ഹജ്ജ് ക്യാമ്പിന് പെരിന്തൽമണ്ണയിൽ ഉജ്ജ്വല സമാപനം
ന്യൂസ് ഡസ്ക്
2024 മെയ് 04, 1445 ശവ്വാൽ 25

പെരിന്തൽമണ്ണ: വിശുദ്ധ ഹജ്ജ്കർമം നിർവഹിക്കാൻ സാധിക്കുന്നത് ജീവിതത്തെ സ്‌ഫുടം ചെയ്യാനുള്ള സുവർണാവസരമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ സി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച രണ്ടാമത്തെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലവിധ കാരണങ്ങളാൽ അനേകായിരങ്ങൾ ഹജ്ജിന് അവസരം ലഭിക്കാതെ വിഷമിക്കുന്ന സാഹചര്യത്തിൽ, എല്ലാ സൗകര്യങ്ങളും വന്നുഭവിച്ച വിശ്വാസികൾ അവസരം ഉപയോഗപ്പെടുത്തണമെന്നും മനസ്സും ശരീരവും അതിനായി ക്രമപ്പെടുത്തണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ഹജ്ജിനു സെലക്ഷൻ ലഭിച്ചവരുടെ നിറഞ്ഞ സാന്നിധ്യംകൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ ഹാജിമാർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിസ്ഡം സംസ്ഥാന സെക്രട്ടറിയും അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ് പ്രിൻസിപ്പലുമായ പ്രൊഫസർ ഹാരിസ് ബിൻ സലീം വിഷയാവതരണം നടത്തി. മുഹമ്മദ് സാദിഖ് മദീനി സംശയങ്ങൾക്ക് മറുപടി നൽകി. ആരോഗ്യ ക്ലാസ്സിന് എം.ഇ.എസ് മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം തലവൻ ഡോ. വി. അബ്ദുൽജലീൽ നേതൃത്വം നൽകി.
വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് മാസ്റ്റർ കാരപ്പുറം, അബ്ദുൽ വഹാബ് സ്വലാഹി എന്നിവർ പ്രസംഗിച്ചു. ജില്ലാഭാരവാഹികളായ പി.വി അബ്ദുൽജലീൽ, അബ്ദുൽഖാദർ പറവണ്ണ, അബ്ദുറഹ്‌മാൻ അൻസാരി, അബ്ദുറഹ്‌മാൻ, സാജിദ് ബാബു കാളികാവ് തുടങ്ങിയവർ പങ്കെടുത്തു. ഒന്നാമത്തെ ക്യാമ്പ് കരുനാഗപ്പള്ളിയിലാണ് നടന്നത്. മൂന്നാമത്തെ പഠനക്യാമ്പ് മെയ് 04ന് കണ്ണൂരിലും നാലാമത്തെത് മെയ് 12ന് കോഴിക്കോട്ടും നടക്കും.

