സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 19
അബ്ദുറഹ്മാന് നാസിര് അസ്സഅദി
2026 സെപ്തംബർ 12, 1448 റബീഉൽ ആഖിർ 01
അധ്യായം: 26, ഭാഗം 19 (മക്കയില് അവതരിച്ചത്)
വിവ: ഹാരിസ് ബിന് സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
185. അവർ പറഞ്ഞു: നീ മാരണം ബാധിച്ചവരിൽ ഒരാൾ മാത്രമാകുന്നു.
186. നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. തീർച്ചയായും നീ വ്യാജവാദികളിൽ പെട്ടവനാണെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്.
187. അതുകൊണ്ടു നീ സത്യവാൻമാരിൽ പെട്ടവനാണെങ്കിൽ ആകാശത്തുനിന്നുള്ള കഷ്ണങ്ങൾ ഞങ്ങളുടെ മേൽ നീ വീഴ്ത്തുക.

185-187) എന്നാൽ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സന്ദേശത്തെയും നിരസിച്ചുകൊണ്ട് അവർ അദ്ദേഹത്തോടു പറഞ്ഞു: (നീ മാരണം ബാധിച്ചവരിൽ ഒരാൾ മാത്രമാകുന്നു) മന്ത്രവാദിയെ പോലെ നിങ്ങൾ അസംബന്ധം പറയുന്നു. താൻ അതുമൂലം ശിക്ഷിക്കപ്പെടരുത് എന്നതാണ് അവന്റെ ലക്ഷ്യം. (നീ ഞങ്ങളെ പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു) താങ്കളെ പിന്തുടരണമെന്നു ഞങ്ങളോടു പറയാൻ നിനക്ക് ഞങ്ങളെക്കാൾ പ്രത്യേകമായി ഒന്നുമില്ല. ഈ ആരോപണങ്ങളെല്ലാം മുമ്പു കഴിഞ്ഞുപോയവരും പിന്നീടു വന്നവരും പറഞ്ഞതുതന്നെയാണ്. പ്രവാചകന്മാരെ എതിർത്തവർ പറഞ്ഞ സമാന വാദങ്ങൾ. അവിശ്വാസത്തിൽ യോജിപ്പുള്ളതിനാലും അവർക്കു സമാന മനസ്സുള്ളതിനാലും അവർ അതിൽ യോജിച്ചു. അവർക്കു മറുപടിയായി ദൂതന്മാർ പറഞ്ഞത്:
قَالَتْ لَهُمْ رُسُلُهُمْ إِن نَّحْنُ إِلَّا بَشَرٌ مِّثْلُكُمْ وَلَٰكِنَّ اللَّهَ يَمُنُّ عَلَىٰ مَن يَشَاءُ مِنْ عِبَادِهِ
“ഞങ്ങൾ നിങ്ങളെ പോലെയുള്ള മനുഷ്യന്മാർ തന്നെയാണ്. എങ്കിലും അല്ലാഹു തന്റെ ദാസന്മാരിൽനിന്നും താൻ ഉദ്ദേശിക്കുന്നവർക്ക് അനുഗ്രഹമേകുന്നു’’ (14:11).
(തീർച്ചയായും നീ വ്യാജവാദികളിൽ പെട്ടവനാണെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്) ഇത് അവരുടെ ധൈര്യവും അനീതിയും സൂചിപ്പിക്കുന്നതും ശരിയല്ലെങ്കിലും അവർക്കു ബോധ്യമുള്ളതുമായ ഒരു പ്രസ്താവനയാണ്. ഓരോ ജനതയുടെ അടുക്കലും ചെന്ന് അവരെ ക്ഷണിക്കുകയും അവരോട് സംവാദം നടത്തുകയും ചെയ്ത മുഴുവൻ പ്രവാചകന്മാർക്കും അവരുടെ സത്യതയും വിശ്വസ്തതയും സ്ഥാപിക്കുന്ന തെളിവുകൾ അവരുടെ കൈകളിലൂടെത്തന്നെ അല്ലാഹു കാണിച്ചിട്ടുണ്ട്; പ്രത്യേകിച്ച് ശുഐബ് നബി(അ)ക്ക്. തന്റെ ജനങ്ങളുമായി വാചാലമായി സംവാദം നടത്തുകയും വാദിക്കുകയും ചെയ്തതിനാൽ ‘പ്രവാചകന്മാരിലെ വാഗ്മി’ എന്ന് അദ്ദേഹം വിളിക്കപ്പെടുന്നു. അദ്ദേഹം ആത്മാർഥതയുള്ളവനാണെന്നും അദ്ദേഹം നൽകുന്ന സന്ദേശം സത്യസന്ധമാണെന്നും അദ്ദേഹത്തിന്റെ ജനതയ്ക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ഒരു നുണയനാണെന്നു കരുതി അവർ പറഞ്ഞതു നുണയായിരുന്നു. (അതിനാൽ ആകാശത്തുനിന്നുള്ള കഷ്ണങ്ങൾ ഞങ്ങളുടെ മേൽ നീ വീഴ്ത്തുക) ഞങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശിക്ഷയുടെ കഷ്ണങ്ങൾ. (നീ സത്യവാന്മാരിൽ പെട്ടവനാണെങ്കിൽ) ഇത് അവരുടെ സഹോദരന്മാരായ അവിശ്വാസികൾ പറഞ്ഞതുതന്നെയാണ്.
وَإِذْ قَالُوا اللَّهُمَّ إِن كَانَ هَٰذَا هُوَ الْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ
“അല്ലാഹുവേ, ഇതു നിന്റെ പക്കൽനിന്നുള്ള സത്യമാണെങ്കിൽ നീ ഞങ്ങളുടെ മേൽ ആകാശത്തുനിന്ന് കല്ല് വർഷിപ്പിക്കുകയോ അല്ലെങ്കിൽ ഞങ്ങൾക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവർ (അവിശ്വാസികൾ) പറഞ്ഞ സന്ദർഭവും (ഓർക്കുക)’’ (8:32).
ആവശ്യപ്പെട്ടവനെ തൃപ്തിപ്പെടുത്താനാവാത്ത ചില ദൃഷ്ടാന്തങ്ങളാണ് അവർ ആവശ്യപ്പെട്ടത്.
188. അദ്ദേഹം പറഞ്ഞു: നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി എന്റെ രക്ഷിതാവു നല്ലവണ്ണം അറിയുന്നവനാകുന്നു.
188) (പറഞ്ഞു): ശുഐബ് നബി(അ) പറഞ്ഞു. (നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി എന്റെ രക്ഷിതാവു നന്നായി അറിയുന്നവനാകുന്നു) ശിക്ഷ ഇറക്കുന്നതോ നിങ്ങൾ ആവശ്യപ്പെടുന്ന ദൃഷ്ടാന്തങ്ങൾ ഉണ്ടാക്കി സംഭവിപ്പിക്കുന്നതോ ഒന്നും ഞാൻ ചെയ്യുന്നതല്ല. ഞാൻ ചെയ്യുന്നതു നിങ്ങൾക്ക് സന്ദേശം എത്തിക്കുകയും ഉപദേശിക്കുകയും ചെയ്യുക മാത്രമാണ്. അതെല്ലാം കൊണ്ടുവരുന്നത് എന്റെ രക്ഷിതാവാണ്. അവൻ നിങ്ങൾ ചെയ്യുന്നതും നിങ്ങളുടെ സാഹചര്യവും അറിയുന്നു. അവൻ നിങ്ങൾക്കു പ്രതിഫലം നൽകുകയും വിചാരണ ചെയ്യുകയും ചെയ്യുന്നു.
189. അങ്ങനെ അവർ അദ്ദേഹത്തെ നിഷേധിച്ചുതള്ളി. അതിനാൽ മേഘത്തണൽ മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി. തീർച്ചയായും അത് ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു.
190. തീർച്ചയായും അതിൽ (മനുഷ്യർക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാൽ അവരിൽ അധികപേരും വിശ്വസിക്കുന്നവരായില്ല.
191. തീർച്ചയായും നിന്റെ രക്ഷിതാവുതന്നെയാകുന്നു പ്രതാപിയും കരുണാനിധിയും.
189-191) (അങ്ങനെ അവർ അദ്ദേഹത്തെ നിഷേധിച്ചുതള്ളി) നിഷേധവും അവിശ്വാസവും അവരുടെ സ്വഭാവമായി മാറി. ദൃഷ്ടാന്തങ്ങൾ അവർക്കു പ്രയോജനപ്പെടാതെയായി. ശിക്ഷയല്ലാതെ അവരിൽ ഇനി മറ്റൊരു വഴിയില്ല. (അതിനാൽ മേഘത്തണൽ മൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി) അവർക്കൊരു മേഘം തണലിട്ടു. അതിനടിയിൽ അവർ ഒത്തുകൂടി. തണലല്ലാത്ത തണൽ അവർ ആസ്വദിച്ചു. അപ്പോൾ ശിക്ഷ വന്നു. അവരെ കത്തിച്ചു. അവർ അതിനടിയിൽ നിർജീവരായി. അവരുടെ വാസസ്ഥലങ്ങൾ ഉപേക്ഷിച്ച് ദുരിതത്തിന്റെയും ശിക്ഷയുടെയും വാസസ്ഥലങ്ങളിൽ അവർ സ്ഥിരതാമസമാക്കി. (തീർച്ചയായും അത് ഭയങ്കരമായഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു) അവർക്ക് ഈ ലോകത്തേക്കു മടങ്ങാനും പുതുതായി ഒരു ജീവിതം ആരംഭിക്കാനുമാവില്ല. അൽപസമയത്തക്കു പോലും ലഘൂകരിക്കപ്പെടുകയുമില്ല. അവർക്കു വിശ്രമവുമില്ല. (അതിൽ ഒരു ദൃഷ്ടാന്തമുണ്ട്) ശുഐബ് നബി(അ) ക്ഷണിക്കുന്ന സന്ദേശത്തിന്റെ സത്യസന്ധതക്കും അദ്ദേഹത്തിന്റെ ആളുകൾ അദ്ദേഹത്തെ നിരസിച്ചു പറഞ്ഞ വാദങ്ങളുടെ നിരർഥകതയിലേക്കും വിരൽ ചൂണ്ടുന്ന അടയാളമുണ്ട്. (എന്നാൽ അവരിൽ അധികപേരും വിശ്വസിക്കുന്നവർ ആയില്ല) ദൃഷ്ടാന്തങ്ങൾ കണ്ടിട്ടും; കാരണം അവരിൽ നന്മയില്ല.
وَمَا أَكْثَرُ النَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ
“എന്നാൽ നീ അതിയായി ആഗ്രഹിച്ചാലും മനുഷ്യരിൽ അധികപേരും വിശ്വസിക്കുന്നവരല്ല’’ (12:103).
(തീർച്ചയായും നിന്റെ രക്ഷിതാവു തന്നെയാകുന്നു പ്രതാപിയും കരുണ ചൊരിയുന്നവനും) എല്ലാ സൃഷ്ടികളെയും കീഴ്പ്പെടുത്തുന്ന സർവശക്തനാണ് അവൻ. (കരുണാനിധിയും) കരുണ അവന്റെ വിശേഷണമാണ്. ഈ ലോകത്തും പരലോകത്തുമുള്ള എല്ലാ നന്മകളും. അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ച നിമിഷം മുതൽ അതിന്റെ അവസാനം വരെയുള്ള എല്ലാ അനുഗ്രഹങ്ങളും അവന്റെ കാരുണ്യത്തിന്റെ ഫലമാണ്. തന്റെ ദൂതന്മാരെ നിഷേധിച്ച ശത്രുക്കളെ അവൻ തന്റെ ശക്തിയാൽ നശിപ്പിച്ചതും അവന്റെ ആത്മമിത്രങ്ങളെയും അവരെ പിന്തുടർന്നവരെയും സംരക്ഷിച്ചതും കാരുണ്യത്തിന്റെ ഭാഗം തന്നെ.
