പതിമൂന്നാം ഫാമിലി കോൺഫറൻസ് ആലപ്പുഴയിൽ സമാപിച്ചു
ന്യൂസ് ഡസ്ക്
2024 മെയ് 25, 1445 ദുൽഖഅദ് 17

ആലപ്പുഴ: കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന, കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ. കായലുകളും പുഴകളും കൊണ്ട് ചുറ്റപ്പെട്ട നാട്ടിൽ, നവോത്ഥാന നായകൻ ഹമദാനി തങ്ങളുടെ നാടായ വടുതലയിൽ വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കാട്ടുപുറം ജുമുഅ മസിജിദിന്റെ ഗ്രൗണ്ടിലാണ് ഫാമിലി കോൺഫറൻസ് നടന്നത്.
ആലപ്പുഴ ജില്ലയിലടക്കം പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ച പ്രതികൂലമായ കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യം ആശങ്കയിലാക്കിയെങ്കിലും പ്രോഗ്രാം കഴിയുന്നതുവരെ അനുകൂലമായ കാലാവസ്ഥ തുടർന്നു.
കുടുംബസംവിധാനങ്ങളെ തകർക്കുന്ന ദുഷിച്ച പാശ്ചാത്യസംസ്‌കാരങ്ങളെ വർണക്കടലാസിൽ പൊതിഞ്ഞ് ആധുനികവൽക്കരിക്കുന്നവരുടെയും മനുഷ്യനിർമിത പ്രത്യയാശാസ്ത്രങ്ങളുടെയും അപകടങ്ങൾ സമ്മേളനം തുറന്നുകാട്ടി.
സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ല പ്രസിഡന്റ് അഡ്വ പി. എ മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.എ ഷാബിദ് സ്വാഗത ഭാഷണം നടത്തി.
കോട്ടൂർ കാട്ടുപുറം പള്ളി മഹല്ല് പ്രസിഡന്റ് പി.എ ശംസുദ്ദീൻ, കാട്ടുപുറം പള്ളി ഖത്വീബ് ഷാജഹാൻ മൗലവി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു
പീസ് റേഡിയോ സി.ഇ.ഒ പ്രൊഫസർ ഹാരിസ് ബിൻ സലീം ‘കുടുംബം; കാഴ്ചയും കാഴ്ചപ്പാടും’ എന്ന വിഷയത്തിലും ഹാരിസ് മദനി കായക്കൊടി ‘കുടുംബം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിലും ഡോ. ജൗഹർ മുനവ്വർ ‘മക്കൾ; ആശയും ആശങ്കയും’ എന്ന വിഷയത്തിലും ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന വിഷയത്തിൽ ശിഹാബ് എടക്കരയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
കോൺഫറൻസ് സ്വാഗതസംഘം ചെയർമാൻ ബഷീർ കണ്ടത്തിൽ, വിസ്ഡം യൂത്ത് ആലപ്പുഴ ജില്ല പ്രസിഡന്റ് നസീബ് കുഞ്ഞുമുഹമ്മദ്, വിസ്ഡം സ്റ്റുഡൻസ് ആലപ്പുഴ ജില്ല പ്രസിഡന്റ് അബ്ദുറഹീം വടുതല എന്നിവർ സംസാരിച്ചു.
സമ്മേളനത്തിനു മുന്നോടിയായി നടത്തിയ ഗൃഹസന്ദർശനങ്ങൾ ലക്ഷ്യം കണ്ടതിന്റെ തെളിവായി സ്ത്രീകളുടെ വർധിച്ച പങ്കാളിത്തം. ജംഗ്ഷനുകളിലും വഴിയോരങ്ങളിലും നടന്ന സന്ദേശരേഖ വിതരണം പൊതുജനങ്ങളിൽ സ്വാധീനമുണ്ടാക്കി.
പതിനാലാമത് ഫാമിലി കോൺഫറൻസ് മെയ് 26ന് തിരുവന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും.

