ഇ.കെ. മൗലവി കൊടുങ്ങല്ലൂരിന്റെ മണ്ണിൽ
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 ഏപ്രിൽ 13, 1445 ശവ്വാൽ 04

ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 4
ഇ.കെ.മൗലവി പാനൂർ ദർസിൽ അധ്യാപകനായി സേവനം ചെയ്യുന്നതിനിടയ്ക്കാണ് ചാലിലകത്ത് അദ്ദേഹത്തെ കൊടുങ്ങല്ലൂരിലേക്ക് അയക്കുന്നത്. അക്കാര്യം ഇ.കെ.മൗലവി എഴുതുന്നത് ഇങ്ങനെ:
“1919ൽ മൗലാനാ ഒരാളെ അയച്ചു എന്നെ തിരൂരങ്ങാടിയിലേക്ക് വിളിപ്പിച്ചു. മൗലാനാ ആളെ അയച്ച് വിളിപ്പിക്കുമ്പോഴെല്ലാം എനിക്ക് വലിയ ഭയമാണ്. കാരണം അന്നൊക്കെ പത്രങ്ങളിൽ ഞാൻ ചിലതൊക്കെ എഴുതാറുണ്ട്. അവയിൽ വല്ല തെറ്റും കണ്ടുപിടിച്ച് എന്നെ ശാസിക്കാനായിരിക്കുമെന്നായിരുന്നു എന്റെ വിശ്വാസം. എന്നാൽ അന്ന് എന്നെ വിളിപ്പിച്ചത് അതിനൊന്നുമായിരുന്നില്ല. ‘കൊടുങ്ങല്ലൂരിനടുത്തുള്ള അഴീക്കോട്ടുകാർക്ക് ഒരു അറബിക് മുൻഷിയെ വേണമെന്നും അതിന് നിന്നെ അയച്ചുകൊടുക്കണമെന്നും അവിടുത്തെ ചില വിദ്യാർഥികൾ എനിക്കെഴുതിയിട്ടുണ്ട്. അവർ കോഴിക്കോട്ടാണ് പഠിക്കുന്നത്. നല്ല മതബോധമുള്ളവരുമാണ്. അതിനാൽ നീ അങ്ങോട്ടു പോകണം. മുൻഷി ജോലിക്കു പുറമെ അവിടെ നമ്മുടെ ആദർശമനുസരിച്ചുള്ള ഒരു മദ്‌റസയും നീ സ്ഥാപിക്കണം.’ ഇതായിരുന്നു മൗലാനാ എന്നോടാജ്ഞാപിച്ചത്. ആ ആജ്ഞ തിരസ്‌കരിക്കാനുള്ള കെൽപോ മറുത്തു പറയാനുള്ള തന്റേടമോ എനിക്കുണ്ടായിരുന്നില്ല.
കൽപനപ്രകാരം ഞാൻ അഴീക്കോട്ടേക്ക് പോവുകതന്നെ ചെയ്തു. അധിക ദിവസം കഴിയുന്നതിന്് മുമ്പ് മൗലാനാ മണ്ണാർക്കാട് ദർസ് തുടങ്ങിയെന്നും ഏതാനും ശിഷ്യന്മാരും മക്കളും അങ്ങോട്ട്് പോയെന്നും എനിക്കറിവു കിട്ടി. താമസംവിനാ ഞാൻ മണ്ണാർക്കാട്് പോയി മൗലാനയെ കാണുകയും അഴീക്കോട് അതുവരെ താൻ ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. മൗലാന സന്തോഷിച്ചുവെങ്കിലും എനിക്കും അവിടെ താമസിക്കുവാനുള്ള ആഗ്രഹം ഞാൻ അദ്ദേഹത്തെ അറിയിച്ചു. മൗലാനാ അതനുവദിച്ചില്ല. നീ ഉടൻ അഴീക്കോട്ടേക്ക് പോകണമെന്ന് ആജ്ഞാപിക്കുകയാണ് ചെയ്തത്. ഞാനുടനെ തിരിച്ചുപോയി. നിർഭാഗ്യമെന്ന് പറയട്ടെ, രണ്ടാം ദിവസം മൗലാനയുടെ മരണവാർത്തയും വഹിച്ചുകൊണ്ടുള്ള കമ്പിയാണ് കിട്ടിയത്.
എന്റെ ആശകളും ആഗ്രഹങ്ങളുമെല്ലാം അതോടെ തകർന്നു തരിപ്പണമായി. എന്തുമാകട്ടെ, കൊടുങ്ങല്ലൂർ തന്നെ താമസിക്കുവാൻ തീരുമാനിച്ചു.’’(1൬)
കേരള മുസ്‌ലിംകളുടെ അന്നത്തെ അവസ്ഥ
ഇ.കെ.മൗലവി കൊടുങ്ങല്ലൂരിലേക്ക് പുറപ്പെടുമ്പോൾ കേരളത്തിലെ മുസ്‌ലിംകളുടെ അവസ്ഥ അതിദയനീയമായിരുന്നു. മതപരമായും സാമൂഹികമായും വിദ്യാഭ്യാസപരമായും അധഃപതനത്തിന്റെ അടിത്തട്ടിലായിരുന്നു അവർ. അക്കാലത്തെ കേരളത്തിന്റെ അവസ്ഥ പ്രശസ്ത ചരിത്രകാരൻ ഡോ.സി.കെ.കരീം വിശദീകരിക്കുന്നത് കാണുക:
“ഐസ്‌ലാമിക ചര്യകളിൽ കാലക്രമേണ പല അനാചാരങ്ങളും കടന്നുകൂടുവാനിടയായിട്ടുണ്ട്. ഇസ്‌ലാമിക പ്രചാരണം വ്യാപകമായതോടുകൂടി ആദ്യകാല വിശ്വാസികൾ അവരുടെ പല പൂർവികാചാരങ്ങളും നിലനിർത്തിപ്പോന്നിരുന്നു. പിന്നീടുള്ള തലമുറ ഈ അനുഷ്ഠാനങ്ങൾ ഇസ്‌ലാമികം തന്നെയാണെന്നു ധരിച്ച് അവ ആചരിച്ചും പോന്നു. ഇസ്‌ലാമിന്റെ നീക്കുപോക്കില്ലാത്ത വിശ്വാസങ്ങളിലൊന്ന് ഏകദൈവാരാധനയാണല്ലോ. അല്ലാഹുവല്ലാതെ ആരാധനക്കർഹൻ ആരുമില്ലെന്ന് ഉറപ്പിച്ചു വിശ്വസിക്കുന്നവനാണല്ലോ മുസ്‌ലിം. എന്നാൽ പിൽക്കാലത്ത് മൺമറഞ്ഞ പല മഹാത്മാക്കളുടെ പേരിൽ നേർച്ചയും ആരാധനയും നടത്തുക, അവർക്ക് ദിവ്യത്വം കൽപിച്ച് തങ്ങളുടെ സങ്കട പരിഹാരത്തിനായി പ്രാർഥിക്കുക, അവരുടെ ക്വബ്ർസ്ഥാനങ്ങളിൽ അർച്ചനകളർപ്പിക്കുകയും നൻമകൾക്കു വേണ്ടി അർഥിക്കുകയും ചെയ്യുക തുടങ്ങിയ അനിസ്‌ലാമിക പ്രവണതകൾ പ്രബലത്താകുവാൻ തുടങ്ങി. ഔലിയാക്കൻമാരുടെ ക്വബ്ർസ്ഥാനങ്ങളിൽ നേർച്ചകൾ നടത്തുക തുടങ്ങി മൗലൂദും റാത്തീബും ചന്ദനക്കുടവുമൊക്കെ സാധാരണ പതിവുമായിത്തീർന്നു. ഏത് അസുഖവും നൂൽ മന്ത്രിച്ച് കെട്ടിയാലോ, തല ഉഴിഞ്ഞ് മന്ത്രിച്ചാലോ ഏലസ് തുടങ്ങിയവ ധരിച്ചാലോ സുഖപ്പെടുത്തുവാൻ സാധിക്കുമെന്ന് സ്വാർഥമോഹികളായ മൊല്ലാക്കൻമാർ പ്രചരിപ്പിക്കുകയും ചെയ്തു. അങ്ങനെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സമുദായത്തെ അജ്ഞതയുടെ പടുകുണ്ടിൽ തള്ളിയിട്ടിരുന്നു. ക്വുർആൻ ഓതാൻ പഠിക്കുന്നതിൽ കവിഞ്ഞ്, അത് ഉൾക്കൊള്ളാൻ സാധിക്കും വിധമായിരുന്നില്ല മതപഠനങ്ങൾ. പള്ളികളിൽ വെള്ളിയാഴ്ച ജുമുഅ പ്രസംഗങ്ങൾ പോലും അറബിയിൽ നടത്തിയിരുന്നതിനാൽ ആർക്കുംതന്നെ ഇസ്‌ലാമിന്റെ യഥാർഥ സത്ത മനസ്സിലാക്കുവാൻ അസാധ്യവുമായിരുന്നു. കുരുടൻ കുരുടനെ നയിക്കുന്ന സ്ഥിതിയിലായിരുന്നു മതനേതൃത്വം. അജ്ഞാനാന്ധകാരത്തിൽ മുഴുകി അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും സംതൃപ്തരായി കഴിയുകയായിരുന്നു മുസ്‌ലിംകളിൽ മൃഗീയ ഭൂരിപക്ഷവും.’’(1൭)

ഒട്ടനവധി അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും സമാഹാരമായിരുന്നു അവരുടെ അക്വീദകളും മതകർമങ്ങളും. എന്തിനേറെ, മുതലയും പറങ്കിമാങ്ങയുമൊന്നും അല്ലാഹുവിന്റെ സൃഷ്ടികളല്ലെന്നും അവയെ സൃഷ്ടിച്ചത് മൂസാനബിയാണെന്നുമുള്ള മൂഢവിശ്വാസം വെച്ചുപുലർത്തുന്നവർ പോലും അവരുടെ കൂട്ടത്തിലുണ്ടായിരുന്നുവത്രെ! അവർക്കതിന് ന്യായീകരണവും ഉണ്ടായിരുന്നു. കുരുവുള്ള ഏതു ഫലത്തിന്റെയും കുരു അതിന്റെ ഉള്ളിലാണല്ലോ ഉണ്ടാകാറുള്ളത്. എന്നാൽ പറങ്കിമാങ്ങയുടെത് മാത്രം പുറത്താണ്. മുതലയ്ക്ക് പ്രത്യേകം വിസർജനദ്വാരമില്ല. വായിലൂടെ തന്നെയാണത്രെ അത് വിസർജിക്കുകയും ചെയ്യുന്നത്. അവയെ സൃഷ്ടിച്ചത് മൂസാനബിയായതുകൊണ്ടാണ് ഇത്തരം വൈകല്യങ്ങൾ വന്നുപോയത് എന്നായിരുന്നുവത്രെ അവരുടെ വാദം!
അക്കാലത്ത് പൗരോഹിത്യം മുസ്‌ലിം സമൂഹത്തിന് കൽപിച്ചു നൽകിയ ആരാധനകൾ കുപ്പിപ്പാട്ട്്, പക്ഷിപ്പാട്ട്് പോലുള്ള കിസ്സപ്പാട്ടുകൾ, മുഹ്‌യിദ്ദീൻ മാല, രിഫാഈ മാല, മഹ്‌മൂദ് മാല, മഞ്ഞക്കുളം മാല എന്നീ മാലപ്പാട്ടുകൾ, ഖുത്ബിയ്യത്ത്, രിഫാഈ റാതീബ് എന്നീ റാതീബ് നേർച്ചകൾ തുടങ്ങിയ തനി ഖുറാഫാതുകളായിരുന്നു. പ്രസവം ആസന്നമായ ഗർഭിണികൾക്ക് നൽകിയ ‘വൈദ്യപരിചരണം’ ഈജിപ്തുകാരിയായ ഒരു നഫീസത്ത് ബീവിയുടെ പേരിൽ രചിക്കപ്പെട്ട മാലപ്പാട്ടായിരുന്നു. മാലപ്പാട്ട്് സുഖപ്രസവത്തിന് സഹായിക്കുംഎന്ന്ധരിച്ച ഒട്ടേറെ പൂർണ ഗർഭിണികൾ ആവശ്യമായ ചികിത്സ ലഭിക്കാതെ അമിത രക്തസ്രാവത്താൽ പ്രസവിച്ചും പ്രസവിക്കാതെയും മരണമടഞ്ഞു. പച്ചവേഷ്ടിയും വെള്ളത്തലപ്പാവും ളോഹയുമണിഞ്ഞ, ഔലിയാക്കൾ എന്ന് വിശേഷിപ്പിക്കപ്പെട്ട സിദ്ധൻമാർ ജപിച്ച് നൽകിയ ഏലസ്സുകളും കടുക്ക മഷിയാൽ പിഞ്ഞാണത്തിലെഴുതിയ എഴുത്തിരിയും മന്ത്രിച്ചൂതിയ പച്ചവെള്ളവുമൊക്കെയായിരുന്നു അന്നത്തെ ദിവ്യൗഷധങ്ങൾ. ഈ ചികിത്സാമുറകൾ ദൈവികമാണെന്ന് പൗരോഹിത്യം ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരു സമൂഹത്തിന്റെ മുഴുവൻ ആരോഗ്യരംഗം മുമ്പെന്നെത്തേക്കാളും ശോചനീയമായി. പോഷകാഹാരക്കുറവിനാൽ ഗ്രഹണി (റിക്കറ്റ്‌സ്) ബാധിച്ച് നൂറുകണക്കിന് കുഞ്ഞുങ്ങൾ മരണത്തെ മുഖാമുഖം കണ്ടപ്പോഴും മൊല്ലാക്കമാരുടെ നൂലും ചരടും ഉറുക്കും ഒക്കെത്തന്നെയായിരുന്നു സമൂഹത്തിന് വിധിക്കപ്പെട്ട ചികിത്സ. ഇത്തരം കപട ആത്മീയചികിത്സയുടെ ഫലമായി കുട്ടികൾ പിടഞ്ഞുവീണു മരിച്ചപ്പോഴും മൊല്ലമാരുടെ പാതിരാ പ്രസംഗങ്ങൾ കേൾക്കാൻ ഉറക്കമിളച്ചും കാതുകൂർപ്പിച്ചും പാമരജനങ്ങൾ തടിച്ചുകൂടി. മാതൃഭാഷ മര്യാദക്ക് കൈകാര്യം ചെയ്യാൻ പോലുമറിയാത്ത മൊല്ലമാരുടെ പാതിരാ പ്രസംഗങ്ങളുടെ ലക്ഷ്യവും ദൗത്യവും പാവം മാപ്പിളമാരെ ഭൗതിക വിദ്യാഭ്യാസത്തിനെതിരെയാക്കി അവരെ മുഖ്യധാരയിൽനിന്ന് അകറ്റിനിർത്തുക എന്നതായിരുന്നു.
തങ്ങൾ പ്രചരിപ്പിച്ചിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിൽ നിലനിർത്തുന്നതിനുവേണ്ടി സമൂഹത്തെ നിരക്ഷരതയിൽ തളച്ചിടാനാണ് മതപൗരോഹിത്യം ശ്രമിച്ചത്. സമുദായത്തിലുള്ളവർ അക്ഷരാഭ്യാസം നേടുന്നത് തടയുക എന്നതായിരുന്നു ഇതിനായി അവർ കണ്ടെത്തിയ വഴി. ആര്യനെഴുത്ത് (മലയാളം) ഹിന്ദുക്കളുടെ ഭാഷയാണെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും അവർ പ്രചരിപ്പിച്ചു. അതിനാൽ ഈ രണ്ടു ഭാഷകളും പഠിക്കരുത് എന്ന് അവർ മതവിധി പുറപ്പെടുവിച്ചു. മുസ്‌ലിം സ്ത്രീകൾ എഴുത്ത് പഠിക്കൽ അതിലേറെ നിഷിദ്ധവും അങ്ങേയറ്റം അപകടകരവുമാണെന്നും ഫത്‌വ നൽകി സ്ത്രീ വിദ്യാഭ്യാസത്തെയും അവർ നിരുത്സാഹപ്പെടുത്തി. ഇത്തരത്തിലുള്ള അറുപിന്തിരിപ്പൻ ഫത്‌വകൾ നിമിത്തം മുസ്‌ലിം ബാലികാബാലന്മാരെ സ്‌കൂളുകളിലയക്കാൻ രക്ഷിതാക്കൾ അറച്ചുനിൽക്കുകയും ഭയപ്പെടുകയുംചെയ്തിരുന്നു.
കൊടുങ്ങല്ലൂർ; ഇ.കെ.മൗലവിയുടെ ആഗമനത്തിനു മുമ്പ്
കേരളത്തിലെ പൊതു അവസ്ഥയിൽനിന്നും ഭിന്നമായിരുന്നില്ല കൊടുങ്ങല്ലൂരിലെസ്ഥിതിയും. അത്യന്തം ശോച്യാവസ്ഥയിലായിരുന്ന കേരള മുസ്‌ലിംകളെ കരകയറ്റാനുള്ള ശ്രമങ്ങൾ കൊടുങ്ങല്ലൂരടക്കമുള്ള കേരളത്തിന്റെ പല പ്രദേശങ്ങളിലും നടന്നിട്ടുണ്ട്. അതേക്കുറിച്ച് ഡോ.സി.കെ. കരീം വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
“ഈ നൂറ്റാണ്ടാരംഭത്തിലെ കേരളാ മുസ്‌ലിംകൾ ഈ ദുഃസ്ഥിതിയിൽനിന്നും സമുദായത്തെ കരകയറ്റുവാൻ ഉള്ള ആത്മാർഥമായ സദുദ്ദേശ്യത്തോടുകൂടി വിവേകികളുടെ ഒരു ചെറിയവിഭാഗം പല സ്ഥലങ്ങളിലും ഒറ്റയായും കൂട്ടായുമുള്ള പ്രവർത്തനങ്ങൾ നടത്തിത്തുടങ്ങി. സമുദായത്തിന്റെ പിന്നോക്കാവസ്ഥയും അധോഗതിയും ഇല്ലാതാക്കണമെങ്കിൽ ഇസ്‌ലാമിന്റെ തനിമ നിലനിർത്തുകയും ക്വുർആന്റെയും പ്രവാചകവചനങ്ങളുടെയും അടിസ്ഥാനത്തിൽ സമുദായത്തെ നവീകരിക്കുകയും ചെയ്യുകയാണ് ഏകമാർഗമെന്ന് അവർക്ക് ബോധ്യമായി. പണ്ഡിതൻമാരും നല്ലവരുമായ ഈ നവോത്ഥാന നായകൻമാരാണ് സമുദായെത്ത ഉറക്കത്തിൽനിന്നും വിളിച്ചുണർത്തിയവർ.’’(1൮)
ഇത്തരം പരിഷ്‌കർത്താക്കളുടെ പ്രവർത്തനഫലമായി ഇ.കെ.മൗലവി കൊടുങ്ങല്ലൂരിലെത്തുന്നതിനു മുമ്പേ ചുരുക്കം ചില ആളുകൾ അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും മുക്തമായി ജീവിക്കുന്നവരും തൗഹീദ് ഉൾക്കൊള്ളുന്നവരുമായിത്തീർന്നിരുന്നു. മഖ്ദി തങ്ങളുടെ പ്രബോധനത്തിന്റെ സ്വാധീനഫലമായിരുന്നുഅത് എന്നാണ് ഇ.കെ.മൗലവി നിരീക്ഷിച്ചത്. മൗലവി എഴുതിയത് കാണുക:

“1919ലാണ് ഞാൻ കൊടുങ്ങല്ലൂരിൽ താമസം തുടങ്ങിയത്. ഇവിടെയും അയൽപ്രദേശങ്ങളിലും ചില വഹ്ഹാബികളുണ്ടെന്നും അവരെ സൂക്ഷിക്കണമെന്നും അപരിചിതനായ എന്നെ അക്കാലത്തു ചില സുഹൃത്തുക്കൾ ഉപദേശിക്കുകയുണ്ടായി. അവർ ആരാണെന്നറിയാൻ കൗതുകം ജനിക്കുക സ്വാഭാവികമാണല്ലോ. സുഹൃത്തുക്കളോടു ഞാൻ അവരെപ്പറ്റി അന്വേഷിച്ചപ്പോൾ നാലഞ്ചാളുകളുടെ പേര് അവർ പറഞ്ഞുതന്നു. ആ കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം തികച്ചും പുത്തനാശയക്കാരായ ആ വഹ്ഹാബികളെ പരിചയപ്പെടണമെന്നായി എനിക്ക്. അതിനു പ്രയാസമൊന്നും നേരിട്ടില്ല. പരിചയപ്പെടുക മാത്രമല്ല അവരുടെ വാദഗതികൾ ഞാൻ വിശദമായി മനസ്സിലാക്കുക പോലും ചെയ്തു. മൺമറഞ്ഞുപോയ ഔലിയാക്കന്മാരെയും ശൈഖന്മാരെയും വിളിച്ചു സഹായം തേടലും അവരുടെ ക്വബ്‌റുകളെ പൂജിക്കലും മറ്റും ശിർക്കിന്റെ ഉഗ്രരൂപമാണെന്നായിരുന്നു അവരുടെ വാദത്തിന്റെ പൊരുൾ.
ഞാൻ അവരോട് ഇങ്ങനെ ചോദിച്ചു: ‘നിങ്ങളുടെ നാട്ടിലെ ബഹുഭൂരിപക്ഷത്തിന്റെ വിശ്വാസത്തിന്നെതിരായി ഈ ആശയം നിങ്ങളെ പിടികൂടിയതെങ്ങനെ?’ ഇതിന്ന് കൂട്ടത്തിലൊരാൾ നൽകിയ മറുപടി ഇതായിരുന്നു: ‘സനാഉല്ലാ മഖ്ദി തങ്ങളാണ് ഞങ്ങളിൽ ഈ ആശയം പ്രചരിപ്പിച്ചത്.’ ഞാൻ അയാളോട് കൂടുതൽ വിവരങ്ങൾ ആരാഞ്ഞു. അതിന്ന് കിട്ടിയ മറുപടിയുടെ ചുരുക്കം ഇങ്ങനെയാണ്: ‘മഖ്ദി തങ്ങൾ ക്രിസ്ത്യാനികളുടെ കേന്ദ്രമായ പള്ളിപ്പുറത്തും കോട്ടപ്പുറത്തും പറവൂരും ഖണ്ഡനപ്രസംഗം നടത്താറുണ്ട്. പരിപാടി കഴിഞ്ഞാൽ അദ്ദേഹം രാത്രി എന്റെ വീട്ടിൽ വന്ന് താമസിക്കും. അപ്പോഴൊക്കെ അദ്ദേഹത്തിന് ഒരേ വിഷയമെ ഞങ്ങളോട് പറയാനുണ്ടാവൂ; ക്രിസ്ത്യാനികൾ ഒരു പ്രത്യേക മതക്കാരാണ്. അവർ എങ്ങനെയെങ്കിലും ജീവിക്കട്ടെ. നമ്മുടെ മുസ്‌ലിം സഹോദരന്മാരുടെ കാര്യത്തിലാണ് എനിക്ക് വ്യസനം. ഔലിയാക്കന്മാരെയും സ്വാലിഹുകളെയും അല്ലാഹുവിന്റെ സ്ഥാനത്തേക്കുയർത്തുകയും അവരുടെ മക്വ‌്‌ബറകളിൽ വിളക്ക് കത്തിക്കുകയും അല്ലാഹുവിനോട് പ്രാർഥിക്കുന്നതുപോലെ അവരോട് പ്രാർഥിക്കുകയും ചെയ്യുന്ന എത്രയോ മുസ്‌ലിം സഹോദരന്മാരുണ്ട്. വാസ്തവത്തിൽ ഇതൊക്കെ ശിർക്കിന്റെ തടിച്ച രൂപങ്ങളാണ്. ഈ രീതിയിൽ രഹസ്യമായും പരസ്യമായും മഖ്ദി തങ്ങൾ നടത്തിയ ഉപദേശങ്ങളാണ് കൊടുങ്ങല്ലൂരിൽ കുറെ പേരെയെങ്കിലും യഥാർഥ മുവഹ്ഹിദുകളാക്കി മാറ്റിയത്.’’(1൯)
മഖ്ദി തങ്ങളുടെ പ്രവർത്തനങ്ങളെപ്പോലെത്തന്നെപിൽകാലത്ത് തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ലിയിലെ നോമിനേറ്റഡ് അംഗമായിരുന്ന ശൈഖ് മാഹിൻ ഹമദാനി തങ്ങൾ കൊടുങ്ങല്ലൂരിൽ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. കൊടുങ്ങല്ലൂരിലും പരിസരപ്രദേശത്തും ഇസ്വ‌്‌ലാഹിന്റെ വെളിച്ചം പകരുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എടുത്തുപറയേണ്ടതു തന്നെയാണ്. കെ.എം. സീതി സാഹിബിന്റെ പിതാവായിരുന്ന കോട്ടപ്പുറത്ത് ഹാജി സീതി മുഹമ്മദ് സാഹിബിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം കൊടുങ്ങല്ലൂരിലെത്തിയത്. ആ പ്രദേശത്തെ മുസ്‌ലിം സഹോദരങ്ങളെ തൗഹീദിലേക്കു ക്ഷണിക്കുന്നതിനും വിദ്യാഭ്യാസപരമായി ഉയർത്തുന്നതിനും അദ്ദേഹം വഴികാട്ടിയായി.
ശൈഖ് ഹമദാനി തങ്ങളുടെ ഉപദേശനിർദേശങ്ങൾ ശിരസ്സാവഹിച്ചുകൊണ്ട് ഹാജി സീതി മുഹമ്മദ് സാഹിബ് 1909ൽ കൊടുങ്ങല്ലൂരിൽ ഒരു മുസ്‌ലിം പ്രൈമറി സ്‌കൂൾ സ്ഥാപിച്ചത് മുസ്‌ലിം സമൂഹത്തെ വിദ്യാഭ്യാസത്തിലേക്കു നയിക്കുന്നതിന്റെ ആദ്യ കാൽവെപ്പായിരുന്നു. പിൽകാലത്ത് ഇസ്വ്‌ലാഹീ രംഗത്തും രാഷ്ട്രീയ രംഗത്തും വളർന്നുവന്ന മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ്, കെ.എം.സീതി സാഹിബ് തുടങ്ങിയ സമുദായ നേതാക്കൾ ഈ സ്ഥാപനത്തിലായിരുന്നു വിദ്യാഭ്യാസം നേടിയതെങ്കിലും പൗരോഹിത്യത്തിന്റെ ഇടപെടൽ കാരണം മുസ്‌ലിം സമൂഹത്തിനിടയിൽ വിദ്യാഭ്യാസം വേണ്ടത്ര സാർവത്രികമാക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞില്ല. സീതി മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച അഴീക്കോട്ടെ ലജ്‌നത്തുൽ ഹമദാനി സമാജവും എറിയാട്് ലജ്‌നത്തുൽ ഇസ്‌ലാം സംഘവും സമൂഹത്തിൽ അളവറ്റ മാറ്റങ്ങളുണ്ടാക്കുന്നതിന് സഹായകമായിട്ടുണ്ട്.
കൊടുങ്ങല്ലൂർ താലൂക്കിലെ അഴീക്കോട്, ഏറിയാട് എന്നീ വില്ലേജുകൾ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായിരുന്നു. ഇവിടത്തുകാർ പലയിടങ്ങളിൽനിന്നായി കുടിയേറിപ്പാർത്തവരായിരുന്നു. അതുകൊണ്ടുതന്നെ അവർ വിവിധ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. അയ്യാലിക്കാർ, പടിയത്തുകാർ, കറുപ്പാടത്തുകാർ, നമ്പൂരിമഠത്തുകാർ, കോട്ടപ്പുറത്തുകാർ എന്നിങ്ങനെ പലരും അക്കൂട്ടത്തിൽ പെടുന്നു. ഇവരെല്ലാം ധനികന്മാരായിരുന്നു. അന്യോന്യം വിവാഹബന്ധം നടക്കാറുമുണ്ട്. ഇപ്പറഞ്ഞ എല്ലാ വിഭാഗങ്ങളും തികഞ്ഞ മതനിഷ്ഠയുള്ളവരുമായിരുന്നു. എന്നാൽ പരസ്പരമുള്ള വഴക്കും വക്കാണവും ഇവരുടെ ഒരു ഇരുണ്ട വശമായിരുന്നു. ഏറെക്കാലം പിണങ്ങി നിൽക്കും; പിന്നെ ഇണങ്ങും. ഇത് അവർക്കിടയിൽ സർവസാധാരണമായിരുന്നു. മിക്കപ്പോഴും നിസ്സാരമായ കാരണങ്ങളാണ് പിണക്കങ്ങൾക്കു പിന്നിൽ ഉണ്ടായിരുന്നത്. ഉദാഹരണമായി, വലിയ നെൽവയലുകളിൽ പ്രത്യേക തരത്തിലുള്ള ഒരു പക്ഷികൾ കാണപ്പെട്ടിരുന്നു. ‘നെല്ലിക്കോഴി’ എന്നറിയപ്പെട്ടിരുന്ന ഈ പക്ഷിയെ പിടിക്കുന്നതിന്റെ പേരിൽവരെ വഴക്കുകൾ നടന്നിരുന്നുവത്രെ. സാമ്പത്തികമോ അതിർത്തി തർക്കമോ മറ്റു കാരണങ്ങളോ ഒക്കെ ഈ സംഘർഷത്തിന്റെ പിന്നിലുണ്ടാകും. ‘കക്ഷി വഴക്ക്’ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പരസ്പരം ഭിന്നിച്ചു കഴിയുന്ന സ്ഥിതിവിശേഷം സത്യവിശ്വാസികളായ മുസ്‌ലിംകൾക്ക് ഭൂഷണമല്ല എന്നിരിക്കെ, ബന്ധുക്കളും സ്വന്തക്കാരുമായവർ കക്ഷിതിരിഞ്ഞ് വഴക്കുകൂടുന്ന ശോചനീയമായ രംഗം ആരെയും വേദനിപ്പിക്കുന്നതായിരുന്നു.
കൊടുങ്ങല്ലൂരിലെ ധനിക കുടുംബങ്ങൾ തമ്മിലുള്ള കക്ഷിവഴക്കുകളും കുടിപ്പകകളും മുലമുണ്ടായ അസ്വസ്ഥതകൾ ആ കുടുംബങ്ങളിൽ മാത്രമല്ല പ്രശ്‌നങ്ങളുണ്ടാക്കിയത്. അത് നാട്ടിന്റെ പൊതുസാമൂഹിക തലങ്ങളെയെല്ലാം ദോഷകരമായി ബാധിച്ചിരുന്നു. വൈയക്തികവും സാമൂഹികവുമായ ജീവിത രംഗങ്ങളിലെല്ലാമുണ്ടായ അധഃപതനത്തോടൊപ്പം ഒട്ടനവധി അനിസ്‌ലാമിക ആചാരങ്ങളും നാട്ടിൽ വ്യാപകമായിരുന്നു. കൊടികുത്ത്, ചന്ദനക്കുടം പോലുള്ള നേർച്ചാഘോഷങ്ങൾ, അക്രമകരവും മതാധ്യാപനങ്ങൾക്കു നിരക്കാത്തതുമായ റാത്തീബുകൾ, മാലമൗലിദുകൾ, കുപ്പിപ്പാട്ടുകൾ തുടങ്ങി ഒട്ടനവധി അനാചാരങ്ങളിലൂടെ പൗരോഹിത്യം ജനഹൃദയങ്ങളിൽനിന്നും ഏകദൈവവിശ്വാസത്തെ ഏകദേശം തുടച്ചുമാറ്റിയിരുന്നു. ഇത്തരം അനിസ്‌ലാമികവും പ്രതിലോമകരവുമായ സ്ഥിതിവിശേഷത്തിനെതിരെ ഹമദാനി തങ്ങളുടെയും ഹാജി സീതി മുഹമ്മദ് സാഹിബിന്റെയും നേതൃത്വത്തിലുള്ള അഴീക്കോട്് ലജ്‌നത്തുൽ ഹമദാനി സമാജത്തിന്റെയും എറിയാട്് ലജ്‌നത്തുൽ ഇസ്‌ലാം സംഘത്തിന്റെയും പ്രവർത്തന ഫലമായി കുടുംബങ്ങൾ തമ്മിലുള്ള വഴക്കും വക്കാണവും ഒരു പരിധിവരെ ശമിക്കുകയുണ്ടായി. (തുടരും)
അവലംബം:
16. എം.സി.സി. അബ്ദുറഹ്‌മാൻ മൗലവി സ്മരണികയിൽ ഇ.കെ.മൌലവി എഴുതിയ ലേഖനം.
17. ഡോ.സി.കെ.കെ കരീം, കേരളത്തിന്റെയും കേരള മുസ്‌ലിംകളുടെയും ചരിത്രം, പേജ് 620.
18. ഡോ.സി.കെ.കെ കരീം, കേരളത്തിന്റെയും കേരള മുസ്‌ലിംകളുടെയും ചരിത്രം, പേജ് 620.
19. എം.സി.സി. അബ്ദുറഹ്‌മാൻ മൗലവി സ്മരണികയിൽ ഇ.കെ.മൌലവി എഴുതിയലേഖനം.

