പ്രമാണ നിഷേധത്തിന്റെ അപകടങ്ങൾ തുറന്നു കാണിച്ച പരപ്പനങ്ങാടി ആദർശ സമ്മേളനം ഉജ്ജ്വലമായി

ന്യൂസ് ഡസ്ക്

2024 ഒക്ടോബർ 26, 1446 റ. ആഖിർ 23

പരപ്പനങ്ങാടി: ‘പ്രമാണ നിഷേധം മുജാഹിദ് പാരമ്പര്യമല്ല’ എന്ന വിഷയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച മുജാഹിദ് ആദർശ സമ്മേളനം ഉജ്ജ്വലമായി. തൗഹീദിന്റെ അടിത്തറ വ്യാഖ്യാനിക്കുന്നതിൽ തങ്ങൾക്ക് സംഭവിച്ച ഗുരുതരമായ അബദ്ധം മൂലം ധാരാളം സ്വീകാര്യയോഗ്യമായ ഹദീസുകളെ ദുർവ്യാഖ്യാനിക്കുകയോ പരിഹസിക്കുകയോ നിഷേധിക്കുകയോ ചേയ്യേണ്ടിവന്ന മർകസുദ്ദഅ്‌വ വിഭാഗത്തിന്റെ ആദർശ വ്യതിയാനങ്ങളാണ് സമ്മേളനത്തിൽ ചർച്ച ചെയ്തത്.

മർക്കസുദ്ദഅ്‌വക്കാർ പരപ്പനങ്ങാടിയിൽ നേരത്തെ നടത്തിയ പ്രോഗ്രാമിൽ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി പ്രമാണബദ്ധമായി ഗുണകാംക്ഷയോടെ ചൂണ്ടിക്കാണിക്കുന്നതിൽ ആദർശ സമ്മേളനത്തിന് വിജയിക്കാനായി. പ്രോഗ്രാം ആദ്യാവസാനം വീക്ഷിച്ച ഏതൊരാൾക്കും ഇസ്‌ലാമിക പ്രമാണങ്ങളെ നിഷേധിക്കുന്ന മർകസുദ്ദഅ്‌വ പ്രഭാഷകർ അകപ്പെട്ട അപകടത്തിന്റെ ആഴം വ്യക്തമായി ബോധ്യപ്പെടും വിധമാണ് വിഷയങ്ങൾ അവതരിപ്പിച്ചത്.

ആരോഗ്യകരമായ രീതിയിൽ ഈ ചർച്ച തുടരേണ്ടതുണ്ട്. ഇല്ലെങ്കിൽ മുജാഹിദ് പ്ലാറ്റ്‌ഫോമിൽനിന്നും മതയുക്തിവാദത്തിന്റെ പടുകുഴിയിലേക്ക് നിഷ്‌കളങ്കരായ സാധാരണക്കാർ വഴുതി വീഴാൻ സാധ്യതയേറെയാണ്. ഒരുഭാഗത്ത് മതനിരാസവും ലിബറൽ കാഴ്ചപ്പാടുകളും സമുദായമക്കളെ വേട്ടയാടുമ്പോൾ, മറുഭാഗത്ത് സമുദായത്തിന്റെയുള്ളിൽനിന്നുതന്നെ തന്റെ ‘ബുദ്ധിക്ക്’ യോജിക്കാത്ത ഹദീസുകൾ അംഗീകരിക്കേണ്ടതില്ലെന്ന് ബോധവത്കരിക്കുകകൂടി ചെയ്യുമ്പോൾ വലിയ അപകടത്തിലേക്കാണ് ചെന്നെത്തുക.

സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മുജീബ് മദനി ഒട്ടുമ്മൽ ആമുഖഭാഷണം നടത്തി. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഹനീഫ ഓടക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഫൈസൽ മൗലവി, അബ്ദുൽ മാലിക് സലഫി എന്നിവർ വിഷയമവതരിപ്പിച്ചു സംസാരിച്ചു. നിഹാദ് എം.സി.സി സമാപന സംസാരം നടത്തി. ഹാമിദ് എം.സി.സി നന്ദി പറഞ്ഞു.


ദ്വിദിന ദഅ്‌വാ വർക്‌ഷോപ് സമാപിച്ചു

ന്യൂസ് ഡസ്ക്

മലപ്പുറം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ‘അൽബസ്വീറ’ ദഅ്‌വാ വർക്‌ഷോപ് മലപ്പുറത്ത് സമാപിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത്. രണ്ടുദിവസം നീണ്ടുനിന്ന പരിപാടിയിൽ വിവിധ വിഷയങ്ങൾ പഠനവിധേയമാക്കി. രണ്ടാം ദിവസം രാവിലെ പ്രദേശത്ത് ഗൃഹസമ്പർക്കം നടത്തി.

ഇസ്‌ലാമിക പ്രബോധന രംഗത്ത് അറിവും പ്രായോഗികതയും വിവേകപൂർവമായ നിലപാടുകളും സമന്വയിപ്പിച്ചു കൊണ്ടുപോകാൻ കഴിവുള്ളവരെ വാർത്തെടുക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. കൃത്യമായ ഇടവേളകളിൽ സംസ്ഥാന തലത്തിൽ ഈ ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ഷബീബ് സ്വലാഹി, മൂസ സ്വലാഹി കാര, സമീർ മുണ്ടേരി, ശമീർ മദീനി, അബൂബക്ർ സലഫി, ഫൈസൽ മൗലവി, സി.പി സലിം, ഹാരിസ് ഇബ്‌നു സലിം തുടങ്ങിയവർ ഒന്നാം ദിവസം വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.

സംശയ നിവാരണത്തിന് അബൂബക്ർ സലഫി, ഫൈസൽ മൗലവി, ശമീർ മദീനി, ശബീബ് സ്വലാഹി എന്നിവർ നേതൃത്വം നൽകി. വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്, ശിഹാബ് എടക്കര എന്നിവർ പ്രഭാഷണം നടത്തി. ദഅ്‌വ വിംഗ് കൺവീനർ അബ്ദുല്ല ഫാസിൽ സ്വാഗതം പറഞ്ഞു. വിസ്ഡം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഹുസൈൻ കാവനൂർ ആശംസകളർപ്പിച്ചു.