വാഗ്‌ധോരണിയാൽ പരിവർത്തനം സൃഷ്ടിച്ച പ്രബോധകൻ
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 ഒക്ടോബർ 19, 1446 റ. ആഖിർ 16

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 30)
ചെറുപ്പത്തിൽ തന്നെ പ്രസംഗകലയിൽ മിടുക്കനായിരുന്നു മൗലവി സാഹിബ്. തന്റെ വായനാശീലം അതിനൊരു നിമിത്തമാവുകയും ചെയ്തു. ശുദ്ധമലയാളത്തിൽ പ്രസംഗിക്കാൻ കഴിയുന്ന മുസ്‌ലിംകൾ അക്കാലത്ത് വളരെ കുറവായിരുന്നു; വടക്കേ മലബാറിൽ പ്രത്യേകിച്ചും. കുറിക്കുകൊള്ളുന്ന വാക്കുകൾകൊണ്ട് എതിരാളികളെ ഇരുത്താൻ കഴിയുന്ന വാചാലതയും ഉജ്ജ്വലമായ തൂലികയുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ആകർഷകമായ വാഗ്ചാതുരിയാൽ വേദികൾ കയ്യടക്കിയ ഇ.കെ. മൗലവിയെ അതിന് പ്രാപ്തനാക്കിയത് പ്രധാനമായും ചെറുപ്പത്തിൽതന്നെ ശീലമാക്കിയ പത്രവായനയായിരുന്നു. പരന്ന വായനയും അഗാധമായ ചിന്താശക്തിയുംമൂലം പല ഗഹനങ്ങളായ വിഷയങ്ങളും വളരെ ലളിതമായ ശൈലിയിൽ ഭംഗിയായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഉജ്ജ്വലനായ പ്രസംഗകൻ എന്ന നിലയിലുള്ള കന്നിപ്രവേശം ചെറുപ്പമായിരിക്കെ സ്വന്തം നാട്ടിലെ ഒരു യാത്രയയപ്പ് പൊതുയോഗത്തിലായിരുന്നു. പാനൂരിലെ സബ് രജിസ്ട്രാർ സ്ഥലം മാറിപ്പോകുന്നത് പ്രമാണിച്ച് നടത്തപ്പെട്ട യോഗത്തിൽ ധാരാളം പേർ പ്രസംഗിച്ചിരുന്നു. പ്രസംഗിച്ചവരുടെ കൂട്ടത്തിൽ മുസ്‌ലിംകളാരും തന്നെ ഉണ്ടായിരുന്നില്ല. യോഗത്തിന്റെ അവസാനത്തിൽ അധ്യക്ഷൻ എഴുന്നേറ്റുുനിന്ന് പറഞ്ഞു: ‘ഇവിടെ കൂടിയ മാപ്പിളമാരിൽ ആരും പ്രസംഗിച്ചില്ല. സംസാരിക്കാൻ കഴിയുന്നവർ ആരുമുണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.’ സമുദായത്തിനുനേരെയുള്ള ആ പരിഹാസവാക്കുകൾക്ക് മറുപടിയായി ഇല്ലത്ത് കണ്ടിയിൽ കുഞ്ഞഹമ്മദ് കുട്ടി എന്ന ആ ചെറുപ്പക്കാരൻ സ്റ്റേജിലേക്കു കയറി അതിസുന്ദരമായ ഭാഷയിൽ മനോഹരമായ ശൈലിയിൽ പ്രസംഗിച്ചു. ഉജ്ജ്വലമായിരുന്നു ആ പ്രസംഗം. ഒരു സമുദായത്തെ പരിഹസിച്ചു സംസാരിച്ച അധ്യക്ഷന് ഒടുവിൽ സദസ്സിനോട് ക്ഷമ യാചിക്കേണ്ടി വന്നു.
ഹൈന്ദവ നവോത്ഥാനാചാര്യനായ ശ്രീനാരായണ ഗുരു 1924ൽ ആലുവയിൽ വിളിച്ചുചേർത്ത സർവമത സമ്മേളനത്തിൽ ഇസ്‌ലാമിനെ പ്രതിനിധീകരിച്ച് പ്രസംഗിക്കാൻ ഗുരു ക്ഷണിച്ചത് ഇ.കെ.മൗലവിയെയായിരുന്നു. ടി. സദാശിവ അയ്യരുടെ അധ്യക്ഷതയിൽ നടന്ന ഈ സർവമത സമ്മേളനത്തിൽ ക്രൈസ്തവ-ബുദ്ധമതങ്ങളുടെയും ബ്രഹ്‌മസമാജ, ആര്യസമാജങ്ങളുടെയും പ്രതിനിധികളുണ്ടായിരുന്നു. സമ്മേളനത്തിൽ മൗലവി ചെയ്ത പ്രസംഗം മുഴുവൻ സദസ്സിന്റെയും പ്രശംസക്കു പാത്രമായി. ആ സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രസംഗം അതായിരുന്നുവെന്ന് അമുസ്‌ലിമായ അധ്യക്ഷനടക്കം സമ്മേളനത്തിൽ പങ്കെടുത്തവരെല്ലാം എടുത്തു പറയുകയുണ്ടായി. സംഘാടകനായിരുന്ന ശ്രീനാരായണ ഗുരു മൗലവിയെ സ്വന്തം ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി അനുമോദിക്കുക പോലുമുണ്ടായി. 1928ൽ ശ്രീനാരായണ ഗുരു മരണം വരിക്കുന്നതുവരെ നവോത്ഥാന മേഖലയിലെ ഈ പ്രമുഖർ തമ്മിലുള്ള സൗഹൃദം തുടർന്നിരുന്നു.
അറബി ഭാഷയിലും നന്നായി പ്രസംഗിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പഴയ കൊച്ചി സ്റ്റേറ്റിലെ ദിവാൻജിയായിരുന്ന ശ്രീ. വിജയരാഘവാചാരിക്ക് ‘കൊച്ചി മുസ്‌ലിം വിദ്യാഭ്യാസ സംഘം’ അഴീക്കോട്ടുവച്ചു നൽകിയ സ്വീകരണത്തിൽ ദിവാൻജിക്ക് അഭിവാദനങ്ങളർപ്പിച്ചുകൊണ്ടും ഔദ്യോഗിക മണ്ഡലങ്ങളിൽ മുസ്‌ലിംകൾ അവഗണിക്കപ്പെടുന്ന വസ്തുത ചൂണ്ടിക്കാണിച്ചുകൊണ്ടും ഇ.കെ.മൗലവി അറബി ഭാഷയിൽ ഒരുജ്ജ്വല പ്രസംഗം നടത്തുകയുണ്ടായി. മർഹും കെ.എം. സീതി സാഹിബ് അത് ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്തു. മൗലവിയുടെ അറബി പ്രസംഗവും സീതി സാഹിബിന്റെ പരിഭാഷയും ദിവാൻജിയുടെ മുക്തകണ്ഠമായ പ്രശംസക്ക് നിമിത്തമായെന്ന് മാത്രമല്ല, മുസ്‌ലിംകളുടെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമെന്ന് ദിവാൻജി സ്വീകരണയോഗത്തിനു മുമ്പാകെ ഉറപ്പ് നൽകുകയും ചെയ്തു.
മൂർച്ചയേറിയ പ്രസംഗങ്ങളിലൂടെ അന്ധവിശ്വാസാനാചാരങ്ങളുടെ കോട്ടകൊത്തളങ്ങളെ കടന്നാക്രമിച്ച ഇ.കെ. മൗലവി സാഹിബ് യാഥാസ്ഥിതികർക്കെതിരെ വാദപ്രതിവാദങ്ങളിലും തന്റെ സാന്നിധ്യം തെളിയിച്ചു. യാഥാസ്ഥിതികർ പിൻമാറിയ കുറ്റ്യാടി വാദപ്രതിവാദത്തിൽ പങ്കെടുക്കാൻ നിശ്ചയിക്കപ്പെട്ട പണ്ഡിതന്മാരിൽ ഒരാൾ ഇ.കെ.മൗലവിയായിരുന്നു. വാദപ്രതിവാദം നടന്നില്ലെങ്കിലും നേരത്തെ അവരുന്നയിച്ച വാദങ്ങൾക്ക് തെളിവുകൾ നിരത്തി മറുപടി പറയാൻ ഇ.കെ.മൗലവി അടക്കമുള്ള പണ്ഡിതർക്കു കഴിഞ്ഞു. കുറ്റ്യാടി വാദപ്രതിവാദത്തിലേക്ക് നയിച്ച സംഭവ വികാസങ്ങൾ ചുരുക്കി വിവരിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു:
ഇസ്വ്‌ലാഹീ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ പ്രമുഖപണ്ഡിതനായിരുന്ന കുറ്റ്യാടി എം.അബ്ദുല്ലക്കുട്ടി മൗലവി അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ കുറ്റ്യാടിയിൽ ദിവസങ്ങളോളം നീണ്ടുനിന്ന ഒരു പ്രസംഗപരമ്പര നടത്തി. ഓരോ ദിവസം കഴിയുന്തോറും പ്രസംഗം കേൾക്കാൻ ആളുകൾ കൂടിക്കൂടി വന്നു. പ്രസംഗം അലങ്കോലപ്പെടുത്തിയില്ലെങ്കിൽ തങ്ങളുടെ ആദർശ പാപ്പരത്തം ജനങ്ങൾക്കിടയിൽ വെളിവാകുമെന്ന ഭീതി യാഥാസ്ഥിതികരിൽ അങ്കലാപ്പുണ്ടാക്കി. അബ്ദുല്ലക്കുട്ടി മൗലവിയെ നേരിടാൻ മരുതോങ്കര ഖാദിയായിരുന്ന നടുക്കണ്ടി മുഹമ്മദ് മുസ്‌ല്യാരുടെ പേരിൽ അവർ പതിനൊന്ന് ചോദ്യങ്ങൾ അച്ചടിച്ചു പ്രസിദ്ധീകരിച്ചു.
ഇതിനുള്ള മൗലവിയുടെ ഉത്തരം ‘ഒരു വിളംബരം’ എന്ന പേരിൽ അറബിമലയാളത്തിൽ അച്ചടിച്ചു പ്രസിദ്ധീകരിക്കുകയുണ്ടായി. മൗലവിയുടെ മറുപടിയെ ഖണ്ഡിച്ചുകൊണ്ട് എടച്ചേരി സ്വദേശിയായ ഇ.വി.മൊയ്തീൻ മുസ്‌ല്യാർ ‘അൽഇഅ്‌ലാൻ’ എന്ന പേരിൽ ഒരു നോട്ടീസ് പുറത്തിറക്കി. ഇതിനു മറുപടിയായി ‘തൻസീഹുദ്ദീൻ’ എന്ന പേരിൽ ഒരു ലഘുലേഖ മൗലവിയും പ്രസിദ്ധീകരിച്ചു. ഇതോടെ യാഥാസ്ഥിതിക പണ്ഡിതൻമാർ ആകെ പരുങ്ങലിലായി. തങ്ങളുടെ മുഖം രക്ഷിക്കാൻ വാദപ്രതിവാദത്തിനുണ്ടോ എന്ന വെല്ലുവിളിയുമായി അവർ രംഗത്തുവന്നു. അബ്ദുല്ലക്കുട്ടി മൗലവിയും മറ്റു ഇസ്വ്‌ലാഹീ പണ്ഡിതൻമാരും ആ വെല്ലുവിളി ഏറ്റെടുത്ത് വാദപ്രതിവാദത്തിന് തയ്യാറായി. ഇതിനിടയിൽ യാഥാസ്ഥിതികർ അബ്ദുല്ലക്കുട്ടി മൗലവിയെ നാദാപുരത്തുവെച്ച് തടയുകയും ദേഹോപദ്രവമേൽപിക്കാൻ ശ്രമിക്കുകയും ചെയ്തു. കുറ്റ്യാടിക്കു പോകുന്ന ബസ്സ് വന്നതുകൊണ്ടു അതിൽ കയറി രക്ഷപ്പെടുകയായിരുന്നു അദ്ദേഹം.
ഇസ്വ്‌ലാഹീ പ്രവർത്തകരും യാഥാസ്ഥിതികരും തമ്മിലുള്ള തർക്കത്തിന് ഒരറുതി വേണമെന്നാഗ്രഹിച്ച പല പ്രധാനികളും ഇതിനിടയിൽ വാദപ്രതിവാദം നടത്തണമെന്ന അഭിപ്രായവുമായി മുന്നോട്ടു വന്നു. അങ്ങനെ കുറ്റ്യാടിയിൽവച്ച് വാദപ്രതിവാദം നടത്താൻ തീരുമാനിക്കുകയും വ്യവസ്ഥ എഴുതിയുണ്ടാക്കുകയും ചെയ്തു. പക്ഷേ, യാഥാസ്ഥിതികർ പിൻമാറുകയായിരുന്നു. യാഥാസ്ഥിതികർ വന്നില്ലെങ്കിലും കുറ്റ്യാടി മദ്‌റസത്തുൽ ഇസ്‌ലാമിയ്യയിൽ ഇസ്വ്‌ലാഹീ പണ്ഡിതൻമാർ ഒരുമിച്ചുകൂടുകയും യോഗം ചേരുകയും ചെയ്തു. സീതിസാഹിബായിരുന്നു അധ്യക്ഷൻ. അബ്ദുല്ലക്കുട്ടി മൗലവിക്കു പുറമെ ഇ.കെ. മൗലവി, എം.സി.സി. അബ്ദുറഹ്‌മാൻ മൗലവി. സഹോദരൻ ഹസൻ മൗലവി, ഇ. മൊയ്തുമൗലവി, പി.എൻ.മുഹമ്മദ് മൗലവി എിവരായിരുന്നു പ്രസംഗകർ. വിവാദ വിഷയങ്ങളോരോന്നിനെപ്പറ്റിയും കിതാബുകൾ നിവർത്തിപ്പിടിച്ച് തെളിവുകൾ നിരത്തിയായിരുന്നു പ്രസംഗങ്ങൾ. തെളിവുകളുടെ പിൻബലത്തോടെയുള്ള ഈ പ്രസംഗങ്ങളും യാഥാസ്ഥിതികർ സംവാദത്തിൽനിന്ന് ഒഴിഞ്ഞു മാറിയതും ജനങ്ങളിൽ അവരെപ്പറ്റിയുള്ള വിശാസം നഷ്ടപ്പെടുത്താനിടയാക്കി. കുറ്റ്യാടി പ്രദേശത്ത് ഒട്ടേറെ പേർ ഇസ്വ്‌ലാഹീ ആദർശം സ്വീകരിക്കാൻ ഇതു കാരണമാകുകയും ചെയ്തു.
1949ൽ ഇ.കെ.മൗലവിയുടെ സ്വദേശമായ കടവത്തൂരിൽ നടന്ന, സംഘർഷത്തിൽ കലാശിച്ച വാദപ്രതിവാദത്തിലും ഇ.കെ.മൗലവിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ വാദപ്രതിവാദത്തെക്കുറിച്ച് കെ.പി.ഇസ്ഹാഖലി കല്ലിക്കണ്ടി ഇപ്രകാരം എഴുതുന്നു:
“മുജാഹിദുകൾ നടത്താൻ തീരുമാനിച്ച സമ്മേളനവേദി പതി അബ്ദുൽഖാദിർ മുസ്‌ല്യാരും സംഘവും കൈയടക്കുകയും വാദപ്രതിവാദത്തിന് വെല്ലുവിളിക്കുകയും ചെയ്ത സംഭവമായിരുന്നു അത്. പക്ഷേ, മുജാഹിദ് ഭാഗത്തുനിന്നും കെ.എൻ. ഇബ്‌റാഹിം മൗലവി സ്വാഗത പ്രസംഗം നടത്തിക്കൊണ്ടിരിക്കവെ പതി മുസ്‌ല്യാർ തന്നെ സംവാദം കലക്കാൻ അനുചരൻമാരെ പ്രേരിപ്പിക്കുകയായിരുന്നു. കോലാഹലത്തിനിടയിൽ പലർക്കും മർദനമേറ്റു. കെ.എൻ.ഇയുടെ പിതൃവ്യൻ പറമ്പത്ത് ഇബ്‌റാഹിം മൗലവി, സി.എച്ച്. അബൂബക്കർ മാസ്റ്റർ എന്നിവർ ക്രൂരമായി യാഥാസ്ഥിതികരാൽ മർദിക്കപ്പെട്ടു. ഇബ്‌റാഹിം മൗലവിയുടെ ചവിട്ടേറ്റ് പതിയും നിലംപതിച്ചുവത്രെ! ഇതിനിടയിൽ ഒറ്റക്കോണി മാത്രമുള്ള പള്ളിയുടെ മുകളിൽ കാലിന് പരിക്കേറ്റ് ഒളിച്ചിരിക്കുകയായിരുന്നു എടപ്പാറ, ഇ.കെ. മൗലവി, പുത്തലത്ത് മമ്മി മൗലവി, ചോലയിൽ കുഞ്ഞമ്മദ് മുസ്‌ല്യാർ എന്നിവർ. താഴെ നടക്കുന്ന അടിപിടിയും അട്ടഹാസങ്ങളും കേട്ട് ഭയചകിതരായിരുന്നു അവർ. നമ്മെ കണ്ട് ശത്രുക്കൾ മുകളിൽ കയറി വന്നാൽ എന്തു ചെയ്യുമെന്ന് മമ്മി മൗലവി ചോദിച്ചപ്പോൾ ധൈര്യസമേതം ഇ.കെ.മൗലവിയും എടപ്പാറയും പറഞ്ഞത് നമുക്ക് നാലാൾക്കും കൂടി ഓരോരുത്തരെയായി പിടിച്ച് പുറത്തേക്കിടാം എന്നായിരുന്നു. വലിയ കാറ്റും മഴയും വന്നതുമൂലം കുഴപ്പം വ്യാപിക്കാതെ സമുദായം അന്ന് രക്ഷപ്പെടുകയാണുണ്ടായത്. കെ.കെ.എം.ജമാലുദ്ദീൻ മൗലവിയുടെ ഖിളർ നബിയെക്കണ്ട് നബീസ എന്ന നോവലിൽ ഈ കാര്യം വിശദീകരിക്കുന്നുണ്ട്.’’ 85
തന്റെ നേരെ ആക്രോശിച്ചു വന്നിരുന്ന എത്ര വലിയ ജനക്കൂട്ടത്തെയും തന്റെ അസാധാരണ പ്രസംഗപാടവത്തിലൂടെ കീഴ്‌പ്പെടുത്താൻ ഇ.കെ.മൗലവി സാഹിബിനു കഴിഞ്ഞിരുന്നു. അത്രമാത്രം മൂർച്ചയും സ്വാധീനശക്തിയുമുള്ള പ്രസംഗത്തിനുടമായായിരുന്നു അദ്ദേഹം. പൊന്നാനി താലൂക്കിലെ സായിപ്പിന്റെ പള്ളിയിൽ നടന്ന സംഘർഷം ഇതിനുദാഹരണമാണ്.
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ കീഴിൽ പ്രസിദ്ധീകരിച്ചിരുന്ന ‘മുസ്‌ലിം ഐക്യം’ മാസികയിൽ ഒരിക്കൽ ഇ.കെ. മൗലവിയുടെ ഒരു ലേഖനത്തിൽ ‘ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ പറഞ്ഞതു പോലെ’ എന്ന് പരാമർശിക്കപ്പെട്ടിരുന്നു. ആ ലക്കം പുറത്തുവന്നതോടെ സായിപ്പിന്റെ പള്ളിയിൽ ഓതിത്താമസിച്ചിരുന്ന മുസ്‌ല്യാക്കൾ ഒരു പ്രക്ഷോഭം തന്നെ സംഘടിപ്പിച്ചു. ആ പ്രദേശങ്ങളിൽ ഐക്യസംഘത്തിന്റെ കുറെ അംഗങ്ങളും അനുഭാവികളുമുണ്ടായിരുന്നു. അവരെ പളളിയിൽ വിളിച്ചുകൂട്ടി ‘കണ്ടില്ലേ, മുസ്‌ലിം ഐക്യ’ത്തിലെ ലേഖനം? ഇബ്‌നുതൈമിയ ശൈഖുൽ ഇസ്‌ലാം ആണുപോൽ! ഇബ്‌നുഹജർ എന്താണു ഇബ്‌നുതൈമിയയെപ്പറ്റി തന്റെ ഫതാവയിൽ പറഞ്ഞതെന്നറിയാമോ? അയാൾ വഴിതെറ്റിയവനും വഴിതെറ്റിക്കുന്നവനുമാണെന്നാണ്’ എന്ന് മുസ്‌ല്യാക്കൾ അവരെ ധരിപ്പിച്ചു. ഫതാവ കൊണ്ടുവന്ന് വായിച്ചു കേൾപ്പിക്കുകയും ചെയ്തു. ഇബ്‌നുഹജ്‌റിന്റെ ഫതാവയ്ക്ക് ക്വുർആനിന്റെ സ്ഥാനമാണല്ലോ അക്കാലത്ത് യാഥാസ്ഥിതികർ കൽപിച്ചിരുന്നത്. ഫതാവയിൽ അവ്വിധം പറഞ്ഞിട്ടുമുണ്ട്. മുസ്‌ല്യാക്കൾ ഇത് സമർഥിച്ചതോടുകൂടി ആകെ ബഹളമായി. ഒടുവിൽ ഒരു യോഗം വിളിക്കാനും അതിലേക്ക് ലേഖനകർത്താവിനെയും ക്ഷണിക്കാനും അയാളുടെ വിശദീകരണം കേട്ടശേഷം യുക്തമായ തീരുമാനം. കൈക്കൊള്ളാനും തീർച്ചയാക്കി.
യോഗം വിളിച്ചു. പ്രതിയായി ഇ.കെ. മൗലവി ക്ഷണിക്കപ്പെട്ടു. ആദ്യംതന്നെ അദ്ദേഹം ഫതാവയുടെ അവസാനഭാഗം ഉദ്ധരിച്ചു. അത് ഏതാണ്ട് ഇപ്രകാരമായിരുന്നു: “ഇബ്‌നുതൈമിയയുടെ പേരിലുള്ള ആരോപണങ്ങളൊന്നും അദ്ദേഹത്തിന്റെ കൃതികളിൽ കാണുകയില്ലെന്നാണ് ചിലർ പറയുന്നത്. ഞാനദ്ദേഹത്തിന്റെ കൃതികളൊന്നും കണ്ടിട്ടില്ല. അങ്ങനെയാണെങ്കിൽ അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കട്ടെ.’ ഇത് വായിച്ചു കേൾപ്പിച്ച ശേഷം ഇ.കെ. മൗലവി സദസ്സ്യരോടായി ഇങ്ങനെ പറഞ്ഞു: ‘കേട്ടുകേൾവിയെ അടിസ്ഥാനമാക്കിയാണ് ഇബ്‌നു ഹജറിന്റെ ഫത്‌വയെന്ന് മനസ്സിലായല്ലോ. അങ്ങനെയാണെങ്കിൽ പൊറുത്തുകൊടുക്കേണ്ടത് ഇബ്‌നുതൈമിയക്കല്ല, ഇബ്‌നുഹജറിനാണ്.’ അനന്തരം ഇബ്‌നുതൈമിയക്ക് ശേഷം സുസമ്മതരായ പല പണ്ഡിതന്മാരും രചിച്ച ഒട്ടേറെ ഗ്രന്ഥങ്ങളിൽ അദ്ദേഹത്തെപ്പറ്റി ശൈഖുൽ ഇസ്‌ലാം എന്നുപയോഗിച്ചത് ഇ.കെ. മൗലവി ഉദ്ധരിച്ചു. ആകർഷണീയമായി വാക്കുകളിൽ പണ്ഡിതോചിതമായി ഇ.കെ.മൗലവി ഈ വിഷയം അവതരിപ്പിച്ചതോടുകൂടി യാഥാസ്ഥിതികർ തണുത്തു. അതോടെ ആ ബഹളം കെട്ടടങ്ങി.
ചാവക്കാട്ടെ മണത്തല ഐദ്രുട്ടി മൂപ്പന്റെ ജാറത്തിൽ നടത്തിവരാറുള്ള കൊടികുത്ത് നേർച്ചക്കെതിരെ പ്രസംഗിക്കാൻ ചെന്ന ഇ.കെ.മൗലവിയെയും സംഘത്തെയും അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം വളഞ്ഞാക്രമിക്കാൻ ശ്രമിച്ച സംഭവവും അദ്ദേഹത്തിന്റെ പ്രസംഗം യാഥാസ്ഥിതികരെ എത്രമാത്രം ചൊടുപ്പിച്ചുവെന്നതിനുളള തെളിവാണ്.
ഏറിയാട്ട് നടന്ന ഐക്യസംഘത്തിന്റെ ഒന്നാം വാർഷിക സമ്മേളനത്തിൽവച്ച് തൗഹീദ് വിശദീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗവും ആലുവായിൽ നടന്ന രണ്ടാം വാർഷിക സമ്മേളനത്തിൽ ജംഇയ്യത്തുൽ ഉലമ രൂപീകരണയോഗത്തിൽ സംവാദങ്ങൾക്കു നൽകിയ മറുപടിയും ആലുവാ സർവമത സമ്മേളനത്തിൽ ഇസ്‌ലാമിനെ പരിചയപ്പെടുത്തി ചെയ്ത പ്രഭാഷണവും ഇ.കെ.മൗലവിയുടെ പ്രസംഗപാടവത്തിന്റെ ഉദാഹരണങ്ങളായി എന്നെന്നും ഓർമിക്കപ്പെടും. ഏറിയാട്ടെ ഐക്യസംഘം വാർഷിക സമ്മേളനത്തിൽ ഇ.കെ.മൗലവി നടത്തിയ പ്രസംഗം സമ്മേളനവേദിയിൽവച്ച് നടന്ന കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിലെ ആദ്യത്തെ തൗഹീദ് പ്രസംഗമായിരുന്നു.
അവലംബം:
85. ഇസ്ഹാഖലി കല്ലിക്കണ്ടി, ഇസ്വ്‌ലാഹി ഭൂമികയിലൂടെ-ഭാഗം 3, പ്രകാശം ചൊരിഞ്ഞവർ, പേജ് 30.

