പതിനൊന്നാമത് ഫാമിലി കോൺഫറൻസിന് എറണാകുളത്ത് സമാപനം
ന്യൂസ് ഡസ്ക്
2024 മെയ് 18, 1445 ദുൽഖഅദ് 10

ആലുവ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാകേന്ദ്രങ്ങളിൽ നടത്തിവരുന്ന ഫാമിലി കോൺഫറൻസിന്റെ പതിനൊന്നാമത് പ്രോഗ്രാമിന് എറണാകുളത്ത് ഉജ്ജ്വല സമാപനം. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചാരത്ത് സ്ഥിതിചെയ്യുന്ന ശ്രീമൂലനഗരം ഗ്രാമത്തിലെ വിശാലമായ മൈതാനിയാണ് കോൺഫറൻസിന് വേദിയായത്.
മാസങ്ങൾ നീണ്ടുനിന്ന പ്രചാരണ പ്രവർത്തനങ്ങളുടെ ഫലമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ധാരാളം കുടുംബങ്ങൾ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിൽ നേരത്തെതന്നെ സമ്മേളന മൈതാനത്ത് എത്തിച്ചേർന്നു. സ്ത്രീകളുടെ വർധിച്ച പങ്കാളിത്തം ശ്രദ്ധയമായിരുന്നു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ എറണാകുളം ജില്ലാപ്രസിഡന്റ് ജാബിർ വി മൂസ അധ്യക്ഷനായ സമ്മേളനം ലജ്‌നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ സംസ്ഥാന കൺവീനർ ശമീർ മദീനി ഉദ്ഘാടനം ചെയ്തു.
‘കുടുംബം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ സ്വലാഹിയും ‘സംതൃപ്ത കുടുംബം സാധ്യമാണ്’ എന്ന വിഷയത്തിൽ മുജാഹിദ് ബാലുശ്ശേരിയും ‘വിശ്വാസവിശുദ്ധി, കുടുംബത്തിന്റെ കാതൽ’ എന്ന വിഷയത്തിൽ ശിഹാബ് എടക്കരയും സംസാരിച്ചു.
വിസ്ഡം യൂത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് യൂസുഫ് അലി സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്‌സ് എറണാകുളം ജില്ലാ സെക്രട്ടറി ആഷിക് അലി എന്നിവർ ആശംസകളർപ്പിച്ചു. ആലുവ മണ്ഡലം എംഎൽഎ അൻവർ സാദത്ത്, സിപിഐഎം എറണാകുളം ജില്ലാകമ്മിറ്റിയംഗം അഡ്വക്കറ്റ് വി.സലീം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ എന്നിവർ അതിഥികളായി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് ‘കുടുംബം; കാഴ്ചയും കാഴ്ചപ്പാടും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

