യത്തോടെ തള്ളിപ്പറയുകയും തങ്ങളുടെ പ്രവാചകനിൽ അവിശ്വസിക്കുകയും ചെയ്തുകൊണ്ട് അവർ പറഞ്ഞു: (നീ ഉപദേശം നൽകിയാലും ഉപദേശിക്കുന്നവരുടെ കൂട്ടത്തിൽ ആയില്ലെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം സമമാകുന്നു) അതായത് ഞങ്ങളെ ഉപദേശിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്ക് ഒരുപോലെയാണ്. ഇത് ഏറ്റവും വലിയ അഹങ്കാരമാണ്. ഉറച്ച പർവതങ്ങളെ ഉരുക്കുകയും ജ്ഞാനികളുടെ ഹൃദയങ്ങളെ വിറപ്പിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ ഉപദേശങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും ഒരുപോലെയാണെന്ന് പറയുന്ന ഒരു ജനതയുടെ അവസ്ഥ. അവർ തെറ്റുകളിൽ അങ്ങേയറ്റം എത്തുകയും നാശത്തിലേക്ക് അടുക്കുകയും ചെയ്തവരാണ്. അവർ ഒരിക്കലും നേർവഴിയിലാകുമെന്ന് പ്രതീക്ഷയില്ല.
137. ഇത് പൂർവികൻമാരുടെ സമ്പ്രദായം തന്നെയാകുന്നു.
137). അതിനാൽ അവർ പറഞ്ഞു: (ഇത് പൂർവികന്മാരുടെ സമ്പ്രദായം തന്നെയാകുന്നു) അതായത് ഈ അവസ്ഥയും സുഖജീവിതവും മുൻതലമുറകൾക്കും സംഭവിച്ചതാണ്. ചിലപ്പോൾ അവർക്ക് സമ്പന്നതയും മറ്റു ചിലപ്പോൾ ദാരിദ്ര്യവും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ കാലത്തിന്റെ ഓരോ മാറ്റങ്ങൾ. അല്ലാതെ ഇത് അല്ലാഹുവിൽനിന്നുള്ള പരീക്ഷണമോ അനുഗ്രഹമോ അല്ല.
وَمَا نَحْنُ بِمُعَذَّبِينَ (١٣٨)
138. ഞങ്ങൾ ശിക്ഷിക്കപ്പെടുന്നവരല്ല.
138) (ഞങ്ങൾ ശിക്ഷിക്കപ്പെടുന്നവരല്ല) ഇത് ഉയർത്തെഴുന്നേൽപിനെ നിഷേധിക്കലാണ്; അതല്ലെങ്കിൽ തങ്ങളുടെ പ്രവാചകനെ പരിഹസിച്ച് കൂടെ നിൽക്കൽ. ഇനി ഞങ്ങൾ ഉയിർത്തെഴുന്നേൽപിക്കപ്പെടും എന്ന് കരുതിയാലും ഈ ലോകത്ത് ഞങ്ങൾക്ക് അനുഗ്രഹങ്ങൾ ലഭിച്ചതുപോലെ ഉയിർത്തെഴുന്നേൽപിക്കപ്പെട്ടാലും അത് തുടരും.
139. അങ്ങനെ അവർ അദ്ദേഹത്തെ നിഷേധിച്ചുതള്ളുകയും അതിനാൽ നാം അവരെ നശിപ്പിക്കുകയും ചെയ്തു. തീർച്ചയായും അതിൽ (മനുഷ്യർക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാൽ അവരിൽ അധികപേരും വിശ്വസിക്കുന്നവരായില്ല.
139) (അങ്ങനെ അവർ അദ്ദേഹത്തെ നിഷേധിച്ചുതള്ളി) നിഷേധം അവരുടെ പ്രകൃതമാണ്. യാതൊന്നിനും അതിനെ തടയാനാവില്ല. (അതിനാൽ നാം അവരെ നശിപ്പിക്കുകയും ചെയ്തു).
وَأَمَّا عَادٌ فَأُهْلِكُوا بِرِيحٍ صَرْصَرٍ عَاتِيَةٍ ٦ سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ ٧
“എന്നാൽ ആദ് സമുദായം, ആഞ്ഞുവീശുന്ന അത്യുഗ്രമായ കാറ്റുകൊണ്ട് നശിപ്പിക്കപ്പെട്ടു. തുടർച്ചയായ ഏഴു രാത്രിയും എട്ടു പകലും അത് (കാറ്റ്) അവരുടെ നേർക്ക് അവൻ തിരിച്ചുവിട്ടു. അപ്പോൾ കടപുഴകി വീണ ഈന്തപ്പനത്തടികൾ പോലെ ആ കാറ്റിൽ ജനങ്ങൾ വീണുകിടക്കുന്നതായി നിനക്ക് കാണാം’’ (69:6,7)
(തീർച്ചയായും അതിൽ ഒരു ദൃഷ്ടാന്തമുണ്ട്) ഹൂദ് നബി(അ)യുടെ സത്യസന്ധതയും അദ്ദേഹം കൊണ്ടുവന്ന സന്ദേശത്തിന്റെ സത്യസന്ധതയും തെളിയിക്കുന്ന ഒരു ദൃഷ്ടാന്തമുണ്ട്. അതിൽ, അദ്ദേഹത്തിന്റെ ജനത പിന്തുടർന്ന സ്വേച്ഛാധിപത്യത്തിന്റെയും ബഹുദൈവത്വത്തിന്റെയും പാത തെറ്റാണെന്നതിന് അതിൽ തെളിവുണ്ട്. (എന്നാൽ അവരിൽ അധികപേരും വിശ്വസിക്കുന്നവരായില്ല) വിശ്വാസത്തിലേക്ക് നയിക്കേണ്ട തെളിവുകൾ ഉണ്ടായിട്ടും വിശ്വാസികളായില്ല.
140. തീർച്ചയായും നിന്റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും.
140) (തീർച്ചയായും നിന്റെ രക്ഷിതാവ് പ്രതാപിയും) ശക്തരും കഴിവുള്ളവരും ആയിട്ടും ഹൂദിന്റെ ജനതയെ നശിപ്പിച്ച നിന്റെ രക്ഷിതാവാണ് അവൻ. (കരുണ ചൊരിയുന്നവനും) തന്റെ പ്രവാചകൻ ഹൂദിനെയും അദ്ദേഹത്തിന്റെ കൂടെയുള്ള വിശ്വാസികളെയും രക്ഷിച്ചതിലൂടെ.
141. സമൂദ് സമുദായം ദൈവദൂതൻമാരെ നിഷേധിച്ചുതള്ളി.
141) (സമൂദ് സമുദായം നിഷേധിച്ചുതള്ളി) ഹിജ്‌റിലെ പ്രസിദ്ധ ഗോത്രം. (പ്രവാചകന്മാരെ) അവർ സ്വാലിഹ് നബി(അ)യെ നിഷേധിച്ചു. പ്രവാചകന്മാരെല്ലാം പറഞ്ഞ തൗഹീദിലേക്ക് അദ്ദേഹം അവരെ ക്ഷണിച്ചു. അതിനാൽ അദ്ദേഹത്തെ കളിയാക്കുന്നതിലൂടെ സർവ പ്രവാചകന്മാരെയും അവർ കളിയാക്കി.
142. അവരുടെ സഹോദരൻ സ്വാലിഹ് അവരോട് പറഞ്ഞ സന്ദർഭം: നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?
142) (അവരുടെ സഹോദരൻ സ്വാലിഹ് അവരോട് പറഞ്ഞ സന്ദർഭം) ഒരേ വംശപരമ്പരയിൽ പെട്ട അദ്ദേഹം സ്‌നേഹത്തോടെയും സൗമ്യതയോടെയും അവരോട് പറഞ്ഞു: (നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?) അല്ലാഹുവിനെ ഭയപ്പെടുകയും ശിർക്കും മറ്റു പാപങ്ങളും ഉപേക്ഷിക്കുകയും ചെയ്യുന്നില്ലേ?
