സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 18

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

അധ്യായം: 26, ഭാഗം 18 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

قَالَ إِنِّى لِعَمَلِكُم مِّنَ ٱلْقَالِينَ (١٦٨) رَبِّ نَجِّنِى وَأَهْلِى مِمَّا يَعْمَلُونَ (١٦٩) فَنَجَّيْنَـٰهُ وَأَهْلَهُۥٓ أَجْمَعِينَ (١٧٠) إِلَّا عَجُوزًۭا فِى ٱلْغَـٰبِرِينَ (١٧١) ثُمَّ دَمَّرْنَا ٱلْـَٔاخَرِينَ (١٧٢) وَأَمْطَرْنَا عَلَيْهِم مَّطَرًۭا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ (١٧٣) إِنَّ فِى ذَٰلِكَ لَـَٔايَةًۭ ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ (١٧٤) وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ (١٧٥)

168. അദ്ദേഹം പറഞ്ഞു: തീർച്ചയായും ഞാൻ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു.

169. (അദ്ദേഹം പ്രാർഥിച്ചു:) എന്റെ രക്ഷിതാവേ, എന്നെയും എന്റെ കുടുംബത്തേയും ഇവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിൽനിന്ന് നീ രക്ഷപ്പെടുത്തേണമേ.

170. അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മുഴുവൻ നാം രക്ഷപ്പെടുത്തി.

171. പിൻമാറി നിന്നവരിൽ ഒരു കിഴവി ഒഴികെ.

172. പിന്നീടു മറ്റുള്ളവരെ നാം തകർത്തുകളഞ്ഞു.

173. അവരുടെ മേൽ നാം ഒരുതരം മഴ വർഷിപ്പിക്കുകയും ചെയ്തു. താക്കീതു നൽകപ്പെട്ടവർക്ക് ലഭിച്ച ആ മഴ എത്ര മോശം!

174. തീർച്ചയായും അതിൽ (മനുഷ്യർക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാൽ അവരിൽ അധികപേരും വിശ്വസിക്കുന്നവരായില്ല.

175. തീർച്ചയായും നിന്റെ രക്ഷിതാവുതന്നെയാണ് പ്രതാപിയും കരുണാനിധിയും.

168-175). അവരെ പാപത്തിൽ ഉറച്ചുനിൽക്കുന്നവരായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: (തീർച്ചയായും ഞാൻ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു) ഞാൻ അവരുടെ പ്രവൃത്തിയെ തീർത്തും വെറുക്കുന്നു. അവരെ വിലക്കുകയും അവർക്കെതിരെ മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു. (എന്റെ രക്ഷിതാവേ, എന്നെയും എന്റെ കുടുംബത്തെയും ഇവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിൽനിന്ന് നീ രക്ഷപ്പെടുത്തേണമേ) അങ്ങനെ അവരുടെ പ്രവർത്തനങ്ങളിൽനിന്നും പീഡനങ്ങളിൽനിന്നും അല്ലാഹു അദ്ദേഹത്തിന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകി. (അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മുഴുവൻ നാം രക്ഷപ്പെടുത്തി. പിന്മാറി നിന്നവരിൽ ഒരു കിഴവി ഒഴികെ) അവൾ ശിക്ഷിക്കപ്പെട്ടവരിൽ ഒരാളായിരുന്നു. അവൾ അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. (പിന്നീട് മറ്റുള്ളവരെ നാം തകർത്തുകളഞ്ഞു. അവരുടെ മേൽ നാം ഒരുതരം മഴ വർഷിപ്പിക്കുകയും ചെയ്തു) ചൂടുവെക്കപ്പെട്ട കല്ലുമഴ. (താക്കീതു നൽകപ്പെട്ടവർക്കു ലഭിച്ച ആ മഴ എത്ര മോശം!) അവരിൽ അവസാനത്തെ ആളെയും അല്ലാഹു നശിപ്പിച്ചു. (തീർച്ചയായും അതിൽ ഒരു ദൃഷ്ടാന്തമുണ്ട്. എന്നാൽ അവരിൽ അധികപേരും വിശ്വസിക്കുന്നവരായില്ല). (തീർച്ചയായും നിന്റെ രക്ഷിതാവുതന്നെയാണ് പ്രതാപിയും കരുണാനിധിയും).


كَذَّبَ أَصْحَـٰبُ لْـَٔيْكَةِ ٱلْمُرْسَلِينَ (١٧٦) إِذْ قَالَ لَهُمْ شُعَيْبٌ أَلَا تَتَّقُونَ (١٧٧) إِنِّى لَكُمْ رَسُولٌ أَمِينٌۭ (١٧٨) فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ (١٧٩) وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ (١٨٠) ۞

176. ഐക്കത്തിൽ (മരക്കൂട്ടങ്ങൾക്കിടയിൽ) താമസിച്ചിരുന്നവരും ദൈവദൂതൻമാരെ നിഷേധിച്ചു തള്ളി.

177. അവരോട് ശുഐബ് പറഞ്ഞ സന്ദർഭം: നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?

178. തീർച്ചയായും ഞാൻ നിങ്ങൾക്കു വിശ്വസ്തനായ ഒരു ദൂതനാകുന്നു.

179. അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ.

180. ഇതിന്റെ പേരിൽ യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോടു ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോക

രക്ഷിതാവിങ്കൽ നിന്നു മാത്രമാകുന്നു.

176-180). മരക്കൂട്ടത്തിന്റെ ആളുകൾ എന്നതിൽ ‘മരക്കൂട്ടം’ എന്നതിന്റെ ഉദ്ദേശ്യം മരക്കൊമ്പുകൾ ഇടതൂർന്നു നിൽക്കുന്ന തോട്ടങ്ങളാണ്. അവർ മദ്‌യൻകാരാണ്. എല്ലാ പ്രവാചകന്മാരും പറഞ്ഞ അതേ ആശയം പറഞ്ഞ ശുഐബ് നബി(അ)യെ അവർ കളവാക്കി. (അവരോട് ശുഹൈബ് പറഞ്ഞ സന്ദർഭം. നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?) അതായത്, അവന്റെ കോപത്തിനു കാരണമാകുന്നതും അവൻ വെറുക്കുന്നതുമായ അവിശ്വാസവും പാപവും ഉപേക്ഷിക്കുകയില്ലേ? (തീർച്ചയായും ഞാൻ നിങ്ങൾക്കു വിശ്വസ്തനായ ഒരു ദൂതനാകുന്നു) അതിനാൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുകയും എന്നെ അനുസരിക്കുകയും വേണം.


أَوْفُوا۟ ٱلْكَيْلَ وَلَا تَكُونُوا۟ مِنَ ٱلْمُخْسِرِينَ (١٨١) وَزِنُوا۟ بِٱلْقِسْطَاسِ ٱلْمُسْتَقِيمِ (١٨٢) وَلَا تَبْخَسُوا۟ ٱلنَّاسَ أَشْيَآءَهُمْ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ (١٨٣) وَٱتَّقُوا۟ ٱلَّذِى خَلَقَكُمْ وَٱلْجِبِلَّةَ ٱلْأَوَّلِينَ (١٨٤)

181. നിങ്ങൾ അളവു പൂർത്തിയാക്കിക്കൊടുക്കുക. നിങ്ങൾ (ജനങ്ങൾക്ക്) നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്.

182. കൃത്രിമമില്ലാത്ത തുലാസു കൊണ്ടു നിങ്ങൾ തൂക്കുക.

183. ജനങ്ങൾക്ക് അവരുടെ സാധനങ്ങളിൽ നിങ്ങൾ കമ്മി വരുത്തരുത്. നാശകാരികളായിക്കൊണ്ടു നിങ്ങൾ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കരുത്.

184. നിങ്ങളെയും പൂർവതലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക.

181-184). അവരുടെ ബഹുദൈവത്വത്തിന് പുറമെ അളവിലും തൂക്കത്തിലും അവർ കുറവു വരുത്തി. അതിനാൽ അദ്ദേഹം അവരോടു പറഞ്ഞു: (നിങ്ങൾ അളവു പൂർത്തിയാക്കിക്കൊടുക്കുക) അതായത് പൂർണമായി നൽകുക. (നിങ്ങൾ നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്)

ആളുകളുടെ സമ്പത്ത് കവർന്നെടുക്കുന്നവരുടെ കൂട്ടത്തിൽ ആകരുത്. (കൃത്രിമമില്ലാത്ത തുലാസുകൊണ്ട് നിങ്ങൾ തൂക്കുക) വ്യത്യാസം വരാത്ത ശരിയായ തുലാസുകൊണ്ട്. (നിങ്ങളെയും പൂർവ തലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക) നിങ്ങളെ സൃഷ്ടിച്ചതും നിങ്ങളുടെ മുമ്പുള്ളവരെ സൃഷ്ടിച്ചതും ആരോ അവനെ ഭയപ്പെടുക. അത് അല്ലാഹു മാത്രമായതിനാലും അതിൽ മറ്റാരും ഒരു പങ്കും വഹിക്കാത്തതിനാലും ആരാധനയിലും ഏകത്വത്തിലും അല്ലാഹുവിനെ മാത്രമാക്കുക. അവൻ നിങ്ങളെ സൃഷ്ടിച്ച് അനുഗ്രഹിച്ചതുപോലെ അവനോട് നന്ദിയോടെ പ്രതികരിക്കണം.