സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 22
അബ്ദുറഹ്മാന് നാസിര് അസ്സഅദി
2026 ഒക്ടോബർ 03, 1448 റബീഉൽ ആഖിർ 22
അധ്യായം: 26, ഭാഗം 22 (മക്കയില് അവതരിച്ചത്)
വിവ: ഹാരിസ് ബിന് സലീം
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
208. ഒരു രാജ്യത്തെയും നാം നശിപ്പിച്ചിട്ടില്ല; അതിന് താക്കീതുകാർ ഉണ്ടായിട്ടല്ലാതെ.
209. ഓർമപ്പെടുത്തുവാൻ വേണ്ടിയത്രെ അത്. നാം അക്രമം ചെയ്യുന്നവനായിട്ടില്ല.

208,209). ഇവിടെ അവിശ്വാസികളെ നശിപ്പിച്ചതിലെ തന്റെ തികഞ്ഞ നീതിയെ കുറിച്ചാണ് അല്ലാഹു പറയുന്നത്. ഒഴികഴിവിന് അവസരം നൽകാതെ അല്ലാഹു ഒരു സമുദായത്തെയും ശിക്ഷിച്ചിട്ടില്ല. വ്യക്തമായ തെളിവുകളും കൊണ്ടുവന്ന് അവരെ ക്ഷണിക്കാൻ താക്കീതുകാരെ അയച്ചു. അവർ അവരെ സന്മാർഗത്തിലേക്കു ക്ഷണിച്ചു. നാശത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകി. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെകുറിച്ച് അവരെ ഉൽബോധിപ്പിക്കുകയും ചെയ്തു. മുൻ സമുദായങ്ങൾ നശിപ്പിക്കപ്പെട്ടതിനെ കുറിച്ചും അനുഗ്രഹങ്ങളെ കുറിച്ചും അവരെ ഓർമിപ്പിച്ചു. (ഓർമപ്പെടുത്തുവാൻ വേണ്ടിയത്രെ അത്) ഓർമപ്പെടുത്താനും അവർക്കെതിരെ തെളിവുണ്ടാക്കാനും വേണ്ടിയാണത്. (നാം അക്രമം ചെയ്യുന്നവനായിട്ടില്ല) ഒരു വിഭാഗത്തിന് മുന്നറിയിപ്പ് നൽകുന്നതിനു മുമ്പ് അവരെ ശിക്ഷിക്കുകയുണ്ടായിട്ടില്ല. താക്കീതിനെ കുറിച്ച് അവർ അശ്രദ്ധരായിരിക്കെയും അവരെ ശിക്ഷിച്ചിട്ടില്ല. അതാണ് അല്ലാഹു പറഞ്ഞത്:
وَمَا كُنَّا مُعَذِّبِينَ حَتَّىٰ نَبْعَثَ رَسُولًا
“ഒരു ദൂതനെ അയക്കുന്നതുവരെ നാം ശിക്ഷിക്കുന്നതും അല്ല’’ (17:15)
رُّسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّهِ حُجَّةٌ بَعْدَ الرُّسُلِ
“സന്തോഷവാർത്ത അറിയിക്കുന്നവരും താക്കീതു നൽകുന്നവരുമായ ദൂതന്മാരായിരുന്നു അവർ. ആ ദൂതന്മാർക്കു ശേഷം ജനങ്ങൾക്ക് അല്ലാഹുവിനെതിരിൽ ഒരു ന്യായവും ഇല്ലാതിരിക്കാൻ വേണ്ടിയാണത്’’(4:165).
210. ഇതുമായി (ക്വുർആനുമായി) പിശാചുക്കൾ ഇറങ്ങി വന്നിട്ടില്ല.
211. അതവർക്ക് അനുയോജ്യമാവുകയുമില്ല. അതവർക്ക് സാധിക്കുന്നതുമല്ല.
212. തീർച്ചയായും അവർ (ദിവ്യസന്ദേശം) കേൾക്കുന്നതിൽ നിന്ന് അകറ്റപ്പെട്ടവരാകുന്നു.
210-212). ക്വുർആനിന്റെ സമ്പൂർണതയും മഹത്ത്വവും എടുത്തുപറഞ്ഞ് എല്ലാ ന്യൂനതകൾക്കും അതീതമാണെന്ന് പ്രഖ്യാപിക്കുകയും അത് അവതരിച്ച സമയത്തും ശേഷവും ജിന്നുകളിലും മനുഷ്യരിലും പെട്ട പിശാചുക്കളിൽനിന്നും അതിനെ സംരക്ഷിച്ചു എന്ന് നമ്മോട് പറയുകയും ചെയ്യുന്നു. (ഇതുമായി -ക്വുർആനുമായി-പിശാചുക്കൾ ഇറങ്ങി വന്നിട്ടില്ല. അത് അവർക്ക് അനുയോജ്യമാവുകയും ഇല്ല) അത് അവർക്ക് അനുയോജ്യമല്ല. അത് അവരുടെ കഴിവിൽ പെട്ടതുമല്ല. (തീർച്ചയായും അവർ കേൾക്കുന്നതിൽനിന്ന് അകറ്റപ്പെട്ടവരാകുന്നു) അവരെ അതിൽനിന്ന് അകറ്റിനിർത്തി. അത് സംരക്ഷിക്കാൻ നക്ഷത്രങ്ങളെ സജ്ജമാക്കി. മലക്കുകളിൽ ഏറ്റവും ശക്തനായ ജിബ്രീലിലൂടെ അതിനെ ഇറക്കി. പിശാചിന് അതിന്റെ പരിസരത്തു വരാനോ സമീപിക്കാനോ കഴിയില്ല. അതാണ് അല്ലാഹു പറഞ്ഞത്:
إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ
“തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’’ (ഹിജ്ർ 9).
213. ആകയാൽ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നീ വിളിച്ചു പ്രാർഥിക്കരുത്. എങ്കിൽ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.
213). ഇവിടെ ഒന്നാമതായി അല്ലാഹു തന്റെ ദൂതനെയും അദ്ദേഹത്തെ അനുഗമിക്കുന്ന സമുദായത്തെയും വിരോധിക്കുന്നത് അല്ലാഹുവല്ലാത്ത മറ്റേതൊരു സൃഷ്ടിയെയും ആരാധിക്കുന്നതിൽനിന്നാണ്. കാരണം അത് ശിക്ഷയെ അനിവാര്യമാക്കുന്നതും നിത്യമാക്കുന്നതുമാണ്. കാരണം അതു ശിർക്കാണെന്നതുതന്നെ.
ۖ إِنَّهُ مَن يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ
“അല്ലാഹുവോടു വല്ലവനും പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലം ആയിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരും തന്നെയില്ല എന്നാണ്’’ (5:72).
ഒരു കാര്യത്തെ വിരോധിക്കുമ്പോൾ, അതിന്റെ വിപരീതമെടുക്കുമ്പോൾ അതിൽ ഒരു കൽപന അടങ്ങിയിരിക്കും. ശിർക്കിനെ നിരോധിക്കുമ്പോൾ അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്നും അവനിൽ പങ്കുചേർക്കരുത് എന്നും സ്നേഹവും ഭയവും പ്രതീക്ഷയും കീഴ്പ്പെടലും എല്ലാം അവനു മാത്രമായിരിക്കണം എന്നും പറയും.
وَأَنذِرْ عَشِيرَتَكَ ٱلْأَقْرَبِينَ (٢١٤)
214. നിന്റെ അടുത്ത ബന്ധുക്കൾക്കു നീ താക്കീതു നൽകുക.
214). നബിﷺയുടെ മനസ്സിന്റെ പൂർണതക്കാവശ്യമായ നിർദേശങ്ങൾ നൽകിയപ്പോൾ മറ്റുള്ളവരെക്കൂടി പരിപൂർണതയിൽ എത്തിക്കാനുള്ള നിർദേശവും നൽകുന്നു: (നിന്റെ അടുത്ത ബന്ധുക്കൾക്കു നീ താക്കീതു നൽകുക) അവർ ജനങ്ങളിൽ നിനക്ക് ഏറ്റവും അടുത്തവരാണ്. ഭൗതികവും മതപരവുമായ നന്മ ചെയ്തുകൊടുക്കാൻ ഏറ്റവും കടപ്പെട്ടവർ. ജനങ്ങളെ മുഴുവൻ താക്കീതു ചെയ്യണം എന്നതിന് എതിരല്ല ഈ കൽപന. ജനങ്ങൾക്കു മുഴുവൻ നന്മ ചെയ്യണം എന്ന് പറഞ്ഞതിനു ശേഷം നിന്റെ ബന്ധുക്കൾക്ക് നന്മ ചെയ്യണം എന്നു പറയുന്നത് അക്കാര്യം ഉറപ്പിച്ചു പറയാനും കൂടുതൽ പ്രേരണ നൽകാനും വേണ്ടിയാണ്. ഈ ദൈവിക കൽപന പ്രവാചകൻﷺ നിറവേറ്റി. മറ്റു ക്വുറൈശി ഗോത്രങ്ങളെ നബിﷺ ക്ഷണിച്ചു. പൊതുവായും ഓരോരുത്തരെ പ്രത്യേകമായും ക്ഷണിച്ചു. അവരെ ഉൽബോധിപ്പിച്ചു. അവരെ സന്മാർഗത്തിലെത്തിക്കാൻ തന്നെക്കൊണ്ട് കഴിയാവുന്നതൊന്നും അദ്ദേഹം ചെയ്യാതിരുന്നിട്ടില്ല. സന്മാർഗം സ്വീകരിച്ചവൻ സന്മാർഗത്തിലായി. തിരിഞ്ഞുകളഞ്ഞവൻ തിരിഞ്ഞുകളഞ്ഞവനുമായി.
