സത്യാന്വേഷികൾക്ക് വെളിച്ചം പകർന്ന് പരപ്പനങ്ങാടി രണ്ടാം ഖണ്ഡനം സമാപിച്ചു
ന്യൂസ് ഡസ്ക്
2024 നവംബർ 09, 1446 ജു. ഊലാ 07

പരപ്പനങ്ങാടി: പ്രവാചകവചനങ്ങളുടെ പ്രാമാണികതയെ ചോദ്യം ചെയ്തുകൊണ്ടും മുവഹ്ഹിദുകൾക്ക് നേരെ ശിർക്കാരോപണം നടത്തിയും മർകസുദ്ദഅ്‌വക്കാർ നടത്തിയ പ്രമാണ വിരുദ്ധമായ പ്രചാരണങ്ങൾക്കെതിരെ ‘പ്രമാണനിഷേധം മുജാഹിദ് പാരമ്പര്യമല്ല’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച രണ്ടാം ഖണ്ഡനം സത്യാന്വേഷികൾക്ക് വെളിച്ചം പകരുന്നവിധം ഉജ്വലമായി.
ഏതൊരു സാധാരണക്കാരനും വളരെ ലളിതമായി മനസ്സിലാക്കാവുന്ന വിധമായിരുന്നു പണ്ഡിതൻമാരുടെ വിഷയാവതരണം. ഇസ്‌ലാമിന്റെ ആരംഭദശയിൽ തന്നെയുള്ള വിമർശനങ്ങൾക്ക് പുതിയ മാനം നൽകി അവതരിപ്പിക്കുകയാണ് ആദർശ എതിരാളികൾ ചെയ്യാറുള്ളത്. അത് ഏറ്റുപിടിച്ചുകൊണ്ടാണ് മർക്കസുദ്ദഅ്‌വയുടെ പ്രഭാഷകരും എഴുത്തുകാരും മിക്ക വിഷയങ്ങളും കൈകാര്യം ചെയ്യാറുള്ളത് എന്ന് തെളിവുസഹിതം സമർഥിച്ചത് അവരുടെ ചിന്തിക്കുന്ന അണികൾക്ക് ബോധ്യമാകാതിരിക്കില്ല.
പൂർവകാലത്തെ ചില പണ്ഡിതൻമാരുടെ ഹദീസ് നിരൂപണങ്ങൾ ഉയർത്തിപ്പിടിച്ച് നിഷേധിക്കാൻ തെളിവ് പരതുന്നവരുടെ ആശയപാപ്പരത്തവും തുറന്ന് കാണിക്കപ്പെട്ടു. മൂവായിരത്തോളം ഹദീസുകൾ നിഷേധിച്ചുകൊണ്ടല്ലാതെ മർകസുദ്ദഅ്‌വ സംഘത്തിൽ ഇടം പിടിക്കാനാകില്ലെന്ന പരാമർശം തെളിയിക്കണമെന്ന് വൈകാരികമായി വെല്ലുവിളിച്ചവരെ നിശ്ശബ്ദരാക്കും വിധം മൂവായിരത്തിലേറെ ഹദീസുകൾ ചൂണ്ടിക്കാണിക്കപ്പെട്ടു. അതോടെ അവരുടെ ആദർശവ്യതിചലനത്തിെന്റ വ്യാപ്തി എത്രത്തോളമുണ്ടെന്ന് സത്യാന്വേഷികൾക്ക് ബോധ്യപ്പെടുകയായിരുന്നു.
അല്ലാഹുവിന് മാത്രമായുള്ള അഭൗതിക കഴിവ് മരിച്ചുപോയ മഹാൻമാർക്കും ജിന്നുകൾക്കും മലക്കു കൾക്കുമുണ്ടെന്ന് വാദിക്കുന്ന സമസ്തയോട് ആദർശപരമായി സമരസപ്പെടുന്നതിലേക്ക് മർകസുദ്ദഅ്‌വ നേതാക്കളുടെ വ്യതിയാന ചിന്തകൾ ചെന്നെത്തിയെന്ന അപകടകരമായ സാഹചര്യത്തെ അവരുടെ അണികൾക്ക് തിരിച്ചറിയാൻ കഴിയും വിധമാണ് വിഷയാവതരണങ്ങൾ നടന്നത്.
സംസ്‌കാരശൂന്യമായ വാക്കുകൾകൊണ്ട് വിസ്ഡം പണ്ഡിതരോട് അരിശം തീർക്കുന്ന മർകസുദ്ദഅ് വ പ്രഭാഷകരുടെ വിവേകശൂന്യമായ സമീപനം പ്രോഗ്രാമിൽ ചോദ്യം ചെയ്യപ്പെട്ടു. സംസം വെള്ളം, അജ്‌വ കാരക്ക, ഹജറുൽ അസ്‌വദ്, ക്വബ്‌റിലെ ചോദ്യം, സ്വിറാത്ത് പാലം, മീസാൻ, തബർറുക് തുടങ്ങിയ അനേകം വിഷയങ്ങളെ നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ഇക്കൂട്ടരുടെ ആദർശ വ്യതിയാനത്തെ തുറന്നുകാണിച്ച ആദർശ സമ്മേളനം അത്തരം കാര്യങ്ങളിൽ സംശയമുള്ളവരുടെ സംശയങ്ങൾക്ക് അറുതിവരുത്താതിരിക്കില്ല-ഇൻ ശാ അല്ലാഹ്.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ മൗലവി പുതുപ്പറമ്പ്, സെക്രട്ടറി അബ്ദുൽ മാലിക് സലഫി, മുജീബ് ഒട്ടുമ്മൽ, നിഹാദ് എംസിസി, ഹാമിദ് എംസി സി പ്രസംഗിച്ചു.

