‘ഐക്യസംഘ’ത്തിൽ നിന്ന് ‘കേരള മുസ്‌ലിം ഐക്യസംഘ’ത്തിലേക്ക്
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 ജൂൺ 08, 1445 ദുൽഹിജ്ജ 01

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 12)
യാഥാസ്ഥിതിക വിഭാഗങ്ങളിൽനിന്നുണ്ടായ ശക്തമായ എതിർപ്പുകളെ മറികടന്നുകൊണ്ട് നടത്തിയ ഈ വാർഷികസമ്മേളനത്തിലാണ് ഐക്യസംഘം ‘കേരള മുസ്‌ലിം ഐക്യസംഘ’മായി പരിണമിച്ചത്. ശിർക്കൻ ആചാരങ്ങൾക്കെതിരെ ശക്തമായ സന്ദേശം കേരളീയ സമൂഹത്തിന് നൽകിയതോടൊപ്പം മുസ്‌ലിം സമൂഹം നേരിട്ടുകൊണ്ടിരുന്ന ചില പൊതു പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനും ഈ സമ്മേളനത്തിനു കഴിഞ്ഞു. സർക്കാർ വിദ്യാലയങ്ങളിലെ അറബി അധ്യാപക നിയമനമെന്ന ആവശ്യം സർക്കാരിനുമുമ്പിൽ അവതരിപ്പിച്ചത് ഈ വാർഷിക സമ്മേളനത്തിലാണ്. അതോടൊപ്പം തന്നെ മദ്‌റസതുൽ മുഹമ്മദിയ്യയുടെയും ഹിമായതുൽ ഇസ്‌ലാം സംഘത്തിന്റെയും നേതൃത്വത്തിൽ ഒരു കോളേജ് സ്ഥാപിക്കുന്നതിനുള്ള സഹായങ്ങൾ ഈ സമ്മേളനം വാഗ്ദാനം ചെയ്തു. സംഘത്തിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിലും പദ്ധതികൾ അവലംബിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുസ്‌ലിംകൾക്ക് പ്രത്യേക തെരഞ്ഞെടുപ്പധികാരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചു. വിശാല മുസ്‌ലിം സമാജം എന്ന തത്ത്വം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി റീഫ് മുസ്‌ലിംകളോട് (കടലോരവാസികളായ മുസ്‌ലിംകൾ) ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മലബാർ കലാപവുമായി ബന്ധപ്പെട്ട് തടവിലാക്കപ്പെട്ടവർ അനുഭവിക്കുന്ന യാതനകൾ മനസ്സിലാക്കി അവരുടെ പ്രശ്‌നപരിഹാരത്തിനായി ഇടപെടണമെന്നും ഈ സമ്മേളനത്തിൽ സംഘം തീരുമാനിച്ചു.
കോഴിക്കോട് ചേർന്ന വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ഐക്യസംഘം പ്രസിദ്ധീകരിച്ച ലഘുഗ്രന്ഥങ്ങളെക്കുറിച്ചും അൽഇർശാദ് മാസികയിലെ ഏതാനും ലേഖനങ്ങളെക്കുറിച്ചും യാഥാസ്ഥിതികപണ്ഡിതന്മാർക്കുണ്ടായിരുന്ന സംശയങ്ങൾ അവരുടെ സാന്നിധ്യത്തിൽ വരക്കൽവെച്ചു ചേർന്ന യോഗത്തിൽ ഇ.കെ മൗലവി ദൂരീകരിച്ചുകൊടുത്ത കാര്യം നാം മുകളിൽ ചർച്ചചെയ്തല്ലോ. യോഗം മുമ്പാകെ ഉന്നയിക്കപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഇ.കെ മൗലവി തൃപ്തികരമായ മറുപടി നല്കുകയും മുഴുവൻ ഉലമാക്കളും അത് അംഗീകരിക്കുകയും ചെയ്തു. ഐക്യസംഘം പ്രസിദ്ധീകരണങ്ങളിൽ അഹ്‌ലുസ്സുന്നത്തി വൽജമാഅക്കു വിരുദ്ധമായി യാതൊന്നുമില്ല എന്ന് യാഥാസ്ഥിതിക പണ്ഡിതന്മാരെക്കൊണ്ട് സമ്മതിപ്പിക്കാനും ഇ.കെ.മൗലവിക്കു കഴിഞ്ഞു. ഈ ചർച്ചയുടെ വിശദാംശങ്ങളെല്ലാം അദ്ദേഹം കുറിച്ചു വെക്കുകയും ആ കുറിപ്പ് അവിടെ സന്നിഹിതരായവർക്ക് വായിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് അത് പൊതുജനസമക്ഷം പ്രസിദ്ധപ്പെടുത്തണമെന്നു ചർച്ചയിൽ തീരുമാനമാകുകയും ചെയ്തിരുന്നു. എന്നാൽ സമ്മേളനം കഴിഞ്ഞതിനുശേഷം എസ്.എം.മൗലവി, ഉമ്മർ സാഹിബ് എന്നീ രണ്ടു യാഥാസ്ഥിതിക പക്ഷക്കാർ വരക്കൽവെച്ച് എടുത്ത തീരുമാനങ്ങളെ അംഗീകരിക്കില്ലെന്നറിയിച്ചുകൊണ്ടും ഐക്യസംഘത്തിന്റെ നിലപാടുകളെ എതിർത്തുകൊണ്ടും; നേരത്തെ പണ്ഡിതൻമാർ സമ്മതിച്ചതിനു വിരുദ്ധമായി ഐക്യസംഘം മാസികകളിൽ മതവിരുദ്ധ ആശയങ്ങളുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടും താമസിയാതെ മതവിരുദ്ധ വാചകങ്ങൾ തെരഞ്ഞെടുത്ത് എട്ടു ഉലമാക്കൾ തയ്യാറാക്കിയ റദ്ദ് ഉടൻ പ്രസിദ്ധീകരിക്കുമെന്നറിയിച്ചുകൊണ്ടും സ്വകാര്യ അറിയിപ്പ് എന്ന പേരിൽ ഒരു നോട്ടീസ് പുറത്തിറക്കി. ആ അറിയിപ്പിന്റെ പകർപ്പ് ചുവടെ കൊടുക്കുന്നു:
“സ്വകാര്യ അറിയിപ്പ്
1925 മെയ് 27നു വരക്കൽ ഓയിൽ മിൽസ് കെട്ടിടത്തിൽ ഐക്യസംഘക്കാരെ പരിശോധിക്കേണ്ടതിനു ഒരു സംഭാഷണം നടക്കുകയും അതിലുണ്ടായ വിവരങ്ങളെ ഐക്യഉലമാസംഘം സെക്രട്ടറി ഇ.കെ. കുറിച്ചെടുക്കുകയും വായന ചെയ്തു എല്ലാവരും കേൾക്കയും ആ വിവരത്തെ പ്രസിദ്ധം ചെയ്യാമെന്ന് ഉറച്ച് പിരിയുകയും ചെയ്തതിൽ ശേഷം അതെ രാത്രി സുമാർ ഒമ്പതര മണിക്ക് പഞ്ചകോയ്മകൾ സ്വകാര്യ ആലോചന മീറ്റിങ്ങിൽ ആ വിവരം ഇതേ ക്രമത്തിൽ പ്രസിദ്ധം ചെയ്താൽ സഭ വിലപ്പെടുന്നതല്ലാമെന്നും ജനങ്ങളിൽ അപമാനം ലഭിക്കുമെന്നും ഞങ്ങൾക്ക് സഭയിൽ ചേരാൻ തരം ഉണ്ടാകയില്ലെന്നും കൃത്രിമം ചെയ്യുന്നതിനാൽ ദൂഷ്യമില്ലാമെന്നും അഭിപ്രായപ്പെട്ടു വ്യത്യാസപ്പെടുത്തി. ഹിമായത്തുൽ ഇസ്‌ലാം സഭ കോഴിക്കോട് എന്ന തലക്കെട്ടിൽ, സത്യത്തെ മറച്ചും വാസ്തവസ്ഥിതിയെ മറിച്ചും മര്യാദയെ വിട്ടും വാഗ്ദത്തം ലംഘിച്ചും തന്നത്താനറിയാതെ ഒരു അറിയിപ്പ് പ്രസിദ്ധം ചെയ്തതിനെപ്പറ്റി ആക്ഷേപമുണ്ടായപ്പോൾ 1924 മെയ് 10,11,12കളിൽ ആൽവായിൽ കൂടിയിരുന്ന സംഘത്തിൽ ചില മാന്യർ കോഴിക്കോട്ട് നിന്ന് എഴുന്നള്ളി ചേർന്ന് കൊടുങ്ങല്ലൂരുകാരായ സഭ മേധാവികളുടെ ഊൺ കഴിച്ച ഭക്ഷണം ഇതെവരെ വയറ്റിൽ ഭക്ഷണമായിരിക്കുമ്പോൾ, ആ നന്ദിയെ മറക്കാൻ തരമ്മില്ലായ്മയാൽ വ്യത്യാസത്തെപ്പറ്റി ആലോചിക്കെണ്ടാമെന്നു വളരെ ഉചിതത്തിൽ ബലപ്പെടുത്തി പറയുകയും ഇപ്പോൾ കൂടിയ കൂട്ടത്തിൽ വന്നു വിവരം അറിഞ്ഞു പോകണ്ടതിലേക്ക് നാനാഭാഗങ്ങളെയും ക്ഷണിക്കയും കൃത്രിമത്തെപ്പറ്റി ആക്ഷേപിക്കാതെ ക്ഷമിക്കണമെന്നും നിക്ഷ്പക്ഷമാന്യര് വളരെ നന്ദി പ്രവൃത്തിച്ചു ഐക്യത്തെ അയിത്തമാക്കീട്ടുണ്ടല്ലോ. സൂര്യപ്രകാശത്തെ കണ്ണടച്ചു ഇരുട്ടാക്കാമെന്നു കരുതിയത് മഹാത്ഭുതം. റസൂൽ(സ) തങ്ങൾ അവർകളുടെ സന്താനങ്ങൾ ഉമ്മത്തികൾക്ക് എപ്പോഴും രക്ഷ എന്നു ഞങ്ങൾ വിശ്വസിക്കുന്നു.

ഇസ്‌ലാംമതത്തെ പുനരാവർത്തനം ചെയ്തു ജീവിപ്പിക്കേണ്ടതിലേക്ക് ഒരുങ്ങിയ ഒരു സംഘത്തെ അസത്യം പ്രവൃത്തിച്ചു രക്ഷപ്പെടുത്തിയും സമുദായത്തെ ഉയർത്തിയതായിരിക്കാം. ഐക്യ മാസിക ലക്കം 1 ഭാഗം 4, ലക്കം 6 ഭാഗം 243, 244-245, ലക്കം 8 ഭാഗം 327 പരിശോധിക്കുക. ഇ.കെ. മൗലവി. ഹസ്സൻ സാഹിബ് അവർകൾ വരക്കൽ ഓയിൽ മിൽസ് സംഭാഷണത്തിൽ കസേല മുടക്കീട്ടില്ലെങ്കിലും പഞ്ചകോയ്മകളുടെ സ്വകാര്യമീറ്റിങ്ങിൽ കസേല ഇല്ലാതെ സമീപത്തിൽ നിൽക്കുകയായിരുന്നു. ഇതേ കാരണമാണ് വാസ്തവസ്ഥിതിയെ സത്യ അറിയിപ്പിൽ പ്രസിദ്ധം ചെയ്തത്. ലോകരക്ഷിതാവായ റബ്ബിനെ സാക്ഷ്യപ്പെടുത്തി പരമാർത്ഥം പ്രവൃത്തിക്കുവിൻ, അച്ചിപ്പാറ കൊല്ലിയത്ത് ജനാബ് കുഞ്ഞഹമ്മദ് മൗലവി അവർകൾ തൽക്കാല നിവൃത്തിക്കും, ഹുസ്‌നുള്ളന്ന് സമർപ്പിച്ച ഉചിതത്തെ അസത്യ അറിയിപ്പിൽ സൂഉള്ളന്നാക്കിയ മഹാ കഷ്ടം, 1924 മെയ് ടിനുകളിൽ ആൽവായിൽ കൂടിയ വാർഷിക യോഗത്തിൽ ഐക്യസംഘത്തിൽ ചേരുമ്പോൾ മേമ്പ്രകൾ ചെയ്യേണ്ടുന്ന സത്യനിയമത്തെ കൗൺസൽ ചെയ്ത ഫലം കോഴിക്കോട്ടുകാരായ മെമ്പ്രമ്മാര് പ്രസിദ്ധം ചെയ്തു പുണ്യം ലഭിച്ചതിനെപ്പറ്റി പറയാതെ നിവൃത്തിയില്ല. ഹേ, മാന്യരെ ഇപ്പോൾ ഇവിടെ കഴിഞ്ഞ കോൺഫ്രൻസിനാൽ സ്ഥിതിയെ അനുഭവിച്ചറിയേണ്ടുന്ന ഭാഗ്യം നിങ്ങൾക്ക് സാധിച്ചതിനെപ്പറ്റി സ്തുതിക്കുവിൻ. തല ഉയർത്തുവിൻ. ഹിമായത്തുൽ ഇസ്‌ലാം സഭയുടെ ഭയങ്കരമായ വ്യസനഹരജിയെ വായന ചെയ്തു ആലോചിക്കുവിൻ. ഹരജി ഞാൻ നിങ്ങളിൽ സ്ഥാപിച്ച മുതൽക്ക് എന്റെ മുറപ്രകാരം കാലം കഴിച്ചു നീതി എന്ന ബഹുമാനത്തെ തൃപ്തിപ്പെടുത്തിയിരിക്കുന്നു. എന്നിൽ ഉദ്യോഗം
ധരിച്ചിരിക്കുന്ന മാന്യരെ, എന്റെ നെറ്റിമേൽ, ഇതാ, കിയാനത്തുൽ ഇസ്‌ലാം എന്ന വാസ്തവനാമം വെളിവായിരിക്കുന്നു. തരം നാമത്തോടുകൂടി അവസാനകാലം വരെ നിങ്ങൾ എന്നെ രക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. എന്റെ മേലന്വേഷണക്കാരായ മജ്‌ലിസ് അഹ്‌ലുസുന്നത്ത് വൽ ജമാഅത്ത് എന്ന മഹാസഭക്കാരുടെ പ്രത്യേക ദൃഷ്ടി എന്നിൽ പെട്ടിരിക്കയാൽ ആ മജ്‌ലിസുടെ ഓരോ അംഗങ്ങളും അവരുടെ കടമയെ പ്രവൃത്തിക്കുന്നതിനെ നന്ദിപൂർവ്വം അനുസരിക്കുവീൻ. പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭക്കാരുടെ കത്തും നോട്ടീസും മറച്ചുവെച്ചതും എന്റെ ഇപ്പോഴത്തെ നാമത്തെ പിന്താങ്ങിയിരിക്കുന്നു. എന്റെ പൂച്ചട്ടിയിൽ നാട്ടിയ മുൾച്ചെടിക്കു ഞാൻ വളം വെച്ചു വെള്ളം തെളിക്കേണ്ടിവന്നിരിക്കുന്നു. പഴംകഥയിലെ രിപ്പ് വാൻ വെങ്കിളിനെപ്പോലെ തുറിച്ചുനോക്കാതെ അടങ്ങുവിൻ. വാൾ എടുത്തവർക്കെല്ലാം വെളിച്ചപ്പാടുണ്ടാകയില്ലെന്നറിയുവിൻ, ഒസ്സലാം ഐക്യമാസികകളിലും മറ്റും പ്രസിദ്ധം ചെയ്ത മലയാള ഭാഷയിൽ ചോനകൻ വീട്ടുപറിപ്പിനാൽ ഏർപ്പെട്ട കാഠിന്യം ആ ഭാഷയിൽ ധാരാളം അറിവുള്ള ഹിന്ദു സഹോദരൻമാരോട് ചോദിച്ചറിഞ്ഞു പാകം വരുത്തി സത്യവിശ്വാസത്തെ സ്ഥിരപ്പെടുത്തി പുനർജീവിത ആഘോഷത്തെ കൊണ്ടാടുവിൻ. മതസംബന്ധമായ വിഷയങ്ങളിൽ സമുദായ ഉയർച്ച ഈ മട്ടിൽ എത്തിരിക്കുന്നെന്നു അറിഞ്ഞു ഉണരുവിൻ.
ഹനഫി മദ്ഹബിൽ കഴുത ഇറച്ചി ശുദ്ധമെന്നോ അശുദ്ധമെന്നോ തീർച്ചപ്പെടാതെ സംശയത്തിൽ നിൽക്കുന്നു. ടി. സംഭാഷണത്തിൽ ഐക്യരുടെ സ്ഥിതി സംശയമായിരിക്കയാൽ പരീക്ഷക്കുവേണ്ടി ഹുസ്‌നുള്ളന്ന(നല്ല നടപ്പു ജാമ്യത്തിൽ) മേൽ വിടപ്പെടുകയും ഒരു യാമത്തിനു മുമ്പെ തന്നെ ചതി പ്രവൃത്തിച്ചു കേഡി ആകയും ചെയ്തതിനാൽ എനിമേൽ സംശയിക്കണ്ടതില്ലാമെന്ന് നിഷ്‌ക്കളങ്കമായി തെളിയുന്നു. മാസികകളാലും മറ്റും ഇവരുടെ കൂട്ട് പഞ്ചലോകമാണെന്നു പറയേണ്ടിവന്നിരിക്കുന്നു.
1. അലിഗർ, കോളേജ് നേച്ചർ, സെർ, സയ്യിദ് അഹമ്മദ് ഖാനുടെ നേർച്ചരീയ്യ, 2. ശിബിലി നുഅ്മാനിയുടെ നദവിയ്യാ, 3.ഇബ്‌നുതീമിയ്യ, ഇബിനുഖയ്യിം, ഇബിൻ അബ്ദുൽ ഹാദി മുതലായവരുടെ പിൻഗാമി മുഹമ്മദ് ഇബിനു അബ്ദുൽ വഹാബ് നജ്ദിയുടെ വഹാബിയ്യ, 4. ഈജിപ്തിൽ പടുമുളയായെ പുതുമുള മുഹമ്മദ് അബ്ദയുടെ അബ്ദിയ്യാ, 5. ആര്യസമാജം ഇത്തരങ്ങളാൽ കലക്ക് കൂട്ടുപിടിച്ച തരക്കാരെ ഏറ്റെടുത്തുകൊണ്ടും പൊന്നാനി മഊനത്തുൽ ഇസ്‌ലാം മഹാസഭയുടെ പഠിപ്പ് രീതി മാറ്റണമെന്നു പറയുന്ന മാന്യർക്ക് ഇസ്‌ലാം മത രീതി ധാരാളം അറിവുണ്ടായിരിക്കാം. സ്വരൂപം കൊണ്ടു ജാതി അറിവാൻ തരമില്ലാതെവരും മതനിയമങ്ങളിൽ മഹാപണ്ഡിതർ തന്നെ.
സഹോദർകളെ! ഇവരിൽ ഒരു തരക്കാരെ പൊതുജനങ്ങൾക്കു പലേ തെറ്റുബോധനകളെ ഓട്ടി സമയത്തിനനുസരിച്ച തന്ത്രം കാട്ടി മുൻകഴിഞ്ഞ മഹാൻകളെ മുഠാളന്മാർക്കു തീർക്കേണ്ടതിനു പല ഗോഷ്ടിയും ഊട്ടിക്കൊണ്ടു മദ്‌റസ്സാ എന്ന പേര് കൊടുത്തു കളരികളിൽ ആണും പെണ്ണും ഭേദമില്ലാതെ കുട്ടികളെ കലർത്തി സ്ത്രീകളുടെ ലജ്ജയെ ചെറുപ്രായത്തിൽ തന്നെ നീക്കിവരുന്നുണ്ട്. കബർസ്ഥലങ്ങൾ ഇവകളിൽ ഉപയോഗപ്പെടുത്തിയും ദറസ്സുകൾക്കുള്ള വഖഫ് സൊത്തുക്കൾ ഈവക അന്തപ്പഠിപ്പുകളിൽ ചിലവിറക്കിയും കൊണ്ടു പരിശ്രമികൾ ഗ്രഡമായി ചില തുകകൾ വസൂലാക്കി കാലം തള്ളിവിടുന്നു. മാസികകളിലും മറ്റും അടങ്ങിയിരിക്കുന്ന മതനിയമ വിരോധ വാചകങ്ങൾ പെറുക്കി എട്ടു മഹാ ഉലമാക്കളാൽ ഏർപ്പെട്ട് റദ്ദ് ഉടനെ വായിച്ചറിയാം.
എസ്സ്. എം. മൗലവി,
ഉമ്മർ സാഹിബ് വിദ്യാവിലാസം അച്ചുകൂടം-കോഴിക്കോട്’’(33)
ഐക്യസംഘത്തിന്റെ കോഴിക്കോട് വാർഷിക സമ്മേളനം വമ്പിച്ച വിജയമായിരുന്നുവെങ്കിലും സമ്മേളനത്തിനുശേഷം യാഥാസ്ഥിതിക നേതൃത്വം ഐക്യസംഘത്തിനെതിരെ ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിടുകയുണ്ടായി. ഗവൺമെന്റിന് പരാതി നൽകിയും പല കള്ളക്കഥകളും നിർമിച്ച് പൊതുജനങ്ങൾക്കിടയിൽ വാറോലകൾ വിതരണം ചെയ്തും ഐക്യസംഘത്തിന്റെ പ്രയാണത്തെ തടസ്സപ്പെടുത്താൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. അഹ്‌ലുുസ്സുന്നത്തി വൽജമാഅയുടെ ആശയങ്ങളെ തകർക്കുന്നതിനുവേണ്ടിയാണ് ഐക്യസംഘം പ്രവർത്തിക്കുന്നത് എന്ന തരത്തിൽ കളവുകൾ പ്രചരിപ്പിച്ചും മലയാള ഭാഷയിൽ അറിവില്ലാത്ത ജനങ്ങളോട് സംഘത്തിന്റെ പ്രസിദ്ധീകരണങ്ങൾക്ക് അസഭ്യം ദ്യോതിപ്പിക്കുന്ന അർത്ഥഥങ്ങൾ നൽകി പരിഹസിച്ചും സംഘത്തിന്റെ മേൽ വെറുപ്പുണ്ടാക്കുന്നതിനായി കേരളത്തിന്റെ നാനാഭാഗത്തേക്കും അവർ ഏജന്റുമാരെ അയച്ചു. ഐക്യസംഘത്തെക്കുറിച്ചു തെറ്റിദ്ധാരണകളുണ്ടാക്കുന്നതിനായി ചില പുസ്തകങ്ങളും അവർ പ്രസിദ്ധം ചെയ്തു. അവയിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു പൊന്നാനിയിലെ അബ്ദുല്ലക്കുട്ടി മുസ്‌ല്യാരും മുഹമ്മദ് കുട്ടി മുസ്‌ല്യാരും കൂടി പ്രസിദ്ധപ്പെടുത്തിയ ‘ഇഅ്‌ലാൻ’ എന്ന പുസ്തകം. ഈ പുസ്തകത്തിൽ ഇ.കെ.മൗലവിയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന ഐക്യസംഘത്തിന്റെ പ്രസിദ്ധീകരണമായ ‘അൽഇർശാദി’നെക്കുറിച്ച് അടിസ്ഥാനരഹിതമായ പല ആരോപണങ്ങളും ഉന്നയിക്കുകയുണ്ടായി. ‘ഇഅ്‌ലാനി’ൽ ‘അൽഇർശാദി’നെക്കുറിച്ച് എഴുതിയിരിക്കുന്നത് യഥാർഥമാണെന്ന് തെളിയിച്ചാൽ ആയിരം രൂപ ഇനാം നൽകാം എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇതിനെതിരെ മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി ‘അൽഅമീൻ’ പത്രത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. തങ്ങൾ കളവു പറയുന്നവരല്ല എന്ന് തെളിയിക്കാൻ വേണ്ടിയെങ്കിലും അതിനെതിരെ ലേഖനമെഴുതുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അങ്ങനെ എഴുതാൻ യാഥാസ്ഥിതികർ തയ്യാറായില്ല എന്നത് ആശയപരമായ അവരുടെ പാപ്പരത്തം വ്യക്തമാക്കുന്നതായിരുന്നു.

‘അൽഅമീൻ’ പത്രാധിപരായിരുന്ന മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് ഈ ഘട്ടത്തിൽ ഇടപെടുകയും മുസ്‌ല്യാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ അഭിമുഖ സംഭാഷണത്തിലൂടെ തീർക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മണപ്പാട് കുഞ്ഞഹമ്മദ് ഹാജിക്ക് കത്തയക്കുകയും ചെയ്തു. അബ്ദുല്ലക്കുട്ടി മുസ്‌ല്യാരും സംഘവും അതിനു തയ്യാറാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല എങ്കിലും സംഭാഷണത്തിനു തയ്യാറാണെന്നറിയിച്ചുകൊണ്ട് മണപ്പാട് കുഞ്ഞഹമ്മദാജി അബ്ദുറഹ്‌മാൻ സാഹിബിന് മറുപടി നൽകി. ഇ.കെ.മൗലവിയും സീതിസാഹിബും സംഭാഷണത്തിനായി കോഴിക്കോട്ട് എത്താമെന്നും അറിയിച്ചു. അഭിമുഖ സംഭാഷണം കോഴിക്കോട് പുതിയ മാളിയേക്കൽ ആറ്റക്കോയ തങ്ങളുടെ വസതിയിൽവെച്ച് നടത്താമെന്നും അതിനായി ശവ്വാൽ 5നും 10നും ഇടയിൽ കോഴിക്കോട്ട് എത്തണമെന്നും ടി മുസ്‌ല്യാക്കൾ അവിടെ വരുമെന്നും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അറിയിച്ചു. മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയും സിക്കന്തർസാഹിബും ഏപ്രിൽ 30ന്, നിശ്ചയിച്ച തീയതിക്കു മുമ്പേതന്നെ കോഴിക്കോട്ടെത്തി. അബ്ദുല്ലക്കുട്ടിമുസ്‌ല്യാരുടെ കത്തും അബ്ദുറഹ്‌മാൻ സാഹിബിന്റെ കുറിപ്പും പ്രസിദ്ധീകരിച്ച അൽഅമീൻ പത്രമാണ് കോഴിക്കോട്ടെത്തിയപ്പോൾ അവരെ എതിരേറ്റത്. മണപ്പാടിന് അബ്ദുറഹിമാൻ സാഹിബ് എഴുതിയ കത്തും ലഭിച്ചു. അബ്ദുല്ലക്കുട്ടി മുസ്‌ല്യാർ അഭിമുഖ സംഭാഷണത്തിനു തയ്യാറല്ലെന്നറിഞ്ഞ ഐക്യസംഘം പ്രവർത്തകർക്ക് യാതൊരു നിരാശയും അനുഭവപ്പെട്ടില്ല. അവർ അത് നേരത്തെ പ്രതീക്ഷിച്ചതായിരുന്നു.(34)
അവലംബം:
33. ഐക്യസംഘം രേഖകൾ, അബ്ദുറഹ്‌മാൻ മങ്ങാട്, ഗ്രേസ് ബുക്‌സ്, പേജ് 48-51.
34. 28.05.1925ന് മാതൃഭൂമി ദിനപത്രത്തിൽ ‘മുസ്‌ലിം ഐക്യസംഘത്തിൽനിന്ന്’ എന്ന തലക്കെട്ടിൽ മണപ്പാട്ട് കുഞ്ഞഹമ്മദ്ഹാജി എഴുതിയ ലേഖനത്തിൽനിന്ന്-ഐക്യസംഘം രേഖകൾ, അബ്ദുറഹ്‌മാൻ മങ്ങാട്, ഗ്രേസ് ബുക്‌സ്, പേജ് 54,55.

