രാജ്യത്തെ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത തകർത്തത് സംബന്ധിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണം
വിസ്ഡം
2024 ജൂൺ 29, 1445 ദുൽഹിജ്ജ 22

കോഴിക്കോട്: പൊതുസമൂഹം വിശ്വാസ്യതയോടെ കണ്ടിരുന്ന പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത തകർത്ത സംഭവത്തെ സംബന്ധിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികൾ തങ്ങളുടെ സമയവും പണവും ചെലവഴിച്ച് തയ്യാറെടുക്കുന്ന പരീക്ഷ സംവിധാനങ്ങളിലേക്ക് അഴിമതി കൊണ്ടുവന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി പ്രതികരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
കേന്ദ്രീകൃത പരീക്ഷാ സംവിധാനം എൻടിഎയിൽനിന്നും എടുത്തുമാറ്റി മുൻകാലങ്ങളിൽ നടത്തിയപോലെ വിവിധ അക്കാദമിക ബോഡികൾക്കു കീഴിൽ നടത്താനുള്ള സൗകര്യമൊരുക്കാൻ സർക്കാർ തയ്യാറാകണം.
പ്ലസ്ടു സീറ്റ് പ്രശ്‌നങ്ങൾ പരിഹരിക്കാതെ സർക്കാർ ഒളിച്ചോടുന്നത് ആശങ്കാജനകമാണ്. കുട്ടികൾ മികച്ച മാർക്കു വാങ്ങി എസ്.എസ്.എൽ.സി പാസ്സായിട്ടും തുടർപഠനത്തിന് സൗകര്യമൊരുക്കാതിരിക്കുന്നത് കടുത്ത അനീതിയാണ്.
എല്ലാ കുട്ടികകളുടെയും പ്ലസ്ടുവരെയുള്ള പഠനം രാജ്യത്തിന്റെ ബാധ്യതയായിട്ടും ഉത്തരവാദപ്പെട്ടവർ മൗനം പാലിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ബാച്ചുകൾ അനുവദിച്ച് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും ജനറൽ കൗൺസിൽ നിർദേശിച്ചു.
ലജ്‌നതുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ ചെയർമാൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റെ് പി.എൻ അബ്ദുല്ലത്വീഫ് മദനി ആധ്യക്ഷ്യം വഹിച്ചു.
ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി, ലജ്‌നതുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ കൺവീനർ ശമീർ മദീനി, വിസ്ഡം സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി, പ്രൊഫ. ഹാരിസ് ഇബ്‌നു സലീം, ട്രഷറർ കെ. സജ്ജാദ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, ജനറൽ സെക്രട്ടറി നിഷാദ് സലഫി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ് അർഷദ് താനൂർ, ജനറൽ സെക്രട്ടറി മുഹമ്മദ് ശമീൽ, സി.പി അബ്ദുൽ അസീസ്, ഹുസൈൻ കാവനൂർ, ഡോ. മുഹമ്മദ് ശഹീർ എന്നിവർ സംസാരിച്ചു.

