പ്രബോധന മേഖലയിൽ പുതുവെളിച്ചം പകർന്ന് ‘അത്തഹ്ക്വീക്വ്’ ക്യാമ്പിന് സമാപനം

ന്യൂസ് ഡസ്ക്

2024 നവംബർ 02, 1446 റ. ആഖിർ 30

മലപ്പുറം: അഹ്‌ലുസ്സുന്നയുടെ ആദർശത്തിൽനിന്ന് ബഹുദൂരം അകന്നുകൊണ്ടിരിക്കുന്ന വിവിധങ്ങളായ കക്ഷികളുണ്ട്. വ്യതിചലിക്കാനുള്ള കാരണങ്ങളും അഹ്‌ലുസ്സുന്നയിൽ നിന്ന് വേറിട്ടുനിൽക്കാനുള്ള ആശയങ്ങളും തിരിച്ചറിയുമ്പോഴാണ് ജനങ്ങളെ സൽപാതയിലേക്ക് വഴിനടത്താൻ കഴിയുക.

പ്രബോധകരുടെ വൈജ്ഞാനിക ശാക്തീകരണത്തിനായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷ ന്റെ ദഅ്‌വ വകുപ്പ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സംരംഭമാണ് അത്തഹ്ക്വീക്വ്. അതിന്റെ പുതിയ വേർഷനാണ് തുടക്കം കുറിച്ചത്. ഹാകിമിയ്യത്ത്, ഇബാദത്തും ഇത്വാഅത്തും, അറബ് വസന്തം, ഖിലാഫത്ത്, മുലൂകിയ്യത്ത്, തൗഹീദ്, മതരാഷ്ട്ര വാദത്തിന്റ സ്വതന്ത്ര മുഖം, ശീഇസം വരിഞ്ഞു മുറുക്കിയ വിവിധ ഇസങ്ങൾ, സൂഫിസത്തിന്റ മതരാഷ്ട്രവാദ സങ്കൽപങ്ങൾ, രാഷ്ട്രീയ ഇസ്‌ലാമിന്റെ പരിണാമങ്ങൾ തുടങ്ങിയ ഗഹനമായ വിഷയങ്ങളാണ് പഠനവിധേയമാക്കിയത്. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച പഠന ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്ർ സലഫി ആധ്യക്ഷ്യം വഹിച്ചു. അബ്ദുറഹ്‌മാൻ ആദൃശ്ശേരി, അൻവർ അബൂബക്ർ, അബ്ദുൽ മാലിക് സലഫി, ശുറൈഹ് സലഫി, ശബീബ് സ്വലാഹി, മൂസ സ്വലാഹി വിഷയമവതരിപ്പിച്ചു. ഫൈസൽ മൗലവി, ഹാരിസ് ബിൻ സലീം, താജുദ്ദീൻ സ്വലാഹി, നബീൽ രണ്ടത്താണി, കെ.സജ്ജാദ് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. അബ്ദുല്ലാ ഫാസിൽ സ്വാഗതവും സഫീർ അൽഹികമി സമാപന സംസാരവും നിർവഹിച്ചു.


വിസ്ഡം ബുക്‌സിൽനിന്ന് രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങൾ ഷാർജ ബുക്‌ഫെയറിൽ പ്രകാശിതമാകുന്നു

ന്യൂസ് ഡസ്ക്

കേരളത്തിൽ ഇടയ്ക്കിടെ ചർച്ചയാകുന്ന ഒരു വിഷയമാണ് ഐഎസ് റിക്രൂട്ട്‌മെന്റ്. ആരാണ് ഐഎസ്? എന്താണ് അവരുടെ ലക്ഷ്യം? എന്തുകൊണ്ട് ഇവരെ മുസ്‌ലിംകളിലേക്ക് ചേർത്ത് പറയുന്നു? ഈ വിഷയങ്ങൾ ലോക മുസ്‌ലിം പണ്ഡിതന്മാരും കേരളത്തിലെ മുഖ്യധാരാ മുസ്‌ലിം സംഘടനകളും പല സന്ദർഭങ്ങളിലായി വ്യക്തത വരുത്തിയതാണ്. അതൊന്നും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് എന്തെങ്കിലും ഒരു വിഷയം വരുമ്പോൾ വീണ്ടും ഈ തീവ്രവാദ സംഘത്തെ മുസ്‌ലിംകൾക്കു മേൽ വച്ചുകെട്ടി ഇസ്‌ലാമിനെയും അതിന്റെ അനുയായികളെയും അപരവത്കരിക്കുന്നത് പതിവാണ്.

ഇതിനൊരു അറുതിയുണ്ടാകുംവിധം ഐഎസിനെ സംബന്ധിച്ച് സമഗ്രമായൊരു വിശകലനം ഉൾക്കൊള്ളുന്ന പുസ്തകമാണ് വിസ്ഡം ബുക്‌സ് ഷാർജ ബുക്‌ഫെയറിൽവച്ച് പ്രകാശനം ചെയ്യുന്ന Religion of IS എന്ന പേരിൽ ഇംഗ്ലീഷിൽ പുറത്തിറക്കുന്ന പുസ്തകം.

ഈ പുസ്തകത്തിൽ ഭീകരവാദത്തിന്റെ വേരുകൾ സംബന്ധിച്ചുള്ള ആഴത്തിലുള്ള അന്വേഷണമുണ്ട്. ഐഎസിന്റെ പിന്നിൽ ആരാണെന്ന കാര്യം തുറന്നു കാണിക്കുന്നുണ്ട്. കേരളത്തിൽ വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ഭീകരവാദത്തിനെതിരെ നടത്തിയ മുന്നേറ്റങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. അബ്ദുൽ മാലിക് സലഫിയാണ് രചയിതാവ്.

നിരീശ്വരവാദം പുതിയ രൂപത്തിലും ഭാവത്തിലും പുതിയ ജനറേഷനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ATHEISM The Wasteland Of Reason എന്ന പേരിൽ ഇംഗ്ലീഷിൽ തന്നെ മറ്റൊരു പുസ്തകവും പ്രകാശിതമാകുന്നുണ്ട്. നാസ്തികതയുടെ പൊള്ളത്തരങ്ങളെയും അവരുടെ മാനവിക വിരുദ്ധമായ നീക്കങ്ങളെയും ഈ പുസ്തകത്തിൽ തുറന്നുകാണിക്കുന്നുണ്ട്. ഡോ.സി.പി അബ്ദുല്ലാ ബാസിലാണ് രചയിതാവ്. ഇന്ത്യൻ ദേശീയ പത്രങ്ങളിലും ലോകത്ത് വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളിലൂടെയുമാണ് കൂടുതലായി ഐഎസിനെ മുസ്‌ലിംകളുടെ ചുമലിൽ കെട്ടിവയ്ക്കുന്ന പ്രവണത കാണുന്നത്. നാസ്തികതയുടെ തടവറയിൽ കഴിയുന്നവരിൽ പലരും ഇംഗ്ലീഷിനെയാണ് കൂടുതൽ ആശ്രയിക്കുന്നത്. ഇതിനെല്ലാം ഒരു തിരുത്തായി ഈ രണ്ടു പുസ്തകങ്ങൾ ഏറെ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.