മലയാളികൾ ഒഴുകിയെത്തി ബംഗളൂരു ഫാമിലി കോൺഫറൻസിന് ഉജ്ജ്വലമായ സമാപനം

ന്യൂസ് ഡസ്ക്

2024 ജൂലായ് 27, 1446 മുഹർറം 21

ബംഗളൂരു: കുടുംബകങ്ങളിൽ കുളിരു പകർന്നുകൊണ്ട് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വ്യാപകമായി സംഘടിപ്പിച്ചുവരുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായി ബംഗളൂരുവിൽ നടന്ന കോൺഫറൻസ് മലയാളികളുടെ വർധിച്ച പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

പരിപാടി പ്രഖ്യാപിച്ച നാൾമുതൽ ബംഗളൂരുവിലെ പ്രവർത്തകർ അക്ഷീണം അധ്വാനിച്ചപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹത്താൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തുകയായിരുന്നു. പഠനത്തിനും ജോലിക്കുമായി ബംഗളൂരുവിൽ എത്തുന്ന മലയാളികൾക്ക് അവരുടെ വിശ്വാസ വിശുദ്ധിയും കുടുംബ ഭദ്രതയും കാത്തുസൂക്ഷിക്കാൻ കരുത്തുപകരുന്നതായിരുന്നു ഫാമിലി കോൺഫ്രൻസിലെ ഓരോ പ്രഭാഷണവും. ലിബറലിസത്തിലൂടെ മതനിരാസത്തിലേക്ക് പുതുതലമുറയെ കൂട്ടിക്കൊണ്ടുപോകാനായി ആവിഷ്‌കരിച്ച ആശയങ്ങളുടെ അടിത്തറ തകർക്കുന്നതായിരുന്നു പ്രോഗ്രാമിന്റെ ഉള്ളടക്കം.

വൈകുന്നേരം 3:45ന് ആരംഭിച്ച കോൺഫറൻസ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി പ്രഫ.ഹാരിസ് ബിൻ സലീം സ്വസ്ഥമായ കുടുംബജീവിതത്തിലേക്കുള്ള മാർഗനിർദേശങ്ങൾ നൽകി സംസാരിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം റഷീദ് കൊടക്കാട്ട് ആമുഖ സംസാരം നടത്തി. ഹുസൈൻ സലഫി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശരീഫ് ഏലാങ്കോട്, സംസ്ഥാന എക്‌സിക്യൂട്ടീവംഗങ്ങളായ അശ്‌റഫ് വെൽക്കം, ഡോ. ഷാനവാസ് പറവണ്ണ, ഓൾ ഇന്ത്യ കെ.എം.സി.സി ജനറൽ സെക്രട്ടറി കെ. നൗഷാദ്, ബി.എം.എ ജനറൽ സെക്രട്ടറി പി.വി.അശ്‌റഫ്, ജമാഅത്തെ ഇസ്‌ലാമി ബംഗളൂരു മേഖലാ ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തുർ, ബംഗളൂരു ഇസ്വ്‌ലാഹി സെന്റർ പ്രസിഡന്റ് പി.വി. ബഷീർ, വിസ്ഡം ബംഗളൂരു പ്രസിഡന്റ് ഹബീബ്, ട്രഷറർ സി.പി. ഷഹീർ, സെക്രട്ടറി ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു. സമ്മേളനത്തോ ടനുബന്ധിച്ച് കുട്ടികൾക്കായി കളിച്ചങ്ങാടവും പുസ്തകമേളയും നടന്നു.