തൂലിക പടവാളാക്കിയ പരിഷ്‌കർത്താവ്
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
2024 ഒക്ടോബർ 26, 1446 റ. ആഖിർ 23

(ഇ.കെ. മൗലവി; മുസ്‌ലിം കേരളത്തിന് ദിശാബോധം നൽകിയ നവോത്ഥാന നായകൻ 31)
കേരള മുസ്‌ലിം നവോത്ഥാനരംഗത്ത് തന്റെ തൂലികകൊണ്ട് ഒരായുഷ്‌കാലം മുഴുവൻ സേവനം ചെയ്ത മഹാനാണ് ഇ.കെ.മൗലവി സാഹിബ്. ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. വിവിധ പത്രമാസികകളിൽ അദ്ദേഹം എഴുതിയ ലേഖനങ്ങൾ ഇന്നും ഉജ്ജ്വല സാഹിത്യസൃഷ്ടികളായി നിലനിൽക്കുന്നു. പൊതുരംഗത്ത് സജീവമായിരുന്ന കാലയളവിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന മിക്ക മുസ്‌ലിം ആനുകാലികങ്ങളിലും അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഉണ്ടാവുക എന്നത് ഒരു അനിവാര്യതയായി കണക്കാക്കപ്പെട്ടിരുന്നു. മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെ അൽഅമീൻ, ചന്ദ്രിക ആഴ്ചപ്പതിപ്പ്, മാതൃഭൂമി ദിനപത്രം, അൻസാരി, ന്യൂ അൻസാരി,, ഇശാഅത്ത്, മിശ്കാത്തുൽ ഹുദ, യുവകേസരി, യുവലോകം, അൽമനാർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെല്ലാം മൗലവി സാഹിബ് കനപ്പെട്ട ലേഖനങ്ങൾ എഴുതിയിരുന്നു.
ചരിത്രം, സാഹിത്യം, സംസ്‌കാരം, വിമർശനം, വിശ്വാസം, രാഷ്ട്രീയം, സാമൂഹികം തുടങ്ങിയ മേഖലകളെ അഗാധമായി സ്പർശിക്കുന്ന ചിന്തോദ്ദീപകമായ പഠനങ്ങളാണ് ഓരോ ലേഖനവും. അദ്ദേഹത്തിന്റെ മിക്ക രചനകളും അക്കാലത്തെ മുസ്‌ലിം ലോകചലനങ്ങളുടെ കുതിപ്പുകളും കിതപ്പുകളും കൃത്യമായി അനാവരണം ചെയ്യുന്നവയാണ്.
1932ൽ ഒരു സ്വതന്ത്ര മാസികയായി ആരംഭിക്കുകയും പിന്നീട് മുസ്‌ലിം ലീഗിന്റെ മുഖപത്രമായി മാറുകയും ചെയ്ത ‘ചന്ദ്രിക’യിൽ അതിന്റെ ആരംഭകാലം മുതൽ തന്നെ അദ്ദേഹം എഴുതിത്തുടങ്ങിയിരുന്നു. ചന്ദ്രികയിൽ അദ്ദേഹം എഴുതിയ ലേഖനങ്ങളിൽ ബഹുഭൂരിപക്ഷവും സമുദായ ഐക്യം, മുസ്‌ലിം സാംസ്‌കാരിക പാരമ്പര്യം, ഇസ്‌ലാമിക ചരിത്രം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ളവയായിരുന്നു.
മദ്‌റസാ വിദ്യാർഥികൾക്കായി തയ്യാറാക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ പ്രിന്റഡ് പാഠപുസ്തകവും ഇ.കെ.മൗലവിയുടെ സംഭാവനയാണ്. മദ്‌റസകൾ കേരളത്തിൽ വ്യാപകമാകുന്നതിനു മുമ്പാണ് ഇത് എന്നോർക്കണം. ‘തുഹ്ഫതുത്ത്വാലിബീൻ’ എന്ന ഈ പാഠപുസ്തകം 1940ലാണ് പുറത്തിറക്കിയത്. നാലാംതരം മുതൽ ആറാംതരം വരെയുള്ള ക്ലാസ്സുകളിലേക്കായാണ് ഇത് തയ്യാറാക്കപ്പെട്ടത്. ഓരോ ക്ലാസ്സിലേക്കും പഠിക്കാനുള്ള ക്വുർആൻ ആയത്തുകൾ, ഹദീസുകൾ, പഴഞ്ചൊല്ലുകളും വിധികളും എന്നിവയുടെ സമാഹാരമാണ് 42 പേജുകളുള്ള ഈ കൃതി. പുസ്തകത്തിന്റെ പ്രസാധകർ എറണാകുളത്തെ മുനവ്വിറുൽ ഇസ്‌ലാം യംഗ് മെൻസ് അസോസിയേഷനും അച്ചടിച്ചത് എടവയിലെ സി.എം.പ്രസ്സിലുമാണ്. ആദ്യ പതിപ്പുതന്നെ ആയിരം കോപ്പികൾ പ്രിന്റ് ചെയ്തതായി കാണുന്നു. പുസ്തകത്തിന്റെ പുറംചട്ടയുടെ പകർപ്പാണ് അടുത്ത പേജുകളിൽ നൽകിയിരിക്കുന്നത്.
കേരള നദ്‌വത്തുൽ മുജാഹിദീന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കപ്പെട്ടതിനുശേഷം മദ്‌റസാ വിദ്യാർഥികൾക്ക് വേണ്ടി ഫിക്വ‌്‌ഹ്, ഇസ്‌ലാമിക ചരിത്രം എന്നീ വിഷയങ്ങളിൽ മൗലവി സാഹിബ് പാഠപുസ്തകങ്ങൾ രചിക്കുകയും മദ്‌റസാ സിലബസ് പരിഷ്‌കരണങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.
ഇ.കെ.മൗലവിയുടെ പത്രപ്രവർത്തനം

കേരള മുസ്‌ലിംകൾക്കിടയിൽ പത്രപ്രവർത്തനത്തിന്റെ ആചാര്യരിലൊരാളായിരുന്നു ഇ.കെ. മൗലവി സാഹിബ്. മുസ്‌ലിം പത്രപ്രവർത്തനത്തിന് ഇ.കെ.മൗലവി നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ല. ഇസ്വ്‌ലാഹീ ആശയങ്ങൾ കേരളക്കരയിൽ പ്രചരിപ്പിക്കുന്നതിൽ അനല്പമായ പങ്കാണ് അദ്ദേഹത്തിന്റെ ആനുകാലികങ്ങൾ നിർവഹിച്ചത്. ഇ.കെ.മൗലവിയുടെ കാർമികത്വത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏതാനും ആനുകാലികങ്ങളെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം:
അൽഇർഷാദ്
കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ രൂപീകരണത്തെത്തുടർന്ന് കൊടുങ്ങല്ലൂരിലെ ഏറിയാട്ടിൽനിന്ന് 1342 റമദാനിൽ (1923) ഇ. കെ. മൗലവിയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച അറബി മലയാള പ്രസിദ്ധീകരണമാണ് അൽഇർഷാദ്. മണപ്പാട് കുഞ്ഞഹമ്മദ് ഹാജിയായിരുന്നു ഇതിന്റെ പ്രസാധകൻ. ഏറിയാട് മുഹ്‌യിദ്ദീൻ ലിത്തോ പ്രസ്സിൽ നിന്നാണ് അൽഇർഷാദ് അച്ചടിച്ചിരുന്നത്. പതിനാല് ലക്കങ്ങൾ മാത്രമെ ഇർഷാദ് പ്രസിദ്ധീകരിക്കപ്പെട്ടുള്ളൂവെങ്കിലും ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ അൽഇർഷാദ് വഹിച്ച പങ്ക് അവിസ്മരണീയമാണ്.
അക്കാലഘട്ടങ്ങളിൽ നടന്ന ഐക്യസംഘത്തിന്റെ ഒട്ടുമിക്ക സമ്മേളന വാർത്തകളും ആ സമ്മേളനങ്ങളിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളും അവയെക്കുറിച്ചു പത്രാധിപർ നടത്തിയിട്ടുള്ള അഭിപ്രായങ്ങളുമെല്ലാം വിവിധ ലക്കങ്ങളിൽ കാണാവുന്നതാണ്. 1924 മെയ് 10,11,12 ദിവസങ്ങളിൽ മൗലാനാ അബ്ദുൽ ജബ്ബാർ ഹസ്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഐക്യസംഘം രണ്ടാം വാർഷിക സമ്മേളനത്തെക്കുറിച്ച വിശദ റിപ്പോർട്ടും ചിറയിൻകീഴ് താലൂക്ക് മുസ്‌ലിം സമാജത്തിന്റെ പ്രഥമ വാർഷിക സമ്മേളന റിപ്പോർട്ടും ആലപ്പുഴ ലജ്‌നത്തുൽ മുഹമ്മദിയ്യയുടെ 1925 ഫെബ്രുവരി 21,22 ദിവസങ്ങളിൽ ചേർന്ന ഒമ്പതാം വാർഷിക റിപ്പോർട്ടും തലശ്ശേരിയിൽ ചേർന്ന ഐക്യസംഘം നാലാം വാർഷിക സമ്മേളന റിപ്പോർട്ടും സമസ്ത കേരള യുവജന കോൺഫറൻസ്, സമസ്ത കേരള മുസ്‌ലിം വിദ്യഭ്യാസ കോൺഫ്രൻസ് എന്നിവകളെക്കുറിച്ചുള്ള റിപ്പോർട്ടും വിവിധ ലക്കങ്ങളിൽ ഉൾക്കൊള്ളിച്ചതായി കാണാം.
അൽഇർഷാദിന്റെ പ്രഥമ ലക്കത്തിൽ ഇ.കെ. മൗലവി സാഹിബ് എഴുതിയ പത്രാധിപക്കുറിപ്പ് ആ പ്രസിദ്ധീകരണം ഉയർത്തിപ്പിടിക്കുന്ന ലക്ഷ്യങ്ങളെന്തെന്ന് സവിസ്തരം പ്രതിപാദിക്കുന്നു. മലബാർ കലാപാനന്തരം മുസ്‌ലിംകൾക്ക് നേരിടേണ്ടി വന്ന കെടുതികളിൽനിന്ന് ഉൾക്കൊള്ളേണ്ട പാഠങ്ങളെന്തെന്നും പത്രാധിപക്കുറിപ്പ് വിശകലനം ചെയ്യുന്നു. അൽഇർഷാദിന്റെ ഈ ആമുഖ ലേഖനത്തിൽനിന്ന് അതിന്റെ ലക്ഷ്യവും മാർഗവും അത് പ്രാവർത്തികമാക്കേണ്ടതിനു വേണ്ടി ആസൂത്രണം ചെയ്ത കാര്യങ്ങളെക്കുറിച്ചുമെല്ലാം നമുക്ക് വ്യക്തമാകുന്നതാണ്.
അൽ ഇർഷാദിന്റെ പ്രഥമ ലക്കത്തിൽ ഇ.കെ.മൗലവി എഴുതിയ പത്രാധിപക്കുറിപ്പ്
ലോകത്തുള്ള എല്ലാ മുസ്‌ലിംകളും ഒരുവിധമല്ലെങ്കിൽ മറ്റൊരുവിധം കഷ്ടനഷ്ടങ്ങളും ക്ലേശങ്ങളും അനുഭവിച്ചുവരുന്നുണ്ടെന്ന് ഇന്നത്തെ ലോകവർത്തമാനങ്ങൾ നമ്മെ ഭയപ്പെടുത്തിയിരിക്കുന്നു. വിശിഷ്യാ കേരള മുസ്‌ലിംകൾ അവരുടെ സർവ ശ്രേയസ്സിനും കാരണമായ മതതത്വങ്ങളെ വിസ്മരിച്ചുകൊണ്ട് പരസ്പരം കലഹിക്കുന്നു. സഹോദരങ്ങളുടെ നാശക്കുഴി കുഴിപ്പാൻ സർവവിധ പരിശ്രമങ്ങളും ചെയ്യുന്നു. മറ്റു സമുദായങ്ങളുടെ ഉയർച്ചയും അഭിവൃദ്ധിയും കണ്ടിട്ട് യാതൊരു വികാരങ്ങളും അവരുടെ ഹൃദയങ്ങളിൽ അങ്കുരിക്കുന്നില്ല. അവർ സഹോദരങ്ങളുടെ തുച്ഛമായ അഭിവൃദ്ധിയിൽ അസൂയപ്പെടുന്നു. അവന്റെ നാശത്തിനുള്ള മാർഗങ്ങളെ കണ്ടുപിടിക്കുന്നതിന് ഒരു വലിയ തത്വജ്ഞാനിയുടെ ചിന്താശക്തി പ്രേരിപ്പിക്കുന്നു. അന്യന്റെ ശക്തിമത്തായ അഭിവൃദ്ധിയിൽ തൃപ്തിപ്പെടുന്ന നാം സഹോദരന്റെ നിസ്സാരമായ ഉയർച്ചയിൽ എന്തിനാണ് അസുയപ്പെടുന്നത്? ഇമ്മാതിരി അവർണ്ണനീയമായ ചപലതകൾ നമ്മിൽ ഒന്നായി കൂടുവാനും തന്നിമിത്തം നാം തന്നെ നശിക്കുവാനും ഉള്ള പ്രധാന കാരണം ഇസ്‌ലാം മതത്തിന്റെ യഥാർത്ഥ തത്വങ്ങൾ അറിഞ്ഞ് പ്രവർത്തിക്കാത്തതുകൊണ്ടാണ്. നമ്മുടെ സമുദായ ലോകത്തിന്റെ മർമങ്ങൾ കണ്ടുപിടിച്ച് എല്ലാവരും ഒരുപോലെ സമ്മതിക്കുന്നുണ്ട്.

കേരള മുസ്‌ലിം സഹോദരങ്ങളെ, ഇന്നത്തെ നമ്മുടെ അവസ്ഥ എന്താണ്? ഇതര സമുദായങ്ങളെ അപേക്ഷിച്ച് ഇഹലോക ജീവിതത്തിന് ആവശ്യമായ വിദ്യ നമുക്കില്ലെന്നുതന്നെ പറയാം. ധനം ഉണ്ടെങ്കിലും അതിനെ ചിലവഴിക്കുവാനുള്ള ഉത്തമ മാർഗം നാം കാണാത്തതുകൊണ്ട് ധനം ഇല്ലാത്ത സമുദായങ്ങളെക്കാൾ പണക്ലേശം നമ്മുടെ സമുദായം അനുഭവിക്കുന്നു. മുസ്‌ലിം എന്ന മഹത്തായ നാമം നമ്മെ വിട്ടുപിരിഞ്ഞു. മാപ്പിളയും കച്ചിമേമനും ജോനകനും റാവുത്തനും പട്ടാണിയും മുഹമ്മദനും തുലുക്കനും മേത്തനുമായി രൂപഭേദപ്പെട്ടു. ഓരോ വ്യത്യാസങ്ങൾ പറഞ്ഞ് പരസ്പരം ആഭിജാത്യം നടിക്കുന്നു. ഇവരെല്ലാവരും ഏകദേശം മ്ലേഛൻമാരും നിന്ദ്യൻമാരുമാണെന്ന് ഇതര സമുദായങ്ങൾ സധൈര്യം ഘോഷിക്കുന്നു. ഈ അടുത്ത സന്ദർഭങ്ങളിൽ നമ്മുടെ എത്ര സഹോദരങ്ങൾ കഴുമരത്തിൽ തൂങ്ങി. നമ്മുടെ എത്ര സഹോദരങ്ങൾ തോക്കിന്നിരയായി. എത്ര പേർ കാരാഗ്രഹത്തിലടക്കപ്പെട്ടു. എത്ര പേർ ആന്തമാനിൽ നാടുകടത്തപ്പെട്ടു. എത്ര പേർ ശ്വാസംമുട്ടി മരിക്കേണ്ടിവന്നു. എത്ര പേർ മാസാന്ത വരി അടക്കുവാൻ നിർബന്ധിതരായി. എത്ര സഹോദരികൾ പതിവ്രതാ ധർമത്തെ കൈവെടിഞ്ഞു. എത്ര പേർ ചാരിത്ര്യ ശുദ്ധിയെ പരിപാലിക്കുവാൻ വേണ്ടി ആത്മഹത്യ ചെയ്തു. ഓമന സന്താനങ്ങളെ എടുത്തുകൊണ്ട് പ്രാണരക്ഷക്കായി ഓടിയിരുന്ന അബലകളെയും കുട്ടികളെയും മെഷീൻ ഗണ്ണിന് ഇരയാക്കപ്പെട്ടു. മുസ്‌ലിംകളായ നാം കേവലം വ്യാജ ചരക്കുകളെപ്പോലെ ലൈസൻസ് കൂടാതെ പുറത്തിറക്കുവാൻ പാടില്ലാത്തതായി. സർവ ഭാഗ്യവും തികഞ്ഞിരുന്നവരാണെന്ന് അഭിമാനിച്ചിരുന്ന സഹോദരീ സഹോദരൻമാർക്ക് പാർക്കുവാൻ പുരയില്ല. കിടക്കാൻ ഇടമില്ല. ഉടുപ്പാൻ വസ്ത്രമില്ല, ഉറങ്ങുവാൻ ധൈര്യമില്ല. കുടിപ്പാൻ ശുദ്ധജലം പോലുമില്ല. എന്തിനേറെ പറയുന്നു, ലോകത്ത് ഇതേവരെ നടന്ന ദുഷ്‌കർമ്മങ്ങളുടെയും ഏതാണ്ടൊരു മാതൃക നമ്മുടെ സഹോദരങ്ങൾ അനുഭവിച്ചു എന്ന് തീർച്ചയായും പറയാം. സഹോദരങ്ങളെ, ഈ ഭയങ്കര സംഭവങ്ങൾ നമ്മുടെ ഓർമയിൽ നിന്ന് വിട്ടുപോകുന്നതിന് മുമ്പ് മേലിൽ ഇങ്ങനെ വരാതിരിക്കേണ്ടതിനുള്ള മാർഗങ്ങളെക്കുറിച്ച് ചിന്തിക്കുവിൻ. ‘മാ കുന്നാ മുഹ്‌ലികിൽ കർയ ഇല്ലാ വ അഹ്‌ലുഹാ ളാലിമൂൻ’ (രാജ്യ നിവാസികൾ ദ്രോഹികളായിരിക്കുന്ന സന്ദർഭത്തിലല്ലാതെ നാം രാജ്യങ്ങളെ നശിപ്പിക്കുകയുണ്ടായിട്ടില്ല) എന്ന അല്ലാഹുവിന്റെ കൽപ്പനയിലെ താൽപര്യപ്രകാരമാണ് നാം ഈ കഷ്ടതകൾ അനുഭവിച്ചതെങ്കിൽ മേലിൽ ഇത്തരം ഹലാക്കുകൾ വരാതിരിക്കുവാൻ സൂക്ഷിക്കേണ്ട കടമയും നമ്മിൽ സ്ഥിതിചെയ്യുന്നുണ്ട്. ‘കുൻതും ഖൈറു ഉമ്മത്തിൻ ഉഖ്‌രിജത്ത് ലിന്നാസി തഅ്മുറൂന ബിൽ മഅ്‌റൂഫി വ തൻഹൗന അനിൽ മുൻകരി വ തുഅ്മിനൂന ബില്ലാഹ്’ (നിങ്ങൾ ജനങ്ങളുടെ ഗുണത്തിന് വേണ്ടി ഉത്ഭവിക്കപ്പെട്ട സമുദായങ്ങളിൽ വെച്ച് അത്യുത്തമ സമുദായമാകുന്നു. നിങ്ങൾ നന്മ ഉപദേശിക്കുകയും ദുഷ്‌കർമങ്ങളെ വിരോധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യും) എന്ന ആയത്ത് പ്രകാരം നാം ഖൈറു ഉമ്മത്ത് ആണെങ്കിൽ ഇത്ര ഭയങ്കര ശിക്ഷ നാം എങ്ങനെ അനുഭവിക്കുന്നു. ഖൈർ ഉമ്മത്തിന്റെ മേൽ ഇപ്രകാരമുള്ള കഠിന ശിക്ഷ ആദിൽ ആയ റബ്ബുൽ ആലമീൻ വിധിക്കുമോ? ഈ ചോദ്യത്തിന് അല്ലാഹു ആദിൽ അല്ലെന്നോ നാം ഖൈറു ഉമ്മത്ത് അല്ലെന്നോ സമ്മതിക്കേണ്ടിവരും. അല്ലാഹു ആദിലല്ലെന്ന് പറയുവാൻ യാതൊരു മാർഗവുമില്ല. അപ്പോൾ നാം ഖൈറു ഉമ്മത്തല്ലെന്ന് നാം സമ്മതിക്കേണ്ടി വരും. ഇനി നാം ഖൈറു ഉമ്മത്ത് ആവണമെങ്കിൽ മേൽപറഞ്ഞ ആയത്തിന്റെ താൽപര്യ പ്രകാരം അല്ലാഹുവിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ ഉപദേശിക്കുകയും ദുഷ്‌കർമങ്ങൾ ഉപേക്ഷിക്കുകയും ചെയ്യും. ഇക്കാര്യ നിർവഹണത്തിന് ഓരോ വീടുകളിലോ സ്ഥലങ്ങളിലോ പോയി പ്രവർത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ പത്രം മുഖേന ഇക്കാര്യം നടത്തുന്നത് വളരെ സൗകര്യമാണെന്ന് പറയേണ്ടതില്ലല്ലോ. ‘മുസ്‌ലിം ഐക്യ സംഘം’ ഈ ഉദ്ദേശ്യത്തോടുകൂടിയാണ് ‘മുസ്‌ലിം ഐക്യം’ മാസിക നടത്തി തുടങ്ങിയതെന്ന് ഞങ്ങൾക്കറിയാം. കേരള മുസ്‌ലിങ്ങളിൽ ഭൂരിഭാഗത്തിനും പരിചയമില്ലാത്ത മലയാള ലിപികളിലും ഗംഭീര ഭാഷയിലും ‘മുസ്‌ലിം ഐക്യം’ നടത്തപ്പെടുന്നതുകൊണ്ടും ഖുർആൻ, ഹദീസ് മുതലായ മഹൽവാക്യങ്ങൾ അവകളുടെ യഥാർത്ഥ സ്ഥിതിയിൽ എഴുതുവാൻ നിവർത്തിയില്ലാത്തതുകൊണ്ടും അതുകൊണ്ടുദ്ദേശിക്കപ്പെട്ട ഫലം പൂർണ്ണമായി ഉണ്ടായില്ലെന്ന് വ്യസന സമേതം സമ്മതിക്കുന്നു. എന്നാൽ അൽ ഇർഷാദാകട്ടെ, കേരളീയരിൽ മിക്കപേർക്കും സ്ത്രീപുരുഷ ഭേദം കൂടാതെ അറിയാവുന്ന അറബി മലയാള അക്ഷരത്തിലും ലളിതഭാഷയിലും നടത്തുവാൻ തീർച്ചപ്പെടുത്തിയിട്ടുള്ളത് കൊണ്ട് മേൽപറഞ്ഞ ന്യൂനതകൾ പരിഹരിക്കപ്പെടുമെന്നും നമ്മുടെ മഹത്തായ ഉദ്ദേശ്യം സാധിക്കുവാൻ റബ്ബ് അനുഗ്രഹിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഞങ്ങൾ ഭാഷാ ശുദ്ധിയേക്കാൾ വിഷയ ശുദ്ധിയാണ് വിലമതിക്കുന്നത്. കേരള മുസ്‌ലിംകളിൽ ഭൂരിഭാഗം ജനങ്ങളും കേവലം അപരിഷ്‌കൃതമായ ഒരു ഭാഷയാണ് സംസാരിച്ചു വരുന്നത്. തന്നെയുമല്ല, പരിഷ്‌കൃത ഭാഷ അവർക്ക് ഹാസ്യരസമായും തീർന്നിട്ടുണ്ട്. ഈ സ്ഥിതിയിൽ ഭാഷാശുദ്ധിയെ സർവപ്രധാനമായി ഗണിച്ചാലുണ്ടാകാവുന്ന ഫലം വായനക്കാർക്ക് ഊഹിക്കാമല്ലോ. അത് കൊണ്ട് ഞങ്ങളുടെ ലേഖകൻമാർ ആശയ ശുദ്ധിയിലാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടതെന്ന് ഓർമപ്പെടുത്തിക്കൊള്ളുന്നു.
അൽ ഇർഷാദിൽ ഇസ്‌ലാംമത വിരുദ്ധമായി അഥവാ അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ വിശ്വാസത്തിന് വിരുദ്ധമായി ഒന്നും തന്നെ ഞങ്ങൾ മനപ്പൂർവം ചേർക്കുന്നതല്ലെന്ന് പ്രത്യേക വാഗ്ദത്തം ചെയ്യുന്നു. ഞങ്ങളുടെ വല്ല പ്രസ്താവനയിലും ടി. വിശ്വാസത്തിന് വിരുദ്ധമായി എന്തെങ്കിലും കണ്ടാൽ ഞങ്ങളെ വഹാബിയും റാഫിഇയുമായി വിധി കൽപ്പിക്കാതെ ആ തെറ്റിനെ ഞങ്ങൾക്ക് ചൂണ്ടിക്കാണിച്ച് തരാൻ എല്ലാ മുസ്‌ലിം സഹോദരങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഇങ്ങനെ ചെയ്യുന്നതായാൽ ഞങ്ങളുടെ തെറ്റുകളെ സമ്മതിച്ചുകൊണ്ട് യഥാർത്ഥത്തെ പ്രസിദ്ധീകരിച്ചുകൊള്ളാം.
ഈ മഹത്തായ പരിശ്രമം വളരെ പ്രയാസമുള്ള ഒന്നാണെന്നും ഉത്തമനും പണ്ഡിതനുമായ ഒന്നോ അതിലധികമോ പേർക്കല്ലാതെ ഞങ്ങളെപ്പോലെയുള്ള അജ്ഞന്മാർക്ക് ചുമക്കത്തക്ക ഒന്നല്ലെന്നും ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. എന്നാൽ ഹഖായ മാർഗത്തിൽ തുടരുന്നവർക്ക് മഹാന്മാരുടെ സഹായ സഹകരണം ഉണ്ടാകുമെന്നുള്ള ദൃഢവിശ്വാസം കൊണ്ട് ഈ ഗൗരവമേറിയ പ്രവർത്തിക്ക് പുറപ്പെട്ടതാണ്. ഹഖായ മാർഗത്തിലുള്ള ഞങ്ങളുടെ പരിശ്രമങ്ങളിൽ വേണ്ട സഹായങ്ങൾ ചെയ്തു തരുവാൻ സവിനയം അപേക്ഷ.
അൽഇർഷാദിൽ യാതൊരാളുടെ മുഖം നോക്കാതെ യഥാർത്ഥ്യങ്ങളെ ഞങ്ങൾ തുറന്നു പറയുന്നതാണ്. ആ വക പ്രസ്താവനകളിൽ ഓരോരുത്തരെ ബാധിക്കണമെന്ന് ഉദ്ദേശിച്ച് ഒന്നും തന്നെ ഞങ്ങൾ എഴുതുന്നതല്ല. ഞങ്ങളുടെ പ്രസ്താവനകളിൽ അടങ്ങിയ വല്ല ദുഃസ്വഭാവങ്ങളും ഉള്ളവർ ആ വക സ്വഭാവങ്ങളെ മാറ്റുവാൻ ശ്രമിക്കുന്നതല്ലാതെ ഞങ്ങളോട് കോപവും വെറുപ്പും വിചാരിച്ച് യാതൊരു നീചവൃത്തിക്കും ഒരുങ്ങരുതെന്ന് സഹോദരബുദ്ധ്യാ ഉണർത്തിച്ചുകൊള്ളുന്നു.
ഞങ്ങളുടെ നോട്ടീസ് അനുസരിച്ച് അൽ ഇർഷാദ് റജബിൽ പുറപ്പെടുവിക്കേണ്ടതിന് പ്രസ് സംബന്ധമായ ചില പ്രതിസന്ധികളാൽ സാധിച്ചില്ലെന്ന് വ്യസന സമേതം ഉൽബോധിപ്പിക്കുകയും സർവശക്തനായ റബ്ബുൽ ആലമീന്റെ കൃപാകടാക്ഷത്താൽ അൽഇർഷാദ് മുസ്‌ലിം സഹോദര സന്നിധിയിൽ ഇതാ സമർപ്പിച്ചുകൊള്ളുന്നു. ‘വഫ്ഫഖനല്ലാഹു ലിമറളാതിഹി വലി ബുലൂഗി ഗായത്തിഹി. അൽ മർളിയത്തു ഫീ ഹാദൽ അമൽ വ ജഅലഹു ഖാലിസൻ ലി വജ്ഹിഹി അൽകരീം. ആമീൻ.’’
(തുടരും)

