വിദ്യാർഥികളെ അടർത്തിയെടുക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം

ന്യൂസ് ഡസ്ക്

2024 ഒക്ടോബർ 05, 1446 റ. ആഖിർ 02

വിസ്ഡം യൂത്ത് കേരള ടീച്ചേർസ് കോൺഫറൻസ്

പെരിന്തൽമണ്ണ: അധ്യാപകരിൽനിന്നും വിദ്യാർഥികളെ അടർത്തിമാറ്റാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് ‘നേർച്ചറിങ് ഹ്യൂമാനിറ്റി’ എന്ന പ്രമേയത്തിൽ പെരിന്തൽമണ്ണയിൽ വെച്ച് സംഘടിപ്പിച്ച കേരള ടീച്ചേഴ്‌സ് കോൺഫറൻസ് അഭിപ്രായപ്പെട്ടു. അധ്യാപകർക്കോ രക്ഷിതാക്കൾക്കോ വിദ്യാർഥികളെ ഗുണദോഷിക്കാനുള്ള അവകാശമില്ലെന്ന പ്രചാരണത്തിന് പിന്നിലെ സ്വതന്ത്രവാദ ചതിക്കുഴികളെ സമൂഹം തിരിച്ചറിയണം. അതിരുവിട്ട ആഘോഷ ഭ്രമങ്ങൾ വിദ്യാർഥികളിൽ വളർത്തിയെടുക്കുന്നതിനു പിന്നിലുള്ളത് കുത്തക കമ്പനികളുടെ കച്ചവട തന്ത്രമാണ്. വിദ്യാർഥികൾക്ക് മാതൃകയാകേണ്ട അധ്യാപകർ കോസ്‌മെറ്റിക് വിപണിയുടെ പ്രചാരകരാവുന്നതിൽ നിന്നും മാറി നിൽക്കണം. വിദ്യാർഥികളിലെ അരുതായ്മകളെ തിരുത്താൻ അധ്യാപകർ ജീവിതം കൊണ്ട് യോഗ്യത നേടണമെന്നും അധ്യാപകരുടെ വീഴ്ചകൾ തലമുറയുടെ നാശത്തിന് കാരണമാകുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ രംഗത്ത് ധാർമികതയെ ഹനിക്കാത്ത കാലോചിതമായ പരിഷ്‌കരണങ്ങളാണ് കൊണ്ടുവരേണ്ടത്. ആൽഫാ ജനറേഷനിൽപ്പെട്ട കുട്ടികളുമായി ഫലപ്രദമായി സംവദിക്കാൻ പ്രാപ്തരായ അധ്യാപകരെ  വാർത്തെടുക്കാൻ ക്ലസ്റ്റർ പരിശീലനങ്ങൾക്കാകണം. രക്ഷാകർതൃ, അധ്യാപക, വിദ്യാർഥി കൂട്ടുത്തരവാദിത്തത്തിലൂടെയുള്ള ഇടപെടലുകൾക്കേ മൂല്യവത്തായ സമൂഹ സൃഷ്ടി സാധ്യമാകൂ. സൈബർ കുറ്റകൃത്യങ്ങൾ, സോഷ്യൽ മീഡിയ അഡിക്ഷൻ, ലഹരി തുടങ്ങിയവ മൂലമുണ്ടാകുന്ന സാമൂഹിക, ആരോഗ്യ, മാനസിക വെല്ലുവിളികളെ സംബന്ധിച്ച ബോധവൽക്കരണങ്ങൾ സ്‌കൂൾ തലത്തിൽ തന്നെ ആരംഭിക്കാനുള്ള പ്രവർത്തന രൂപരേഖകൾ തയ്യാറാക്കണം.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ഉപാധ്യക്ഷനും വിദ്യാഭ്യാസ വിചക്ഷണനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളോടുള്ള  പ്രവാചക സമീപനത്തിൽ അധ്യാപകർക്ക് ഏറെ ഗുണപാഠങ്ങളുണ്ട്.  പുതിയ അധ്യാപന രീതികളുടെ ഏറ്റവും മൂർത്തമായ ഭാവങ്ങൾ മുഹമ്മദ് നബിﷺയുടെ അധ്യാപന ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ ഫീലിങ്ങുകൾ വായിച്ചെടുത്ത് അവരെ അഭിമുഖീകരിക്കാൻ അധ്യാപകർക്ക് സാധിക്കുമ്പോഴാണ് അധ്യാപനം ഫലവത്താകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസി. ഡോ. പി.പി. നസീഫ് അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ്. വിസ്ഡം യൂത്ത് സംസ്ഥാന പ്രസി. കെ. താജുദ്ദീൻ സ്വലാഹി, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി, കെ.എ.ടി.എഫ്. സംസ്ഥാന പ്രസി. ടി.പി. അബ്ദുൽ ഹഖ്, കെ.എസ്.ടി.എ. മലപ്പുറം സെക്രട്ടറി പി. രത്‌നാകരൻ, വിസ്ഡം സ്റ്റുഡന്റ്‌സ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഷമീൽ തുടങ്ങിയവർ പ്രസംഗിച്ചു.

വിസ്ഡം വൈസ് പ്രസി. ഫൈസൽ മൗലവി പുതുപ്പറമ്പ്, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസി. ഹാരിസ് കായക്കൊടി, കുസാറ്റ് ഷിപ് ടെക്‌നോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടി.കെ ഫവാസ്, ഡോ. എം മുബീൻ, ഡോ. മുഹമദ് കുട്ടി കണ്ണിയൻ, പി. ലുബൈബ്, സി.പി. ഹിലാൽ, ഷംജാസ് കെ. അബ്ബാസ്, അബ്ദുൽ ഹമീദ് പറപ്പൂർ, റഷീദ് കുട്ടമ്പൂർ, മുഹമ്മദ് സ്വാദിഖ് മദീനി, അജ്മൽ ഫൗസാൻ, സി. മുഹമ്മദ് അജ്മൽ, ഡോ.ഷിയാസ് സ്വലാഹി, ഷമീം സ്വലാഹി, സിദ്ദീഖ് സ്വലാഹി, ഡോ. ഫവാസ് മാവൂർ, മുനവർ സ്വലാഹി, അബ്ദുല്ല സമീർ മദീനി, അബ്ദുറഹ്‌മാൻ ചുങ്കത്തറ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി നൂറുകണക്കിന് അധ്യാപകർ സമ്മേളനത്തിൽ പങ്കെടുത്തു.