ദുഷ്പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം

വിസ്ഡം ആദർശ സമ്മേളനം

2024 നവംബർ 16, 1446 ജു. ഊലാ 14

കോഴിക്കോട്: ഇസ്‌ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് വികലമായ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച മുജാഹിദ് ആദർശ സമ്മേളനം ആഹ്വാനം ചെയ്തു.

‘തൗഹീദ്, പ്രമാണം, പ്രസ്ഥാനം’ എന്ന പ്രമേയത്തിലാണ് ആദർശ സമ്മേളനം സംഘടിപ്പിച്ചത്. അധികാര ദുർവിനിയോഗത്തിലൂടെ സംഘടനാ സംവിധാനങ്ങൾ പിടിച്ചടക്കുകയും ഇസ്‌ലാമിക പ്രമാണങ്ങളെയും വിശ്വാസ-ആചാരങ്ങളെയും തള്ളിപ്പറയുകയും ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കെതിരെ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്നും സമ്മേളനം കൂട്ടിച്ചേർത്തു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, ഫൈസൽ മൗലവി പുതുപ്പറമ്പ്, പ്രൊഫ. ഹാരിസ് ഇബ്‌നു സലീം, സി.പി സലീം, അബ്ദുൽ മാലിക് സലഫി, താജുദ്ദീൻ സ്വലാഹി, നിഷാദ് സലഫി, ശമീൽ മഞ്ചേരി എന്നിവർ വിഷയാവതരണം നടത്തി.


പാലക്കാട് ജില്ലാ സർഗവസന്തം

അലനല്ലൂർ മണ്ഡലം ജേതാക്കൾ

പാലക്കാട്: വിസ്ഡം പാലക്കാട് ജില്ലാ എജ്യുക്കേഷൻ ബോർഡ് സംഘടിപ്പിച്ച ജില്ലാ ‘സർഗവ സന്തം’ സാഹിത്യ-വൈജ്ഞാനിക മത്സരങ്ങളിൽ 475 പോയിന്റോടെ അലനല്ലൂർ മണ്ഡലം ഓവറോൾ ജേതാക്കളായി. 447 പോയിന്റോടെ പട്ടാമ്പി മണ്ഡലം രണ്ടാം സ്ഥാനവും, 440 പോയിന്റുമായി തച്ചമ്പാറ മണ്ഡലം മൂന്നാം സ്ഥാനവും നേടി.

പേഴുങ്കര മോഡൽ ഹൈസ്‌കൂളിൽ നടന്ന പരിപാടിയിൽ എടത്തനാട്ടുകര, അലനല്ലൂർ, മണ്ണാർക്കാട്, തച്ചമ്പാറ, ഒലവക്കോട്, പാലക്കാട്, ആലത്തൂർ, ഒറ്റപ്പാലം, പട്ടാമ്പി എന്നീ മണ്ഡലങ്ങളിൽനിന്നായി 800ൽ അധികം പ്രതിഭകൾ പങ്കെടുത്തു.

കിഡ്‌സ്, ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി 107 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് പി.ഹംസക്കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് അധ്യക്ഷത വഹിച്ചു.

മോഡൽ ഹൈസ്‌കൂൾ ഓർഫനേജ് മാനേജർ എൻ.പി.മുഹമ്മദ് അഷ്‌റഫ്, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ ട്രഷറർ മുജീബ് റഹ്‌മാൻ കൊടുവായൂർ, കെ.അർഷദ് സ്വലാഹി, ഉണ്ണീൻ ബാപ്പു. ശാഫി അൽഹികമി, അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം വി. ഷൗക്കത്തലി അൻസാരി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ജാഫറലി അധ്യക്ഷനായി. ഒ.മുഹമ്മദ് അൻവർ, നൗഫൽ കളത്തിങ്കൽ, സാദിക് അബ്ദുല്ല എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം വിസ്ഡം ജില്ലാ ഭാരവാഹികൾ നടത്തി.