മാസപ്പിറവി; സമുദായ സംഘടനകൾക്ക് ഒന്നിച്ചുകൂടേ?
കുഞ്ഞിക്കോയ, വേങ്ങേരി
2024 ആഗസ്റ്റ് 03, 1446 മുഹർറം 28

നോമ്പും പെരുന്നാളും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രതീകങ്ങളാണ്. അവയെ ഒരിക്കലും കാലുഷ്യത്തിന്റെയും തർക്ക വിതർക്കങ്ങളുടെയും അവസരങ്ങളായി മാറ്റിക്കൂടാ. മാസപ്പിറവിയുടെ വിഷയത്തിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം. അതിനായി എല്ലാ മുസ്‌ലിം സംഘടനകളുടെയും; ഈ വിഷയത്തിൽ, അവഗാഹമുള്ള പണ്ഡിതന്മാർ ഒന്നിച്ചിരിക്കണം, തെളിവുകൾ നിരത്തി സംസാരിക്കണം. പ്രബലമായ അഭിപ്രായത്തിൽ എല്ലാവരും യോജിക്കണം. സമുദായ നേതൃത്വം പ്രമാണങ്ങളെ കൃത്യമായി പഠിച്ചും പരിഗണിച്ചും അതിന്റെ അടിസ്ഥാനത്തിൽ മാസപ്പിറവി നിർണയിക്കാമെന്ന് തീരുമാനിച്ചാൽ ഐക്യം രൂപപ്പെടും.
നമസ്‌കാരസമയം സൂര്യഗതിക്കനുസരിച്ചും നോമ്പും പെരുന്നാളും ചന്ദ്രപ്പിറവിയനുസരിച്ചും തീരുമാനിക്കുക എന്നതാണ് പ്രാമാണികം,. ഹിജ്‌റ വർഷ പ്രകാരം ഒരു മാസം തുടങ്ങുന്നത് ചന്ദ്രപ്പിറവിയിലൂടെയാണ്. ഒരു മാസം 29ന് ചന്ദ്രനെ ദർശിച്ചാൽ അടുത്തമാസം പിറന്നു. ദർശിക്കാൻ സാധിച്ചില്ലെങ്കിൽ 30 പൂർത്തീകരിച്ച് അടുത്ത മാസത്തിലേക്ക് കടക്കണം. ഹിലാലിനെ നേത്രങ്ങൾ കൊണ്ട് കാണുക എന്നതുതന്നെയാണ് മാസാരംഭത്തിനുള്ള അടയാളം.
സൂറത്തുൽ ബഖറ 185ന്റെ വിശദീകരണത്തിൽ മുഫസ്സിറുകൾ ഇക്കാര്യം ഉണർത്തിയിട്ടുണ്ട്. ‘നിങ്ങൾ ഹിലാൽ കണ്ടാൽ നോമ്പ് തുടങ്ങുക. ഹിലാലിനെ ദർശിച്ചാൽ നോമ്പ് അവസാനിപ്പിക്കുക, മേഘം മൂടിയാൽ നിങ്ങൾ കണക്കാക്കുക ‘ (മുസ്‌ലിം)
ഫത്ഹുൽ ബാരിയിൽ പറയുന്നു: “വിശ്വാസികൾക്ക് പ്രയാസം ഒഴിവാക്കുക എന്നതിനു വേണ്ടിയാണ് മറ്റു വിധികളെയും കാഴ്ചയുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. എഴുത്തും കണക്കും അറിയുന്നവർ പിന്നീട് വന്നാലും ഇതിന്റെ വിധിയിൽ മാറ്റം ഉണ്ടാവില്ല. മാസം കാണാൻ സാധ്യതയുള്ള ദിവസം മഗ്‌രിബ് നമസ്‌കാരം കുറച്ച് പിന്തിപ്പിക്കണം.’ കണ്ണുകൊണ്ടുള്ള കാഴ്ച തന്നെയാണ് ഉദ്ദേശ്യം. ലോകത്ത് എവിടെയെങ്കിലും ഹിലാൽ കണ്ടാൽ അതിന്റെ അടിസ്ഥാനത്തിൽ ലോകത്തെല്ലായിടത്തും മാസാരംഭം കുറിക്കപ്പെടും എന്നതിനെക്കാൾ ഓരോ നാട്ടുകാരും അവരുടെ ഹിലാലിനെ പരിഗണിക്കുക എന്നതാണ് പ്രാമാണികമായി കൂടുതൽ ശരിയായിട്ടുള്ളത്. ഓരോ നാട്ടുകാരും അവരുടെ ചന്ദ്രപ്പിറവി അടിസ്ഥാനമാക്കുക എന്നതാണ് ഏറ്റവും സ്വീകാര്യമായ അഭിപ്രായം. അവർ ആ വിഷയത്തിൽ അവരുടെ പണ്ഡിതന്മാരിലേക്ക് മടങ്ങുക.
കേരളത്തിൽ എല്ലാവരും പെരുന്നാൾ ആഘോഷിക്കുമ്പോൾ അതിൽനിന്ന് വേറിട്ട് പെരുന്നാൾ കഴിക്കാൻ വേണ്ടി ഈ വിഷയത്തിൽ വന്ന അഭിപ്രായങ്ങളെയും ഫത്‌വകളെയും വക്രീകരിച്ചു സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നവരും ഉണ്ട്. മാസപ്പിറവി നിർണയിക്കുന്നതിന്ന് പ്രവാചകൻﷺ നിർണയിച്ച മാനദണ്ഡം ഹിലാൽ കാണുക എന്നത് തന്നെയാണ്. ഹിലാൽ കാണുന്നതിന്ന് ഒരു കണക്കും ഗോളശാസ്ത്രത്തിൽ ഇല്ല. അതുകൊണ്ടുതന്നെ മാസപ്പിറവി നിർണയിക്കുന്നതിന് കണക്ക് ഉപയോഗിക്കാനാകും എന്ന വാദം നിരർഥകമാണ്.
കേരളത്തിലെ മുസ്‌ലിം സംഘടനകൾ പൗരത്വ നിയമം, ഏക സിവിൽ കോഡ് തുടങ്ങിയ പ്രശ്‌നങ്ങളിൽ ഒന്നിച്ചുവെങ്കിൽ ഈ വിഷയത്തിലും ഭിന്നതയവസാനിപ്പിച്ച് ഒന്നിച്ചുകൂടേ?
നബിﷺയുടെ സുന്നത്തിന്റെയും സച്ചരിതരായ സലഫുകളുടെ മാർഗത്തിന്റെയും അടിസ്ഥാനത്തിൽ യോജിക്കാൻ തയ്യാറായിക്കൂടേ? എല്ലാ മാസവും ഹിലാൽ വീക്ഷിക്കാനായി പ്രവർത്തകരെ നിയോഗിച്ച് മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ എല്ലാവരും തയ്യാറായാൽ പ്രശ്‌നം അവസാനിക്കില്ലേ?
യോജിക്കാവുന്ന മേഖലകളിൽ പോലും ഭിന്നിച്ചു നിൽക്കുന്നതിൽ എന്ത് നൻമയാണുള്ളത്?

