പന്തണ്ടാം വാർഷികസമ്മേളനവും ഐക്യസംഘത്തിന്റെ അസ്തമയവും
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 ആഗസ്റ്റ് 03, 1446 മുഹർറം 28

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 21)
ഐക്യസംഘത്തിന്റെ പ്രവർത്തനങ്ങൾ ക്ഷയിക്കുകയും സംഘം നടത്തിവന്നിരുന്ന സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മുസ്‌ലിം മജ്‌ലിസ് ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐക്യസംഘത്തിന്റെ പന്ത്രണ്ടാമത്തെതും അവസാനത്തെതുമായ വാർഷിക സമ്മേളനം 1934ൽ കണ്ണൂർ അറക്കൽ കൊട്ടാരത്തിനകത്തുവച്ച് നടക്കുന്നത്. അബ്ദുൽ ഹമീദ് ഖാൻ (മദിരാശി) ആയിരുന്നു അധ്യക്ഷൻ. യോഗത്തിൽ ഐക്യസംഘത്തിന്റെ പ്രസിഡന്റായ കറുകപ്പാടത്ത് പുത്തൻവീട്ടിൽ കുഞ്ഞുമുഹമ്മദ് സാഹിബോ, ഒരു വ്യാഴവട്ടക്കാലം സെക്രട്ടറിയായി പ്രവർത്തിച്ച മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയോ പങ്കെടുത്തിരുന്നില്ല. കോൺഗ്രസ്സ് അനുഭാവിയായിരുന്ന മണപ്പാട് ഐക്യസംഘം സെക്രട്ടറിയായിരിക്കെത്തന്നെ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കാളിയാവുകയും 1930ൽ കൊച്ചിയിൽ നടന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. കൊച്ചിയിലെ ദുർഭരണത്തെ തുറന്ന് കാണിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ‘രക്തലേഖ,’ ‘വിപ്ലവലേഖ’ എന്നീ വിപ്ലവലേഖനങ്ങൾ രാജ്യദ്രോഹക്കുറ്റത്തിന് അദ്ദേഹത്തെ വിധേയനാക്കി. 1931 ജൂൺ 11ന്് അറസ്റ്റുചെയ്ത അദ്ദേഹത്തെ 1936 മാർച്ച് 9നാണ് ജയിൽ വിമോചിതനാക്കുന്നത്.(52)
ജയിൽവാസം അനുഷ്ഠിച്ച ഈ കാലഘട്ടത്തിൽ ഐക്യസംഘത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ നേതൃപരമായ പങ്കാളിത്തം വഹിക്കാനോ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ഇത് നായകനില്ലാത്ത അവസ്ഥയിലേക്ക് ഐക്യസംഘത്തെ എത്തിച്ചു. ഇങ്ങനെ ഒട്ടേറെ നേതാക്കളുടെ അഭാവത്തിലും ഐക്യസംഘം കോൺഗ്രസ് രാഷ്ട്രീയത്തിൽ കൂടി ഇടപെടണമെന്ന് ആഗ്രഹിച്ചവരുടെ മേൽക്കോയ്മയിലുമാണ് ഐക്യസംഘത്തിന്റെ വാർഷിക സമ്മേളനം കണ്ണൂർ അറക്കൽ കൊട്ടാരത്തിൽ ചേർന്നത്. ഐക്യസംഘത്തിന്റെ പന്ത്രണ്ടാം വാർഷിക സമ്മേളനം നടക്കുന്ന അതേദിവസം അതേസ്ഥലത്തുവച്ചുതന്നെ കോൺഗ്രസ് ആഭിമുഖ്യം പുലർത്തുന്ന മുസ്‌ലിം മജ്‌ലിസിന്റെ മൂന്നാം വാർഷിക സമ്മേളനം നടക്കുന്നുണ്ടായിരുന്നു. ഇതുമൂലം ഐക്യസംഘത്തിലെ മജ്‌ലിസ് വിഭാഗത്തിന് സമ്മേളനത്തിൽ കൂടുതൽ പ്രാതിനിധ്യമുണ്ടായി. മുസ്‌ലിം മജ്‌ലിസ് അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്ന ചിന്താഗതിക്കാരുടെ മേൽക്കോയ്മയുടെ ഫലമായി ഈ സമ്മേളനത്തിൽ നിരവധി നേതാക്കളുടെ അസാന്നിധ്യത്തിൽ ഐക്യസംഘം മുസ്‌ലിം മജ്‌ലിസിൽ ലയിക്കുവാനും കേരള ജംഇയ്യത്തുൽ ഉലമാ മതപരമായ വിഷയങ്ങൾക്ക് നേതൃത്വം നൽകി സമുദായത്തെ നയിക്കുവാനും നിർദേശമുണ്ടായി. മുസ്‌ലിം മജ്‌ലിസും കേരള മുസ്‌ലിം ഐക്യസംഘവും ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകളാണെന്നും അതിനാൽ രണ്ടു സംഘടനകളായി പ്രവർത്തിക്കേണ്ടതില്ലെന്നുമായിരുന്നു ഈ വിഭാഗം ഉന്നയിച്ച വാദം. അങ്ങനെ ഭൂരിപക്ഷം പേരുടെയും തീരുമാനത്തിനു വിധേയമായി കേരള മുസ്‌ലിം ഐക്യസംഘം മുസ്‌ലിം മജ്‌ലിസിൽ ലയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.പിന്നീട് ഐക്യസംഘത്തിെൻറ സ്വത്ത് നിയന്ത്രണാവകാശം ഫാറൂഖ് കോളേജിന് കൈമാറുകയുണ്ടായി.
മുസ്‌ലിം മജ്‌ലിസിൽ ലയിക്കുന്നതിൽ പല നേതാക്കൾക്കും ആശങ്കയുണ്ടായിരുന്നെങ്കിലും ആ അഭിപ്രായക്കാർ പലരും യോഗത്തിൽ ഹാജരുണ്ടായിരുന്നില്ല. മറുവിഭാഗമാകട്ടെ, കൂടുതൽ ആളുകളുമുണ്ടായിരുന്നു. ഇതുമൂലം ഐക്യസംഘം പഴയരൂപത്തിൽതന്നെ നിലനിൽക്കണമെന്നും മതപരമായ വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടുതന്നെ സാമൂഹിക, വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിലെല്ലാം സജീവമായി ഇടപെടണമെന്നും ആഗ്രഹിച്ചവരുടെ ശബ്ദം വളരെ നേർത്തതായി മാറി. ഇ.കെ.മൗലവി, മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി തുടങ്ങിയവരെപ്പോലുള്ള പല നേതാക്കളും ഐക്യസംഘത്തിന്റെ ഈ തീരുമാനത്തിൽ അത്യന്തം ദുഃഖിതരായിരുന്നു. പിന്നീടൊരിക്കൽ കണ്ടുമുട്ടിയപ്പോൾ ഐക്യസംഘത്തിനുണ്ടായ അകാല ചരമത്തെക്കുറിച്ച് വിലപിച്ച് മണപ്പാട് കുഞ്ഞിമുഹമ്മദ് ഹാജി പൊട്ടിക്കരഞ്ഞുവെന്ന് ഇ.കെ.മൗലവി പറഞ്ഞതായികേട്ടിട്ടുണ്ട്.

1938ൽ ‘ഹാജി കെ.സീതി മുഹമ്മദ്’ എന്ന ഗ്രന്ഥമെഴുതിയപ്പോൾ ഐക്യസംഘത്തെ മുസ്‌ലിം മജ്‌ലിസിൽ ലയിപ്പിച്ചതിലുള്ള വേദന ഇ.കെ.മൗലവി പങ്കുവയ്ക്കുകയുണ്ടായി. ഒന്നര ദശാബ്ദക്കാലം നാടും വീടും കുടുംബവും ത്യജിച്ച് കേരളക്കരയിലുടനീളം യാത്ര ചെയ്ത് ഐക്യസംഘത്തിനുവേണ്ടി തന്റെ ജീവിതം സമർപ്പിച്ച ഇ.കെ.മൗലവി സംഘത്തിന്റെ നേതാക്കളോട് ഐക്യസംഘമായിത്തന്നെ വീണ്ടും സംഘടിച്ച് മുന്നോട്ടു പോകാൻ ആഹ്വാനം ചെയ്യുന്ന വരികൾ ആരെയും വേദനിപ്പിക്കുന്നതാണ്. ഇ.കെ.മൗലവിയുടെ വേദന നിറഞ്ഞ വാക്കുകൾ ഇങ്ങനെ വായിക്കാം:
“...ഏതൊരു സന്ദേശത്തെ കേരള മുസ്‌ലിംകൾക്ക് നൽകുന്നതിനായി പ്രസ്തുത സംഘം സ്ഥാപിതമായോ, അതേ സംഘത്തിന്റെ ജനയിതാക്കൾ തന്നെ ആ പരിപാവനമായ സന്ദേശത്തെ, ഐക്യത്തെ അതിലംഘിച്ചുവെന്ന വസ്തുത ഞാൻ ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ. കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ ജനയിതാക്കളേ, നിങ്ങളുടെ ഐഹികവും പാരത്രികവുമായ വിജയത്തിനുള്ള രാജപാതയായി വിചാരിക്കപ്പെട്ട ആ മഹൽസ്ഥാപനത്തിന്റെ കൊടിക്കൂറക്കുകീഴിൽ ഇനിയും നിങ്ങൾ സമ്മേളിക്കുവിൻ. ചെയ്തുപോയ കുറ്റത്തെപ്പറ്റി പശ്ചാത്തപിക്കുവിൻ. സംഘത്തിനുവേണ്ടി നിങ്ങൾ ചെയ്ത ത്യാഗങ്ങൾ ആത്മാർഥതയോടെയുള്ളതായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഏകമാർഗം അതാണ്. അല്ലാത്തകാലത്തോളം പൊതുജനങ്ങൾക്ക് നിങ്ങളിൽ വിശ്വാസമുണ്ടായിരിക്കില്ല. നിങ്ങൾ ചിന്തിക്കുവിൻ. സംഘത്തിനുള്ളിൽനിന്ന് നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്ന കാലത്താണോ അതിനു ശേഷമാണോ നിങ്ങൾക്കു മനസ്സമാധാനവും സംതൃപ്തിയും ലഭിച്ചതെന്ന് നിങ്ങൾ ഗാഢമായി ആലോചിക്കുവിൻ. ഇസ്‌ലാമിന്റെ പേരിൽ, സമുദായത്തിന്റെ പേരിൽ, സദാചാരത്തിന്റെ പേരിൽ നിങ്ങളോട് താണുകേണപേക്ഷിക്കാനേ ഇത്തരുണത്തിൽ എനിക്കു സാധിക്കുകയുള്ളൂ. ഹാജി കെ. സീതി മുഹമ്മദ് സാഹിബ് ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ, ആ വന്ദ്യപുരുഷന്റെ ബലിഷ്ട കരങ്ങളുടെ സഹായത്താൽ ഞാൻ നിങ്ങളെ ഐക്യസംഘത്തിന്റെ പ്രവൃത്തിരംഗത്തേക്ക് നയിക്കുമായിരുന്നു. ഹാ, കഷ്ടം! ആ മഹാൻ എന്നെപ്പോലുള്ള ശുഭപ്രതീക്ഷയുള്ളവരെ രക്താശ്രു സാഗരത്തിൽ താഴ്ത്തിക്കൊണ്ട് എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞുപോയി.’’(53)
ഐക്യസംഘം മുസ്‌ലിം മജ്‌ലിസിൽ ലയിച്ചതിനെ ദുഖത്തോടുകൂടിയാണ് ഇ.കെ.മൗലവി സ്മരിക്കുന്നത്. ഐക്യസംഘം കേരളക്കരയിൽ സൃഷ്ടിച്ചതു പോലുള്ള ഒരു മുന്നേറ്റം നടത്താൻ മുസ്‌ലിം മജ്‌ലിസിന് കഴിഞ്ഞില്ല എന്നും അന്ന് ലഭിച്ച മനസ്സമാധാനവും സംതൃപ്തിയും ലഭിക്കുന്നുണ്ടോ എന്ന് നേതാക്കൾ ചിന്തിക്കണമെന്നും ഇ.കെ.മൗലവി ഐക്യസംഘത്തെ അവസാനിപ്പിച്ചവരോട് ചോദിക്കുന്നു. ഐക്യസംഘത്തിന്റെ സ്ഥാപകനേതാവായിരുന്ന സീതി മുഹമ്മദ് ഹാജി മരണപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് ഇ.കെ.മൗലവി വിലപിക്കുകയും ചെയ്യുന്നു. ഐക്യസംഘം രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിനെ ശക്തിയുക്തം എതിർത്ത മഹാൻ കൂടിയായിരുന്നല്ലോ ഹാജി മുഹമ്മദ് സീതി. അങ്ങനെ സംഭവിച്ചാൽ അത് ഐക്യസംഘത്തെ തകർച്ചയിലേക്ക് നയിക്കും എന്ന് ആലുവാ സമ്മേളനത്തിൽവച്ച് അദ്ദേഹം നൽകിയ മുന്നറിയിപ്പ് അക്ഷരാർഥത്തിൽ യാഥാർഥ്യമാകുന്നതാണ് പിന്നീട് നാം കണ്ടത്.
തെരഞ്ഞെടുപ്പിന് ശേഷം സത്താർ സേട്ട് ഉൾപ്പെടെ ഐക്യസംഘത്തിന്റെയും പിന്നീട് കോൺഗ്രസ്സിൽ നിന്നകന്ന മുസ്‌ലിം മജ്‌ലിസിന്റെയും നേതാക്കൾ സമ്മേളിച്ച് 1937 ഡിസംബർ 20ന് തലശ്ശേരിയിൽ സർവേന്ത്യാ മുസ്‌ലിംലീഗിന്റെ ശാഖ രൂപീകരിച്ചു. ഹാജി അബ്ദുസ്സത്താർ സേട്ട്, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി, ടി.എം മൊയ്തു സാഹിബ,് കെ ഉപ്പി സാഹിബ്, കെ. എം മൗലവി, ബി. പോക്കർ സാഹിബ്, സീതി സാഹിബ് തുടങ്ങിയ ഐക്യസംഘം നേതാക്കൾ സമ്മേളനത്തിൽ പ്രഭാഷകരായിരുന്നു.
ഐക്യസംഘത്തിന്റെ രാഷ്ട്രീയമായ പിന്തുടർച്ചയായി മലബാറിൽ മുസ്‌ലിം ലീഗ് വളർന്നു പന്തലിക്കുന്നതിന്റെ തുടക്കമായിരുന്നു അത്. അധികം താമസിയാതെ മുസ്‌ലിം മജ്‌ലിസ് മുസ്‌ലിം ലീഗിൽ ലയിക്കുകയും ചെയ്തു. അതോടെ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് മജ്‌ലിസിൽനിന്നും അകന്നു. ഈ സംഭവത്തോടുകൂടി കേരളത്തിലെ ഇസ്വ്‌ലാഹി നേതാക്കൾ രാഷ്ട്രീയമായി രണ്ടു ചേരികളായി തിരിഞ്ഞു. മുസ്‌ലിം ക്ലബ്ബിന്റെ കീഴിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ചന്ദ്രിക വാരിക മുസ്‌ലിം ലീഗിന്റെ മുഖപത്രമായി മാറിയത് ഈ കാലയളവിലാണ്. ചന്ദ്രികയുടെ സാന്നിധ്യം മുസ്‌ലിം ലീഗിനെ വളർത്തുന്നതിൽ നിർണായക പങ്കു വഹിക്കുകയുണ്ടായി. സീതി സാഹിബ്, ഇ.കെ.മൗലവി തുടങ്ങിയവർ ചന്ദ്രികയിൽ എഴുതിയ ലേഖനങ്ങൾ മുസ്‌ലിം ലീഗിന്റെ പ്രസക്തി സമുദായത്തെ ബോധ്യപ്പെടുത്താനുതകുന്നവയായിരുന്നു.
കൊടുങ്ങല്ലുരിലെ കക്ഷിവഴക്കുകൾ തീർക്കാനായി ആരംഭിച്ച ഒരു കൊച്ചുകൂട്ടായ്മ കേരളീയ മുസ്‌ലിം ജനസമൂഹത്തെ മുച്ചൂടും പരിവർത്തിപ്പിക്കുന്ന ഒരു മഹാപ്രസ്ഥാനമായി വളരുകയും ഒരു വ്യാഴവട്ടക്കാലം സമൂഹത്തിന്റെ മതപരവും സാമൂഹികവും സാംസ്‌കാരികവുമായ രംഗങ്ങളിൽ വെളിച്ചം വിതറി അപ്രതീക്ഷിതമായി കടന്നുപോകുകയും ചെയ്തു. മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി, കോട്ടപ്പുറത്ത് സീതി മുഹമ്മദ് സാഹിബ്, ഇ.കെ,മൗലവി, കെ.എം.സീതിസാഹിബ്, കെ.എം.മൗലവി തുടങ്ങിയ പുരോഗമന നേതാക്കളുടെ നേതൃത്വത്തിൽ ഗമിച്ച കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ അശ്രാന്ത പരിശ്രമഫലമായി മാപ്പിളമാരുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. കേരള മുസ്‌ലിംകളുടെ ധൈഷണിക വികാസത്തിന്റെ ചരിത്രം ഐക്യസംഘത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
ഈ പ്രസ്ഥാനം കേരളത്തിലെ എല്ലാ സാംസ്‌കാരിക മുന്നേറ്റങ്ങളുടെയും അടിസ്ഥാനശിലയായിരുന്നുവെന്നതിൽ സംശയമില്ല. ‘സി. എച്ച്. മുഹമ്മദ് കോയ: രാഷ്ട്രീയ ജീവചരിത്രം’ എന്ന പുസ്തകത്തിൽ മുസ്‌ലിം ചരിത്രകാരനായ എം.സി. വടകര എഴുതിയ വാക്കുകൾ ഈ യാഥാർഥ്യങ്ങളെ നൂറു ശതമാനവും ശരിവയ്ക്കുന്നു:
“കേരളത്തിലെ മുസ്‌ലിംകളുടെ ഉയിർത്തെഴുന്നേൽപിന്റെ ഉത്ഥാനവീഥിയിൽ ഉണർത്തുപാട്ടായി മുഴങ്ങിനിൽക്കുന്ന ഒരു ‘മന്ത്ര ധ്വനി’യാണ് മന്ദമാരുതനായി തുടങ്ങി കൊടുങ്കാറ്റായി കൊടുമ്പിരികൊണ്ട് മേഘജ്യോതിസ്സിന്റെ ക്ഷണികജീവിതം പോലെ അസ്തമിച്ചുപോയ കേരള മുസ്‌ലിം ഐക്യസംഘം... പിന്നീട് പല കൈവഴികളിലായി സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ വലിയ കുതിച്ചുചാട്ടം നടത്തിയ പ്രസ്ഥാനങ്ങളുടെയെല്ലാം സൂതികർമം നിർവഹിച്ചത് കേരള മുസ്‌ലിം ഐക്യസംഘമായിരുന്നു.’’(54)
എം.സി.വടകര എഴുതിയതു പോലെ നവോത്ഥാനവീഥിയിൽ ഒരു കൊടുങ്കാറ്റായി മാറാൻ ക്ഷണികമായ കാലഘട്ടത്തിനിടയിൽ ഐക്യസംഘത്തിനു സാധിച്ചു. 1923 മുതൽ 34 വരെ ഓരോ വർഷവും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ഐക്യസംഘത്തിന്റെ വാർഷിക സമ്മേളനങ്ങൾ മുസ്‌ലിം കേരളത്തിന്റെ നവോത്ഥാനത്തിന് അവിസ്മരണീയ സംഭാവനകളർപ്പിച്ച മഹാസംഭവങ്ങളാണ്. മുസ്‌ലിം സമൂഹത്തിന്റെ മത-സാമൂഹിക സംസ്‌കരണത്തിന്ഐക്യസംഘം പുതിയ മാനവും ദിശാബോധവും നൽകുകയുണ്ടായി. ഇ.കെ. മൗലവിയുടെ ബുദ്ധിയും പ്രയത്‌നവും സംഘാടകശേഷിയും ഓരോ സമ്മേളനത്തിന്റെയും വിജയത്തിനു പിന്നിലുണ്ട്. കേരളം മുഴുക്കെ സഞ്ചരിച്ചും തന്റെ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതിയും ഓരോ സമ്മേളനത്തെയും വിജയത്തിലെത്തിക്കാനും തൗഹീദീ ആശയം പൊതുജനങ്ങളിലേക്ക് പകർന്നുനൽകാനും ഇ.കെ.മൗലവിക്കു സാധിച്ചു. സമ്മേളനങ്ങളോരോന്നും ആസൂത്രണം ചെയ്യുന്നതിലും സമ്മേളന സംഘാടനത്തിലും ഇ.കെ.മൗലവിയോളം പങ്കുവഹിച്ച മറ്റൊരു നേതാവിനെയും കാണുക സാധ്യമല്ല. 1923 മുതൽ 34 വരെയുള്ള മൗലവിയുടെ ജീവിത കാലഘട്ടം ഐക്യസംഘത്തിനുവേണ്ടി പൂർണമായും സമർപ്പിക്കപ്പെട്ടതായിരുന്നു. അധ്വാനവും വിയർപ്പും ബുദ്ധിയും നൽകി ഓരോ സമ്മേളനത്തോടൊപ്പവും അദ്ദേഹം സഞ്ചരിച്ചു.
ഐക്യസംഘത്തെക്കുറിച്ച് സമാനമായ ഒരു നിരീക്ഷണം തന്നെയാണ് ഡോ.സി.കെ.കരീമും നടത്തിയിരിക്കുന്നത്. നിസ്വാർഥരും ത്യാഗസന്നദ്ധരും ദീർഘവീക്ഷണവമുള്ളവരുമായ ഐക്യസംഘം നേതാക്കളുടെ പ്രവർത്തനങ്ങളാണ് കേരളത്തിലാകമാനം സാമുദായിക പരിഷ്‌ക്കരണവും വിദ്യാഭ്യാസ പ്രവർത്തനവും കാര്യക്ഷമമായി നടപ്പിലാക്കിയതെന്നും മുസ്‌ലിംകളുടെ സാമുദായികവും സാംസ്‌കാരികവുമായ ഉത്ഥാനത്തിന് സഹായകമായ പ്രസ്ഥാനങ്ങൾക്കെല്ലാം കാരണക്കാരായത് ഈ നേതാക്കളാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ മുന്നേറ്റത്തിന് താത്വികവും ദാർശനികവുമായ ആത്മീയ നേതൃത്വം കെ.എം. മൗലവിയും ഇ.കെ. മൗലവിയുമാണ് നൽകിയിരുന്നത് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണം കാണുക:
“ശീതി മുഹമ്മദ് സാഹിബ്, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി, ഇ.കെ.മൗലവി, കെ.എം. സീതിസാഹിബ് എന്നിവരാണ് കേരളത്തിലെ മുസ്‌ലിംകളുടെ സാമുദായികവും സാംസ്‌കാരികവുമായ ഉത്ഥാനത്തിന് ഉജ്ജീവനം നൽകിയ കരുത്തുറ്റ നവോത്ഥാന പ്രസ്ഥാനങ്ങൾക്കൊക്കെ ജീവൻ നൽകിയവർ. കേരള മുസ്‌ലിം ഐക്യസംഘം കേരളത്തിൽ ആകമാനം സാമുദായിക പരിഷ്‌ക്കരണവും വിദ്യാഭ്യാസ പ്രവർത്തനവും കാര്യക്ഷമമായി നടപ്പിലാക്കിയ മഹത്തായ സംഘടനയാണല്ലോ. അതിന് താത്വികവും ദാർശനികവുമായ ആത്മീയ നേതൃത്വം കെ.എം. മൗലവിയും ഇ.കെ. മൗലവിയുമാണ് നൽകിയിരുന്നത്.’’ (55)
മുസ്‌ലിം സമുദായത്തിന്റെ ഉദ്ധാരണത്തിനായി ഐക്യസംഘം പ്രവർത്തിച്ച കാലഘട്ടത്തിൽതന്നെ ഈഴവ സമുദായത്തിലും ദളിത് വിഭാഗങ്ങളിലും നവോത്ഥാന സംരംഭങ്ങൾ ഉടലെടുത്തിരുന്നു. ശ്രീനാരായണഗുരു, അയ്യങ്കാളി, കെ.പി കുറുപ്പൻ തുടങ്ങിയവരെല്ലാം അവരുടെ സമുദായത്തിനകത്ത് പരിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിൽ വിജയം വരിച്ചവരാണ്. അവരുടെ സമുദായങ്ങൾ ആ നവോത്ഥാന നായകൻമാരുടെ പരിശ്രമങ്ങളുടെ ഗുണഭോക്താക്കളുമാണ്. എന്നാൽ ആ സമുദായങ്ങൾ ഇത്തരം നവോത്ഥാന സംരംഭങ്ങളെ മനസാ വരിച്ചതുപോലെ മുസ്‌ലിം സമൂഹം ഐക്യസംഘത്തിന്റെ ശ്രമങ്ങളെ അക്കാലഘട്ടത്തിൽ ഉൾക്കൊള്ളാൻ തയ്യാറായില്ല എന്നത് ദുഃഖസത്യമായി ഇന്നും നിലനിൽക്കുന്നു. അക്കാര്യം ഡോ.സി.കെ കരീം വിശദീകരിക്കുന്നത് ഇങ്ങനെ:
“ഐക്യസംഘം സമുദായത്തിൽ ഉണ്ടാക്കിയ നവോത്ഥാനവിസ്‌പോടനം അഭൂതപൂർവമായിരുന്നു. വിചാരിച്ചതിലും വേഗതയിൽ കേരളത്തിന്റെ എല്ലാ ഭാഗത്തും ഐക്യസംഘത്തിന് ആത്മാർഥതയുള്ള പ്രവർത്തകൻമാരുണ്ടായി. മദ്രസകൾ, വിദ്യാലയങ്ങൾ, പത്രങ്ങൾ തുടങ്ങിയവക്ക് പുറമെ മത-സാമൂഹ്യരംഗങ്ങളിലും ഐക്യസംഘം പ്രവർത്തകർ ജാഗ്രത്തായി. സഹോദരസമുദായങ്ങളിൽ നടന്ന വിപ്ലവകരമായ മാറ്റം കണ്ടുപഠിക്കുവാൻ മുസ്‌ലിംകൾ മടിച്ചുനിന്നു. ഒരു ശ്രീനാരായണഗുരുവിനും ഒരു അയ്യങ്കാളിക്കും ഒരു കെ.പി കുറുപ്പനുമൊക്കെ അവരുടെ സമുദായങ്ങളിൽ ഉണ്ടാക്കുവാൻ കഴിഞ്ഞ അനന്യസദൃശ്യമായ നേട്ടങ്ങൾ മുസ്‌ലിം സമുദായത്തിന് പക്ഷേ, നേടുവാൻ സാധിക്കാതിരുന്നത് സമുദായം ഈ നവോത്ഥാന നായകൻമാരുടെ പിന്നിൽ അണിനിരക്കുവാൻ അറച്ചറച്ചുനിന്നതുകൊണ്ടായിരുന്നു. അവരെ പിന്തുണക്കുന്നതിന് പകരം ശക്തിയായി എതിർക്കുകയാണ് സമുദായത്തിലെ യാഥാസ്ഥിതികർ ചെയ്തത്. അവർക്കായിരുന്നു സമുദായത്തിലെ ഭൂരിപക്ഷത്തിന്റെയും പിന്തുണ. ഐക്യസംഘത്തിനെതിരായി പഴഞ്ചൻ പൗരോഹിത്യം തൊടുത്തുവിട്ടിരുന്ന മതവിധികൾക്കും ന്യായവാദങ്ങൾക്കും ഐസ്‌ലാമികമായ വിധിവിലക്കുകൾകൊണ്ടുതന്നെ പ്രതിവിധി കാണണമെന്ന് വന്നു.’’(56)
അവലംബം:
52. ഡോ.സി.കെ കരീം, കേരളത്തിന്റെയും കേരള മുസ്‌ലിംകളുടെയും ചരിത്രം, പേജ് 644,645.
53. ഹാജി കെ. സീതി മുഹമ്മദ്-ഇ.കെ.മൗലവി,1938.
54. സി. എച്ച്. മുഹമ്മദ് കോയ: രാഷ്ട്രീയ ജീവചരിത്രം, എം.സി. വടകര, പേജ് 38, 39.
55. ഡോ.സി.കെ.കരീം, കേരളത്തിന്റെയും കേരള മുസ്‌ലിംകളുടെയും ചരിത്രം, പേജ് 515.
56. ഡോ.സി.കെ. കരീം, കേരളത്തിന്റെയും കേരള മുസ്‌ലിംകളുടെയും ചരിത്രം, പേജ് 621.
(തുടരും)

