കേരള യൂത്ത് കോൺഫറൻസിലെ അവിസ്മരണീയ നിമിഷങ്ങൾ

ന്യൂസ് ഡസ്ക്

2024 ഫെബ്രുവരി 24, 1445 ശഅ്ബാൻ 14

‘ഇത്രയും വലിയ സ്റ്റേജിലൊന്നും ഞാനിതുവരെ കയറിയിട്ടില്ല; നല്ല പേടിയുണ്ട്! നമ്മൾ പ്ലാൻ ചെയ്തത് മുഴുവൻ പറയാൻ കഴിയോ എന്നൊരു ആശങ്ക!’ വിസ്ഡം യൂത്ത് സംഘടിപ്പിച്ച കേരള യൂത്ത് കോൺഫറൻസിൽ, വളരെ ചെറുതും എന്നാൽ അർഥഗർഭവുമായ ഒരു സെഷൻ അവതരിപ്പിച്ച കാഴ്ചപരിമിതനായ ഗഫൂർ മാഷിന്റെ വാക്കുകളാണിത്. വർണശബളമായ ഈ ലോകത്തെ കണ്ടു കൊതി തീരും മുമ്പേ, ബാല്യത്തിൽ തന്നെ കാഴ്ചശക്തി പതിയെ കുറഞ്ഞുവന്ന് പൂർണമായ അന്ധതയിലേക്ക് വീണുപോയ വ്യക്തിയാണ് അദ്ദേഹം. പ്രോഗ്രാം ടീമിൽ പ്രമേയവിശദീകരണ സെഷന്റെ ചുമതലയു ള്ളതുകൊണ്ട്, ചുരുങ്ങിയ ദിവസങ്ങൾകൊണ്ടുതന്നെ വിഷയാവതാരകനായ അദ്ദേഹവുമായി നല്ല ആത്മ ബന്ധമുണ്ടാക്കിയിരുന്നു. ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന സെഷനിലെ എട്ട് വിഷയങ്ങളിലെ ഏറ്റവും അവസാനത്തെ അദ്ദേഹത്തിന്റെ സംസാരത്തിന് തൊട്ടുമുമ്പ് എന്നോട് പറഞ്ഞതാണ് മുകളിൽ സൂചിപ്പിച്ച ഈ ആശങ്ക.

വേദിയും സദസ്സും എന്നല്ല, തന്റെ മുന്നിലുള്ള മൈക്ക് സ്റ്റാൻഡ് പോലും കാണാൻ കഴിയാത്ത അദ്ദേഹത്തിന് ആ വലിയ സ്റ്റേജിൽ കയറാൻ ഇത്തിരിയെങ്കിലും പേടി തോന്നിച്ചത് കേവലം സഭാകമ്പംകൊണ്ടായിരുന്നില്ല, മറിച്ച് തന്നിലൂടെ സദസ്സിന് സംവദിക്കപ്പെടേണ്ട വിഷയങ്ങൾക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടാവുമോ എന്ന ആകുലതയായിരുന്നു. എന്നാൽ, ചുരുങ്ങിയ വാക്കുകൾ കൊണ്ടു തന്നെ കേട്ടിരുന്നവരുടെ കണ്ണുകളെ ഈറനണിയിച്ച സംസാരശേഷം അദ്ദേഹം പറഞ്ഞു: “കാഴ്ചയെന്ന അമൂല്യമായ അനുഗ്രഹം നഷ്ടമായ എനിക്ക്, ആ അനുഗ്രഹമുള്ള കുറച്ചുപേരുടെ ജീവിതത്തിലെങ്കിലും ഒരു വെളിച്ചമാകാൻ കഴിഞ്ഞെങ്കിലോ എന്ന് ആലോചിച്ചതുകൊണ്ട് മാത്രമാണ്, ഈ ജനസഞ്ചയത്തിന്റെ മുന്നിൽ ഞാൻ സ്റ്റേജിൽ കയറിയത്. എന്റെ ഈ ജീവിതംകൊണ്ട് ഇതെങ്കിലും ഞാൻ ചെയ്യേണ്ടേ, അതെന്റെ ബാധ്യതയല്ലേ? ആ ഉത്തരവാദിത്തബോധം നൽകിയ ധൈര്യമാണ് എന്നെ സഹായിച്ചത്.’’

കണ്ണുള്ള നമ്മൾ കാണുന്നതിനെക്കാൾ എത്രയോ വർണാഭമായ കാഴ്ചകൾ തങ്ങളുടെ അകക്കണ്ണു കൊണ്ട് ഓരോ കാഴ്ചപരിമിതനും കാണുന്നുണ്ട്. തന്നെപ്പോലുള്ള അംഗപരിമിതരെ ജീവിതത്തോട് ചേർത്തുനിർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തന്റെ സംസാരത്തിൽ സൂചിപ്പിച്ചപ്പോഴാണ്, കാഴ്ച പരിമിതരായ ഇവരെ ‘കണ്ണുപൊട്ടൻ’ എന്നാണല്ലോ പലരും വിളിക്കുന്നത് എന്നോർത്തുപോയത്.

സ്വന്തം ജീവിതംകൊണ്ട് മറ്റുള്ളവർക്ക് പ്രകാശം പകർന്ന് വഴികാട്ടിയാകുന്നവരിൽ ഉൾപ്പെടാൻ നമുക്ക് സാധിക്കണം. കാഴ്ചയും കേൾവിയും ശ്വസനവും ചലനവും ചിന്തയുമെല്ലാം സർവശക്തനായ സ്രഷ്ടാവ് നമുക്ക് നൽകിയ വലിയ അനുഗ്രഹങ്ങളാണ്. ഏതുനിമിഷവും നമ്മിൽനിന്നും നീങ്ങിപ്പോ യേക്കാവുന്ന, അൽപായുസ്സ് മാത്രമുള്ള അത്തരം അനുഗ്രഹങ്ങളെയെല്ലാം സുചിന്തിതവും ക്രിയാത്മ കവുമായി ഉപയോഗിക്കാനുള്ള ശ്രദ്ധയും ജാഗ്രതയും നമുക്കുണ്ടാവണം.

ഇതുപോലുള്ള മറക്കാനാവാത്ത ഒരുപിടി തിരിച്ചറിവുകളും അനുഭവങ്ങളുമാണ്, യുവത്വത്തെ അക്ഷരാർഥത്തിൽ പുനർനിർവചിച്ച കേരള യൂത്ത് കോൺഫറൻസ് സമ്മാനിച്ചത്. രണ്ടു ദിവസങ്ങളിലും വൈകുന്നേരങ്ങളിലെ വെയിലിനെ വകവെക്കാതെ ഒന്നാം നിരയിൽതന്നെ ഇരിപ്പുറപ്പിച്ചവരും തിങ്ങി നിറഞ്ഞ സമ്മേളനനഗരിക്കപ്പുറം അടച്ചിട്ട കടകമ്പോളങ്ങൾക്ക് മുന്നിൽ നിന്ന് സമ്മേളനം അനുഭവിച്ച റിഞ്ഞവരും ഭൂഖണ്ഡങ്ങൾ ഭേദിച്ച ഈ നന്മയുടെ അലയൊലികൾ തൽസമയം വീക്ഷിച്ചുകൊണ്ടേയിരുന്ന ആയിരക്കണക്കിന് ഓൺലൈൻ പ്രേക്ഷകരുമെല്ലാം ഇത്തരത്തിൽ വ്യത്യസ്തമായ അനുഭൂതികളിലൂടെയാ യിരിക്കും കടന്നുപോയിട്ടുണ്ടാവുക എന്നത് തീർച്ചയാണ്. കെട്ടിലും മട്ടിലും സംഘാടനത്തിലുമെല്ലാം, പിന്നണിയിലുള്ളവരുടെ ആത്മാർഥതയും അർപ്പണബോധവും നേതൃത്വത്തിലുള്ളവരുടെ ദീർഘ വീക്ഷണവും കൃത്യമായ ഏകോപനവുമെല്ലാം കൊണ്ട്, മറ്റു സമ്മേളനങ്ങളിൽനിന്നെല്ലാം വ്യതിരിക്തമായി മാറുകയായിരുന്നു കേരള യൂത്ത് കോൺഫറൻസ്. അല്ലാഹു സ്വീകരിക്കട്ടെ.

ഡോ. ഷഹബാസ് കെ അബ്ബാസ്

(വൈസ് പ്രസിഡന്റ്, വിസ്ഡം സ്റ്റുഡന്റ്‌സ്)