വിജ്ഞാനത്തിലൂടെ വിവേകത്തിലേക്ക് വഴി കാണിച്ച് ദ്വിദിന പ്രബോധക സംഗമത്തിന് സമാപനം
ന്യൂസ് ഡസ്ക്
2024 ആഗസ്റ്റ് 17, 1446 സ്വഫർ 13
കുടുംബ സംവിധാനം തകർക്കുന്നതിനെതിരെ ജാഗ്രത വേണം

പാണക്കാട്: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പണ്ഡിത സമിതി സംഘടിപ്പിച്ച പ്രബോധക സംഗമം വിജ്ഞാനത്തിലൂടെ വിവേകത്തിലേക്കുള്ള വഴികൾ വരച്ചു കാണിച്ചുകൊണ്ട് ജാമിഅ അൽഹിന്ദ് ക്യാമ്പസിൽ സമാപിച്ചു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി. എൻ അബ്ദുല്ലത്തീഫ് മദനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ചരിത്രവും വർത്തമാനവും കൂട്ടിയിണക്കി കാഴ്‌ചപ്പാടുകൾ പകർന്നു നൽകിക്കൊണ്ട് പണ്ഡിത സമിതി ചെയർമാൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ക്യാമ്പിന് നേതൃത്വം നൽകി. സമാപന സെഷൻ ശെയ്ഖ് അബ്ദുൽ അഹദ് ബിൻ അബ്ദുൽ ഖുദ്ദൂസ് (മുംബൈ) ഉദ്ഘാടനം ചെയ്തു.
ഇസ്‌ലാമിക വിഷയങ്ങൾ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുമ്പോൾ ഒരു പ്രബോധകന് ഉണ്ടായിരിക്കേണ്ട അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകുന്നതിൽ ക്യാമ്പ് വിജയിച്ചു. ഇസ്‌ലാമിന്റെ അടിത്തറകൾ അറിയാതെ മതവിധി നൽകുന്നതും ചർച്ചാവേദികളിൽ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നതും വലിയ പ്രത്യാഘാതമുണ്ടാക്കുന്ന സാമൂഹ്യ സാഹചര്യത്തിൽ പ്രബോധക സംഗമം കൈമാറിയ കാഴ്ചപ്പാടുകൾ ഏറെ കാലികപ്രസക്തമായിരുന്നു. ഗഹനമായ വിഷയങ്ങൾ ഹ്രസ്വമായ സമയത്തിനുള്ളിൽ ഹൃദ്യമായി അവതരിപ്പിക്കാനായത് ക്യാമ്പിനെ വ്യതിരിക്തമാക്കി. ഓരോ ക്ലാസ്സ് കഴിയുമ്പോഴും സംശയങ്ങൾക്ക് നിവാരണം വരുത്തി കൊണ്ടുള്ള ചർച്ചകൾ സദസ്സിനെ സക്രിയമാക്കി.
ഉത്തരേന്ത്യയിലെ ഫിഖ്ഹി ചലനങ്ങൾ- ശെയ്ഖ് സ്വുഹൈബുൽ ഹസൻ അൽ മുബാറക് ഫൂരി, മദ്ഹബുകളുടെ ഇമാമുകൾക്ക് പുറത്തുള്ള അഹ്‌ലുസ്സുന്നയുടെ ഇമാമുകൾ-
അബൂബക്ർ സലഫി, നബിദിനാഘോഷം: എതിരാളികളുടെ തെളിവുകൾ, മറുപടികൾ- ഫൈസൽ മൗലവി, ഇസ്‌ലാമിക കർമശാസ്ത്രം വളർച്ചയും വികാസവും- ശമീർ മദീനി, മസാലിഹുൽ മുർസല, ഉർഫ്- ഹംസ മദീനി, ഇസ്‌ലാമിക കർമശാസ്ത്രവും ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ (റഹ്)യും- മുഹമ്മദ് സ്വാദിഖ് മദീനി, ഇസ്തിഹ്‌സാനും ഇസ്തിസ്ഹാബും- മുഹമ്മദലി ബാഖവി, അഭിപ്രായ വ്യത്യാസങ്ങൾ: കാരണങ്ങൾ, അനന്തരഫലങ്ങൾ- ശബീബ് സ്വലാഹി, നാല് മദ്ഹബുകളുടെ ഉസൂലുകൾ- ഹംസ ശാകിർ അൽഹികമി, പ്രബോധകരും കൂട്ടായ്മയും- ടി.കെ അശ്‌റഫ് എന്നിങ്ങനെ വിഷയങ്ങൾ അവതരിപ്പിച്ചു.
വഖ്ഫ് സ്വത്ത്: വിധികളും വിലക്കുകളും, ബഹുമത സമൂഹത്തിലെ മുസ് ലിം ജീവിതം, ആരാധനകളിലെ ഇളവുകൾ, ഹദീസ് നിഷേധത്തിന്റെ വിവിധ തലങ്ങൾ, അല്ലാഹുവിന്റെ നാമങ്ങൾ മറ്റു ഭാഷകളിലെത്തുമ്പോൾ, സംഘടിത പ്രബോധനത്തിന്റെ പ്രാമാണികത, കുറികൾ, നറുക്കെടുപ്പ്, ക്യാഷ് ബാക്ക്: ഇസ്‌ലാമിക വീക്ഷണം. തുടങ്ങിയ വിഷയങ്ങളിൽ നടന്ന പാനൽ ഡിസ്‌കഷനുകൾ പ്രബോധകർക്ക് ഉൾക്കാഴ്ച പകർന്നു നൽകുന്നതായിരുന്നു.
ക്വുർആൻ ഹദീസ് പഠന ക്ലാസിലേക്കായി വിസ്ഡം യൂത്ത് പുറത്തിറക്കിയ പുതിയ ഗൈഡ് ക്യാമ്പിൽ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി ഗൈഡ് പരിചയപ്പെടുത്തി. സഅഫർ സ്വാദിഖ് മദീനി ക്വുർആൻ പാഠം പകർന്നു നൽകി. അബ്ദുൽ മാലിക് സലഫി സമാപന സംസാരം നിർവഹിച്ചു.

