അക്രമികൾക്ക് രാഷ്ട്രീയ അഭയം നൽകുന്നത് അക്രമം വർധിപ്പിക്കുന്നു

വിസ്ഡം

2024 മാർച്ച് 09, 1445 ശഅ്ബാൻ 28

കോഴിക്കോട്: ക്യാംപസുകളിൽ അക്രമ പ്രവർത്തനങ്ങൾക്കും കൊലപാതകങ്ങൾക്കും നേതൃത്വം നൽകുന്ന പ്രവർത്തകർക്ക് രാഷ്ട്രീയ അഭയവും നിയമ പോരാട്ടത്തിനുള്ള പിന്തുണയും നൽകുന്നതാണ് ക്യാംപസ് കൊലപാതകങ്ങൾ അധികരിച്ചുവരുന്നതിന്റെ അടിസ്ഥാന കാരണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ലീഡേഴ്‌സ് ക്യാംപ് അഭിപ്രായപ്പെട്ടു

ക്യാംപസുകളിലെ അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നവർ പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെടാതെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതാണ് വിദ്യാർഥികളിൽ അക്രമവാസനയും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളും വർധിക്കാനിടയാക്കുന്നത്.

ക്യാംപസുകളിൽ പ്രവർത്തനസ്വാതന്ത്ര്യം ഒരു വിഭാഗത്തിനു മാത്രമായി ഒതുക്കുകയും അധ്യാപകരുടെകൂടി പിന്തുണയോടെ മറ്റു സംഘടനകളിൽപ്പെട്ട വിദ്യാർഥികളെ ഭീഷണിപ്പെടുത്തി നിയന്ത്രിക്കുകയും ചെയ്യുന്നത് ഫാഷിസ്റ്റ് ശൈലിയാണ്.

മതനിരപേക്ഷ കക്ഷികൾ പരസ്പരം മത്സരിച്ച് വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. ജനജീവിതം ദുസ്സഹമാകുന്നവിധം വിലക്കയറ്റം വർധിച്ചു വരുന്നത് ആശങ്കാജനകമാണ്.

അർഹരായവർക്കുള്ള ക്ഷേമ പെൻഷനുകളുടെ കുടിശ്ശിക കൊടുത്തുതീർക്കാനും ആരോഗ്യ മേഖലയിലെ വിവിധ ക്ഷേമപദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കാനും സർക്കാർ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ലീഡേഴ്‌സ് ക്യാംപ് ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി. കെ അഷ്‌റഫ് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ ഹാരിസ് ഇബ്‌നു സലീം, നാസിർ ബാലുശ്ശേരി, മുഹമ്മദ് സ്വാദിഖ് മദീനി, റഷീദ് കൊടക്കാട്ട്, അബ്ദുല്ല ഫാസിൽ, റഷീദ് മാസ്റ്റർ കാരപ്പുറം എന്നിവർ പ്രസംഗിച്ചു.