സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 11

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ജൂലൈ 18, 1448 സ്വഫർ 04

അധ്യായം: 26, ഭാഗം 10 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قَالُوا۟ وَهُمْ فِيهَا يَخْتَصِمُونَ (٩٦) تَٱللَّهِ إِن كُنَّا لَفِى ضَلَـٰلٍۢ مُّبِينٍ (٩٧) إِذْ نُسَوِّيكُم بِرَبِّ ٱلْعَـٰلَمِينَ (٩٨)

96. അവിടെ വെച്ച് അന്യോന്യം വഴക്ക് കൂടിക്കൊണ്ടിരിക്കെ അവർ പറയും:

97. അല്ലാഹുവാണ സത്യം! ഞങ്ങൾ വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു.

98. നിങ്ങൾക്ക് ഞങ്ങൾ ലോകരക്ഷിതാവിനോട് തുല്യത കൽപിക്കുന്ന സമയത്ത്.

96-97) (അവർ പറയും:) വഴിപിഴച്ച ഇബ്‌ലീസിന്റെ സൈന്യം. അവർ ആരാധിച്ചിരുന്ന ബിംബങ്ങളോടും വിഗ്രഹങ്ങളോടും പറയും: (അല്ലാഹുവാണ് സത്യം, നിങ്ങൾക്ക് ഞങ്ങൾ ലോകരക്ഷിതാവിനോട് തുല്യത കൽപിക്കുന്ന സമയത്ത് ഞങ്ങൾ വ്യക്തമായ വഴികേടിൽ തന്നെയായിരുന്നു) ആരാധനയുടെയും സ്‌നേഹത്തിന്റെയും ഭയത്തിന്റെയും പ്രത്യാശയുടെയും കാര്യത്തിൽ നിങ്ങളെ ലോകരക്ഷിതാവിനോട് തുല്യമായി കണക്കാക്കിയപ്പോൾ ഞങ്ങൾ വ്യക്തമായ വഴികേടിലായിരുന്നെന്ന് ഞങ്ങൾക്ക് വ്യക്തമായിമായി.

അവനെ വിളിച്ചപോലെ ഞങ്ങൾ നിങ്ങളെയും വിളിച്ചു പ്രാർഥിച്ചു. അല്ലാഹു അവരെ ശിക്ഷിക്കുന്നതിൽ നീതിമാനാണെന്നും അത് ഉചിതമാണെന്നും അവർ സമ്മതിക്കും. അവൻ ലോകരക്ഷിതാവാണെന്ന് അവർ അംഗീകരിച്ചിരുന്നില്ല. ആരാധനയിലാണ് തുല്യത കൽപിച്ചത്; സൃഷ്ടിപ്പിലല്ല. അതാണ് (ലോകരക്ഷിതാവിനോട്) എന്ന പ്രയോഗത്തിൽനിന്ന് മനസ്സിലാകുന്നത്. എല്ലാവരുടെയും രക്ഷിതാവ് അല്ലാഹുവാണെന്ന് അവർ അംഗീകരിച്ചിരുന്നു; അവരുടെ ബിംബങ്ങളുടെയും വിഗ്രഹങ്ങളുടെയും പോലും രക്ഷിതാവ്.


وَمَآ أَضَلَّنَآ إِلَّا ٱلْمُجْرِمُونَ (٩٩)

99. ഞങ്ങളെ വഴിപിഴപ്പിച്ചത് ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല.

99) (ഞങ്ങൾ വഴിതെറ്റിച്ചിട്ടില്ല) ശരിയായ വഴിയിൽനിന്നും സന്മാർഗത്തിൽനിന്നും ഞങ്ങളെ തെറ്റിക്കുകയും അധർമത്തിലേക്കും വഴികേടിലേക്കും ഞങ്ങളെ ക്ഷണിക്കുകയും ചെയ്തത്. (ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല).


فَمَا لَنَا مِن شَـٰفِعِينَ (١٠٠)

100. ഇപ്പോൾ ഞങ്ങൾക്ക് ശുപാർശക്കാരായി ആരുമില്ല.

100). (ഞങ്ങൾക്ക് ആരുമില്ല) അന്നേരം. (ശുപാർശക്കാരായി) ഞങ്ങൾക്ക് ശുപാർശ ചെയ്യാനും ശിക്ഷയിൽനിന്ന് ഞങ്ങളെ രക്ഷപ്പെടുത്താനും.


وَلَا صَدِيقٍ حَمِيمٍۢ (١٠١)

101. ഉറ്റ സുഹൃത്തുമില്ല.

101). (ഉറ്റ സുഹൃത്തുമില്ല) ഈ ലോകത്ത് സാധാരണ സംഭവിക്കുന്നതുപോലെ അടുത്ത ഒരു സുഹൃത്തും ഇല്ല. അതായത് ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ കഴിയുന്ന ആത്മാർഥ സുഹൃത്ത്. അവർക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെടും. അവർ ചെയ്തതിന്റെ ഫലമായി അവർ നിരാശപ്പെടും. മടങ്ങിപ്പോകാൻ ആഗ്രഹിക്കും; സൽപ്രവർത്തനങ്ങൾ ചെയ്യാനും.


(١٠٢)فَلَوْ أَنَّ لَنَا كَرَّةًۭ فَنَكُونَ مِنَ ٱلْمُؤْمِنِينَ

102. അതിനാൽ ഞങ്ങൾക്കൊന്നു മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിൽ! എങ്കിൽ ഞങ്ങൾ സത്യവിശ്വാസികളുടെ കൂട്ടത്തിലാകുമായിരുന്നു.

102). (അതിനാൽ ഞങ്ങൾക്ക് മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിൽ) ഇഹലോകത്തിലേക്ക് ഒരു തിരിച്ചുപോക്ക് അവർ ആഗ്രഹിക്കും. (എങ്കിൽ ഞങ്ങൾ സത്യവിശ്വാസികളുടെ കൂട്ടത്തിൽ ആകുമായിരുന്നു) ശിക്ഷയിൽനിന്ന് സുരക്ഷിതരായിരിക്കുന്നതിനും പ്രതിഫലത്തിന് അർഹരായിരിക്കുന്നതിനും വേണ്ടി ഞങ്ങൾ വിശ്വാസികളുടെ കൂട്ടത്തിലാകും. എന്നാൽ ഇത് സംഭവിക്കാൻ ഒരു വഴിയുമില്ല. അവരുടെ ആഗ്രഹത്തിൽനിന്ന് അവർ തടയപ്പെടും. സ്വയം വീണ്ടെടുക്കാൻ അവർക്ക് അവസരമില്ല.


إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ (١٠٣) وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ (١٠٤)

103. തീർച്ചയായും അതിൽ (മനുഷ്യർക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാൽ അവരിൽ അധികപേരും വിശ്വസിക്കുന്നവരായില്ല.

104. തീർച്ചയായും നിന്റെ രക്ഷിതാവ് തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും.

103,104). (തീർച്ചയായും അതിൽ) നാം നിങ്ങൾക്ക് വിവരിച്ചുതന്നതിൽ നിങ്ങൾക്ക് (ഒരു ദൃഷ്ടാന്തമുണ്ട്). ഈ ദൃഷ്ടാന്തങ്ങൾ ഇറക്കപ്പെട്ടിട്ടും (അവരിൽ അധികപേരും വിശ്വസിക്കുന്നവരായില്ല).