കുടുംബസംവിധാനം ഭദ്രമായാൽ ‘ഹാപ്പിനെസ് സമൂഹം’ യാഥാർഥ്യമാകും

വിസ്ഡം മലപ്പുറം വെസ്റ്റ് ജില്ല ഫാമിലി കോൺഫറൻസ്

2024 ജനുവരി 13, 1445 റജബ് 01

കോട്ടക്കൽ: ‘ഹാപ്പിനെസ് സമൂഹത്തെ’ യാഥാർഥ്യമാക്കാൻ കുടുംബസംവിധാനം ഭദ്രമാക്കി, ബന്ധങ്ങളുടെ പവിത്രതയെക്കുറിച്ചുള്ള ബോധവും ഉത്തരവാദിത്തവുമുള്ള തലമുറയെ വളർത്തിയെടുക്കുകയാണ് വേണ്ടതെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു.

‘ഹാപ്പിനെസ് കോർണർ,’ ‘ഉദ്യാനം,’ ‘തെരുവ്’ എന്നിങ്ങനെ

പേരിട്ട സംവിധാനങ്ങളിൽ, പ്രായാധിക്യത്താൽ ദുരിതമനുഭവിക്കുന്ന വയോജനങ്ങളെ തള്ളിയിട്ട് ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുന്ന പ്രവണതക്കെതിരെ ജാഗ്രത പുലർത്തണം. സംസ്ഥാനത്തെ ലഹരി പദാർഥങ്ങളുടെ വ്യാപകമായ വിപണി കേന്ദ്രമാക്കാൻ ഒത്താശ ചെയ്യുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം. സമൂഹത്തിൽ ലഹരിയുപയോഗത്തിനും ഉദാരലൈംഗികതയ്ക്കും ആശയപിന്തുണ നൽകുന്ന നവലിബറൽ സമീപനങ്ങൾക്കെതിരെ സമൂഹം ഉത്ബുദ്ധരാകണം. കുടുംബ സംവിധാനങ്ങളെ തകർക്കുന്ന ജെൻഡർ രാഷ്ട്രീയം വിദ്യാർഥികളിൽ അടിച്ചേൽപിക്കുന്നതിൽനിന്ന് അധികാരികൾ പിൻമാറണം. സ്വവർഗാനുരാഗത്തെയും കുടുംബശൈഥില്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സാഹിത്യ-സിനിമ സംവിധാനങ്ങൾക്ക് സെൻസർ ബോർഡ് നിയന്ത്രണമേർപ്പെടുത്തണം.

ധാർമിക, സദാചാര മൂല്യങ്ങളെ

പുതുതലമുറയിൽ വളർത്തിയെടുക്കുന്നതിലൂടെ ഉത്തമസമൂഹ സ്യഷ്ടി സാധ്യമാകുമെന്നും സക്രിയമായ യുവതക്ക് നിദാനമാകുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കോട്ടക്കൽ പുത്തൂരിൽ പ്രത്യേകം സജ്ജമാക്കിയ നഗരയിൽ നടന്ന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുല്ലത്വീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷനായി.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ രണ്ടത്താണി, കെ.പി നൗഷാദ് അലി, ശിവദാസൻ എ, വിസ്ഡം പണ്ഡിതസഭ സംസ്ഥാന പ്രസിഡന്റ് കുഞ്ഞി

മുഹമ്മദ് മദനി പറപ്പൂർ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ടി.കെ അശ്‌റഫ്, ജാമിഅ അൽഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദിൻ സ്വലാഹി, സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി പ്രസംഗിച്ചു. വിവിധ മത്സരപരീക്ഷകളിൽ റാങ്ക് നേടിയവർക്കുള്ള ഉപഹാരം പി.എൻ അബ്ദുല്ലത്വീഫ് മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ടി.കെ അശ്‌റഫ് എന്നിവർ വിതരണം ചെയ്തു.

കോട്ടക്കൽ പുത്തൂർ ബൈപ്പാസിന് സമീപം അഞ്ചേക്കർ വയലിൽ സജ്ജീകരിച്ച സമ്മേളന നഗരിയിൽ കൗൺസിലിങ് സെന്റർ, പുസ്ത കോർണർ, കിഡ്‌സ് കോർണർ എന്നിവ സജ്ജീകരിച്ചിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെ പ്രതികരിക്കാനും യുവാക്കളുടെ കർമശേഷി സമൂഹനന്മക്കുവേണ്ടി ഉപയോഗപ്പെടുത്താനും വൈവിധ്യമാർന്ന പരിപാടികളോടെ വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ‘കേരള യൂത്ത് കോൺഫറൻസ്’ ഫെബ്രുവരിയിൽ മലപ്പുറത്ത് നടക്കാനിരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫാമിലി കോൺഫറൻസ് സംഘടിപ്പിച്ചത്. കോൺഫറൻസ് സ്ത്രീകളും കുട്ടികളും അടക്കമുള്ള വൻ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി.