വിസ്ഡം യൂത്ത് കോൺഫറൻസിന് മലപ്പുറത്ത് ഉജ്ജ്വല സമാപനം

ന്യൂസ് ഡസ്ക്

2024 ഫെബ്രുവരി 17, 1445 ശഅ്ബാൻ 07

വംശീയതക്കും ഫാസിസത്തിനുമെതിരെ ചെറുത്തുനിൽപ് ശക്തമാക്കുക

മലപ്പുറം: കേരളത്തിന്റെ മുക്കുമൂലകളിൽനിന്നും യുവജനങ്ങൾ ഒഴുകിയെത്തിയതു കണ്ട് മലപ്പുറത്തുകാർ വിസ്മയംകൊണ്ട ദിവസമായിരുന്നു ഫെബ്രുവരി 11 ഞായർ. ഇത്രയും ആസൂത്രിതമായി, സാങ്കേതികവിദ്യകളെ പരമാവധി ഉപയോഗപ്പെടുത്തി, പൊലീസുകാരുടെ ജോലി വർധിപ്പിക്കാതെ, യാത്രക്കാരുടെ സഞ്ചാരത്തിന് വിഘ്‌നം വരുത്താതെ, ഒരു ചെറിയ അലോസരം പോലുമുണ്ടാക്കാതെ ഒരു യുവജന മഹാസമ്മേളനം മലപ്പുറത്തിന്റെ മണ്ണിൽ ആദ്യമാണ് എന്നതുതന്നെ കാരണം. മാസങ്ങൾ നീണ്ട വ്യത്യസ്തങ്ങളായ പ്രബോധന പ്രവർത്തനങ്ങളിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നതിന്റെ സദ്ഫലമാണ് സമ്മേളനത്തിനെത്തിയ യുവതയുടെ വർധിച്ച പങ്കാളിത്തമെന്നതിൽ സംശയമില്ല.

വംശീയതക്കും ഫാസിസത്തിനുമെതിരെയുള്ള ചെറുത്തുനിൽപ് ശക്തമാക്കണമെന്ന ആഹ്വാന ത്തോടെയാണ് ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിച്ച കേരള യൂത്ത് കോൺഫറൻസ് സമാപിച്ചത്.

കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി യുവജന കൂട്ടായ്മകളെ ശക്തിപ്പെടുത്തിയാലേ ഇന്ത്യയുടെ മതനിരപേക്ഷ മുല്യങ്ങൾ തിരിച്ചു പിടിക്കാൻ കഴിയുകയുള്ളൂവെന്ന് കോൺഫറൻസ് അഭിപ്രായപ്പെട്ടു. വിശ്വാസവും ആചാരവും പൗരന്റെ സ്വാതന്ത്ര്യമായി കാണണം. ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കലാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമെന്ന് കരുതുന്ന ഭരണകൂടത്തിന്റെ അഭാവമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

വിഭാഗീയതക്കും അക്രമങ്ങൾക്കും വഴിമരുന്നിടുന്നതിൽനിന്നും ഭരണകൂടം പിന്തിരിയണം. സ്വതന്ത്ര നീതിന്യായവ്യവസ്ഥയോട് പൗരന്മാർക്കുള്ള ആദരവ് നഷ്ടപ്പെടുത്തുന്ന വിധമുള്ള ഭരണകൂട ഇടപെടലുകൾ അവസാനിപ്പിക്കണം. ബാബരി മസ്ജിദിനുശേഷം ഗ്യാൻവാപി അടക്കമുള്ള മുസ്‌ലിം പള്ളികളിൽ ഫാസിസ്റ്റുകൾ അവകാശവാദം ഉന്നയിക്കുന്നത് രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുമെന്നും ഇത് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുമെന്നും കോൺഫറൻസ് വിലയിരുത്തി. സമാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു. മുഹമ്മദ് മദനി അധ്യക്ഷനായി. ഹാരിസ് കായക്കൊടി ആമുഖഭാഷണം നടത്തി. പി. ഉബൈദുല്ല എം.എൽ.എ, പി.കെ. ഫിറോസ്, രാഹുൽ മാങ്കൂട്ടത്തിൽ, വസീഫ് എന്നിവർ അതിഥികളായി.

ടി.കെ അഷ്‌റഫ്, കെ. താജുദ്ദീൻ സ്വലാഹി, ശംജാസ് കെ. അബ്ബാസ്, ഡോ.അബ്ദുല്ല ബാസിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഡോ.പി.പി നസീഫ് പ്രമേയാവതരണം നടത്തി. ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തി. ടി.കെ.നിഷാദ് സലഫി, അർശദ് അൽഹികമി താനൂർ, ഷമീൽ ടി. മഞ്ചേരി, ഹാരിസ് കായക്കൊടി, അൻഫസ് മുക്‌റം, ജംഷീർ സ്വലാഹി, ഡോ. ടി.സി.മുഹമ്മദ് മുബശ്ശിർ, സമീർ മുണ്ടേരി, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, ഡോ. ഷഹബാസ് കെ. അബ്ബാസ്, സഫീർ അൽഹികമി, കെ. അബ്ദുൽ ഗഫൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം

നൽകി. ഫലസ്തീൻ ജനതയുടെ ജൻമനാടിനു വേണ്ടിയുള്ള പോരാട്ടത്തിന് യൂത്ത് കോൺഫറൻസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.