ന്യൂനപക്ഷക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിലെ അനാസ്ഥ ഗുരുതരം
വിസ്ഡം യൂത്ത്
2024 ജനുവരി 27, 1445 റജബ് 15

പെരിന്തൽമണ്ണ: ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിലെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അലംഭാവം അതീവ ഗുരുതരമായ അവഗണനയാണെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ ക്ഷേമത്തിനായി മൈനോരിട്ടി വെൽഫെയർ ഡയറക്ടറേറ്റിന് കീഴിലെ ബജറ്റിൽനിന്ന് ചെലവഴിച്ചത് 2.79 ശതമാനമാണെന്നത് ഭരണരംഗത്തെ അനാസ്ഥയാണ് സൂചിപ്പിക്കുന്നത്. 13 പദ്ധതി കളിൽ 10 പദ്ധതികൾക്കും ഒരു രൂപ പോലും ചെലവാക്കിയില്ലെന്നതിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മറുപടി പറയണം. പഠന മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ്, മൈനോറിറ്റി റിസർച്ച് ഇൻസ്റ്റിട്യൂട്ട് തുടങ്ങിയ പദ്ധതികളും അവഗണിക്കപ്പെട്ടവയാ ണെന്നതും പ്രശ്‌നങ്ങളുടെ ഗൗരവം വിളിച്ചോതുന്നു. കേന്ദ്ര പദ്ധതികളായ ന്യൂനപക്ഷങ്ങളുടെ ബഹുമുഖ പദ്ധതികൾക്കും തുക വകയിരുത്തിയില്ലെന്നതും ഗൗരവമുള്ളതാണ്. യുദ്ധകാലാടിസ്ഥാനത്തിൽ ന്യൂനപക്ഷ ക്ഷേമങ്ങൾക്കുള്ള വിഹിതം അനുവദിച്ച് പരിഹാരമുണ്ടാക്കണം. അതിനുവേണ്ടി ന്യൂനപക്ഷ വകുപ്പിൽ പ്രത്യേക സെല്ല് രൂപീകരിച്ച് പരിഹാരമുണ്ടാക്കണമെന്നും വിസ്ഡം യൂത്ത് അഭിപ്രായപ്പെട്ടു.
‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരളാ യൂത്ത് കോൺഫറൻസിന്റെ ഭാഗമായി നടന്ന സംസ്ഥാന കൗൺസിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ.താജുദ്ദീൻ സ്വലാഹി അധ്യക്ഷനായി. നജീബ് കാന്തപുരം എംഎൽഎ മുഖ്യാഥിതിയായിരുന്നു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, ഹാരിസ് ബിൻ സലീം, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, സംസ്ഥാന ഭാരവാഹികളായ യു മുഹമ്മദ് മദനി, ഡോ.പി.പി. നസീഫ്, ഡോ.പി.പി.അബ്ദുൽ മാലിക്, ഡോ.ഫസലുറഹ്‌മാൻ, അൻഫസ് മുക്‌റം, കെ. സിനാജുദ്ദീൻ, അബ്ദുല്ല അൻസാരി, ഹാരിസ് മദനി കായക്കൊടി, ഫിറോസ് ഖാൻ സ്വലാഹി എന്നിവർ സംസാരിച്ചു.
വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രതിനിധി സമ്മേളനം സമാപിച്ചു
ന്യൂസ് ഡസ്ക്
മുക്കം: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന സമിതി കോഴിക്കോട് മുക്കത്ത് സംഘടിപ്പിച്ച ത്രിദിന സംസ്ഥാന പ്രതിനിധിസമ്മേളനം സമാപിച്ചു. സമാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ അധ്യക്ഷത വഹിച്ചു.
പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ഇബ്‌നു സലീം മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹികമി താനൂർ, ഭാരവാഹികളായ പി.ഒ.ഫസീഹ്, സഫ്‌വാൻ ബറാമി അൽഹികമി, അസ്ഹർ അബ്ദുർറസാക്വ്, നിയാസ് കൂരിയാടൻ എന്നിവർ വിഷയാവതരണം നടത്തി. മുജാഹിദ് അൽഹികമി പറവണ്ണ സമാപന പ്രഭാഷണം നടത്തി. യാസീൻ ബേപ്പൂർ, സ്വാലിഹ് കൊയിലാണ്ടി, വസീം ഒതായി, ജാബിദ് കാഞ്ഞങ്ങാട്, അബ്ബാസ് ഹാമിദ് കണ്ണൂർ, മുഹമ്മദ് ബിൻ അലവി കോട്ടക്കൽ, സജീർ കാരാപറമ്പ്, അശ്‌റഫ് അൽഹികമി ഒറ്റപ്പാലം, സ്വലാഹുദ്ദീൻ തൃശൂർ, റൈഹാൻ കാക്കനാട്, അബ്ദുറഹീം ആലപ്പുഴ, സൽമാൻ അൽഹികമി കൊല്ലം, നാസിഫ് തിരുവനന്തപുരം തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
യു.പി.വിദ്യാർഥികളെ കേന്ദ്രീകരിച്ച് ശാഖകളിൽ നടക്കേണ്ട സർക്കിൾ, പൊതുപരീക്ഷകൾക്ക് തയ്യാറെടുപ്പിക്കുന്നത് ലക്ഷ്യമാക്കി മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന എൻറിച്ച് എക്‌സാം പോയിന്റർ, എമർജ് നേതൃസംഗമം, എംബ്ലേസ് ജില്ലാ ക്യാമ്പസ് ലീഡേഴ്‌സ് സമ്മിറ്റ്, ക്യാമ്പസ് കോൺക്ലേവ് - ആർട്‌സ് & സയൻസ് സ്റ്റുഡൻസ് സംഗമം, ലോഗിൻ ക്യാമ്പസ് മീറ്റ് തുടങ്ങി വിവിധങ്ങളായ പരിപാടികൾക്ക് സമ്മേളനം രൂപം നൽകി. ജനുവരി 28 ന് കൊഴിക്കോട്ട് സംഘടിപ്പിക്കുന്ന സംസ്ഥാന മീറ്റ് ദ സ്‌കോളേഴ്‌സ് സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.

