‘വിസ്ഡം ഗ്ലോബൽ ഇസ്വ്ലാഹി മീറ്റ്’ ജൂലായ് 23ന് മലപ്പുറത്ത്
ന്യൂസ് ഡസ്ക്
2024 ജൂലായ് 06, 1445 ദുൽഹിജ്ജ 29

ഈ വർഷത്തെ വിസ്ഡം ഗ്ലോബൽ ഇസ്വ്ലാഹി മീറ്റ് ജൂലായ് 23ന് ചൊവ്വാഴ്ച മലപ്പുറത്തുവച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
പ്രവാസികൾക്ക് വെക്കേഷനായതിനാൽ കുടുംബസമേതം നാട്ടിലെത്തുന്ന സമയമാണിത്. ചുരുങ്ങിയ സമയത്തേക്ക് നാട്ടിൽ വരുമ്പോൾ പരമാവധി ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനായുള്ള ശ്രമത്തിലായിരിക്കും അവരുണ്ടാവുക. കുടുംബ ബന്ധത്തോടൊപ്പം ആദർശ ബന്ധവും സുശക്തമാക്കാനുള്ള ഒരവസരമാണ് ഗ്ലോബൽ ഇസ്വ്‌ലാഹി മീറ്റിലൂടെ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഒരുക്കുന്നത്. ഇപ്പോൾ നാട്ടിലുള്ള ഇസ്വ്‌ലാഹി പ്രവർത്തകരും അവരുടെ കുടുംബങ്ങളുമാണ് ഇതിൽ സംഗമിക്കുന്നത്.
പ്രവാസ ജീവിതം തിരക്കുപിടിച്ചതാണ്. യാന്ത്രികമായി അത് മുന്നോട്ടു പോകുമ്പാൾ പലർക്കും വൈജ്ഞാനിക രംഗത്ത് ശ്രദ്ധ പതിപ്പിക്കാൻ സാധിക്കാറില്ല. ഇക്കാര്യം പരിഗണിച്ചുകൊണ്ട് വ്യക്തി, കുടുംബം, സമൂഹം, ആദർശം, പ്രബോധനം, വിദ്യാഭ്യാസം, സമുദായം... തുടങ്ങി ഒട്ടനവധി മേഖലകളിൽ കൃത്യമായ ദിശാബോധം പകർന്ന് നൽകാനാണ് ഗ്ലോബൽ ഇസ്വ്‌ലാഹി മീറ്റിലൂടെ ലക്ഷ്യമാക്കുന്നത്.
സമ്പത്തും സമയവും പ്രഫഷനും എങ്ങനെ തങ്ങളുടെ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താമെന്നാണ് പ്രവാസികളുടെ ഇന്നത്തെ ചിന്തയെങ്കിൽ, അവരുടെ ജീവിതം കൂടുതൽ സ്വസ്ഥവും സക്രിയവുമാകാൻ അവർക്ക് എന്തു നൽകാൻ കഴിയുമെന്ന ആലോചനയാണ് ഗ്ലോബൽ ഇസ്വ്‌ലാഹി മീറ്റിന്റെ സവിശേഷത. പണ്ഡിതന്മാരും സാമൂഹ്യ, രാഷ്ടീയ, വിദ്യാഭ്യാസ രംഗങ്ങളിലുള്ള പ്രമുഖരും പരിപാടിയിൽ വിവിധ സെഷനുകളിൽ സംബന്ധിക്കും. കുട്ടികൾക്ക് പ്രത്യേക പ്രോഗ്രാമും സമാന്തരമായി നടക്കും.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരമുണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് 9895580580 എന്ന നമ്പറിൽ വാട്‌സ് അപ്പ് ചെയ്യുക.

