വിസ്ഡം കോഴിക്കോട് സൗത്ത് ജില്ല ഫാമിലി കോൺഫറൻസ് പ്രൗഢമായി

ന്യൂസ് ഡസ്ക്

2024 മെയ് 11, 1445 ദുൽഖഅദ് 03

കുടുംബ സംവിധാനം തകർക്കുന്നതിനെതിരെ ജാഗ്രത വേണം

കോഴിക്കോട്: ധാർമിക, സദാചാര മൂല്യങ്ങൾ പുരോഗമനത്തിന് തടസ്സമാണെന്ന് വാദിക്കുന്നവർ കുടുംബബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ല കമ്മിറ്റി കടപ്പുറത്ത് സംഘടിപ്പിച്ച ജില്ല ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ച രാത്രി ‘കള്ളക്കടൽ’ എന്ന പ്രതിഭാസത്തെ തുടർന്ന് കേരളത്തിന്റെ തീരപ്രദേശങ്ങളിലേക്ക് ആരും പ്രവേശിക്കരുതെന്ന ജാഗ്രതാ മുന്നറിയിപ്പ് സർക്കാർ പുറപ്പെടുവിക്കുകയുണ്ടായി. ഫാമിലി കോൺഫറൻസിന്റെ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായ ശേഷം കോഴിക്കോട് കടപ്പുറത്തേക്ക് പുറപ്പെടാൻ ജനങ്ങൾ ഒരുങ്ങി നിൽക്കുന്ന ഘട്ടത്തിലാണ് ഈ അറിയിപ്പ് വരുന്നത്! എന്നാൽ പുതിയ സ്ഥലത്തേക്ക് പരിപാടി മാറ്റാൻ തീരുമാനിച്ചയുടനെ ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചതായി വാർത്ത വന്നു. അതോടെ കടപ്പുറത്തുതന്നെ വേദിയൊരുക്കുന്നതിൽ പ്രവർത്തകർ വ്യാപൃതരായി.

പ്രോഗ്രാം ആരംഭിച്ച്, മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞയുടനെ കടൽ കയറിവരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇനിയും വെള്ളം കയറിയാൽ പരിപാടി നിർത്തിവെക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടുവെങ്കിലും പത്തുമണിവരെ പ്രോഗ്രാം ഭംഗിയായി കൊണ്ടുപോകാൻ സാധിച്ചു. അൽഹംദു ലില്ലാഹ്.

വിശൂദ്ധ ക്വുർആൻ വിവർത്തകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ടി. ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.കെ. രാഘവൻ എം.പി, അഹമ്മദ് ദേവർ കോവിൽ എം.എൽ.എ, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ എന്നിവർ അതിഥികളായി. വിസ്ഡം സംസ്ഥാന ട്രഷറർ കെ. സജ്ജാദ്, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി എ.എം. ജംഷീർ, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി സുഹൈൽ കല്ലായി എന്നിവർ ആശംസകൾ അർപ്പിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന ‘അത്തൻമിയ’ ദ്വൈവാര കുർആൻ പഠനപദ്ധതിയുടെ ലോഞ്ചിംഗ് കെ. സജ്ജാദ് നിർവഹിച്ചു. മാസത്തിൽ ഒന്നാമത്തെയും മൂന്നാമത്തെയും ബുധനാഴ്ചകളിൽ മഗ്‌രിബ് നമസ്‌കാര ശേഷം ചെറൂട്ടി റോഡിലുള്ള എംഎസ്എസ് ഹാളിലാണ് ‘അത്തൻമിയ’ നടക്കുക.

കേരള പി.എസ്.സി മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഘടന പ്രവർത്തകർക്കുള്ള ഉപഹാരങ്ങൾ സമ്മേളനത്തിൽ വിതരണം ചെയ്തു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ്, പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ. ഹാരിസ് ബിൻസലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, മുജാഹിദ് ബാലുശ്ശേരി, റഷീദ് കുട്ടമ്പൂർ, ശിഹാബ് എടക്കര, സ്വഫ്‌വാൻ ബറാമി അൽഹികമി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിസ്ഡം ജില്ല സെക്രട്ടറി അബ്ദുറസാഖ് അത്തോളി സ്വാഗതവും ജോയിന്റ്് സെക്രട്ടറി അഷ്‌റഫ് കല്ലായി നന്ദിയും പറഞ്ഞു.

പതിനൊന്നാമത് ഫാമിലി കോൺഫറൻസ് എറണാകുളത്തും പന്ത്രണ്ടാമത് കോൺഫറൻസ് കാസർഗോഡും മെയ് 12ന് നടക്കും, ഇൻ ശാ അല്ലാഹ്.


കൊല്ലം ജില്ല ഫാമിലി കോൺഫറൻസിനു സമാപനം

ന്യൂസ് ഡസ്ക്

കൊല്ലം: കുടുംബ സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ആശയപരമായ പ്രതിരോധം തീർക്കണമെന്ന് ശൂരനാട് സംഘടിപ്പിച്ച ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടു. വർധിച്ചുവരുന്ന ആത്മീയ ചൂഷണങ്ങൾ, കൊലപാതകങ്ങൾ, കുറ്റകൃത്യങ്ങൾ, ലഹരി, സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പുകൾ, ആത്മഹത്യ തുടങ്ങി സമകാലികമായി കുടുംബങ്ങൾ അനുഭവിക്കുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും കോൺഫറൻസിൽ ചർച്ച ചെയ്തു.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന ശൂരനാട് ഗ്രാമപ്രദേശത്തിന് നവ്യാനുഭവം പകർന്ന് നൽകുന്നതായിരുന്നു കോൺഫറൻസ്. പ്രസ്ഥാന ബന്ധുക്കളല്ലാത്ത ധാരാളം പ്രദേശവാസികൾ സമ്മേളനം ആദ്യാവസാനം സശ്രദ്ധം വീക്ഷിച്ചുവെന്നത് സന്തോഷദായകമാണ്.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി. എൻ. അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിസാർ കണ്ടത്തിൽ ആധ്യക്ഷ്യം വഹിച്ചു. പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിൻ സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ.താജുദ്ദീൻ സ്വലാഹി, ശിഹാബ് എടക്കര എന്നിവർ വിവിധവിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു.

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ എം.സമദ്, ചവറ ഗവ. കോളേജ് റിട്ട. അസോസിയേറ്റ് പ്രൊഫസർ ഡോ.എം.റഹീം, വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ കൊല്ലം ജില്ല പ്രസിഡന്റ് അനസ് സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ കൊല്ലം ജില്ല സെക്രട്ടറി അമാനുള്ള അൽഹികമി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ശൂരനാട് യൂണിറ്റ് പ്രസിഡന്റ് സാദിഖ് കൺമണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിസ്ഡം കൊല്ലം ജില്ല സെക്രട്ടറി സൈദ് മുഹമ്മദ് തടിക്കാട് സ്വാഗതവും ജില്ല ട്രഷറർ നാസിം വലിയവീടൻ നന്ദിയും പറഞ്ഞു.