വ്യക്തി സ്വാതന്ത്ര്യത്തിനു മേൽ കടന്നുകയറാനുള്ള നിയമ നിർമാണം കർശനമായി തടയണം

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

2024 മാർച്ച് 02, 1445 ശഅ്ബാൻ 21

വംശീയതക്കും ഫാസിസത്തിനുമെതിരെ ചെറുത്തുനിൽപ് ശക്തമാക്കുക

കോഴിക്കോട്: ഭരണഘടന അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനും മതപരമായ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ജീവിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം നിയമം മൂലം ഇല്ലായ്മ ചെയ്യാനുമുള്ള നീക്കങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തകസമിതി ആവശ്യപ്പെട്ടു. വ്യക്തിസ്വാതന്ത്ര്യം മറയാക്കി പൊതുപ്ലാറ്റ്‌ഫോമായ സോഷ്യൽ മീഡിയ ഉപയോഗിച്ച് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പ്രവർത്തകസമിതി ആവശ്യപ്പെട്ടു.

വ്യക്തി സ്വാതന്ത്ര്യത്തെ പൊ തു ഇടങ്ങളിൽ എന്തും പറയാനും പ്രവർത്തിക്കാനുമുള്ള അവകാശമായി കണക്കാക്കുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ ഉൾക്കൊണ്ട് ദേശീയ മതേതര മുന്നണി ശക്തിപ്പെടുത്താൻ മുഖ്യധാരാ രാഷ്ട്രീയ സംഘടനകൾ പ്രായോഗിക നടപടികളുമായി മുന്നോട്ടു വരണം.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലക്ക് കളങ്കമുണ്ടാക്കുന്ന വിധം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന വിവാദങ്ങൾ അന്വേഷണ വിധേയമാക്കണം. കേന്ദ്ര സർക്കാറിന്റെ പിന്തുണയോടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഫാഷിസ്റ്റ് വൽക്കരണം നടത്താനുള്ള നീക്കങ്ങളെ ശക്തമായി ചെറുക്കണം.പൊതുവിദ്യാഭ്യാസ മേഖല ശാക്തീകരിക്കാനുള്ള പ്രത്യേക പദ്ധതികൾ കൊണ്ടുവരണം.

ശാസ്ത്രീയത ചമഞ്ഞ് ചികിത്സാരംഗത്ത് സമാന്തര വ്യാജചികിത്സാരീതികൾ കടന്നുവരുന്നതിനെതിരെ സമൂഹവും സർക്കാറും ജാഗ്രത പാലിക്കണം. ഏപ്രിൽ, മെയ് മാസങ്ങളിലായി കണ്ണൂർ, കോഴിക്കോട്, കൊല്ലം, പെരിന്തൽമണ്ണ എന്നീ സ്ഥലങ്ങളിൽ ഹജ്ജ് ക്യാമ്പ് നടത്തും.

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷനായി. സൗദി ഇന്ത്യൻ ഇസ്വ്‌ലാഹി സെന്റർ ഭാരവാഹികളായ കെ. ഇമ്പിച്ചിക്കോയ, അർഷദ് ബിൻ ഹംസ, വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. അഷ്‌റഫ്, നാസിർ ബാലുശ്ശേരി, ഹാരിസ് ഇബ്‌നു സലീം, ശമീർ മദീനി, ഫൈസൽ മൗലവി, സി.പി സലീം, കെ സജ്ജാദ്, പി.എം ഷാഹുൽ ഹമീദ്, മുജീബുല്ല അൻസാരി, നബീൽ രണ്ടത്താണി, കെ.സി അയ്യൂബ്, റഷീദ് മാസ്റ്റർ, അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി എന്നിവർ പ്രസംഗിച്ചു.


നേർപഥം ക്വിസ്സ് മത്സരം; മെഗാ അവാർഡുകൾ വിതരണം ചെയ്തു

ന്യൂസ് ഡസ്ക്

അലനല്ലൂർ: അലനല്ലൂർ മണ്ഡലത്തിലെ കൊടിയംകുന്ന് ശാഖയിൽ നടന്നുവരുന്ന ക്യൂഎച്ച്എൽഎസ് ക്ലാസ്സിനു കീഴിൽ നേർപഥം വാരിക വോള്യം 7 ലക്കം 1 മുതൽ 52 വരെയുള്ള പതിപ്പുകളെ അടിസ്ഥാനമാക്കി നടത്തിവന്നിരുന്ന പ്രതിവാര ക്വിസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയവർക്കുള്ള മെഗാ അവാർഡുകൾ സമ്മാനിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പാലക്കാട് ജില്ല പ്രസിഡന്റ് ഹംസക്കുട്ടി സലഫി അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ല നേർപഥം കൺവീനർ അൻവർ മാസ്റ്റർ, മണ്ഡലം കൺവീനർ അബ്ദുൽ കബീർ, യൂണിറ്റ് കൺവീനർ ഹംസ ഓങ്ങല്ലൂർ എന്നിവർ അവാർഡ് വിതരണം ചെയ്തു.

മുജീബ് ചേരിയാടൻ, മുഹമ്മദ് നിഷാം അലി, സമീറ ശംസുദ്ദീൻ ചതുരാല, ഫാത്തിമത്ത് ദിൽഷ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. അബ്ദുൽ അലി സ്വാഗതവും മൻഷൂഖ് റഹ്‌മാൻ നന്ദിയും പറഞ്ഞു.