‘ക്യാമ്പസ് കോൺക്ലേവ്’ സമാപിച്ചു
ന്യൂസ് ഡസ്ക്
2024 ഫെബ്രുവരി 03, 1445 റജബ് 22

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ‘ക്യാമ്പസ് കോൺക്ലേവ്’ സമാപിച്ചു. കേരളത്തിലെ വിവിധ ആർട്‌സ്&സയൻസ് ക്യാമ്പസുകളിലെ വിദ്യാർഥി-വിദ്യാർഥിനി പ്രതിനിധികൾക്കു വേണ്ടിയാണ് സംഗമം ഒരുക്കിയത്.
ദിശയറിയാതലയുന്ന ക്യാമ്പസ് കൗമാരത്തിന് ധാർമികതയുടെയും മതബോധത്തിന്റെയും നല്ല പാഠങ്ങൾ പകർന്നുനൽകാനുള്ള പദ്ധതികൾ സംഗമത്തിൽ ആവിഷ്‌കരിച്ചു. ഫെബ്രുവരി 25ന് നടക്കുന്ന ‘മീറ്റ് ദ സ്‌കോളേഴ്‌സ്,’ റമദാനിൽ നടത്തുന്ന ‘അൽബയാൻ ക്വുർആൻ കോണ്ടസ്റ്റ്,’ ‘ക്യാമ്പസ് ഇഫ്ത്വാർ മീറ്റ്,’ ‘ഇൻ ദ ഷേഡ് ഓഫ് ക്വുർആൻ’ തുടങ്ങിയ പരിപാടികൾക്ക് സംഗമം അന്തിമരൂപം നൽകി. വിസ്ഡം സ്റ്റുഡന്റ്‌സ്് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷമീൽ ടി. ഉദ്ഘാടനം ചെയ്തു. ജമാൽ ചെറുവാടി, ലുബൈബ് പി, ഡോ. ഷഹബാസ് കെ അബ്ബാസ്, ശംജാസ് കെ അബ്ബാസ് എന്നിവർ വിവിധ സെഷനുകളിൽ വിഷയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന ക്യാമ്പസ് വിംഗ് ചെയർമാൻ സ്വഫ്‌വാൻ ബറാമി അൽഹികമി, വൈസ് ചെയർമാൻ അബ്ദുൽ മാജിദ് ചുങ്കത്തറ, കൺവീനർ ഷാനിബ് കാര, ബർജീസ് കൊടിയത്തൂർ, സിയാദ് അരീക്കോട് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
കേരള യൂത്ത് കോൺഫറൻസ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ന്യൂസ് ഡസ്ക്
മലപ്പുറം: ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗ നൈസേഷൻ സംസ്ഥാന സമിതി ഫെബ്രുവരി 10,11 (ശനി, ഞായർ) ദിവസങ്ങളിൽ മലപ്പുറത്തുവച്ച് നടത്തുന്ന കേരള യൂത്ത് കോൺഫറൻസിന്റ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സ്വാഗതസംഘകമ്മിറ്റി യോഗം വിലയിരുത്തി.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷനായി. കോൺഫറൻസിനോടനുബന്ധിച്ച് കേരളത്തിന്റ വിവിധ ജില്ലകളിലും മണ്ഡലങ്ങളിലും യൂണിറ്റുകളിലു മായി നടന്ന വ്യത്യസ്ത പരിപാടികളെക്കുറിച്ച് അവലോകനം നടത്തി.
ലഹരിവിരുദ്ധ ബോധവൽക്കരണ ഭാഗമായി ടോക് ഷോ, ‘ലിബറലിസം സർവനാശം’ എന്ന വിഷയത്തിൽ ജനകീയ വിചാരണ, സൗഹൃദ സംഗമങ്ങൾ, വർഗീയ-ഫാഷിസ്റ്റ് ആശയങ്ങൾക്കെതിരെയുള്ള ടേബിൾ ടോക്കുകൾ, ലഹരിക്കെതിരെയുള്ള ബോധവത്ക്കരണം ലക്ഷ്യമാക്കി സംഘടിപ്പിച്ച ടോക് ഷോകൾ, ടാലന്റ് ലീഗ് വൈജ്ഞാനിക മത്സരങ്ങൾ, അന്യസംസ്ഥാന തൊഴിലാളി സംഗമങ്ങൾ, തീരദേശ സമ്മേളനങ്ങൾ, ആദർശ മുഖാമുഖങ്ങൾ, വിവിധ വിഷയങ്ങളിലുള്ള വർക്‌ഷോപ്പുകൾ, സന്ദേശപ്രയാണം, സൗഹൃദഹസ്തം, ഗൃഹസന്ദർശനങ്ങൾ, തസ്‌ഫിയ ആദർശ സമ്മേളനങ്ങൾ, പൊതുപ്രഭാഷണങ്ങൾ, സന്ദേശദിനം, വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതി-യുവാക്കൾക്കുള്ള പ്രീമാരിറ്റൽ ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ യൂത്ത്‌കോൺഫറൻസിന്റ ഭാഗമായി തെരഞ്ഞടുക്കപ്പെട്ട സ്ഥലങ്ങളിൽ നടന്നുവരുന്നു.
യുവാക്കളെ സാമൂഹികസേവന സജ്ജരാക്കുക, രാഷ്ട്രനിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാ കാൻ പ്രേരിപ്പിക്കുക, ഭീകരവാദ-തീവ്രവാദ ആശയങ്ങൾക്കെതിരെ പ്രബുദ്ധരാക്കുക, സമാധാന സന്ദേശ പ്രചാരണത്തിൽ പങ്കാളികളാക്കുക, തൊഴിൽ നൈപുണ്യം നേടുന്നതിനൊപ്പം സത്യസന്ധതയുടെയും ആത്മാർഥയുടെയും അനിവാര്യത ബോധ്യപ്പെടുത്തുക, അന്ധവിശ്വാസ-അനാചാരങ്ങളിൽ നിന്ന് മുക്തമാകാൻ സമൂഹത്തെ ബോധവൽകരിക്കുക, സാഹോദര്യവും സഹവർത്തിത്വവും ജീവിതശൈലിയായി സ്വീകരിക്കുന്ന സമൂഹത്തെ വാർത്തെടുക്കുക എന്നിവയെല്ലാം സമ്മേളന ലക്ഷ്യമാണ്.
സംസ്ഥാന ഭാരവാഹികളായ ടി.കെ നിഷാദ് സലഫി, അൻഫസ് മുക്‌റം, ഡോ.പി.പി.നസീഫ്, ഡോ.അബ്ദുൽ മാലിക് പി.പി, സിനാജുദ്ദീൻ, മുസ്തഫ മദനി, ജംഷീർ സ്വലാഹി, ഫിറോസ് സ്വലാഹി, യു. മുഹമ്മദ് മദനി, അബ്ദുൽ ഖാദർ പറവണ്ണ, റഫീഖ് അലി ഇരിവേറ്റി പ്രസംഗിച്ചു.

