സ്ത്രീസുരക്ഷയുടെ ധാർമികപാഠങ്ങളെ പുച്ഛിച്ചവർ പുനർവിചിന്തനത്തിന് തയ്യാറാകണം
വിസ്ഡം വനിതാ നേതൃസംഗമം
2024 ആഗസ്റ്റ് 17, 1446 സ്വഫർ 13

കോഴിക്കോട്: സ്ത്രീകളോട് വ്യക്തിപരമായും സാമൂഹികമായും നിർവഹിക്കേണ്ട ബാധ്യതകൾ പൊതുസമൂഹം വിസ്മരിക്കുകയാണെന്നും, പുതിയ വിവാദങ്ങൾ തലമുറയെ അരാജകത്വത്തിലേക്കും തിന്മകളുടെ നിസ്സാരവൽക്കരണത്തിലേക്കും നയിക്കുകയാണെന്നും, ധാർമികപാഠങ്ങളെ പുച്ഛിച്ചവർ പുനർ വിചിന്തനത്തിന് തയ്യാറാകണമെന്നും കോഴിക്കോട് ഹോട്ടൽ സ്പാനിൽ വച്ച് സംഘടിപ്പിച്ച വിസ്ഡം വിമൻസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു.
സ്ത്രീകളെ കേവലം സൗന്ദര്യാസ്വാദനത്തിനും മാർക്കറ്റിംഗിനും ഉപയോഗിക്കുന്ന സമൂഹത്തിന്റെ തെറ്റായ ‘പുരോഗമന’ കാഴ്ചപ്പാടിന്റെ ദുരന്തഫലമാണ് പുതിയ സംഭവ വികാസങ്ങൾക്ക് വഴിവെച്ചതെന്ന് സംഗമം വിലയിരുത്തി.
സ്ത്രീസമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്നവർതന്നെ അവരെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്ന സാഹചര്യമാണ് പൊതു ഇടങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇത്തരം ചൂഷണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും സ്ത്രീകൾക്ക് നിയമ പരിരക്ഷ ഉറപ്പാക്കുവാനും സർക്കാർ കർശന സമീപനം സ്വീകരിക്കണം. ധാർമിക സുരക്ഷയില്ലാത്ത കലാ-സാഹിത്യ മേഖലകളുടെ ദുരന്തഫലങ്ങൾ സമൂഹത്തിന് പാഠമാകണം. സ്വാതന്ത്ര്യവും അവകാശങ്ങളും മറയാക്കി സ്ത്രീസമൂഹത്തെ ചൂഷണം ചെയ്യാനായി നിലകൊള്ളുന്ന സംഘങ്ങളിലേക്ക് സ്ത്രീകളെ എത്തിക്കുന്ന മാഫിയകൾക്കെതിരെ പൊതുസമൂഹം കനത്ത ജാഗ്രത പാലിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു
ഇസ്‌ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് വികലമായ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്ന പണ്ഡിതന്മാരെ സമൂഹം തിരിച്ചറിയണം. മനുഷ്യന്റെ ആത്മീയാന്വേഷണങ്ങളെ വഴി തിരിച്ച് വിടുന്ന സമീപനങ്ങളാണ് ചില പണ്ഡിതന്മാരും അനുബന്ധ പ്രസ്ഥാനങ്ങളും സ്വീകരിച്ച് വരുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു. ഏകദൈവ വിശ്വാസമാണ് ഇസ്‌ലാമിന്റെ മൗലികത എന്നിരിക്കെ വിശ്വാസ വൈകല്യങ്ങൾ പ്രചരിപ്പിക്കുന്ന പണ്ഡിതന്മാരുടെ നീക്കം അപലപനീയമാണ്.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് സംഗമം ഉദ്ഘാടനം ചെയ്തു. വിസ്ഡം വിമൻ സംസ്ഥാന പ്രസിഡന്റ് സഹ്‌റ സുല്ലമിയ്യ അധ്യക്ഷത വഹിച്ചു. വിസ്ഡം വിമൻ ജനറൽ സെക്രട്ടറി ഡോ. റസീല, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ഹാരിസ് കായക്കൊടി, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറി അസ്ഹർ ചാലിശ്ശേരി, അബ്ദുൽ അഹദ് ചുങ്കത്തറ, അസ്മാബി ടീച്ചർ എന്നിവർ പ്രസംഗിച്ചു.
ധർമ സമരത്തിന്റെ വിദ്യാർഥി കാലം പ്രഖ്യാപന സമ്മേളനം തിരൂരിൽ സമാപിച്ചു
ന്യൂസ് ഡസ്ക്

തിരൂർ: പുതിയ കാലത്തെ വിദ്യാർഥി സമൂഹത്തിന് കൃത്യമായ ദിശ കാണിക്കുവാനും അവരെ കൈപിടിച്ച് നന്മയുടെ തീരത്തേക്കടുപ്പിക്കുവാനുമായി വിസ്ഡം സ്റ്റുഡന്റ്‌സ് മറ്റൊരു വലിയ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണ്. മുജാഹിദ് വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ നടന്ന ഒരുപാട് മഹാ സമ്മേളനങ്ങൾ തീർത്ത മാറ്റം വമ്പിച്ചതാണ്. അതിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി ചേർത്തുകൊണ്ട് നടക്കാനിരിക്കുന്ന വിസ്ഡം സ്റ്റുഡന്റ്‌സ് വിദ്യാർഥി സമ്മേളനത്തിന്റെ പ്രഖ്യാപനം തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ വെച്ച് നടന്നു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി പ്രഖ്യാപനം നടത്തി.

