തൂലിക പടവാളാക്കിയ പരിഷ്‌കർത്താവ് 3
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 നവംബർ 09, 1446 ജു. ഊലാ 07

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 33)
അൽഇത്തിഹാദ്’ എന്ന ഒരു അറബി മലയാള മാസിക ഇ.കെ. മൗലവി സാഹിബ് സ്വന്തം പത്രാധിപത്യത്തിൽ നടത്തുകയുണ്ടായി. ഈ മാസിക 1950 ഫെബ്രുവരി 1ന് തിരൂരങ്ങാടിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. 1956 സെപ്തംബറോടുകൂടി ഈ മാസികയുടെ പ്രവർത്തനം നിലച്ചു. കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രയാണത്തിൽ ഊർജം പകരുകയായിരുന്നു ഇത്തിഹാദിന്റെ ലക്ഷ്യം. തിരൂരങ്ങാടിയിലെ സി.എച്ച്. അബ്ദുറഹ്‌മാൻ ഹാജിയുടെ റുഖിയ്യ പ്രസ്സിൽനിന്നാണ് അൽഇത്തിഹാദ് അച്ചടിച്ചിരുന്നത്.
പ്രഥമ ലക്കം മുതൽ കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാന ചരിത്രം, തുടർലേഖനങ്ങളായി ‘ഖാദിമുൽ ഇസ്‌ലാം’ എന്ന തൂലികാനാമത്തിൽ ഇ.കെ മൗലവി എഴുതിയിരുന്നു. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ സ്ഥാപനം മുതൽ കണ്ണൂരിൽവെച്ച് നടന്ന അതിന്റെ 12ാം വാർഷിക സമ്മേളനത്തിൽ അത് കേരള മുസ്‌ലിം മജ്‌ലിസിൽ വിലയം പ്രാപിച്ചതുവരെയുള്ള ചരിത്രം ഉൾക്കൊള്ളുന്നതായിരുന്നു ആ ലേഖനപരമ്പര. സ്ത്രീ വിദ്യാഭ്യാസം, പൊതുപ്രവർത്തനം, സ്ത്രീധനം തുടങ്ങി സ്ത്രീകളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും ആഴത്തിൽ വിശകലനം ചെയ്തിരുന്ന ‘ഇസ്‌ലാമും സ്ത്രീകളും’ എന്ന ഇ.കെ. മൗലവിയുടെ ലേഖനപരമ്പര കേരളത്തിലെ മുസ്‌ലിം സ്ത്രീകളെ മതപരമായും വിദ്യാഭ്യാസപരമായും സാമൂഹികമായും ഉണർത്തുന്നതിൽ ഏറെ സ്വാധീനം ചെലുത്തുകയുണ്ടായി. തലശ്ശേരിയിൽ ചേർന്ന ഐക്യസംഘത്തിന്റെ നാലാം വാർഷിക സമ്മേളനത്തിൽ സ്വാതന്ത്ര്യസമര സേനാനി മൗലാനാ മുഹമ്മദ് അലിയുടെ മാതാവ് ബീ ഉമ്മ മക്കളെ മാതൃകാപരമായി വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നടത്തിയ ഉജ്ജ്വല പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഈ ലേഖനത്തിൽ ഇ.കെ.മൗലവി എടുത്തുദ്ധരിക്കുന്നുണ്ട്.
നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ‘അൽമുർശിദ്’ മാസികയിലെ മിക്ക എഴുത്തുകാരും ‘അൽഇത്തിഹാദി’ലും അണിനിരന്നിരുന്നു. കെ.എം മൗലവിയുടെ ഫത്‌വകൾ, കെ. ഉമർ മൗലവിയുടെ മിശ്കാത്ത് പരിഭാഷ, സി.എ. മുഹമ്മദ് മൗലവിയുടെ അൽഫിഖ്ഹ് തുടങ്ങിയ സ്ഥിരം പംക്തികളും എൻ.കെ. അഹ്‌മദ് മൗലവി, ഫലഖി മുഹമ്മദ് മൗലവി, കെ.കെ.എം ജമാലുദ്ദീൻ മൗലവി തുടങ്ങിയവരുടെ അറബി കവിതകളും ടി. ഉബൈദ്, കെ.ടി മുഹമ്മദ് വിദ്വാൻ, ടി.സി. മമ്മി എന്നിവരുടെ മലയാള കവിതകളും ഈ മാസികയെ ധന്യമാക്കിയിരുന്നു. മുഹമ്മദ് അമാനി മൗലവിയുടെ ഫിഖ്ഹും ഹദീസും താരതമ്യം ചെയ്തുകൊണ്ടുള്ള പംക്തിയും ഓരോ ലക്കത്തിലും ഉൾപ്പെടുത്തിയിരുന്ന ക്വുർആൻ പാഠവും ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തിഹാദ് (ഐക്യം) എന്ന പേരിനെ അന്വർഥമാക്കും വിധം ഐക്യത്തെക്കുറിച്ചുള്ള ധാരാളം ലേഖനങ്ങളും ആഹ്വാനങ്ങളും ഈ മാസികയിൽ വന്നിരുന്നു.

പുസ്തകം 1 ലക്കം 10ൽ മുസ്‌ലിം നേതാക്കൾ ഉണരണം എന്ന പത്രാധിപക്കുറിപ്പിൽ കക്ഷിവഴക്കുകളെ പരാമർശിച്ച് ഇ.കെ.മൗലവി ഇങ്ങനെ എഴുതുന്നു:
“ആത്മഹത്യാപരമായ ഈ കക്ഷിത്വവും മത്സരവും മൂലം മുസ്‌ലിം സമുദായത്തിന്റെ ശക്തി ദിനംപ്രതി ക്ഷയിച്ചുവരികയും ചെയ്യുന്നു. ഈ വസ്തുത ഈ കക്ഷികളാരും തന്നെ ഗൗനിക്കുന്നില്ല. ഓരോ കക്ഷിയും തങ്ങളാണ് ഹഖിന്റെ അഹ്‌ലുകാരെന്ന് കരുതിയായിരിക്കും പ്രവർത്തിക്കുന്നത്. എന്നാൽ പ്രവർത്തന രീതിയിൽ വന്നിട്ടുള്ള ഭയങ്കരമായ അബദ്ധംമൂലം പൊതുവെ സമുദായത്തിന്റെ ശക്തി നശിക്കുകയും അങ്ങനെ ഓരോ കക്ഷിയെയും ആ ക്ഷയം ബാധിക്കുകയുമാണ് ചെയ്യുന്നതെന്ന് അവർ അറിയുന്നില്ല. ഒരു പൊതുശത്രുത അവരെ എല്ലാ കക്ഷികളെയും തുറിച്ചുനോക്കിക്കൊണ്ട് തക്കം പാർത്തിരിക്കുന്ന വിവരം അവർ മനസ്സിലാക്കാത്തതാണ് വ്യസനം. തറവാട്ടിലെ അംഗങ്ങൾ തറവാട് ഭാഗിക്കുവാൻ ഒരുങ്ങിയിരിക്കുകയാണ്. ഉയർന്ന മുറികൾ ഞങ്ങൾക്ക് കിട്ടണമെന്ന് വാദിച്ച് ബഹളം കൂട്ടുന്നു. ഓരോ അംഗങ്ങളും തന്റെ വാദം സ്ഥാപിക്കാൻ വെമ്പൽകൊള്ളുന്നു. എന്നാൽ തറവാടിന് തീ പിടിക്കുകയാണ്. അതവർ അറിയുന്നില്ല. അറിഞ്ഞാലും അതേപറ്റി ഗൗനിക്കുന്നില്ല. ഇതാണ് ഇന്നത്തെ മുസ്‌ലിംസമുദായത്തിന്റെ നില. ഇതിനൊരു പരിഹാരം കാണാത്തപക്ഷം സമുദായം നശിക്കും. (അല്ലാഹു കാക്കട്ടെ).’’
അൽമുർശിദ് മലയാള മാസിക
1956ൽ ‘അൽഇത്തിഹാദ്’ അറബി മലയാളം മാസിക നിലച്ചതിനുശേഷം ‘അൽമുർശിദ്’ എന്ന പേരിൽ തന്നെ ഒരു മലയാളം മാസിക ഇ.കെ മൗലവിയുടെ പത്രാധിപത്യത്തിൽ തിരൂരങ്ങാടിയിൽനിന്നും പുറത്തിറങ്ങുകയുണ്ടായി. മതരംഗത്ത് പ്രവർത്തിച്ചിരുന്നവരും സി.എച്ച്.മുഹമ്മദ് കോയയെപ്പോലെ രാഷ്ട്രീയരംഗത്ത് പ്രവർത്തിച്ചിരുന്നവരുമായ പല പ്രഗത്ഭരും ഈ മാസികയിൽ എഴുതിയിരുന്നു. തിരൂരങ്ങാടി ഓറിയന്റൽ ഹൈസ്‌കുളിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു അൽമുർശിദിന്റെ ഓഫീസ്.
നിസാഉൽ ഇസ്‌ലാം
അറബിമലയാളത്തിൽ പ്രസിദ്ധീകരിച്ച കേരളത്തിലെ ആദ്യ വനിതമാസികയാണ് ‘നിസാഉൽ ഇസ്‌ലാം.’ കെ.സി. കോമുക്കുട്ടി മൗലവിയായിരുന്നു പത്രാധിപർ. ഇരിമ്പിളിയം ഹൈദരിയ്യ പ്രസ്സിൽനിന്നായിരുന്നു ഇത് അച്ചടിച്ചിരുന്നത്. 1929 സെപ്തംബറിൽ പ്രഥമലക്കം പുറത്തിറങ്ങി. പ്രഥമലക്കത്തിൽ തന്നെ ശിശുപരിപാലനം എന്ന തലക്കെട്ടിൽ ഇ.കെ. മൗലവിയുടെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ശിശുപരിപാലനം എന്ന ശീർഷകത്തിൽ മിക്ക ലക്കങ്ങളിലും മൗലവിയുടെ ലേഖനം ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. സ്ത്രീസംബന്ധമായ ഇസ്‌ലാമിക കാഴ്ചപ്പാടും ആധുനിക വീക്ഷണങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ലേഖനങ്ങളാൽ ധന്യമായിരുന്നു ഈ മാസിക. ഒരു കൊല്ലവും നാലുമാസവും അഥവാ പതിനാറു ലക്കങ്ങൾ മാത്രമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. കെ.എം. മൗലവി, എം.സി.സി. അബ്ദുറഹ്‌മാൻ മൗലവി, എം.സി.സി. അഹ്‌മദ് മൗലവി തുടങ്ങിയ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ നായകന്മാരെല്ലാം നിസാഉൽ ഇസ്‌ലാമിൽ അണിനിരന്നു. ഒട്ടുമിക്ക ലക്കങ്ങളിലും ഇ.കെ. മൗലവിയുടെ ലേഖനങ്ങൾ വെളിച്ചം കണ്ടിരുന്നു. ആദ്യലക്കത്തിൽ എഴുതിയ ലേഖനത്തിൽതന്നെ സ്ത്രീകൾക്കു വേണ്ടി ഇങ്ങനെ ഒരു മാസിക പുറത്തിറങ്ങുന്നതിലുള്ള അദ്ദേഹത്തിന്റെ സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ട്. ആ വരികൾ ചുവടെ കൊടുക്കുന്നു:
“കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ ഉപയോഗത്തെ മുൻനിറുത്തിക്കൊണ്ട് അറബിമലയാള ലിപിയിൽ ഒരു മാസിക അടുത്ത് തന്നെ പുറപ്പെടുവിച്ചു തുടങ്ങുന്നതാണെന്നും അതിലേക്ക് സ്ത്രീകളെ സംബന്ധിക്കുന്ന ഒരു വിഷയം എഴുതി അയക്കണമെന്നും കാണിച്ചുകൊണ്ടുള്ള ഒരു കത്ത് എനിക്ക് കിട്ടിയപ്പോൾ എനിക്കുണ്ടായ സന്തോഷത്തിന്ന് കയ്യും കണക്കുമില്ല. കേരളത്തിലെ മുസ്‌ലിം സ്ത്രീകൾ പഠിപ്പില്ലാത്തവരാണെങ്കിലും മുസ്‌ലിം സ്ത്രീകളാണെന്ന നിലയിൽ പലവിധത്തിലുള്ള അഭിമാനത്തിന്നും അവകാശമുണ്ട്. സ്ത്രീകളുടെ ന്യായമായ സ്വാതന്ത്ര്യത്തെ ഒന്നാമതായി ജനങ്ങളെ മനസ്സിലാക്കിയത് ഇസ്‌ലാം ദീനാണ്. ഇസ്‌ലാമിന്റെ തുടക്കം മുതൽ ഇതെവരേയും മുസ്‌ലിമീങ്ങളിൽ പല വിദുഷികളും (പഠിപ്പുള്ള സ്ത്രീകളും) മഹതികളും (മഹത്വമുള്ള സ്ത്രീകളും) ഉണ്ടായിട്ടുണ്ട്.

മുൻകാലത്തുണ്ടായിരുന്ന ആഇശബീവി, ഫാത്വിമാബീവി, നഫീസത്തുൽ മിസ്രിയ്യഃ, റാബിഅതുൽ അദവിയ്യ മുതലായവരെ അറിയാത്തവർ ആരും ഉണ്ടായിരിക്കയില്ല. ഇന്ത്യാരാജ്യത്തെപറ്റി പ റയുന്നതായാൽ മുൻകാലത്ത് റളിയ്യഃബീഗം ഒരു വലിയ രാജ്ഞിയായിരുന്നു. ഇപ്പോൾ ജീവിച്ചിരിക്കുന്ന ഭോപ്പാൽ ബീഗത്തെ അറിയാത്തവർ ആരാണ്? ആ മഹതി ഒരു രാജ്ഞിയും അലിഗർ എം.എ.ഒ. കാളേജ് വൈസ്ചാൻസലറുമായിരുന്നുവെന്ന് കൂടി പത്രം വായിക്കുന്നവർക്കൊക്കെ അറിയാം. എന്തിന്ന് അങ്ങും ഇങ്ങും ഒക്കെ പോകുന്നു. നമ്മുടെ മലയാള രാജ്യത്ത് തന്നെ കണ്ണൂർ അറക്കൽ രാജധാനിയെ ഇപ്പോൾ അലങ്കരിച്ചിട്ടുള്ളത് ഒരു സ്ത്രീരത്‌നമാണെന്നുള്ളത് കേരളത്തിലെ മുസ്‌ലിം സ്ത്രീകൾക്ക് എത്ര കണ്ട് അഭിമാനകരമാണ്. പ്രസ്തുത രാജധാനി ഇതിന്ന് മുമ്പും മഹിളാമണികളാൽ അലംകൃതമായിട്ടുണ്ടെന്നുള്ളത് മറക്കത്തക്കതല്ല. എന്നാൽ ഇന്ന് ആ രാജപീഠത്തെ ശോഭിപ്പിക്കുന്ന ആദിരാജാ സുൽത്താനഃ ആഇശഃ ബീവിയിൽ(ആ മഹതിക്ക് അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നല്കുമാറാകട്ടെ!) ചില പ്രത്യേക മഹൽ ഗുണങ്ങൾ കൂടിയുണ്ട്. കേരളത്തിൽ മുസ്‌ലിം സ്ത്രീകളുടെ നന്മയെ മുൻനിറുത്തിക്കൊണ്ട് ആ മഹതി പലതും ചെയ്തുവരുന്നുണ്ട്. തങ്ങളുടെ പരിഷ്‌ക്കരണത്തിന്നായി കേരളത്തിലെ മുസ്‌ലിം സ്ത്രീകൾക്ക് ഒരു രാജ്ഞിയെ ലഭിച്ചുവെന്നുള്ളത് ഒരു മഹാഭാഗ്യം തന്നെയാണ്.’’
സഹൃദയോപഹാരം
1930കളിൽ കൊല്ലം ജില്ലയിലെ ഇടവയിൽനിന്ന് ഇ.എം.ഹബീബ് മുഹമ്മദിന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘സഹൃദയോപഹാരം’ എന്ന ആനുകാലികത്തിലും ഇ.കെ. മൗലവി ലേഖനങ്ങളെഴുതിയിരുന്നു. കേരള മുസ്‌ലിംകളുടെ അനിസ്‌ലാമിക ആചാരങ്ങളെക്കുറിച്ച് ‘സഹൃദയോപഹാര’ത്തിൽ അദ്ദേഹം എഴുതിയ ലേഖനം കേരള മുസ്‌ലിംകൾക്കിടയിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുറന്നെതിർക്കുന്ന ഒന്നായിരുന്നു.
കൊച്ചിൻ മെയിൽ
1945ൽ ‘കൊച്ചിൻ മെയിൽ’ എന്ന പത്രം ഇ.കെ. മൗലവി സ്വന്തമായി നടത്തിയിരുന്നു. അദ്ദേഹം മലബാറിലേക്ക് തിരിച്ചു വന്നപ്പോൾ ആ പത്രം മുസ്‌ലിം ലീഗ് ഏറ്റെടുക്കുകയാണുണ്ടായത്.
അൽമനാർ മാസിക
1950 ൽ ഇസ്‌ലാഹീ ആശയം സ്വീകരിച്ച സാധാരണക്കാരുടെ പൊതു വേദിയായി കേരള നദ്‌വത്തുൽ മുജാഹിദീൻ രൂപീകരിക്കപ്പെട്ടതോടു കൂടി സംഘടനക്ക് ഒരു മുഖപത്രം ആവശ്യമാണെന്ന അഭിപ്രായം ഉയർന്നു വന്നു. ആ വർഷം തന്നെ സംഘടനയുടെ മുഖപത്രമായി അൽമനാർ മാസിക പ്രസിദ്ധീകരണം ആരംഭിച്ചു. അൽമനാറിെൻറ പ്രഥമലക്കം മുതൽ തന്നെ ഇ.കെ. മൗലവിയുടെ ലേഖനങ്ങൾ അൽമനാർ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. തെൻറ പത്രാധിപത്യത്തിൽ അൽ ഇത്തിഹാദ് അറബി മലയാളം മാസികയും അൽ മുർശിദ് മലയാളം മാസികയും പുറത്തിറങ്ങുമ്പോഴും അൽ മനാറിെൻറ മിക്ക ലക്കങ്ങളും തെൻറ തൂലിക കൊണ്ട് ധന്യമാക്കാൻ ഇ.കെ. മൗലവിക്കു കഴിഞ്ഞു.
ഇ.കെ.മൗലവിയുടെ പങ്കാളിത്തത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട മാസികകളും വാരികകളുമെല്ലാം തന്നെ ജനങ്ങളിൽ അസൂയാർഹമായ മാറ്റങ്ങളുണ്ടാക്കിയെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമത്രെ. ഇത്തരം ആനുകാലികങ്ങൾ നടത്തിപ്പോന്നതോടൊപ്പം മറ്റനേകം പത്രങ്ങളിൽ ലേഖനങ്ങളെഴുതാനും ആദർശ പ്രചാരണ രംഗത്ത് സ്തുത്യർഹമായ സേവനങ്ങളർപ്പിക്കാനും ഇ.കെ.മൗലവിക്കു കഴിഞ്ഞിട്ടുണ്ട്.
ഗ്രന്ഥങ്ങൾ
ആനുകാലികങ്ങളിൽ നിറഞ്ഞ് നിൽക്കുകയും അതോടൊപ്പം തന്റെ തിരക്കുപിടിച്ച പത്ര പ്രവർത്തനങ്ങൾക്കിടയിൽ ഗ്രന്ഥരചനകൾക്ക് അദ്ദേഹം സമയം കണ്ടെത്തിയെന്നതും അത്ഭുതകരമാണ്. മലയാള ഭാഷയുടെ യഥാർഥ രൂപം മുസ്‌ലിം പണ്ഡിതകേരളത്തെ പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. ശുദ്ധമായ മലയാളത്തിൽ എഴുതാനും പ്രസംഗിക്കാനും കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ കൃതികൾ നിത്യപ്രസക്തങ്ങളായി ഇന്നും നിലനിൽക്കുന്നു. നിരവധി ശ്രദ്ധേയമായ പുസ്തകങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ കേരള മുസ്‌ലിം ഐക്യസംഘവും നവോത്ഥാനവും, ഇസ്‌ലാമും കമ്യൂണിസവും, ഇസ്‌ലാമും എച്ച് ജി വെൽസും, ശൈഖ് ജീലാനി, അൽ ഇസ്‌ലാം, ഇസ്‌ലാം മത വിശ്വാസങ്ങൾ , കിതാബുന്നഹ്‌വ്, കിതാബുൽ ഈമാൻ, ഹാജി കെ സീതി മുഹമ്മദ് തുടങ്ങിയ പുസ്തകങ്ങൾ എടുത്തുപറയേണ്ട രചനകളാണ്. ക്വിബ്‌ല വിവാദത്തിൽ ചാലിലത്ത് കുഞ്ഞഹമ്മദ് ഹാജിയെ പിന്തുണച്ചിരുന്ന കാസർഗോഡ് ഖാദി അബ്ദുല്ല മൗലവിയെക്കുറിച്ച് ഇ.കെ.മൗലവി ഒരു ചെറുഗ്രന്ഥം എഴുതിയിരുന്നു.
വിഖ്യാത എഴുത്തുകാരൻ എച്ച് ജി വെൽസിന്റെ ഇസ്‌ലാം വിമർശനങ്ങളുടെ മുനയൊടിക്കുന്ന കനപ്പെട്ട കൃതിയാണ് ‘ഇസ്‌ലാമും എച്ച് ജി വെൽസും.’ ഈ കൃതി പ്രവാചകനെയും ക്വുർആനെയും തെറ്റായി അവതരിപ്പിച്ച എച്ച്ജി വെൽസിന്റെ വാദങ്ങളിലെ പൊള്ളത്തരങ്ങളെ പൊളിച്ചെഴുതുന്നു.
കമ്യൂണിസത്തെയും ഇസ്‌ലാമിനെയും താരതമ്യം ചെയ്തുകൊണ്ട് മലയാളത്തിൽ പ്രസിദ്ധീകൃതമായ ആദ്യത്തെ കൃതിയാണ് ‘ഇസ്‌ലാമും കമ്യൂണിസവും.’ കമ്യൂണിസത്തിന്റെ അപ്രായോഗികത ബോധ്യപ്പെടുത്തിയും അതിന്റെ നിരർഥകത തെളിയിച്ചും എഴുതപ്പെട്ട ഈ ഗ്രന്ഥം കമ്യൂണിസത്തിന്റെ ഇസ്‌ലാമിക വിരുദ്ധ ആശയങ്ങൾ കേരള സമൂഹത്തെ ബോധ്യപ്പെടുത്താൻ പര്യാപ്തമായിരുന്നു.
പ്രമുഖ പത്രപ്രവർത്തകനായ കെ.പി.കുഞ്ഞിമൂസക്ക് പ്രസംഗിക്കാൻ റഫറൻസ് ആയി ഉപയോഗപ്പെടുത്താൻ തന്റെ ഗുരുവായ കെ.എൻ.ഇബ്‌റാഹീം മൗലവി ഈ രണ്ടു കൃതികൾ നൽകിയ കാര്യം അദ്ദേഹം പരാമർശിക്കുന്നത് ഇങ്ങനെ വായിക്കാം:
“വിമോചന സമരകാലത്ത് പ്രസംഗിക്കാൻ ഈ ശിഷ്യനെ മൗലവി സാഹിബ് പ്രേരിപ്പിച്ചത് ഇ.കെ. മൗലവിയുടെ ‘ഇസ്‌ലാമും എച്ച്.ജി. വെൽസും,’ ‘ഇസ്‌ലാമും കമ്യൂണിസവും’ എന്നീ കൃതികൾ തന്നുകൊണ്ടായിരുന്നു.(85)
ഇ.കെ.മൗലവി ഒട്ടേറെ ചരിത്ര ലേഖനങ്ങളുടെയും കൃതികളുടെയും കർത്താവാണ്. ‘ഖുലാസ്വതു സീറതുന്നബവിയ്യഃ’ എന്ന അദ്ദേഹത്തിന്റെ കൃതി 20ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ അറബി മലയാള ലിപിയിൽ രചിക്കപ്പെട്ട പ്രധാന നബിചരിത്ര ഗ്രന്ഥങ്ങളിലൊന്നാണ്.
കെ.എം.മൗലവി മരണപ്പെട്ടപ്പോൾ തിരൂരങ്ങാടിയിൽനിന്നും പ്രസിദ്ധീകരിക്കപ്പെട്ട കെ.എം.മൗലവി സ്മരണിക കമ്മിറ്റിയുടെ കൺവീനർ ഇ.കെ.മൗലവിയായിരുന്നു. കെ.എം.മൗലവിയെ സ്മരിച്ചുകൊണ്ട് ആ സ്മരണികയിൽ അദ്ദേഹം എഴുതിയ ഓർമക്കുറിപ്പ് കെ.എം.മൗലവിയെക്കുറിച്ച് അന്നുവരെ അറിയപ്പെടാതിരുന്ന പല വസ്തുതകളും അനാവരണം ചെയ്യുന്നുണ്ട്.
അവലംബം:
85. ഇസ്ഹാഖലി കല്ലിക്കണ്ടി, ഇസ്വ്‌ലാഹി ഭൂമികയിലൂടെ-ഭാഗം 3, പ്രകാശം ചൊരിഞ്ഞവർ, പേജ് 30.

