വിസ്ഡം നേതാക്കൾ വയനാട് ദുരന്തമേഖല സന്ദർശിച്ചു

ന്യൂസ് ഡസ്ക്

2024 ആഗസ്റ്റ് 10, 1446 സ്വഫർ 06

വയനാട്: വിസ്ഡം നേതാക്കൾ വയനാട് ദുരന്തമേഖല സന്ദർശിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച പ്രൊജക്ട് തയ്യാറാക്കാനാവശ്യമായ വിവരശേഖരണമായിരുന്നു പ്രധാന ലക്ഷൃം. ഇതിനായി നേരിട്ട് വിവരങ്ങൾ അറിയാനായി ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ചു. ദുരന്തബാധിതർ, ചുമതലയുള്ള ഉദ്യോഗസ്ഥർ, സന്നദ്ധ സംഘങ്ങൾ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ഭാരവാഹികൾ, വളണ്ടിയേഴ്‌സ് എന്നിവരുമായി നേതാക്കൾ സംസാരിച്ചു.

വയനാട് എം.എൽ.എ ടി.എ സിദ്ധീഖുമായി നിലവിലുള്ള സാഹചര്യം സംബന്ധിച്ച് ചർച്ച നടത്തി. മേപ്പാടി പഞ്ചായത്ത് ഓഫീസിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റും മുഴുവൻ വീടും ഒഴുകിപ്പോയ മുണ്ടക്കൈ വാർഡിന്റെ മെമ്പറുമായ കെ.ബാബു, നാൽപത് വീടുകൾ പൂർണമായും 40 വീടുകൾ ഭാഗികമായും നഷ്ടപ്പെട്ട അട്ടമല വാർഡിലെ മെമ്പർ സുകുമാരൻ, നൂറിലധികം വീടുകൾ പൂർണമായും ഇരുപത്തിയഞ്ചിലധികം വീടുകൾ ഭാഗികമായും നഷ്ടപ്പെട്ട ചൂരൽമല വാർഡ് മെമ്പർ നൂറുദ്ദീൻ എന്നിവരുമായും ആശയ വിനിമയം നടത്തി.

പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലെ എകോപനം സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി എം.പി നൗഷാദുമായും സംസാരിച്ചു. ഉരുൾപൊട്ടലിന്റെ തലേദിവസം പഞ്ചായത്ത് നൽകിയ മുന്നറിയിപ്പുകളും പ്രളയസമയത്ത് സ്വീകരിച്ച രക്ഷാപ്രവർത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ അധികം താമസിയാതെ അധ്യയനം ആരംഭിക്കേണ്ടിവരും. സ്ഥിരമായ വീട് നിർമിക്കുന്നതുവരെ താൽക്കാലികമായി താമസിക്കാനുള്ള ഇടം കണ്ടെത്തൽ അൽപം ശ്രമകരമാണെന്ന ആശങ്ക പഞ്ചായത്ത് പ്രസിഡന്റ് പങ്കുവെച്ചു. ‘ഏതാനും ദിവസങ്ങൾ എല്ലാവരും സഹായവുമായി ഉണ്ടാകും. പിന്നീട് ഞങ്ങളും ഞങ്ങളുടെ നാട്ടുകാരും മാത്രമാകുമ്പോഴാണ് സഹായങ്ങൾ കൂടുതൽ ആവശ്യമായി വരിക. ഇപ്പോൾ ക്യാമ്പുകളിൽ ആവശ്യത്തിന് സാധനങ്ങളുണ്ട് ‘-അദ്ദേഹം പറഞ്ഞു.

പുനരധിവാസത്തിന് പദ്ധതി തയ്യാറാക്കുന്നതിനുമുമ്പ് ദുരിതബാധിതരുമായി ആശയവിനിമയം നടത്തി അവർക്ക് കൂടി തൃപ്തികരമായ പ്രൊജക്ട് തയ്യാറാക്കാൻ പഞ്ചായത്ത് മുൻകയ്യെടുക്കണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രളയബാധിതമായ മൂന്ന് വാർഡുകളിലും അവശേഷിക്കുന്ന വീടുകൾ പോലും സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പുതിയ സ്ഥലം കണ്ടെത്തി അവരെ മാറ്റിത്താമസിപ്പിക്കാൻ സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവരണം. വന്നാൽ മാത്രമെ പുനരധിവാസം സംബന്ധിച്ച പ്രായോഗിക നടപടികളിലേക്ക് സന്നദ്ധ സംഘടനകൾക്ക് പ്രവേശി ക്കാനാകൂ.

കൽപ്പറ്റയിൽ വിളിച്ചുചേർത്ത വിസ്ഡം റിലീഫ് വളണ്ടിയർ മീറ്റിൽ പങ്കെടുത്തു. ഈ ഘട്ടത്തിൽ നിരാലംബരായ മനുഷ്യരുടെ മാനസികാരോഗ്യം, ദുരിതാശ്വാസം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുകൾ സംഗമത്തിൽ പകർന്ന് നൽകി. മേപ്പാടിയിൽ ഒരുക്കിയ വിസ്ഡം കലക്ഷൻ സെന്ററും സന്ദർശിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, സി.പി സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ട്രഷറർ ശബീബ് മഞ്ചേരി, വിസ്ഡം യൂത്ത് സംസ്ഥാന വൈ. പ്രസി. ഡോ. വി.പി ബഷീർ മാസ്റ്റർ, മിസ്അബ് തങ്ങൾ, വയനാട് ജില്ലാ ഭാരവാഹികളായ അബ്ദുൽ ഫത്താഹ്, അബ്ദുറഹ്‌മാൻ, ശാഫി മദീനി എന്നിവരാണ് സന്ദർശക സംഘത്തിലുണ്ടായിരുന്നത്.