സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 16

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2026 ആഗസ്റ്റ് 22, 1448 റബീഉൽ അവ്വൽ 09

അധ്യായം: 26, ഭാഗം 16 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنِّى لَكُمْ رَسُولٌ أَمِينٌۭ ١٤٣ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ١٤٤

143. തീർച്ചയായും ഞാൻ നിങ്ങൾക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു.

144. അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ.

143,144) (തീർച്ചയായും ഞാൻ നിങ്ങളിലേക്കുള്ള ഒരു ദൂതനാകുന്നു) നിങ്ങളുടെ രക്ഷിതാവായ അല്ലാഹു ഒരു കാരുണ്യമായി എന്നെ നിങ്ങളിലേക്ക് അയച്ചു. അവന്റെ കരുണ നിങ്ങൾ സ്വീകരിക്കുക. അതിന് കീഴൊതുങ്ങുകയും ചെയ്യുക. (വിശ്വസ്തനായ) ഞാൻ വിശ്വസ്തനാണെന്ന് നിങ്ങൾക്ക് അറിയുന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് എന്നിലും ഞാൻ കൊണ്ടുവന്നതിലും വിശ്വസിക്കാവുന്നതാണ്.


وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَـٰلَمِينَ ١٤٥

145. നിങ്ങളോട് ഞാൻ ഇതിന്റെ പേരിൽ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കൽനിന്ന് മാത്രമാകുന്നു.

145) (നിങ്ങളോട് ഞാൻ ഇതിന്റെ പേരിൽ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല) അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് പറയാമായിരുന്നു, നിന്നെ പിന്തുടരുന്നതിൽ നിന്ന് ഞങ്ങളെ തടയുന്നത് നീ ഞങ്ങളുടെ സമ്പത്ത് എടുക്കാൻ മോഹിക്കുന്നു എന്നതുകൊണ്ടാണ് എന്ന്. (എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിൽനിന്ന് മാത്രമാകും) അവനിൽ നിന്നല്ലാതെ ഞാൻ യാതൊരു പ്രതിഫലവും ആവശ്യപ്പെടുകയില്ല.


أَتُتْرَكُونَ فِى مَا هَـٰهُنَآ ءَامِنِينَ ١٤٦ فِى جَنَّـٰتٍۢ وَعُيُونٍۢ ١٤٧ وَزُرُوعٍۢ وَنَخْلٍۢ طَلْعُهَا هَضِيمٌۭ ١٤٨

146. ഇവിടെയുള്ളതിൽ (സമൃദ്ധിയിൽ) നിർഭയരായിക്കഴിയാൻ നിങ്ങൾ വിട്ടേക്കപ്പെടുമോ?

147. അതായത് തോട്ടങ്ങളിലും അരുവികളിലും.

148. വയലുകളിലും കുല ഭാരം തൂങ്ങുന്ന ഈന്തപ്പനകളിലും.

146-148) (ഇവിടെയുള്ളതിൽ നിർഭയരായി കഴിയാൻ നിങ്ങൾ വിട്ടേക്കപ്പെടുമോ? അതായത് തോട്ടങ്ങളിലും അരുവികളിലും വയലുകളിലും കുലഭാരം തൂങ്ങുന്ന ഈന്തപ്പനകളിലും) ഈ സുഖങ്ങളിൽ നിങ്ങൾ അവശേഷിപ്പിക്കപ്പെടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ; ഈ അനുഗ്രഹങ്ങൾ നിങ്ങൾക്കു നൽകിയത് വെറുതെയാണെന്നും

മൃഗങ്ങളെ പോലെ ശാരീരിക സുഖങ്ങൾ ആസ്വദിക്കുകയല്ലാതെ മറ്റു ലക്ഷ്യമില്ലെന്നും? അതായത്, കൽപനകളും വിലക്കുകളും പാലിക്കേണ്ടതില്ല എന്നും നിങ്ങൾ വിചാരിക്കുന്നുണ്ടോ? മാത്രവുമല്ല, ഈ അനുഗ്രഹങ്ങളെല്ലാം അല്ലാഹുവിനെതിരെ പ്രവർത്തിക്കാൻ നിങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.


وَتَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًۭا فَـٰرِهِينَ ١٤٩

149. നിങ്ങൾ സന്തോഷപ്രമത്തരായിക്കൊണ്ട് പർവതങ്ങളിൽ വീടുകൾ തുരന്നുണ്ടാക്കുകയും ചെയ്യുന്നു.

149) (നിങ്ങൾ സന്തോഷ പ്രമത്തരായിക്കൊണ്ട് പർവതങ്ങളിൽ വീടുകൾ തുരന്നുണ്ടാക്കുകയും ചെയ്യുന്നു) മികച്ച വൈദഗ്ധ്യത്തോടെ പർവതങ്ങളിൽ വീടുകൾ കൊത്തിയുണ്ടാക്കുക. അതായത്, നിങ്ങളുടെ മിടുക്കും വൈദഗ്ധ്യവും കട്ടിയുള്ള ഉറച്ച പർവതങ്ങളിൽ വീടുകൾ നിർമിക്കുന്ന തരത്തിൽ എത്തിയിരിക്കുന്നു.


فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ١٥٠ وَلَا تُطِيعُوٓا۟ أَمْرَ ٱلْمُسْرِفِينَ ١٥١

150. ആകയാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ.

151. അതിക്രമകാരികളുടെ കൽപന നിങ്ങൾ അനുസരിച്ചുപോകരുത്.

150-151) (ആകയാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അനുസരിക്കുകയും ചെയ്യുവിൻ. അക്രമകാരികളുടെ കൽപനകൾ

നിങ്ങൾ അനുസരിച്ചുപോകരുത്) അവർ പരിധി വിട്ടവരാണ്.


ٱلَّذِينَ يُفْسِدُونَ فِى ٱلْأَرْضِ وَلَا يُصْلِحُونَ ١٥٢

152. ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും നന്മ വരുത്താതിരിക്കുകയും ചെയ്യുന്നവരുടെ.

152) (ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും നന്മ വരുത്താതിരിക്കുകയും ചെയ്യുന്നവരുടെ-കൽപന) പാപങ്ങൾ ചെയ്തും ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും അതിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവർ. കുഴപ്പമല്ലാതെ യാതൊരു നന്മയും അവരെക്കൊണ്ടില്ല. ഇത് ഏറ്റവും മോശപ്പെട്ട മനോഭാവമാണ്. കാരണം ഇത് ശുദ്ധമായ തിന്മയാണ്.

തങ്ങളുടെ പ്രവാചകനെ എതിർക്കണമെന്ന് നേരത്തെ നിലപാടെടുക്കുകയും വഴികേടിന്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതിൽ വ്യാപൃതരാവുകയും ചെയ്യുന്നവരിൽ വഞ്ചിതരാകരുതെന്ന് സ്വാലിഹ് നബി(അ) അവരോടു പറഞ്ഞു. അവരെക്കുറിച്ചായിരിക്കും അല്ലാഹു ഇങ്ങനെ പറഞ്ഞത്:

وَكَانَ فِي الْمَدِينَةِ تِسْعَةُ رَهْطٍ يُفْسِدُونَ فِي الْأَرْضِ وَلَا يُصْلِحُونَ

‘ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരും, ഒരു നൻമയുമുണ്ടാക്കാത്തവരുമായ ഒമ്പതു പേർ ആ പട്ടണത്തിലുണ്ടായിരുന്നു’ (27:48)

എന്നാൽ ഈ നിരോധനവും ഉപദേശവും പ്രയോജനപ്പെട്ടില്ല. അവർ സ്വാലിഹ് നബി(അ)യോടു പറഞ്ഞു:


قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ ١٥٣

153. അവർ പറഞ്ഞു: നീ മാരണം ബാധിച്ചവരിൽ പെട്ട ഒരാൾ മാത്രമാകുന്നു .

53) (അവർ പറഞ്ഞു: നീ മാരണം ബാധിച്ച വരിൽ പെട്ട ഒരാൾ മാത്രമാകുന്നു) താങ്കൾക്ക് മാരണം ബാധിച്ചിരിക്കുകയാണ്‌. അർഥമില്ലാത്ത എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു.