കേരള യൂത്ത് കോൺഫറൻസിന്റെ നാൾവഴികൾ
താജുദ്ദിൻ സ്വലാഹി
2024 ഫെബ്രുവരി 24, 1445 ശഅ്ബാൻ 14

‘ഇരുളിൽ ചെറിയൊരു തിരികൊളുത്താൻ
കൈകൾ ചേർത്തുപിടിക്കുമോ?
ഇരുൾ പരത്തും ശക്തികൾക്കൊരു
മതിലു തീർക്കാൻ പോരുമോ?
ഇവിടെ നിറയും യുവജനങ്ങൾ
ഇനിയുമിനിയും പറയുമോ;
നന്മ ഇവിടെ പുലരുവോളം
കൂടെയുണ്ടടരാടുവാൻ...’
കേരള യൂത്ത് കോൺഫറൻസിന്റെ തീം സോങ്ങിലെ ഈ വരികൾ കാതിൽ മുഴങ്ങുബോഴെല്ലാം മനസ്സിൽ തെളിയുന്നത് നിസ്വാർഥരായ നിരവധി സഹപ്രവർത്തകരുടെ മുഖങ്ങളാണ്. അർധരാത്രി കഴിഞ്ഞയുടനെ ഹെഡ് ലൈറ്റ് സെറ്റ് ചെയ്ത് ജോലി തുടങ്ങുന്ന ടാപ്പിംഗ് തൊഴിലാളികളും, തിരകളോട് പൊരുതി ജീവിതായോധനം നടത്തുന്ന മത്സ്യത്തൊഴിലാളികളും രാവിലെ മുതൽ രാത്രിവരെയും പിന്നെയും രോഗികൾക്കിടയിൽ ജീവിക്കുന്ന ഡോക്ടർമാരും, മൾട്ടി നാഷണൽ കമ്പനികളിലെ ജീവനക്കാരും, പ്രവാസത്തിന്റെ നൊമ്പരത്തിലും ഈ ദൗത്യനിർവഹണത്തെ നെഞ്ചോടു ചേർക്കുന്നവരും, സർക്കാർ ഉദ്യോഗസ്ഥരുമെല്ലാം ചേരുന്ന ഒരു കൊച്ചുസംഘം!
എന്നാൽ കർമരംഗത്ത് എല്ലാവർക്കും ഒരേ ലക്ഷ്യം, ഒരേ സ്ഥാനം. പരിമിതികളുടെ കനൽക്കട്ടകൾ ചവിട്ടിക്കടന്ന് കർമവീഥിയിൽ സഹനശ്രമങ്ങൾ നടത്തുന്ന അടിത്തട്ടിലെ പ്രവർത്തകർ, കൂടെയുണ്ടെന്ന കേവല പ്രഖ്യാപനത്തിലുപരി രാവിനെ പകലാക്കി കഠിനാദ്ധ്വാനം ചെയ്യുന്നവർ...ഈ ധർമസമരത്തിൽ എന്നും എപ്പോഴും കൂടയുണ്ടാകുമെന്നല്ല, മുന്നിൽത്തന്നെയുണ്ടാകുമെന്ന് അവർ തെളിയിച്ചിട്ടുണ്ട്!
പ്രഖ്യാപന സമ്മേളനം
പ്രഖ്യാപനം നടന്നത് ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ്. ഇസ്വ്‌ലാഹിന്റെ വെളിച്ചം പ്രസരിക്കാത്ത ഈ പ്രദേശം തന്നെ തിരഞ്ഞെടുത്തത് സമ്മേളനത്തിന്റെ പ്രീ പ്രോഗ്രാമുകളുടെ ഒരു സന്ദേശം കൈമാറാൻ കൂടിയായിരുന്നു. ആലപ്പുഴ ജില്ലക്ക് പ്രാമുഖ്യം നൽകി, സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കി സമ്മേളന ഊർജം കീഴ്ഘടകങ്ങളിലേക്ക് പകരാൻ സാധിച്ചു.
നൂറുദിന കർമപദ്ധതി
പ്രഖ്യാപനം മുതൽ ഒരായിരം നന്മകൾക്ക് സാക്ഷിയായ 100 ദിനങ്ങളായിരുന്നു പിന്നിട്ടത്. യുവസമൂഹത്തിന്റെ ആത്മീയ-ഭൗതിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന 100 ദിന കർമപദ്ധതിക്ക് സംസ്ഥാന കൗൺസിൽ രൂപം നൽകി. സമൂഹത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിലുള്ളവരുമായി സംവദിച്ചു. പ്രശ്‌നങ്ങൾ പറഞ്ഞവസാനിപ്പിക്കുന്നതിനു പകരം പരിഹാരം കാണാനുള്ള വഴികൾ പഠിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ചു
ക്വുർആൻ സമ്മേളനങ്ങൾ
ക്വുർആനിന്റെ ദൈവികത, ജീവിതദർശനം തുടങ്ങിയവ ജനങ്ങളിലേക്കെത്തിക്കാൻ സംസ്ഥാനത്തെ 15 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ക്വുർആൻ സമ്മേളനങ്ങൾക്ക് അത്ഭുതകരമായ പ്രതികരണമാണ് ഉണ്ടായത്. തോരാമഴയത്താണ് കണ്ണൂരിൽനിന്ന് ക്വുർആൻ സമ്മേളന സീരീസ് തുടങ്ങുന്നത്. ക്വുർആൻ ലേണിംഗ് സ്‌കൂൾ, പീസ് റേഡിയോ ഒരുക്കുന്ന ‘അന്നൂർ’ ക്വുർആൻ പഠന പദ്ധതി തുടങ്ങിയവ സമ്മേളനത്തിലൂടെ പരിചയപ്പെടുത്തി. സമ്മേളനാനുബന്ധമായി ശാഖകളിൽ സംഘടിപ്പിക്കപ്പെട്ട ‘ക്വുർആൻ മധുരം’ സംഗമങ്ങൾവഴി പ്രാദേശിക ക്വുർആൻ ലേണിംഗ് സ്‌കൂളുകൾക്ക് പുതിയ പഠിതാക്കളെ ലഭിക്കാൻ അവസരമൊരുക്കി.
പ്രൊഫൈസ് 3.0
പ്രൊഫഷണൽ മേഖലയിൽ ജോലിചെയ്യുന്ന ആയിരങ്ങളെ അണിനിരത്തിയ മൂന്നാമത് ‘പ്രൊ ഫൈയ്‌സ്’ അംഗമാലിയിൽ നടന്നു. 60% പുതിയ പ്രതിനിധികൾ പങ്കെടുത്ത പ്രൊഫൈസ് ഒരു പൂർണമായ പകൽ ആത്മീയ ആസ്വാദനത്തിന്റെ വേദികൂടിയായി. പ്രൊഫൈസിന്റെ അനുബന്ധമായി ജില്ലാകേന്ദ്രങ്ങളിൽ നടന്ന റിവൈവ് പ്രീ പ്രൊഫൈസ് മീറ്റുകൾവഴി പുതിയ നിരവധി വ്യക്തികളെ ടീം വർക്കിന്റെ ഭാഗമാക്കാൻ സാധിച്ചു.
കേരള ടീച്ചേർസ് കോൺഫറൻസ്
മാറിയകാലത്ത് അധ്യാപകർക്ക് ഉൾക്കാഴ്ച പകർന്നുനൽകാൻ മഞ്ചേരിയിൽ സംഘടിപ്പിച്ച ടീച്ചേർസ് കോൺഫറൻസിന് സാധിച്ചു. ധാർമികതയുടെ അർഥം പുനർനിർണയിച്ച് യൂറോപ്പിന്റെ സാംസ്‌കാരിക മാലിന്യങ്ങൾ നമ്മുടെ സാംസ്‌കാരിക ബോധത്തിൽ കലർത്താൻ ഹിഡൻ അജണ്ടകൾ ഒരുക്കുന്നവരെ തുറന്നുകാണിച്ച കോൺഫറൻസ് വ്യക്തിജീവിതത്തിൽ ഉണ്ടാകേണ്ട കണിശത ബോധ്യപ്പെടുത്തി. ടീച്ചേഴ്സ് കോൺഫറൻസിന്റെ മുന്നോടിയായി നടന്ന ഡിസ്ട്രിക്റ്റ് ടീച്ചേർസ് മീറ്റുകളും അധ്യാപക പ്രതിനിധികളുമായി നടത്തിയ ടേബിൾ ടോക്കുകളും ഏറെ ശ്രദ്ധേയമായി.
തസ്വ‌്‌ഫിയ ആദർശ സമ്മേളനങ്ങൾ
തൗഹീദിന്റെ ശബ്ദം ചെന്നെത്താത്ത 400ൽ അധികം സ്ഥലങ്ങളിൽ സംഘടിപ്പിക്കപ്പെട്ട തസ്വ‌്‌ഫിയ ആദർശ സമ്മേളനങ്ങൾ ഇസ്വ്‌ലാഹി പ്രബോധന ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി. ദീർഘ കാലമായി പ്രഭാഷണങ്ങൾ നടക്കാത്ത സ്ഥലങ്ങളും ഈ ഗണത്തിൽ പരിഗണിക്കപ്പെട്ടു.
ആദർശ മുഖാമുഖങ്ങൾ
ഓൺലൈനിലും ഓഫ്‌ലൈനിലും ആയിരങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്ന മുഖാമുഖങ്ങൾ ആദർശ പ്രബോധന രംഗത്ത് പുതിയ ഊർജം പകർന്നു. വിമർശകർക്ക് ചോദ്യങ്ങൾ ചോദിക്കാൻ നിർഭയം അവസരം നൽകിയ മുഖാമുഖങ്ങൾ ഒട്ടേറെയാളുകളുടെ തെറ്റുധാരണകളകറ്റാൻ സഹായകമായിട്ടുണ്ട്.
‘മുദബ്ബിറുൽ ആലം,’ ആദർശ സമ്മേളനങ്ങൾ
അല്ലാഹുവല്ലാത്തവർ ഉലകം നിയന്ത്രിക്കുന്നു എന്ന തീർത്തും ഇസ്‌ലാമികവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ ആശയപരമായി ചോദ്യം ചെയ്ത ആദർശ സമ്മേളനങ്ങൾ വിവിധ കേന്ദങ്ങളിൽ നടന്നു. ശിർക്കിന്റെ പ്രചാരകർക്കിടയിലെ ഭിന്നതകൾ മറനീക്കി പുറത്തു വരാൻ ഇത് കാരണമായി.
വിവിധ പരിപാടികൾ
കാലിക പ്രസക്തമായ വിഷയ ങ്ങളിൽ യുവജന നേതൃത്വങ്ങളുമായി ആശയ സംവേദനം സാധ്യമാക്കിയ ടേബിൾ ടോക്കുകൾ, ലഹരിക്കെതിരെയുള്ള ‘ടോക് ഷോ’കൾ, പതിനായിരങ്ങളെ നേരിൽ കണ്ട ‘ഡോർ ടു ഡോർ,’ ഇസ്‌ലാമിനെ പരിചയപ്പെടുത്താൻ ‘ടാലന്റ് ലീഗ്,’ ‘ജനകീയ വിചാരണ,’ ‘എൻവിഷൻ,’ ‘ഫാമിലി മീറ്റ്,’ ‘ട്രോമാ കെയർ വർക്‌ഷോപ്പു’കൾ, ‘മഹബ്ബ പ്രീ മാരിറ്റൽ വർക്‌ഷോപ്പു’കൾ, ‘ഒരുക്കം’ സംഗമങ്ങൾ, ‘ഇവൻഷ്യ,’ ‘സന്ദേശ പ്രയാണം,’ ‘പുസ്തക മേളകൾ...’ ഇങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നതിനു ശേഷമാണ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.
അത്യദ്ധ്വാനത്തോടെ നിർവഹിക്കപ്പെട്ട പബ്ലിസിറ്റി പ്രവർത്തനങ്ങൾ, കടലിനക്കരെയിരുന്ന് കരുത്തും കരുതലും നൽകി പ്രവാസി സമൂഹം നടത്തിയ പ്രബോധന ഇടപെടലുകൾ... ഓർമകൾക്ക് കുളിർ കോരിച്ചൊരിയുന്ന ഇത്തരം ധന്യനിമിഷങ്ങൾ മനസ്സിൽ ആന്ദോളനങ്ങളുണ്ടാക്കുമ്പോൾ ലഭിക്കുന്നത് ഒരു പുതിയ കരുത്താണ്. അതാണ് നിറഞ്ഞൊഴുകിയ സമ്മേളന നഗരിയിലെ യുവസഞ്ചയത്തിലൂടെ കണ്ടത്.

