ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണം; മുഖ്യമ ന്തി വിശദീകരണം നൽകണം
വിസ്ഡം പ്രവർത്തക സമിതി
2024 സെപ്തംബർ 14, 1446 റ. അവ്വൽ 11

കോഴിക്കോട്: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പൊലീസ് ഉദ്യോഗസ്ഥൻമാർക്കെതിരിൽ ഉയർന്നുവന്ന ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
ഉത്തരവാദപ്പെട്ട ജനപ്രതിനിധി തന്നെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ മുഖ്യമന്ത്രി ഇടപെടണം.
മണിപ്പുരിൽ സമാധാനം പുന:സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ഇരുവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. കലാപകാരികൾക്ക് രാഷട്രീയാഭയവും പിന്തുണയും നൽകുന്നതാണ് ഇടയ്ക്കിടെ അക്രമണങ്ങൾ വ്യാപകമാകുന്നതിന്റെ അടിസ്ഥാന കാരണം.
രാജ്യത്തിന്റെ ഭരണഘടനാ താൽപര്യങ്ങൾക്ക് വിരുദ്ധമായി ആസാമിലെ മുസ്‌ലിം ന്വൂനപക്ഷ വിഭാഗങ്ങളെ പൗരത്വ ഭേദഗതി നിയമം മറയാക്കി നടപടിക്ക് വിധേയമാക്കുന്നതിനെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം ഉയർന്നു വരണമെന്നും കേന്ദ്ര പ്രതിപക്ഷം ക്രിയാത്മകമായി ഇടപെടണമെന്നും പ്രവർത്തക സമിതി ആവശ്യപ്പെട്ടു.
വിസ്ഡം എജ്യൂക്കേഷൻ ബോർഡ് സംഘടിപ്പിക്കുന്ന മദ്‌റസ അധ്യാപക സമ്മേളനം സെപ്റ്റംബർ 15ന് കൊയിലാണ്ടിയിലും വിസ്ഡം യൂത്ത് സംഘടിപ്പിക്കുന്ന ടീച്ചേഴ്‌സ് കോൺഫറൻസ് സെപ്റ്റംബർ 29ന് പെരിന്തൽമണ്ണയിലും പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് ‘പ്രൊഫൈസ്’ നവംബർ 16, 17 തീയതികളിൽ കണ്ണൂരിലും വിസ്ഡം സ്റ്റുഡൻസ് സംഘടിപ്പിക്കുന്ന പ്രൊഫഷണൽ സ്റ്റുഡൻസ് ഗ്ലോബൽ കോൺഫറൻസ് ഒക്ടോബർ 11,12,13 തീയതികളിൽ തിരുവനന്തപുരത്തും നടക്കും.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി എൻ അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ലജ്‌നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫ്, വൈസ് പ്രസിഡന്റ് ശരീഫ് ഏലാങ്കോട്, പ്രൊഫ. ഹാരിസ്ബ്‌നു സലീം, നാസിർ ബാലുശ്ശേരി, സി.പി സലീം, കെ. സജ്ജാദ്, മുജീബുല്ല അൻസാരി, അബൂബക്കർ ഉപ്പള, ജാബിർ പി മൂസ എറണാകുളം, ഷംസുദ്ദീൻ ഇടുക്കി, നിസാർ കരുനാഗപ്പള്ളി, റഷീദ് മാസ്റ്റർ കാരപ്പുറം, മുഹമ്മദ് ഹനീഫ, റഷീദ് കൊടക്കാട്ട് എന്നിവർ സംസാരിച്ചു

