വിസ്ഡം യൂത്ത് കേരള ടീച്ചേഴ്‌സ് കോൺഫറൻസ് പെരിന്തൽമണ്ണയിൽ
ന്യൂസ് ഡസ്ക്
2024 ജൂലായ് 13, 1446 മുഹർറം 07

കോഴിക്കോട്: അധ്യാപനവും വിദ്യാലയവും പ്രശ്‌ന കലുഷിതമാകുന്ന കാലത്ത് വിദ്യാർഥിസമൂഹത്തെ വഴി നടത്താനും അധ്യാപകരുടെ ആത്മവിശകലനങ്ങൾക്ക് വേദിയൊരുക്കാനും വിസ്ഡം യൂത്ത് എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന കേരള ടീച്ചേഴ്‌സ് കോൺഫറൻസ് ഈ വർഷം പെരിന്തൽമണ്ണയിൽ നടക്കും.
വിദ്യാർഥികളിലെ അധാർമിക പ്രവണതകൾ, അക്രമവാസനകൾ, അതിർത്തിവിടുന്ന ആഘോഷങ്ങൾ, പോൺ അഡിക്ഷൻ തുടങ്ങിയ വിവിധ വിഷയങ്ങളിൽ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന സമ്മേളനം അധ്യാപകർക്ക് വഴികാണിച്ചിട്ടുണ്ട്.
ജെൻഡർ പൊളിറ്റിക്‌സിന്റെ പേരിൽ വൃത്തികെട്ട ലിബറൽ ആശയങ്ങൾ സിലബസിലേക്ക് കടത്തിക്കൂട്ടാനുള്ള ശ്രമങ്ങളിൽ അധ്യാപകർക്ക് കൃത്യമായ അവബോധം പകരാൻ കേരള ടീച്ചേഴ്‌സ് കോൺഫറൻസ് ഉപകാരപ്പെട്ടിട്ടുണ്ട്. തിരൂരിലും മഞ്ചേരിയിലുമായി രണ്ട് സെഷനുകളാണ് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സംഘടിപ്പിക്കപ്പെട്ടത്. ഈ വർഷം കൂടുതൽ പുതുമകളോടെയും പുതിയ കാഴ്ചപ്പാടുകളോടെയുമാണ് പെരിന്തൽമണ്ണയിൽ സമ്മേളനം സംഘടിപ്പിക്കുക.
ജൂലായ് 7ന് കാസർകോട് മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് പ്രഖ്യാപന സമ്മേളനം നടന്നു.
‘ഒപ്പം’ സ്‌നേഹയാത്രയ്ക്ക് തുടക്കമായി
ന്യൂസ് ഡസ്ക്
കോഴിക്കോട്: വിസ്ഡം യൂത്ത് കോഴിക്കോട് സൗത്ത് ജില്ലാസമിതിയുടെ കീഴിൽ 2024 ആഗസ്റ്റ് നാലിന് ഫറോക്കിൽ വെച്ച് സംഘടിപ്പിക്കപ്പെടുന്ന വൈജ്ഞാനിക യുവജന സംഗമത്തിന്റെ പ്രചാരണത്തോടനുബന്ധിച്ച് വിവിധ ശാഖകളിൽ ‘ഒപ്പം’ എന്ന പേരിൽ സ്‌നേഹയാത്രകൾ സംഘടിപ്പിച്ചുവരുന്നു.
വൈജ്ഞാനിക യുവജന സംഗമത്തിൽ പങ്കെടുക്കേണ്ട എല്ലാ പ്രതിനിധികളെയും നേരിട്ടു കണ്ട് ക്ഷണിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഓരോ ശാഖയിലും യോഗങ്ങളും ഗൃഹ സന്ദർശനങ്ങളും സ്‌നേഹസായാഹ്നങ്ങളും സംഘടിപ്പിക്കും.
ജില്ലാഭാരവാഹികളുടെയും പ്രവർത്തകസമിതി അംഗങ്ങളുടെയും ആഭിമുഖ്യത്തിലാണ് സ്‌നേഹ യാത്രകൾ നടക്കുന്നത്. ഇതിന്റെ ഉദ്ഘാടനകർമം വിസ്ഡം യൂത്ത് ജില്ലാ ട്രഷറർ ജാബിർ നന്മണ്ട നിർവഹിച്ചു.
മെഡിക്കൽ കോളേജ് മണ്ഡലത്തിലെ കാട്ടുകുളങ്ങര ശാഖയാണ് സ്‌നേഹയാത്രയെ വരവേറ്റത്. വരുന്ന ആഴ്ചകളിൽ വിവിധ മണ്ഡലങ്ങളിലെ ശാഖകളിലൂടെ യാത്രകൾ കടന്നുപോകും.

