സീതി സാഹിബിനെ കൈപിടിച്ചുയർത്തിയ മഹാൻ
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 ആഗസ്റ്റ് 17, 1446 സ്വഫർ 13

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 23)
സീതി സാഹിബ് എന്ന പ്രതിഭയെ കണ്ടെത്തിയ മഹാനായിരുന്നു ഇ.കെ.മൗലവി. ഇളം പ്രായത്തിൽ തന്നെ അദ്ദേഹത്തിന്റെ കഴിവുകൾ മനസ്സിലാക്കാൻ ഇ.കെ.മൗലവിക്കു കഴിഞ്ഞിരുന്നു. ഹൈസ്‌കൂൾ പഠനകാലം മുതൽ ഐക്യസംഘം എന്ന ഇസ്‌ലാമിക കൂട്ടായ്മയിലേക്ക് അദ്ദേഹത്തെ അടുപ്പിക്കാൻ മൗലവി ശ്രമിച്ചു. സീതി സാഹിബിനെ തിരൂരങ്ങാടിയിലുള്ള കെഎം.മൗലവിയുമായി പരിചയപ്പെടുത്തുക എന്നതായിരുന്നു ഇതിന് ഇ.കെ.മൗലവി സ്വീകരിച്ച ആദ്യമാർഗം. കെ.എം. മൗലവിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ അഴീക്കോട്ടു നിന്നും ഇ.കെ. മൗലവി വന്നപ്പോൾ കൂടെ സീതി സാഹിബിനെയും കൊണ്ടുവരികയുണ്ടായി. തന്റെ ആത്മാർഥ സുഹൃത്തിനുവേണ്ടി സ്വന്തം നിലക്ക് ക്ഷണിച്ചുകൊണ്ടുവന്നതായിരുന്നു അന്ന് ഹൈസ്‌കൂൾ വിദ്യാർഥിയായിരുന്ന സീതിസാഹിബിനെ. അന്നുമുതലാണ് സീതിസാഹിബിന് കെ.എം.മൗലവിയുമായുള്ള ബന്ധം ആരംഭിക്കുന്നത്. ആ ബന്ധം മുസ്‌ലിം കേരളത്തിന് പിൽക്കാലത്ത് ഒരുപാട് നേട്ടങ്ങൾക്ക് കാരണമായിത്തീർന്നു. മലബാർ ലഹള കാരണം കെ.എം. മൗലവി അഭയാർഥിയായി കൊടുങ്ങല്ലൂരിലെത്തിയപ്പോൾ ആരുടെ വീട്ടിലേക്കാണ് പോകുന്നതെന്ന ചോദ്യത്തിന്ന് കെ.എം. മൗലവിയുടെ മറുപടി സീതി സാഹിബിന്റെ വീട്ടിലേക്കെന്നായിരുന്നു. 1922 ജനുവരി 14നായിരുന്നു അത്. അന്നുമുതൽ കെ.എം. മൗലവി മഹാനായ ഗുരുവായിരുന്നു സീതിസാഹിബിന്ന്. ഹൈസ്‌കൂളിൽ പഠിക്കുന്ന കാലംതൊട്ടേ തുടങ്ങിയ ആ സൗഹൃദം കേരളത്തിന്റെ മത, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളെ നിയന്ത്രിക്കുന്ന നേതൃശക്തിയായി ഉയർന്നു.(62) ഈ നേതൃശക്തിയുടെ സൂത്രധാരൻ ഇ.കെ.മൗലവിയായിരുന്നുഎന്നത് നമ്മിൽ പലരും ഓർക്കാറില്ല. ഇസ്‌ലാമിക ചിട്ടയോടുകൂടി സീതിസാഹിബിനെ ജീവിക്കാൻ പ്രാപ്തമാക്കിയത് കൗമാരത്തിൽ ഇ.കെ.മൗലവി നൽകിയ പരിശീലനങ്ങളായിരുന്നു. അതേക്കുറിച്ച് കെ.പി. ഇസ്ഹാഖലി കല്ലിക്കണ്ടി എഴുതിയത് ഇങ്ങനെ:
“ഇസ്‌ലാഹി രംഗത്തേക്ക് അദ്ദേഹത്തെ പരിവർത്തിപ്പിച്ചെടുത്തത് കൊടുങ്ങല്ലൂരിൽ അറിവിന്റെ പ്രകാശരശ്മികൾ വിതറിയ മഹാനായ ഇ.കെ.മൗലവിയായിരുന്നു. ഇ.കെ.യുടെ കീഴിലുള്ള മതപഠനക്ലാസുകൾ യഥാർഥ ഇസ്‌ലാമിന്റെ സുന്ദരരൂപം അദ്ദേഹത്തിന്റെ മനസ്സിൽ കൊത്തിവെച്ചു. ഇസ്‌ലാമിക ചിട്ട നൂറുശതമാനവും പാലിച്ചിരുന്ന അദ്ദേഹം ജീവിതാവസാനംവരെ അത് തുടർന്നു. ക്വുർആൻ പാരായണം ചെയ്യാത്ത ദിവസങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ അപൂർവമായിരുന്നു. സീതിസാഹിബ് തലശ്ശേരിയിൽ താമസിക്കുന്ന കാലത്ത് കുറച്ചുകാലം ഇ.കെ. മൗലവി തലശ്ശേരി ദാറുസ്സലാമിലെ അധ്യാപകനായിരുന്നു. ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാനും ചെയ്തുതീർക്കാനും ഈ അവസരം അവർ ഉപയോഗപ്പെടുത്തുകയുണ്ടായി.
തലശ്ശേരിയിലെ താമസത്തിനിടയിൽ അവിടത്തെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പല പ്രവർത്തനങ്ങളിലും അദ്ദേഹം സഹകരിച്ച് പ്രവർത്തിക്കുകയുണ്ടായി. നാദാപുരം വാദപ്രതിവാദത്തിലും യാഥാസ്ഥിതികരിൽനിന്നും മുജാഹിദുകൾക്ക് പീഡനമേൽക്കേണ്ടിവന്ന മറ്റു പല സന്ദർഭങ്ങളിലും തന്ത്രപരമായ സമീപനങ്ങളിലൂടെ അവരുടെ രക്ഷകനായത് സീതി സാഹിബായിരുന്നു.’’(63)
“വിഭജനാനന്തരം ശൂന്യതയിലകപ്പെട്ടിരുന്ന മുസ്‌ലിം സമുദായത്തിന് ഒരു അത്താണിയായി മാറിയ മുസ്‌ലിം ലീഗിന്റെ രൂപീകരണത്തിലും അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിലും കെ.എം.മൗലവി, ഇ.കെ.മൗലവി, സീതി സാഹിബ് എന്നിവരുടെ കൂട്ടായ പരിശ്രമം ദർശിക്കാനാകും. കോൺഗ്രസിൽ അടിയുറച്ചു നിന്നിരുന്ന സീതി സാഹിബിനെ ലീഗിലേക്ക് കൊണ്ടുവന്നത് കെ.എം.മൗലവിയും ഇ.കെ.മൗലവിയും ചേർന്നാണ്് എന്നു ചരിത്രത്തിൽ കാണാം. എന്തു കാര്യങ്ങളും പരസ്പരം കൂടിയാലോചിച്ചു മാത്രം തീരുമാനിച്ചിരുന്ന ത്രിമൂർത്തികളായാണ് മൂവരെയും കാലം അടയാളപ്പെടുത്തിയത്.
അവലംബം:
62.ഇസ്‌ലാഹീ ഭൂമികയിലൂടെ- ഭാഗം 1, കെ.പി.ഇസ്ഹാഖലി, കെ.എൻ.എം.പബ്ലിഷിംഗ് വിംഗ്്, പേജ്: 116,117.
63.ഇസ്‌ലാഹീ ഭൂമികയിലൂടെ- ഭാഗം 1, കെ.പി.ഇസ്ഹാഖലി, കെ.എൻ.എം.പബ്ലിഷിംഗ് വിംഗ്്, പേജ്: 117. (തുടരും)

