മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നത് അപലപനീയം
വിസ്ഡം യൂത്ത്
2024 ജനുവരി 06, 1445 ജു.ഉഖ്റാ 24

മൈസുരു: സുതാര്യവും സത്യസന്ധവുമായ മാധ്യമ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്നതും മാധ്യമപ്രവർത്തകർക്കെതിരെ അകാരണമായി കേസെടുക്കുന്നതും അപലപനീയമാണെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി മൈസുരുവിൽ സംഘടിപ്പിച്ച പ്രമേയ സമ്മേളനം അഭിപ്രായപ്പെട്ടു.
സമൂഹത്തിൽ വർഗീയതയും വിദ്വേഷവും പരത്തുന്നവർക്കെതിരെ നിസ്സംഗരാകുന്ന സമീപനവും നീതിയല്ല. വനിതാ മാധ്യമപ്രവർത്തകരോട് അപമര്യാദയായി പെരുമാറുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. മാധ്യമ പ്രവർത്തകരായ വനിതകൾക്ക് നേരെയാണ് ഇത്തരം അതിക്രമങ്ങൾ നടന്നതെന്നത് അതീവ ഗൗരവമുള്ളതും അതിനെതിരെയുളള സാംസ്‌കാരിക മൗനം ആശ്ചര്യപ്പെടുത്തുന്നതുമാണ്. വിദ്യാർഥികളിൽ തങ്ങളുടെ ലിംഗസ്വത്വത്തെ കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കി സ്ത്രീജനങ്ങളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതിനെതിരെ സമൂഹം കരുതിയിരിക്കണം. എൻ.എസ്.എസ് ക്യാമ്പുകളിലെ ‘സമദർശൻ’ ക്ലാസ്സിന് വേണ്ടിയുളള പാഠഭാഗങ്ങൾ മാനവ വിരുദ്ധവും ശാസ്ത്ര നിഷേധവുമാണ്. പൊതുസ്ഥാപനങ്ങളുപയോഗിച്ച് സാംസ്‌കാരിക ജീർണതകളെ അടിച്ചേൽപിക്കുന്നത് കടുത്ത അനീതിയും ജനാധിപത്യവിരുദ്ധവുമാണെന്നും പ്രമേയ സമ്മേളനം അഭിപ്രായപ്പെട്ടു.
‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 10, 11 തീയതികളിൽ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി മലപ്പുറത്തുവെച്ച് നടത്തുന്ന കേരള യൂത്ത് കോൺഫറൻസിെന്റ പ്രമേയ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി ഉൽഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പിപി നസീഫ് അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ റഷീദ് കൊടക്കാട്ട്, അബ്ദുഹ്‌മാൻ മദനി, സിദ്ദീഖ് തങ്ങൾ, വിസ്ഡം സ്റ്റുഡന്റ്‌സ് നാഷണൽ കമ്മിറ്റി അംഗം മുഹമ്മദ് ബിൻ ശാകിർ, മുഹമ്മദ് അസ്‌ലം നജാത്തി, ഫാസിൽ എന്നിവർ പ്രസംഗിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുടെ ആദർശമാറ്റം, പൊതുസമൂഹത്തോട് വിശദീകരിക്കണം
വിസ്ഡം ജനറൽ കൗൺസിൽ
കോഴിക്കോട്: പൊതുഭരണസംവിധാനത്തിലെ പങ്കാളിത്തം, ജനാധിപത്യ ഗവൺമെന്റുകളെ തെരഞ്ഞെടുക്കുന്നതിന് വോട്ടെടുപ്പിൽ പങ്കെടുക്കൽ തുടങ്ങിയവ അനുവദിക്കാമെന്ന് തങ്ങളുടെ ‘ഭരണഘടനാ ഭേദഗതി’യിലൂടെ പ്രഖ്യാപിച്ച അടിസ്ഥാനമാറ്റം സംബന്ധിച്ച് പൊതുസമൂഹത്തോട് വിശദീകരിക്കാൻ ജമാഅത്തെ ഇസ്‌ലാമിക്ക് ബാധ്യയുണ്ടെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.
ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കൽ നിഷിദ്ധമാണെന്ന് പ്രചരിപ്പിക്കുകയും ഇസ്‌ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനിച്ച് സമൂഹത്തെയും അണികളെയും തെറ്റുധരിപ്പിക്കുകയും മുസ്‌ലിം സമൂഹത്തെ പിറകോട്ട് വലിക്കാൻ വേണ്ടി ശ്രമിക്കുകയും ചെയ്തത് കടുത്ത വഞ്ചനയാണ്. ഗുരുതരമായ ഈ വീഴ്ചയെപ്പറ്റി ശരിയാംവിധം പരസ്യമായി പൊതുസമൂഹത്തിന്റെ മുമ്പിൽ വിശദീകരിക്കേണ്ടതുണ്ട്.
മതവിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ഇസ്‌ലാം എക്കാലഘട്ടത്തും ഏതു സമൂഹത്തിലേക്കും പ്രായോഗികമായ നിർദേശങ്ങളും നിയമങ്ങളുമാണ് മുന്നോട്ടു വെക്കുന്നതെന്നുമുള്ള ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ നേതാക്കളുടെ സുചിന്തിതവും പ്രാമാണികവുമായ വീക്ഷണം സ്വീകരിക്കപ്പെടുന്നത് സ്വാഗതാർഹമാണെന്നും ജനറൽ കൗൺസിൽ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സ്‌കൂൾ വിദ്യാഭ്യാസ പഠന നിലവാരം സംബന്ധിച്ച് ഓഡിറ്റിംഗ് നടക്കണമെന്ന് ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. എ പ്ലസ്സും വിജയശതമാനവും വർധിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ വിദ്യാഭ്യാസ നിലവാരത്തിൽ സംസ്ഥാനം പിറകിലാണെന്ന റിപ്പോർട്ട് ആശങ്കാജനകമാണെന്നും ജനറൽ കൗൺസിൽ വിലയിരുത്തി. ആഗോളതലത്തിൽ കേരളം പുറന്തള്ളപ്പെട്ടുപോകുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാറും വിദ്യാഭ്യാസ പ്രവർത്തകരും അടിയന്തിരമായി ഇടപെടണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, നാസിർ ബാലുശ്ശേരി, അബൂബക്കർ സലഫി, ഫൈസൽ മൗലവി പുതുപ്പറമ്പ്, ഹാരിസ്ബ്നുസലീം, അബ്ദുൽ മാലിക് സലഫി, വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ സ്വലാഹി, വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് അർഷദ് താനൂർ, ജനറൽ സെക്രട്ടറി മുഹമ്മദ് ശമീൽ തുടങ്ങിയവർ സംസാരിച്ചു.

