തൂലിക പടവാളാക്കിയ പരിഷ്‌കർത്താവ് 4

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

2024 നവംബർ 16, 1446 ജു. ഊലാ 14

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 33)

സാംസ്‌കാരികലോകം

വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സാസ്‌കാരിക നായകൻമാരുമായി ഇ.കെ.മൗലവി സൗഹാർദം പുലർത്തിയിരുന്നു. ഹൈന്ദവ നവോത്ഥാനാചാര്യനായ ശ്രീനാരായണ ഗുരുവിന് ഇ.കെ.മൗലവിയുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ആലുവയിൽ നടന്ന സർവമത സമ്മേളനത്തിൽ മുസ്‌ലിം പ്രതിനിധിയായി ഗുരു ക്ഷണിച്ചതും തന്റെ ആത്മമിത്രമായിരുന്ന ഇ.കെ.മൗലവിയെയായിരുന്നുവല്ലോ.

ഒരിക്കൽ ശ്രീനാരായണ ഗുരുവിനോട് ഇ.കെ. മൗലവി ചോദിച്ചു: “താങ്കൾ ഹിന്ദു സമുദായത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടല്ലോ. താങ്കൾ അതിൽ സംതൃപ്തനാണോ? അതിന് ഗുരുവിന്റെ മറുപടി അല്ലെന്നായിരുന്നു. “നിങ്ങളുടെ മതക്കാരെപ്പോലെ ഒന്നിച്ചിരുന്ന് ഒരു കിണ്ണത്തിൽ കുടിക്കുന്നത് കാണാൻ ഇനിയും ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. എന്റെ മതക്കാർ അതിന് പാകപ്പെട്ടിട്ടില്ല. ജാതിവ്യവസ്ഥ ഇപ്പോഴും താഴ്ന്ന ജാതിക്കാരെ അടിമകളാക്കുകയാണ്’’ (ഇ.കെ മൗലവി കുഞ്ഞഹമ്മദ് മൗലവിയോട് പറഞ്ഞതാണ് ഈ സംഭവം). ഈഴവ-തിയ്യ സമുദായങ്ങളിലെ മദ്യാസക്തിയും മുസ്‌ലിംകളിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുമായിരുന്നു ഇരുവരുടെയും കണ്ടുമുട്ടലുകളിൽ എപ്പോഴും ചർച്ചാവിഷയമായിരുന്നത്.(86)

ജാതിരഹിതവും വർഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച ദളിത് നവോത്ഥാനനായകനായിരുന്ന സഹോദൻ അയ്യപ്പനുമായും ഇ.കെ.മൗലവി സൗഹൃദം പുലർത്തി. സഹോദൻ അയ്യപ്പനോടൊപ്പം അയിത്തത്തിനെതിരെ പ്രസംഗിക്കാനും അവരുടെ സമരങ്ങൾക്ക് പിന്തുണ നൽകാനും ഇ.കെ.മൗലവി തയ്യാറായി. അയിത്തം കൽപിച്ച് തീണ്ടാപ്പാടകലെ നിർത്തിയിരുന്ന കാലത്ത് ദളിതനായ സഹോദരൻ അയ്യപ്പനെ കൊടുങ്ങല്ലൂരിലെ ഏറിയാട് പള്ളിയിൽ പ്രവേശിപ്പിച്ച് ദളിതൻ തൊട്ടുകൂടാത്തവനോ തീണ്ടിക്കൂടാത്തവനോ അല്ല എന്ന് ഇ.കെ. മൗലവി സമൂഹത്തിന് മുന്നിൽ പ്രഖ്യാപിച്ചു. ദളിതനെ പള്ളിയിൽ പ്രവേശിപ്പിച്ചതിന്റെ പേരിൽ മുസ്‌ലിം സമുദായാംഗങ്ങളുടെ ശക്തമായ എതിർപ്പ് ഇ.കെ.മൗലവിക്കു നേരിടേണ്ടിവന്നു. എന്നാൽ സമുദായം ഇളകിമറിഞ്ഞിട്ടും മൗലവി കുലുങ്ങിയില്ല.

ഇ.കെ.മൗലവിക്കു പുറമെ മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയുമായും സഹോദരൻ അയ്യപ്പൻ ഗാഢബന്ധം നിലനിർത്തിയിരുന്നു. മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയുടെ പുത്രിയുടെ പേര് ആഇശ എന്നായിരുന്നു. അദ്ദേഹവുമായുള്ള അടുപ്പം കാരണമാണ് സഹോദൻ അയ്യപ്പൻ തന്റെ പുത്രിക്ക് ആഇശ എന്ന് പേര് നൽകിയത്. ഇ.കെ.മൗലവി പിന്നീട് തന്റെ പൗത്രിക്ക് ആഇശ എന്ന് പേരു നൽകിയത് ഈ ബന്ധത്തിന്റെ ഫലമായിരുന്നോ എന്ന് പറയാൻ വയ്യ.

കൊച്ചിൻ സ്റ്റേറ്റ് മാനുവലിന്റെ കർത്താവായ സി.അച്യുതമേനോൻ, ജ്ഞാനപീഠം കരസ്ഥമാക്കിയ മഹാകവി ജി.ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി ശ്രീധരമേനോൻ, കവി തിലകൻ, പ്രൊഫ.പി.ശങ്കരൻ നമ്പ്യാർ, തുടങ്ങിയ കൊച്ചി പ്രദേശത്തെ സാഹിത്യ പ്രതിഭകളെല്ലാം ഇ.കെ.മൗലവിയുടെ സുഹൃത്തുക്കളായിരുന്നു.

സുപ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരനായിരുന്ന എച്ച്.ജി. വെൽസിന്റെ ‘ലോക ചരിത്ര സംഗ്രഹം’ (A short history of the world)) എന്ന ഗ്രന്ഥം സി.അച്യുതമേനോൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോൾ വിവർത്തനത്തിൽ വന്ന പിഴവുകൾ ചൂണ്ടിക്കാണിക്കുവാൻ ഈ സൗഹൃദം ഇ.കെ. മൗലവിക്ക് തടസ്സമായില്ല. വിവർത്തനത്തിൽ വരുത്തിയ പിഴവുകൾ ഇസ്‌ലാമിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാൻ കാരണമായിട്ടുണ്ടെന്ന് മൗലവി സാഹിബ് ഉണർത്തുകയും ചെയ്തു. തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ അച്യുതമേനോനെ ശ്ലാഘിക്കാനും മൗലവി മറന്നില്ല. ഇസ്‌ലാമും എച്ച്.ജി. വെൽസും എന്ന ഗ്രന്ഥത്തിൽ സി. അച്യുതമേനോനെ പ്രശംസിക്കുന്ന വരികൾ ഇങ്ങനെ വായിക്കാം:

“സുപ്രസിദ്ധ എഴുത്തുകാരനായ എച്ച്.ജി. വെൽസിനെപ്പറ്റി അറിയാത്തവരായി പത്രലോകവുമായി ബന്ധപ്പെട്ടവരിൽ അധികം പേരുണ്ടാകുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ലോക ചരിത്രസംഗ്രഹം (A short history of the world)) എന്ന കൃതിയെ ഒരത്ഭുത വസ്തുവായിട്ടാണ് വിചാരിച്ചുവരുന്നത്. ലോകത്തിന്റെ ചരിത്ര സംഗ്രഹം ഒരു പോക്കറ്റ് ബുക്കിൽ ഒതുക്കി എന്നതാണ് അതിനുള്ള കാരണം. എന്നാൽ, ആംഗലേയ ഭാഷ അറിഞ്ഞുകൂടാത്ത കേരളീയർക്ക് പ്രസ്തുത പുസ്തകത്തിന്റെ ഉള്ളടക്കം പരിശോധിച്ചറിയാൻ ഇതേവരെ സാധിച്ചിരുന്നില്ല. ഇപ്പോൾ ശ്രീമാൻ സി.അച്യുത മേനോൻ ബി.എ, ബിഎൽ അവർകളുടെ പരിശ്രമഫലമായി അക്കാര്യവും സാധിതപ്രായമായിത്തീർന്നിരിക്കുന്നു. അതിൽ നമുക്കെല്ലാവർക്കും സന്തോഷിക്കാം. ആംഗലേയ ഭാഷ അറിഞ്ഞുകൂടാത്ത മലയാളികൾക്ക് എളുപ്പത്തിൽ ലോക ചരിത്രസംഗ്രഹം ഗ്രഹിക്കാൻ സാധിച്ചുവെന്ന് മാത്രമല്ല, കൈരളിക്ക് ഒരു രത്‌നഹാരം കൂടി ലഭിച്ചുവെന്നതു പ്രത്യേകം ചാരിതാർഥ്യജനകം തന്നെ.’’

ആറാം നൂറ്റാണ്ടിലെ അറബി കവിയായിരുന്ന ഉംറുൽ ഖൈസിന്റെ ‘മുഅല്ലക്വ’ എന്ന കവിത ഭാഗികമായി മൗലവി സാഹിബ് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യുകയും ശങ്കരൻ നമ്പ്യാർ അത് മലയാള പദ്യരൂപത്തിൽ ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു.

കൊടുങ്ങല്ലൂർ സ്വദേശിയായ ചരിത്രകാരനും പത്രപ്രവർത്തകനുമായിരുന്ന പി.എ.സെയ്ത് മുഹമ്മദ് മൗലവി സാഹിബിനെ ഗുരുതുല്യനായാണ് കണ്ടിരുന്നത്. ‘സംസ്‌കൃത പണ്ഡിതൻ’ എന്നാണ് മൗലവി സെയ്ത് മുഹമ്മദിനെ വിശേഷിപ്പിച്ചിരുന്നത്. മൗലവിയുമായി ഗാഢബന്ധം പുലർത്തിയിരുന്ന അദ്ദേഹം നിരവധി തവണ മൗലവിയുടെ അതിഥിയായി തിരൂരങ്ങാടിയിലും തലശ്ശേരിയിലും എത്തിയിരുന്നു.

ഖാദിയാനികൾക്കെതിരെ

മീർസാ ഗുലാം അഹ്‌മദ് ഖാദിയാനി എന്ന കള്ള പ്രവാചകൻ നുബുവ്വത്ത് വാദവുമായി രംഗപ്രവേശം ചെയ്ത് താമസിയാതെത്തന്നെ കേരളത്തിലും അദ്ദേഹത്തിന് അനുയായികളുണ്ടാകുകയും കേരളത്തിൽ അവരുടെ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തിരുന്നു. ബർമയിലേക്ക് കച്ചവടാവശ്യാർഥം പോയ കണ്ണൂരിലെ എടപ്പകത്ത് അബ്ദുൽ ഖാദർ കുട്ടിയാണ് മലയാളിയായ ആദ്യത്തെ ഖാദിയാനി. 1902ൽ അദ്ദേഹം ഖാദിയാനി മതം സ്വീകരിച്ചിരുന്നു. പിന്നീട് കണ്ണൂരിലെയും പഴയങ്ങാടിയിലെയും കുറേ പേർ ഖാദിയാനികളായി.

ഒട്ടേറെ പേർ വഴിതെറ്റുന്നത് കണ്ട ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി സന്ദർഭത്തിനനുസരിച്ച് ഉയർന്ന് പ്രവർത്തിക്കുകയും ക്വുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ അവരെ നേരിടുകയും ചെയ്തു. ഖാദിയാനികളെ വെല്ലുവിളിച്ച അദ്ദേഹം പ്രമാണങ്ങളുടെ വെളിച്ചത്തിൽ അവരുടെ ഇസ്‌ലാമികവിരുദ്ധ വാദങ്ങളുടെ മുനയൊടിച്ചു. കണ്ണൂരിലെ മൊയ്തീൻ കുട്ടി മൗലവി, ബിലാവിനകത്ത് കുഞ്ഞഹമ്മദ് ഹാജി എന്നീ പ്രമുഖർ ഖാദിയാനികളായതോടെ അവരുടെ സ്വാധീനം വർധിച്ചു.

കണ്ണൂരിൽ ഖാദിയാനികൾക്ക് സ്വാധീനം വർധിക്കുന്നത് അറക്കൽ രാജാവിനെ അസ്വസ്ഥനാക്കി. ഖാദിയാനികളുമായി തുറന്ന സംവാദം സംഘടിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു, സംവാദത്തിലൂടെ ഖാദിയാനികളെ പ്രതിരോധിക്കാൻ അറക്കൽ രാജാവ് ക്ഷണിച്ചത് ചാലിലകത്തിനെയായിരുന്നു. പിന്നീട് കുട്ടി മാപ്പിളകത്ത് ഇബ്രാഹിം കുഞ്ഞ് എന്ന ആൾ ഖാദിയാനീമതം സ്വീകരിക്കുകയും അവർക്കു വേണ്ടി തുഹ്ഫത്തുൽ മലബാർ എന്ന അറബി മലയാള പുസ്തകം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഖാദിയാനികളുടെ ഇസ്‌ലാമിക വിരുദ്ധ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് തെളിവുകൾ നിരത്തിവെച്ച് അക്കമിട്ട് മറുപടി പറയുന്ന ‘ഖാദിയാനീഖണ്ഡനം’ എന്ന ഒരു ഗ്രന്ഥം ചാലിലകത്ത് എഴുതുകയുണ്ടായി. കണ്ണൂരിലെ മുസ്‌ലിം പൗരപ്രധാനികളാണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. ഖാദിയാനികളുടെ വാദങ്ങൾക്ക് ക്വുർആൻ, ഹദിസ്, തഫ്‌സീറുകൾ മുതലായവയുടെ അടിസ്ഥാനത്തിൽ മറുപടി നൽകാൻ സാധിച്ചതിനാൽ ഖാദിയാനിസത്തിന്റെ വളർച്ച മുളയിലേ നുള്ളിക്കളയാൻ മൗലാനാ ചാലിലകത്തിന് സാധിച്ചു.

ചാലിലകത്തിന്റെ മരണത്തോടെ ഖാദിയാനിസം വീണ്ടും തലപൊക്കാൻ തുടങ്ങി. 1925ൽ ഖാദിയാനികൾ ‘സത്യദൂതൻ’ മലയാള മാസിക പ്രസിദ്ധീകരണമാരംഭിച്ചത് അവരുടെ പ്രചാരണത്തിന് ആക്കം കൂട്ടി. കേരളത്തിലെ മറ്റു ചിലയിടങ്ങളിലും ഖാദിയാനി മതാനുയായികളുണ്ടായി. ചാലിലകത്തിന്റെ അസാന്നിധ്യത്തിൽ അവരുന്നയിച്ച വാദങ്ങൾക്കു മറുപടി പറയാൻ അദ്ദേഹത്തിന്റെ ശിഷ്യൻ ഇ.കെ.മൗലവിയാണ് പിന്നീട് രംഗത്തുവന്നത്.

ഒരിക്കൽ ഖാദിയാനികൾക്കെതിരെ ഒരു പ്രഭാഷണം സംഘടിപ്പിക്കുന്നതിന് യാഥാസ്ഥിതികരടക്കമുള്ള കണ്ണൂരിലെ പൊതുസമൂഹം തീരുമാനിക്കുകയുണ്ടായി. പ്രസ്തുത പരിപാടിയിൽ വിഷയമവതരിപ്പിക്കുന്നതിനായി ക്ഷണിക്കാൻ ആ സമൂഹം തീരുമാനിച്ചത് ഇ.കെ. മൗലവിയെയായിരുന്നു. അദ്ദേഹം ആ പരിപാടിയിൽ സംബന്ധിക്കുകയും തെളിവുസഹിതം ഖാദിയാനികളുടെ വാദങ്ങളെ ഖണ്ഡിക്കുകയുമുണ്ടായി

‘സത്യദൂതൻ’ മലയാള മാസികയിലൂടെ ഖാദിയാനികൾ തങ്ങളുടെ വാദങ്ങൾ പ്രചരിപ്പിച്ചപ്പോൾ ‘അൽഅമീൻ’ പത്രത്തിൽ മൂർച്ചയേറിയ തൂലികയിലൂടെ ഇ.കെ.മൗലവി സാഹിബ് ഖാദിയാനികൾക്കെതിരെ ആഞ്ഞടിച്ചു. ‘ഇക്കാലത്തിൻ ഇമാം’ എന്ന തലക്കെട്ടിൽ അൽഅമീനിൽ ഖാദിയാനികൾക്കെതിരെ അദ്ദേഹം എഴുതിയ ലേഖനം അവരുടെ വാദങ്ങൾക്കെതിരെയുള്ള വായടപ്പൻ മറുപടിയായിരുന്നു. ഈ ലേഖനത്തെയും ഇ.കെ.മൗലവിയെ വ്യക്തിപരമായും വിമർശിച്ചുകൊണ്ട് സത്യദൂതൻ മാസികയിൽ ഖാദിയാനികൾ എഴുതിയ മറുപടി ഇ.കെ.മൗലവിയുടെ ലേഖനം അവരെ എത്രമാത്രം ചൊടിപ്പിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്.

അവലംബം:

86. ഇസ്ഹാഖ് അലി കല്ലിക്കണ്ടി, ‘മുജാഹിദ് പ്രസ്ഥാനം കേരളത്തിൽ,’ കെ.എൻ.എം. പബ്ലിഷിംഗ് വിംഗ്, പേജ് 270.